Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

ഭാഗ്യം കൊണ്ടുവന്ന കുഞ്ഞ്‌

സുനിതാ സുനില്‍

  1. Giridhar
  2. Mini Screen
Giridhar, Mini Screen

സ്വാര്‍ത്ഥം, നിലവിളക്ക്‌, ഇളംതെന്നല്‍പോലെ, അഗ്നിപുത്രി, ബാലാമണി, കറുത്തമുത്ത്‌, പൊന്നമ്പിളി, മാനസമൈന തുടങ്ങിയ സീരിയലുകളിലും പാലേരിമാണിക്യം, അകം, ലൈഫ്‌ എന്നിങ്ങനെ നിരവധി സിനിമകളിലും അഭിനയിച്ച ഗിരിധര്‍ ഒരേ സമയം മൂന്നു സീരിയലുകളില്‍ വ്യത്യസ്‌ത വേഷങ്ങളില്‍ അഭിനയിക്കുകയാണ്‌ ഇപ്പോള്‍.

അഭിനയത്തിലേക്ക്‌?

കുട്ടിക്കാലം മുതല്‍ അഭിനയത്തോടു താല്‌പര്യമുണ്ടായിരുന്നു. ചിത്രരചന, മോണോ ആക്‌ട്, നാടകങ്ങള്‍ എന്നിവിടങ്ങളില്‍ സജീവമായിരുന്നു.

എന്റെ അമ്മയോട്‌ വലുതാകുമ്പോള്‍ മകനെ ആരാക്കണമെന്ന്‌ ചോദിച്ചാല്‍ ''അവനൊരു നടനായാല്‍ മതിയെന്നു പറയുമായിരുന്നു''.

കലയുമായി ബന്ധപ്പെട്ട ഏതെങ്കിലും മേഖലയാണ്‌ ഞാനാഗ്രഹിച്ചത്‌. നാടകത്തില്‍ ദേശീയ തലത്തില്‍ നാലു തവണ ബെസ്‌റ്റ് ആക്‌ടര്‍ അവാര്‍ഡ്‌ ലഭിച്ചു.

ഈ സമയത്താണ്‌ അമൃതാ ചാനലില്‍ ബെസ്‌റ്റ് ആക്‌ടര്‍ എന്ന റിയാലിറ്റിഷോ നടക്കുന്നതറിഞ്ഞത്‌. അതിന്റെ ഓഡീഷനു അയ്യായിരം പേരുണ്ടായിരുന്നു.

അതില്‍ നിന്നും മുപ്പത്തഞ്ചു പേരെ തെരഞ്ഞെടുത്തു. അതിലൊരാളായിരുന്നു ഞാനും. ജീവിതത്തിന്റെ ഗതിമാറ്റിയത്‌ ആ വേദിയായിരുന്നു. അവിടുന്നാണ്‌ സീരിയലുകളിലും സിനിമകളിലും അവസരം ലഭിച്ചത്‌.

കരിയര്‍ ബ്രേക്കായത്‌ ബാലാമണിയിലെ ആനന്ദ്‌ എന്ന കഥാപാത്രമാണ്‌. ബാലാമണിയുടെ ഡിസ്‌കഷന്‍ നടക്കുന്ന സമയത്താണ്‌ ഞാന്‍ അതിന്റെ സംവിധായകനു ഫെയ്‌സ്ബുക്കില്‍ റിക്വസ്‌റ്റ് കൊടുക്കുന്നത്‌.

അദ്ദേഹം അത്‌ അപ്പോള്‍ തന്നെ സ്വീകരിക്കുകയും എന്റെ ഫോട്ടോ കാണുകയും ചെയ്‌തു. അദ്ദേഹം എന്റെ സുഹൃത്തായ രഞ്ചുവിനോട്‌ എന്റെ നമ്പര്‍ വാങ്ങി വിളിച്ചു. അങ്ങനെയാണ്‌ അതിലെ ആനന്ദ്‌ എന്ന കഥാപാത്രം അവതരിപ്പിക്കാന്‍ അവസരം ലഭിച്ചത്‌.

പ്രേക്ഷകരുടെ പ്രതികരണം?

ഒരിക്കല്‍ കോവളം ബീച്ചില്‍ ഷൂട്ട്‌ നടക്കുന്ന സമയത്ത്‌ ഒരു വണ്ടി നിറയെ കുടുംബ ശ്രീയിലെ ചേച്ചിമാര്‍ വന്നിറങ്ങി. അതില്‍ നിന്നും ഒരു ചേച്ചി ഓടി വന്ന്‌ എന്നെ കെട്ടിപ്പിടിച്ച്‌ ''മോനെ ആനന്ദേ നീയെന്റെ മകനെ പോലെയാണ്‌ എന്നും പറഞ്ഞ്‌ കരഞ്ഞു''.

അവിടന്ന്‌ കുറച്ച്‌ മാറി ഷൂട്ട്‌ നടക്കുമ്പോള്‍ പ്രായമായ ഒരമ്മ വന്ന്‌ എന്റെ കരണത്തടിച്ചു. എന്താ നടന്നതെന്നു മനസ്സിലാവാതെ നോക്കി നിന്നപ്പോള്‍ അവരെന്നോട്‌ പറയുകയാണ്‌ ''നീയെന്റെ കൊച്ചിനെ എന്തെങ്കിലും ചെയ്‌താല്‍ നിന്നെ ഞാന്‍ ശരിയാക്കുമെന്ന്‌''.

അന്ന്‌ ബാലാമണിയിലെ ആനന്ദിനെയും കറുത്തമുത്തിലെ നായികയെ കൊല്ലാന്‍ നടക്കുന്ന കഥാപാത്രത്തെയും അവതരിപ്പിക്കുകയായിരുന്നു ഞാന്‍. അതിന്റെ പ്രതിഷേധമാണ്‌ എന്റെ കരണത്ത്‌ കിട്ടിയ അടി.

ഒരിക്കല്‍ ഷൊര്‍ണ്ണൂറില്‍ നിന്നും തിരിച്ചു വരികയാണ്‌. ട്രെയിന്‍ പിടിച്ചിട്ടപ്പോള്‍ ഒരു ചായ കുടിക്കാമെന്ന്‌ കരുതി വെളിയിലിറങ്ങി. എന്റടുത്ത്‌ ഒരാള്‍ ഇരിക്കുന്നുണ്ട്‌.

അയാള്‍ നോക്കുമ്പോള്‍ അതുവഴി പോകുന്ന അമ്മമാരും പെണ്‍കുട്ടികളുമെല്ലാം എന്നെ നോക്കി പരിചിത ഭാവത്തില്‍ ചിരിച്ചു കാണിക്കുന്നു.

അയാള്‍ കുറേ നേരം എന്നെ നോക്കിയിരുന്നു. അടുത്തേക്ക്‌ അല്‌പം നീങ്ങിയിരുന്നിട്ട്‌ എന്നോടു പറഞ്ഞു.'' അതേ, ആളുകളെല്ലാം തന്നെ നോക്കുന്നതിന്റെ കാരണം അറിയാമോ? കറുത്തമുത്ത്‌ എന്ന സീരിയലില്‍ ശ്രീകാന്തെന്ന്‌ ഒരു പയ്യനുണ്ട്‌.

തന്നെ കണ്ടാല്‍ അയാളെ പോലിരിക്കും.'' അപ്പോഴേക്കും ട്രെയിന്‍ വിടാന്‍ സമയമായി. അയാളെന്നെ നോക്കി ചിരിച്ചുകൊണ്ട്‌ ട്രെയിനിലേക്ക്‌ ഓടി കയറി.

ഞാനപ്പോള്‍ അയാളുടെ അടുത്ത്‌ ചെന്ന്‌ കൈ കൊടുത്തിട്ടു പറഞ്ഞു, ''അവര്‍ക്ക്‌ അങ്ങനെ തോന്നിയതില്‍ തെറ്റൊന്നുമില്ല. കാരണം ഞാനാണ്‌ ശ്രീകാന്ത്‌'' .

നാട്ടിലുള്ള ഒരു സുഹൃത്തിന്റെ കടയില്‍ നില്‍ക്കുമ്പോള്‍ കുറച്ചു മാറി നല്ല സുന്ദരികളായ കുറച്ച്‌ പെണ്‍കുട്ടികള്‍ നില്‍ക്കുന്നതു കണ്ടു. അവരെന്നെ നോക്കി എന്തോ പറയുന്നുണ്ട്‌.

അപ്പോള്‍ ഞാനോര്‍ത്തു ഇപ്പോള്‍ അവരു വന്നു സംസാരിക്കും. അപ്പോഴാണ്‌ ആ കുട്ടികളുടെ രണ്ടു കൂട്ടുകാരികള്‍ വന്നത്‌. അവരെന്നെ ചൂണ്ടിക്കാണിച്ചുകൊണ്ട്‌ ആനന്ദ്‌ നില്‍ക്കുന്നത്‌ കണ്ടോ എന്നു ചോദിച്ചു.

ഉടനെ അവരുടെ കൂട്ടുകാര്‍ പറഞ്ഞു. അത്‌ ആനന്ദ്‌ അല്ല മറ്റാരോ ആണെന്ന്‌. എന്നിട്ട്‌ എന്റെ മുന്നിലൂടെ അവര്‍ നടന്നു പോകുന്നത്‌ വിഷമത്തോടെ ഞാന്‍ നോക്കി നിന്നു.

കണ്ടാല്‍ ഒരു നിഷ്‌കളങ്കനായി തോന്നും?

ഞങ്ങള്‍ മൂന്നു ആണ്‍കുട്ടികളാണ്‌. ചെറുപ്പം മുതല്‍ ഞാനധികം ബഹളക്കാരനല്ല. ഒറ്റത്തവണയെ അമ്മയ്‌ക്ക് എന്നെ തല്ലേണ്ടി വന്നിട്ടുള്ളു. തീരെ ചെറുപ്പത്തിലാണത്‌. കുളിക്കാന്‍ നേരം ദേഹത്ത്‌ എണ്ണ പുരട്ടുന്നത്‌ എനിക്കിഷ്‌ടമല്ല.

അമ്മ ദേഹത്ത്‌ എണ്ണ പുരട്ടാന്‍ വിളിച്ചു. ഞാന്‍ ചെന്നില്ലെന്നു മാത്രമല്ല, അമ്മയെ വീടിനു ചുറ്റുമിട്ട്‌ ഓടിക്കുകയും ചെയ്‌തു. അമ്മയ്‌ക്ക് ദേഷ്യമായി. അവിടെ കിടന്ന ഓലയില്‍ നിന്നും ഈര്‍ക്കില്‍ എടുത്ത്‌ തല്ലി.

ഈര്‍ക്കിലിന്റെ തുമ്പൊടിഞ്ഞ്‌ എന്റെ കൈയില്‍ കൊണ്ടു കേറി. ഒരു അയല്‍ക്കാരന്‍ അതെടുക്കാന്‍ നോക്കിയപ്പോള്‍ വീണ്ടും കൈക്കുള്ളിലേക്ക്‌ കയറി പോയി. എന്റെ കരച്ചിലു കണ്ട്‌ അമ്മയ്‌ക്ക് സങ്കടം വന്നു. എന്നെ എടുത്തുകൊണ്ട്‌ ഹോസ്‌പിറ്റലിലേക്ക്‌ ഓടി. അന്ന്‌ അമ്മ ശരിക്കും ടെന്‍ഷനടിച്ചു. അതിനു ശേഷം അമ്മയെന്നെ തല്ലിയിട്ടില്ല.

കുടുംബം?

ഭാര്യ പ്രഭിത. ഒരു കുഞ്ഞുണ്ട്‌ വാസ്‌തവ്‌. എന്റെ വീട്ടില്‍ നിന്നും അഞ്ചു കിലോ മീറ്റര്‍ അകലെയാണ്‌ ഭാര്യയുടെ വീട്‌. അപ്പോള്‍ എല്ലാവരും ചോദിക്കും ലവ്‌ മാര്യേജ്‌ ആണോയെന്ന്‌. ഒരിക്കല്‍ എന്റമ്മയെ പോലും ഞാന്‍ പറ്റിച്ചതാണ്‌.

അമ്മ കറിക്ക്‌ അരിഞ്ഞോണ്ടിരുന്നപ്പോള്‍ ഞാനടുത്ത്‌ ചെന്നു പറഞ്ഞു.
''അമ്മ ഇപ്പോഴും വിചാരിച്ചിരിക്കുന്നത്‌ ഞങ്ങളുടേത്‌ അറൈഞ്ച്‌ഡ് മാരേജ്‌ ആണെന്നാണ്‌ അല്ലേ? ''.

എന്റെ സീരിയസായ മുഖം കണ്ട്‌ അമ്മയ്‌ക്കാകെ ടെന്‍ഷന്‍. അതു കണ്ടപ്പോള്‍ എനിക്ക്‌ ചിരിയാണ്‌ വന്നത്‌. പെണ്ണിനെക്കുറിച്ച്‌ എന്നോടു പറഞ്ഞതും കല്ല്യാണം നടത്തിയതുമെല്ലാം അമ്മയാണ്‌.

അമ്മ സംശയിച്ചാല്‍ പിന്നെ മറ്റുള്ളവരുടെ കാര്യം പറയണോ. ബാലാമണിയുടെ ഷൂട്ടിനിടയ്‌ക്കാണ്‌ കുഞ്ഞു ജനിക്കുന്നത്‌. ലൊക്കേഷനില്‍ ബ്രേക്ക്‌ ടൈമിലാണ്‌ വീട്ടില്‍ നിന്നു കോള്‍ വരുന്നത്‌, പ്രഭിതയെ ആശുപത്രിയില്‍ അഡ്‌മിറ്റാക്കി.

അരമണിക്കൂറുകഴിഞ്ഞപ്പോള്‍ വീണ്ടുമൊരു കാള്‍ എത്തി ''കുഞ്ഞു ജനിച്ചു, ആണ്‍കുഞ്ഞാണ്‌''. ജീവിതത്തില്‍ ഏറ്റവുമധികം സന്തോഷം തോന്നിയ നിമിഷമായിരുന്നു അത്‌. അവന്‍ ജനിച്ച ശേഷമാണ്‌ എന്റെ ഭാഗ്യം തെളിഞ്ഞത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top