Last Updated 1 year 14 weeks ago
Ads by Google
21
Thursday
September 2017

ജിഷ്‌ണുവിനെയോര്‍ത്ത്‌ വല്ലാതെ ഭയപ്പെട്ടു

രമേഷ്‌ പുതിയമഠം

  1. Jishnu Raghavan
  2. Raghavan
Jishnu Raghavan , Raghavan

കഴിഞ്ഞ രണ്ടുവര്‍ഷക്കാലം ജിഷ്‌ണുവിന്റെ നിഴലായി അച്‌ഛനുണ്ടായിരുന്നു. അഭിനയം വരെ ഉപേക്ഷിച്ച്‌ മകനെ ശുശ്രൂഷിച്ച നടന്‍ രാഘവന്‍, സങ്കടംനിറഞ്ഞ ചില ഓര്‍മ്മകള്‍ പങ്കുവയ്‌ക്കുന്നു.

നാലുമാസം മുമ്പ്‌ കോടനാട്ടെ ഗ്രാമാന്തരീക്ഷത്തിലേക്ക്‌ വരുമ്പോള്‍ അവര്‍ മൂന്നുപേരുണ്ടായിരുന്നു. തിരിച്ചുപോകുമ്പോള്‍ അവര്‍ക്കിടയില്‍ അവനുണ്ടായിരുന്നില്ല.

ജിഷ്‌ണു. ഒന്നും മിണ്ടാതെ ഭാര്യ ശോഭയുടെ കൈപിടിച്ച്‌ കാറിലേക്ക്‌ കയറുമ്പോഴും രാഘവന്‍ കരഞ്ഞില്ല. ജിഷ്‌ണുവിന്റെ മരണത്തോട്‌ അത്രമേല്‍ പൊരുത്തപ്പെട്ടുകഴിഞ്ഞിരിക്കുന്നു, ഈ അച്‌ഛന്‍.

''ആയുര്‍വേദ ചികിത്സയ്‌ക്കും ധന്വന്തരി മൂര്‍ത്തിയെ തൊഴാനുമാണ്‌ ഞങ്ങള്‍ ഇവിടേക്ക്‌ താമസം മാറിയത്‌. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഗ്രാമമാണിത്‌. നടക്കാവുന്ന ദൂരമേയുള്ളൂ, ആനത്താവളത്തിലേക്ക്‌.

നന്മയുള്ള നാട്ടുകാര്‍, സുഹൃത്തുക്കള്‍. ചികിത്സ കഴിഞ്ഞാലും കോടനാട്‌ വിട്ടുപോകരുതെന്ന്‌ ഇടയ്‌ക്കിടെ പറയാറുണ്ട്‌, ജിഷ്‌ണു. ഇവിടെ കുറച്ച്‌ സ്‌ഥലം വാങ്ങിക്കണം. ജൈവകൃഷി തുടങ്ങണം.

പാവപ്പെട്ട കുടുംബത്തിലുള്ളവരെ അവിടെ ജോലിക്കു നിര്‍ത്തണം... ആഗ്രഹങ്ങള്‍ ഒരുപാടുണ്ടായിരുന്നു. പക്ഷേ, അതൊന്നും പൂര്‍ത്തീകരിക്കാന്‍ അവന്‌ കഴിഞ്ഞില്ല.ഇതുവരെയും താമസിച്ച വാടകവീട്‌ താല്‍ക്കാലികമായി ഒഴിയുകയാണ്‌.

എങ്കിലും ജിഷ്‌ണുവിന്റെ ഓര്‍മ്മകളുള്ള ഈ കോടനാട്ടില്‍നിന്ന്‌ പോകാന്‍ കഴിയില്ല. ഇനി അവന്റെ ഓര്‍മ്മയ്‌ക്കൂവേണ്ടി ഇവിടെ കുറച്ചു സ്‌ഥലം വാങ്ങിക്കണം. അവിടെ കൃഷിയിറക്കണം..''

തിരുവനന്തപുരത്ത്‌ വീടും സ്‌ഥലവുമുണ്ട്‌, രാഘവന്‌. അവിടേക്കാണ്‌ യാത്ര. കാര്‍ കോടനാട്ടെ ഗ്രാമീണവഴികളില്‍ നിന്ന്‌ തിരിഞ്ഞ്‌ എം.സി.റോഡിലേക്ക്‌. രാഘവന്‍ കണ്ണടയെടുത്ത്‌ ഡാഷ്‌ബോര്‍ഡില്‍ വച്ചു.

തൂവാല കൊണ്ട്‌ കണ്ണുതുടച്ചു. മലയാളികളുടെ പ്രിയപ്പെട്ട നടന്റെ ഓര്‍മ്മകളിലിപ്പോള്‍ ജിഷ്‌ണു മാത്രമേയുള്ളൂ. കുടുംബത്തെ ജീവനുതുല്യം സ്‌നേഹിച്ച മകന്‍.

ജിഷ്‌ണുവിലെ അഭിനേതാവിനെ കണ്ടെത്തിയത്‌ രാഘവേട്ടനാണെന്ന്‌ കേട്ടിട്ടുണ്ട്‌?

ഒരു സിനിമ സംവിധാനം ചെയ്യണമെന്നത്‌ എന്റെ ഏറെക്കാലമായുള്ള ആഗ്രഹമായിരുന്നു. അങ്ങനെയാണ്‌ കെ.എം.രാഘവന്‍ നമ്പ്യാരുടെ കഥയില്‍ 'കിളിപ്പാട്ട്‌' ജന്മംകൊള്ളുന്നത്‌. തിരക്കഥയും സംവിധാനവും നിര്‍മ്മാണവും ഞാനായിരുന്നു.

മലയാളത്തിലെ പ്രശസ്‌തരായ നടന്‍മാര്‍ക്കൊപ്പം ഒരു ബാലതാരവും അഭിനയിക്കണം. ഏറെ അന്വേഷണങ്ങള്‍ക്കൊടുവില്‍ മദ്രാസിലുള്ള ഒരു പയ്യനെ കണ്ടെത്തി. 1984 നവംബര്‍ ഒന്നു മുതല്‍ ഇരുപതുവരെയുള്ള ദിവസമാണ്‌ ഷൂട്ടിംഗിന്‌ ചാര്‍ട്ട്‌ ചെയ്‌തത്‌.

ഒക്‌ടോബര്‍ 31ന്‌ അതിരാവിലെ ഔട്ട്‌ഡോര്‍ യൂണിറ്റ്‌ മദ്രാസില്‍നിന്ന്‌ പുറപ്പെട്ടുകഴിഞ്ഞു. പക്ഷേ രാവിലെ പത്തുമണിയോടെയാണ്‌ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക്‌ വെടിയേറ്റ വാര്‍ത്ത ഇന്ത്യ മുഴുവന്‍ പരന്നത്‌.

യൂണിറ്റ്‌ തിരുപ്പൂരെത്തിയപ്പോള്‍ ആരൊക്കെയോ തടഞ്ഞു. അതോടെ യൂണിറ്റ്‌ വണ്ടി പാതിവഴിക്കായി. നാലു ദിവസം കഴിഞ്ഞാണ്‌ ഷൂട്ടിംഗ്‌ തുടങ്ങിയത്‌. രണ്ടുദിവസം ബന്ദായതോടെ ബാലനടന്‌ വരാന്‍ പറ്റാതായി.

ഷൂട്ടിംഗിന്റെ തലേദിവസം ടെന്‍ഷനടിച്ച്‌ ഞാന്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ്‌. ഏതെങ്കിലും ബാലനടനെ എളുപ്പം കിട്ടാന്‍ വഴിയുണ്ടോയെന്ന്‌ ഇടയ്‌ക്ക് ഫോണ്‍ വിളിച്ച്‌ അന്വേഷിക്കും. ഇതെല്ലാം അകത്തുനിന്ന്‌ കേള്‍ക്കുന്നുണ്ട്‌, അഞ്ചുവയസ്സുകാരന്‍ ജിഷ്‌ണു.

''എന്തിനാ അമ്മേ, ദൂരെ നിന്ന്‌ കുട്ടിയെ കൊണ്ടുവരുന്നത്‌? ഞാന്‍ തന്നെ അഭിനയിച്ചാല്‍ പോരെ?''

എന്റെ ടെന്‍ഷന്‍ കണ്ടിട്ടാവണം, അവന്‍ അമ്മയോട്‌ ചോദിച്ചു. ശോഭയാണ്‌ അവന്റെ കാര്യം എന്നോടു പറയുന്നത്‌. എനിക്കുപക്ഷേ വലിയ പ്രതീക്ഷയുണ്ടായിരുന്നില്ല. അഭിനയം എന്നത്‌ വിചാരിക്കുന്നതുപോലെ അത്ര എളുപ്പമല്ല.

എങ്കിലും ഒന്നു പരീക്ഷിക്കാം. പിറ്റേന്നുരാവിലെ അവനെയും കൂട്ടിയാണ്‌ ലൊക്കേഷനിലേക്ക്‌ പോയത്‌. നാണംകുണുങ്ങിയായി ഒരിടത്ത്‌ മാറിനില്‍ക്കുന്നതു കണ്ടപ്പോള്‍ത്തന്നെ എന്റെ പ്രതീക്ഷകള്‍ ഇല്ലാതായി.

നെടുമുടിവേണു, അടൂര്‍ഭാസി, കെ.പി.ഉമ്മര്‍ എന്നിവര്‍ക്കൊപ്പമുള്ള സീനാണ്‌ ജിഷ്‌ണു അഭിനയിക്കേണ്ടത്‌. ഞാന്‍ അടുത്തുവിളിച്ച്‌ അവനോട്‌ കാര്യം പറഞ്ഞു. അത്രയുംനേരം നാണംകുണുങ്ങിയായി നിന്ന അവന്‍ പെട്ടെന്ന്‌ ആക്‌ടീവായി.

സത്യം പറഞ്ഞാല്‍ അവന്റെ അഭിനയം കണ്ട്‌ ഞാന്‍ ഞെട്ടിപ്പോയി. ആ കഥാപാത്രത്തിന്‌ വേണ്ടി ഡബ്ബ്‌ ചെയ്‌തതും അവന്‍ തന്നെയായിരുന്നു.

പിന്നീട്‌ വര്‍ഷങ്ങളോളം സിനിമയില്‍ കണ്ടില്ല?

'കിളിപ്പാട്ട്‌' റിലീസായ ശേഷം ജിഷ്‌ണുവിന്‌ ഒരുപാട്‌ അവസരങ്ങള്‍ വന്നു. അവനും നല്ല താല്‍പ്പര്യമായിരുന്നു. പക്ഷേ തനിച്ചു വിടാന്‍ പറ്റില്ലല്ലോ.

എനിക്കാണെങ്കില്‍ എപ്പോഴും അവന്റെ കൂടെ പോകാന്‍ പറ്റില്ല. അമ്മയാണെങ്കില്‍ എവിടെയും പോകുന്ന ആളുമല്ല. ആ സ്‌ഥിതിക്ക്‌ തല്‍ക്കാലം അഭിനയിക്കാന്‍ വിടേണ്ടെന്നുവച്ചു.

ഞങ്ങളുടെ അസൗകര്യം മനസ്സിലായതുകൊണ്ടായിരിക്കാം, പിന്നീടവന്‍ അഭിനയിക്കുന്നതിനെക്കുറിച്ച്‌ പറഞ്ഞതേയില്ല. പഠിത്തത്തിലായി ശ്രദ്ധ.

എന്‍ജിനീയറിംഗ്‌ ബിരുദധാരി പിന്നീട്‌ കമലിന്റെ 'നമ്മളി'ലെത്തുന്നത്‌?

പ്രീഡിഗ്രി കഴിഞ്ഞപ്പോള്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗിനോടായി താല്‍പ്പര്യം. കോഴിക്കോട്‌ റീജണല്‍ എന്‍ജിനീയറിംഗ്‌ കോളജില്‍ എന്‍ട്രന്‍സ്‌ എഴുതിയപ്പോള്‍ സെലക്ഷന്‌ ബുദ്ധിമുട്ടുണ്ടായില്ല.

നാലുവര്‍ഷത്തെ പഠനത്തിനൊടുവില്‍ കാമ്പസ്‌ ഇന്റര്‍വ്യൂ വഴി ബോംബെയിലെ ടാറ്റാ ലീബര്‍ട്ട്‌ കമ്പനിയില്‍ ട്രെയിനിയായി ജോലിയില്‍ പ്രവേശിച്ചു.

രാജകീയ ജീവിതമായിരുന്നു അവിടെ. നല്ല ഭക്ഷണം. താമസം. എല്ലാംകൊണ്ടും സന്തോഷം. പക്ഷേ പിന്നീട്‌ ഡല്‍ഹിയിലേക്ക്‌ സ്‌ഥലംമാറ്റപ്പെട്ടപ്പോള്‍ എല്ലാം കുഴഞ്ഞുമറിഞ്ഞു.

പ്ര?ഡക്‌ട് പരിചയപ്പെടുത്താനായി ഡല്‍ഹിയുടെ ഗ്രാമപ്രദേശങ്ങളില്‍ അലയേണ്ടിവന്നു. മരുഭൂമി പോലുള്ള സ്‌ഥലങ്ങളിലായിരുന്നു ജോലി. കൃത്യമായി ഭക്ഷണം പോലും കിട്ടില്ല.

ഓരോ ദിവസവും വളരെ പ്രയാസപ്പെട്ടാണ്‌ കഴിഞ്ഞത്‌. എന്തു പ്രശ്‌നമുണ്ടെങ്കിലൂം തുറന്നുപറയുന്നതായിരുന്നു ശീലം. അവന്റെ സങ്കടം കേട്ടപ്പോള്‍ ഞാന്‍ പറഞ്ഞു-കഷ്‌ടപ്പെട്ട്‌ അവിടെ നില്‍ക്കേണ്ട കാര്യമില്ല.

നാട്ടിലേക്ക്‌ പോന്നോളൂ. ഇവിടെ എന്തെങ്കിലും ജോലി നോക്കാം. അടുത്തയാഴ്‌ച എല്ലാം ഉപേക്ഷിച്ച്‌ നാട്ടിലേക്ക്‌ വരാമെന്ന്‌ പറഞ്ഞാണ്‌ ഫോണ്‍ വച്ചത്‌.

ആ സമയത്താണ്‌ ചലച്ചിത്ര അക്കാദമിയുടെ പ്രോഗ്രാം നടന്നത്‌. അവിടെ സംവിധായകന്‍ കമലുമുണ്ടായിരുന്നു. സംസാരത്തിനിടെ കമല്‍ തന്റെ പുതിയ സിനിമയെക്കുറിച്ച്‌ പറഞ്ഞു.

''രണ്ട്‌ പുതുമുഖനായകന്‍മാരെയാണ്‌ ആലോചിക്കുന്നത്‌. ഒരാളെ കണ്ടെത്തി. ഭരതേട്ടന്റെ മകന്‍ സിദ്ധാര്‍ഥ്‌. ഉയരമുള്ള ഒരു പയ്യനെക്കൂടി വേണം.''
ഇതുകേട്ടപ്പോള്‍ ഞാന്‍ പറഞ്ഞു-ആറടി പൊക്കമുള്ള ഒരു പയ്യന്‍ വീട്ടിലുണ്ട്‌. മകന്‍ ജിഷ്‌ണു.

ഞാന്‍ വെറുതെ പറഞ്ഞതാണ്‌. പക്ഷേ കമല്‍ അത്‌ സീരിയസായി എടുത്തു.
''രാഘവേട്ടന്റെ മോനെക്കുറിച്ച്‌ എനിക്കറിയില്ലായിരുന്നു. അവനെയൊന്ന്‌ കാണണമല്ലോ.''

അവന്‍ ഡല്‍ഹിയില്‍നിന്ന്‌ ജോലി രാജിവച്ച്‌ വന്നതിന്റെ പിറ്റേ ദിവസം കമലിനടുത്തേക്ക്‌ പറഞ്ഞുവിട്ടു. ആദ്യത്തെ കാഴ്‌ചയില്‍ത്തന്നെ കമലിന്‌ ഇഷ്‌ടപ്പെട്ടു. 'നമ്മളി'ല്‍ സിദ്ധാര്‍ഥിനൊപ്പം നായകനാവുന്നത്‌ അങ്ങനെയാണ്‌.

ആ സിനിമ ഹിറ്റായപ്പോള്‍ ഒരുപാട്‌ അവസരങ്ങള്‍ അവനെത്തേടി വന്നു. മലയാളത്തിലെ അറിയപ്പെടുന്ന നടന്‍മാരിലൊരാളായി. സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി മാത്രം ദൈവം അവനെക്കൊണ്ട്‌ ജോലി രാജിവയ്‌പിച്ചതാണെന്ന്‌ പലപ്പോഴും എനിക്ക്‌ തോന്നിയിട്ടുണ്ട്‌.

ശേഷം അടുത്തപേജില്‍ വായിക്കുക...

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top