Last Updated 1 year 10 weeks ago
Ads by Google
23
Wednesday
August 2017

അച്ചായത്തിക്കുട്ടിയെ പ്രണയിച്ച കാലം

ദേവിനറെജി

  1. Pranaya Varnangal
mangalam malayalam online newspaper

ഞാന്‍ പഠിച്ച സ്‌കൂളില്‍ ഒന്‍പതാംക്ലാസ്‌ വിദ്യാര്‍ത്ഥിനിയായിരുന്നു പിങ്കി.

ഞാന്‍ അവളുടെ സീനിയറായി പഠിക്കുന്നു. സ്‌കൂള്‍ കഴിഞ്ഞ്‌ എന്റെ വീടിന്‌ മുമ്പില്‍ക്കൂടി ആ പാവാടക്കാരി നടന്നു പോകുന്നത്‌ ജനാലയിലൂടെ ഞാന്‍ നിത്യേന നോക്കിക്കണ്ടു.

ഒരു ദിവസം അവളെ കണ്ടില്ലെങ്കില്‍, വരുന്ന സമയം വൈകിയാല്‍, പ്രിയപ്പെട്ട ആരോ വാക്കു തന്നിട്ടു പാലിക്കാതെ പോയതു പോലെ തോന്നും. കളങ്കമില്ലാത്ത ചിരിയായിരുന്നു പിങ്കിയുടേത്‌.

നല്ല ഒന്നാന്തരം അച്ചായത്തിക്കുട്ടി. ഞങ്ങളുടെ വീടുകള്‍ തമ്മില്‍ ഒരു കിലോമീറ്റര്‍ അകലമേയുള്ളൂ. രാവിലെ സ്‌കൂളില്‍ പോകുന്ന സമയവും വൈകിട്ട്‌ തിരിച്ചെത്തുന്ന സമയവും നോക്കിവയ്‌ക്കും.

ഓരോ ദിവസവും അവളെ കാണുമ്പോള്‍ എന്റെ ഇഷ്‌ടം തുറന്നുപറയണമെന്ന്‌ വിചാരിക്കും. അവള്‍ നടന്നുപോകുന്ന സമയം ധൈര്യമൊക്കെ ചോര്‍ന്നുപോകും.

വയനാട്‌ ടൗണില്‍ നിന്ന്‌ നാലരക്കിലോമീറ്റര്‍ അകലെയാണ്‌ ഞങ്ങള്‍ താമസിക്കുന്നത്‌. നാലുംകൂടുന്ന കവലയില്‍ നിന്ന്‌ ഓട്ടോപിടിച്ച്‌ വേണം ബസ്‌ സ്‌റ്റാന്‍ഡിലെത്താന്‍.

സാധാരണ മൂന്നാലു പേര്‍ ഷെയര്‍ ഇട്ടാണ്‌ ഓട്ടോപിടിക്കുന്നത്‌. പിങ്കിയും അങ്ങനെയാണ്‌ പോകുന്നതെന്ന്‌ അറിയാവുന്നതിനാല്‍ ഞാനും ആ മാര്‍ഗ്ഗം സ്വീകരിച്ചു.

സത്യത്തില്‍ ആ പരിസരത്തോട്ട്‌ പോയിട്ട്‌ എനിക്ക്‌ യാതൊരു പ്രയോജനവുമില്ലെങ്കിലും പിങ്കിയെ അത്ര നേരം കൂടി കാണാമല്ലോ എന്നോര്‍ക്കുമ്പോള്‍ മനസ്സ്‌ ഒന്ന്‌ ഉണരും.

പിങ്കി കയറുന്ന ഓട്ടോയില്‍ വളരെ പ്രയാസപ്പെട്ട്‌ ഞാനും കയറും. അപ്പോഴും തുറന്നുപറയണമെന്ന്‌ വിചാരിക്കും. ദിവസങ്ങള്‍ കടന്നുപോയി.

ഫെബ്രുവരി 5-ാം തീയതി രാവിലെ 7.30-ന്‌ എന്റെ വീടിന്‌ മുന്നില്‍ക്കൂടി പോയ അവളെ വിളിച്ചുനിര്‍ത്തി ഇഷ്‌ടം അറിയിച്ചു. കുറച്ചുനേരം മൗനമായി നിന്നിട്ട്‌ അവള്‍ തിരിച്ചുപോയി. കുറച്ചു ദിവസങ്ങള്‍ക്കുശേഷം അനുകൂലമായ മറുപടി ലഭിച്ചു.

പിന്നീടുള്ള ഞങ്ങളുടെ കൂടിക്കാഴ്‌ചകള്‍ അതീവ രഹസ്യമായിരുന്നു.
ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകള്‍ ഞങ്ങളുടെ സ്‌നേഹബന്ധത്തില്‍ വിള്ളല്‍ വീഴ്‌ത്തിയില്ല.

ബസ്‌ ബേയില്‍ വച്ചാണ്‌ കത്തുകള്‍ പരസ്‌പരം കൈമാറിയത്‌. പ്രണയത്തിലായ ശേഷം വന്ന അവളുടെ ആദ്യ ബര്‍ത്ത്‌ഡേയ്‌ക്ക് ഒരു ക്രിസ്‌റ്റല്‍ ഡോളാണ്‌ ഞാന്‍ സമ്മാനിച്ചത്‌.

ഞങ്ങള്‍ സംസാരിച്ചു നില്‍ക്കുന്നത്‌ പരിചയമുള്ളവരാരെങ്കിലും കണ്ടാല്‍ ആ ദിവസം തന്നെ പിങ്കി അവളുടെ അമ്മയോട്‌ ചെന്ന്‌ 'ഞാനിന്ന്‌ മിഥുനെ കണ്ടു സംസാരിച്ചു' എന്നു മുന്‍കൂര്‍ ജാമ്യമെടുക്കും. കാരണം കണ്ടവര്‍ ചെന്നു വേറെ രീതിയില്‍ വിശദീകരിക്കുന്നതിനേക്കാള്‍ നല്ലത്‌ നമ്മള്‍ ഉള്ള കാര്യം തുറന്നു പറയുന്നതല്ലേ?

മൊബൈല്‍ ഇറങ്ങിയതോടെ കത്തുകള്‍ ഞങ്ങള്‍ക്കിടയില്‍ നിന്ന്‌ ഔട്ടായി. പിങ്കിക്കും ഞാനൊരു മൊബൈല്‍ വാങ്ങിക്കൊടുത്തു. രാത്രി സമയങ്ങളില്‍ വീട്ടിലെ ലാന്റ്‌ ഫോണിലൂടെയും പ്രണയിച്ചുകൊണ്ടിരുന്നു.

പിങ്കിയുടെ ലാന്റ്‌ ഫോണിലേക്ക്‌ വിളിക്കുന്നതാണ്‌ രസം. ബെല്ലിന്റെ കൗണ്ട്‌ഡൗണ്‍ അനുസരിച്ചാണ്‌ മറുതലയ്‌ക്കല്‍ ആരാണെന്ന്‌ കണ്ടുപിടിക്കുന്നത്‌. മൂന്നു ബെല്ലാണെങ്കില്‍ ഞാനാണെന്ന്‌ അവളുറപ്പിക്കും. തിരിച്ചും അങ്ങനെ തന്നെ.

ഒരു ദിവസം ഞാന്‍ വിളിച്ചപ്പോള്‍ എടുത്തത്‌ അവളുടെ അച്‌ഛന്‍. ഉടന്‍ തന്നെ ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്‌തു. ചെറുതായി ഡൗട്ട്‌ അടിച്ചെങ്കിലും അവരത്‌ കാര്യമാക്കിയില്ല. പക്ഷേ ഫോണിന്റെ ബില്ലു വന്നപ്പോള്‍ ആ കള്ളത്തരവും പൊളിഞ്ഞു.

പ്രണയിക്കുന്നത്‌ ഹിന്ദുവിനെയാണെന്ന്‌ അവള്‍ തുറന്നുപറഞ്ഞപ്പോള്‍ ആകെക്കൂടി പ്രശ്‌നമായി. ഇതിനിടയില്‍ അവളുടെ കൈയില്‍ ഇടയ്‌ക്കിടെ കാണുന്ന മൊബൈലിനെക്കുറിച്ച്‌ ചോദ്യം വന്നു. സുഹൃത്തിന്റേതാണെന്ന്‌ കള്ളംപറഞ്ഞ്‌ ഒരുവിധത്തില്‍ അവള്‍ തടിതപ്പി.

തന്റേടവും ആരോഗ്യവുമുള്ള അച്‌ഛനും സഹോദരനുമുണ്ടവള്‍ക്കെന്ന്‌ പറഞ്ഞ്‌ സുഹൃത്തുക്കള്‍ പലവട്ടം മനസ്സ്‌ മാറ്റാന്‍ ശ്രമിച്ചെങ്കിലും പ്രേമിച്ച പെണ്ണിനെ കൈവിടാന്‍ എനിക്ക്‌ കഴിഞ്ഞില്ല. ചങ്കൂറ്റത്തോടെ അവരുടെ വാദങ്ങളെ ഞാനെതിര്‍ത്തു.

എന്നെ സംബന്ധിച്ചിടത്തോളം മമ്മിയും സഹോദരിയും ഒരിക്കലും എന്റെ ഇഷ്‌ടത്തെ അവഗണിക്കില്ല എന്ന്‌ ഉറപ്പുണ്ടായിരുന്നു. ഈ സമയത്ത്‌ പിങ്കി അന്യമതക്കാരനെ സ്‌നേഹിച്ചു എന്ന കാരണത്താല്‍ വീട്ടുതടങ്കലിലായി.

വീട്ടുകാര്‍ അവള്‍ക്ക്‌ മറ്റൊരു വിവാഹാലോചന കൊണ്ടുവന്നു. പക്ഷേ അതിനൊന്നും പിങ്കി വഴങ്ങുന്നില്ല എന്നു കണ്ടപ്പോള്‍ അവര്‍ അവളുടെ മനസ്സു മാറ്റാനായി അങ്കിളിന്റെ വീട്ടിലേക്ക്‌ കൊണ്ടുപോയി. 'മരിച്ചാലും മിഥുനില്‍ നിന്ന്‌ എന്നെ അടര്‍ത്തി മാറ്റാന്‍ സാധിക്കില്ല' എന്ന കാര്യത്തില്‍ അവള്‍ക്കും വാശിയായി.

മമ്മിയായിരുന്നു അന്നും ഇന്നും ഞങ്ങളുടെ സപ്പോര്‍ട്ട്‌. പിങ്കിയുടെ അച്‌ഛന്‍ എന്റെ വീട്ടില്‍ വന്ന്‌ പ്രണയത്തില്‍ നിന്ന്‌ പിന്മാറാന്‍ മിഥുനോട്‌ പറയണമെന്ന്‌ മമ്മിയോടാവശ്യപ്പെട്ടിരുന്നു, ഭീഷണിയായിരുന്നില്ല, അപേക്ഷയായിരുന്നു. പക്ഷേ മമ്മി ഞങ്ങള്‍ക്കൊപ്പം നിന്നു.

ഈ സമയം അവളെ വീട്ടില്‍ നിന്നിറക്കിക്കൊണ്ടു വരാന്‍ ഞാന്‍ തീരുമാനിച്ചു.
ബൈക്കില്‍ രണ്ടുപേരും ഒരുമിച്ചു പോകുന്നത്‌ ആരെങ്കിലും കണ്ടാലോ എന്നു കരുതി ടൗണില്‍ നിന്നും ഓട്ടോ പിടിച്ചു.

ഓട്ടോയില്‍ കയറിപ്പോള്‍ സ്‌നേഹിച്ച പെണ്ണിനെ വിളിച്ചിറക്കാന്‍ പോകുകയാണെന്നും വീടിന്റെ ഗേറ്റിനു മുമ്പില്‍ വണ്ടി നിര്‍ത്താന്‍ ചേട്ടന്‌ ധൈര്യമുണ്ടോ? എന്ന്‌ ഡ്രൈവറോട്‌ ചോദിച്ചു.

'കുഴപ്പമില്ല' എന്ന്‌ അദ്ദേഹം പറഞ്ഞെങ്കിലും എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ ആ പാവപ്പെട്ടയാള്‍ കുടുങ്ങുമെന്നോര്‍ത്തപ്പോള്‍ ജംഗ്‌ഷനിപ്പുറം വണ്ടി നിര്‍ത്തിച്ചു. എന്നിട്ട്‌ അവിടെ നിന്ന്‌ ടാക്‌സിക്കാറില്‍ ഗേറ്റിനു മുമ്പില്‍ എത്തി.

തലേന്ന്‌ തന്നെ വിളിച്ചു പറഞ്ഞതനുസരിച്ച്‌ തയ്യാറായി നിന്ന അവള്‍ എന്നോടൊപ്പം വന്നു. ജംഗ്‌ഷന്‍ വരെ കാറിലും തുടര്‍ന്ന്‌ ഞങ്ങളെ കാത്തിരുന്ന ഓട്ടോയിലും കയറി എന്റെ സുഹൃത്തിന്റെ വീട്ടില്‍ വന്നു.

സുഹൃത്തിന്റെ ഭാര്യ അവള്‍ക്കായി സാരിയും മറ്റും വാങ്ങിവച്ചിരുന്നു. അവിടെ നിന്നും റെഡിയായി അടുത്തുള്ള ഗണപതിക്കോവിലില്‍ വച്ച്‌ വാദ്യമേളങ്ങളുടെ അകമ്പടിയില്ലാതെ ബന്ധുമിത്രാദികളുടെ അസാന്നിധ്യത്തില്‍ പിങ്കിയുടെ കഴുത്തില്‍ താലികെട്ടി. തുടര്‍ന്ന്‌ എന്റെ വീട്ടിലേക്ക്‌ പോന്നു.

വിവാഹശേഷം പിങ്കി പ്രൈവറ്റായി പി.ജി.ക്കു ചേര്‍ന്നു. തുടര്‍ന്ന്‌ ബി.എഡ്‌. എടുത്തു. 6 മാസത്തോളം പിങ്കി അവളുടെ വീട്ടുകാരെ മിസ്‌ചെയ്‌തു. പെട്ടെന്നാണ്‌ അവളുടെ അച്‌ഛന്‌ ഒരാക്‌സിഡന്റ്‌ ഉണ്ടായത്‌.

വിവരമറിഞ്ഞ്‌ ഞങ്ങള്‍ അവിടെ ചെന്നു. എല്ലാ സഹായങ്ങളുമായി കൂടെ നിന്നു. ഈ അപകടത്തോടെ അവളുടെ വീട്ടുകാര്‍ക്ക്‌ ഞങ്ങളോടുണ്ടായിരുന്ന പിണക്കം മാറി.

പിങ്കിയുടെ വീട്ടുകാരും ഞങ്ങളെ അംഗീകരിച്ചതിനുശേഷമുള്ള ആദ്യ ക്രിസ്‌തുമസും വിഷുവും ശരിക്കും അടിച്ചുപൊളിച്ചു.

നിസ്സാര കാര്യങ്ങളുടെ പേരില്‍ ഞങ്ങള്‍ക്കിടയിലുണ്ടാകുന്ന ഇണക്കങ്ങള്‍ക്കും പിണക്കങ്ങള്‍ക്കും പരിഹാരവുമായി ആദ്യം ചെല്ലുന്നത്‌ ഞാനായിരിക്കും.

അവള്‍ ചെറിയൊരു പിടിവാശിക്കാരിയാണെങ്കിലും ആളൊരു പാവമാണ്‌. ഞങ്ങള്‍ക്കിടയിലെ സ്‌നേഹം പങ്കിടാന്‍ അധികം താമസിയാതെ ഒരാള്‍ കൂടി വരികയാണ്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top