Last Updated 1 year 14 weeks ago
Ads by Google
21
Thursday
September 2017

സൂ...സൂ..വിന്റെ ചോക്ക്‌ലേറ്റ്‌ പ്രണയം

സുനിതാ സുനില്‍

  1. Mini Screen
  2. Serial Actress
  3. Sini Varghese
  4. Vellanakalude Nadu
Mini Screen, Serial Actress, Sini Varghese, Vellanakalude Nadu

വെള്ളാനകളുടെ നാട്‌ എന്ന ഹാസ്യപരമ്പരയിലൂടെ പ്രേക്ഷകരെ കൈയ്യിലെടുത്ത സൂ..സൂ..വിന്റെ യഥാര്‍ത്ഥപേര്‌ സിനിവര്‍ഗീസ്‌ എന്നാണെന്ന്‌ പോലും പലര്‍ക്കും അറിയില്ല.

നൃത്തവും അഭിനയവുമായി തിളങ്ങി നിന്ന സമയത്താണ്‌ സിനി അക്കൗണ്ടന്റായ ആന്റണിയുമായി പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. വിവാഹശേഷം അഭിനയത്തിന്‌ ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കുന്നത്‌ ഭര്‍ത്താവ്‌ ആന്റണിയും അമ്മ ലിസമ്മയുമാണെന്ന്‌ സിനി പറയുന്നു

നൃത്തത്തിലൂടെയാണല്ലോ അഭിനയത്തിലേക്ക്‌ എത്തുന്നത്‌?

മൂന്നു വയസ്‌ മുതല്‍ നൃത്തം പഠിക്കുന്നതാണ്‌. ടി.വി.യില്‍ ഡാന്‍സു കാണുമ്പോള്‍ തന്നെ മന:പ്പാഠം പഠിച്ച്‌ സ്‌റ്റെപ്പുകള്‍ തെറ്റാതെ പപ്പയുടെയും മമ്മിയുടെയും മുമ്പില്‍ അവതരിപ്പിക്കും.

അങ്ങനെയാണ്‌ എന്നെ ഡാന്‍സ്‌ പഠിപ്പിക്കാന്‍ അവര്‍ തീരുമാനിച്ചത്‌. അയല്‍പക്കത്തെ ചേച്ചി ഡാന്‍സ്‌ പഠിക്കുന്ന സ്‌കൂളില്‍ എന്നെയും ചേര്‍ക്കാന്‍ കൊണ്ടുപോയി.

അവിടെ ചെന്നപ്പോള്‍ ചെറിയ കുട്ടിയായതുകൊണ്ട്‌ അഡ്‌മിഷന്‍ കിട്ടിയില്ല. പിറ്റേദിവസം അവിടെ പോയ കൃത്യസമയത്ത്‌ തന്നെ ഞാന്‍ ഡ്രസൊക്കെ മാറ്റി അച്‌ഛന്റടുത്തു ചെന്നു.

എന്റെ നിര്‍ബന്ധം സഹിക്കാതെ വന്നപ്പോള്‍ അച്‌ഛനെന്നെ അവിടേയ്‌ക്ക് കൊണ്ടുപോയി. പിന്നീട്‌ എല്ലാ ദിവസവും ഇതു തന്നെ തുടര്‍ന്നു. അങ്ങനെയാണ്‌ ഡാന്‍സ്‌ പഠിക്കുന്നത്‌.

ചിലപ്പോള്‍ അച്‌ഛന്‍ എന്നെ കളിയാക്കും ''നിന്റെ ശല്യം സഹിക്കാന്‍ പറ്റാതെ വന്നപ്പോഴാണ്‌ അവര്‍ ഡാന്‍സ്‌ പഠിപ്പിക്കാന്‍ തീരുമാനിച്ചതെന്ന്‌.

ഡാന്‍സ്‌ തന്നെയാണ്‌ അഭിനയത്തിലേക്ക്‌ വഴിതിരിച്ചത്‌. എന്റെയൊരു ഡാന്‍സ്‌ പ്രോഗ്രാം സീരിയല്‍ രംഗത്തെ ഒരു പ്ര?ഡക്ഷന്‍ കണ്‍ട്രോളര്‍ കണ്ടിരുന്നു.

അദ്ദേഹം കൂട്ടുകാരി എന്ന സീരിയലില്‍ നല്ലൊരു വേഷം ചെയ്യാന്‍ ക്ഷണിച്ചു. പിന്നീട്‌ കുറെ സീരിയലുകള്‍ ചെയ്‌തു. ചക്രവാകം, സ്‌ത്രീധനം എന്നീ സീരിയലുകളില്‍ വില്ലത്തിയായാണ്‌ അഭിനയിച്ചത്‌.

സ്‌ത്രീധനം സീരിയലിലെ മയൂരി നന്നായി ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു. ഒരിക്കല്‍ ഷൂട്ട്‌ കഴിഞ്ഞ്‌ വീട്ടിലേക്ക്‌ വരാന്‍ ട്രെയിന്‍ കാത്ത്‌ റെയില്‍വേസ്‌റ്റേഷനില്‍ നില്‍ക്കുകയാണ്‌. പ്രായമായ ഒരു സ്‌ത്രീ അടുത്തുവന്ന്‌ ഒറ്റയടി.

എന്താണ്‌ കാര്യമെന്നറിയാതെ പകച്ചുനില്‍ക്കുമ്പോള്‍ അവരു പറയുകയാണ്‌ ''നിനക്ക്‌ നിന്റെ കെട്ടിയോനെ പോരേടി, നാട്ടുകാരുടെ മുഴുവന്‍ ഭര്‍ത്താക്കന്മാരെയും വേണോ എന്ന്‌.''

അപ്പോഴാണ്‌ കാര്യം മനസ്സിലായത്‌ മയൂരിയെന്ന കഥാപാത്രം സ്വന്തം ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ മുറച്ചെറുക്കന്റെ പിന്നാലെ നടക്കുന്ന ക്യാരക്‌ടറാണ്‌.

കാര്യം പിടികിട്ടിയതും അവിടുന്ന്‌ ഓടി രക്ഷപ്പെട്ടു. എങ്കിലും ഓര്‍ക്കുമ്പോള്‍ സന്തോഷമാണ്‌. നമ്മള്‍ ചെയ്‌ത കഥാപാത്രത്തിന്റെ വിജയമാണ്‌ ഇത്തരം തിരിച്ചടികള്‍.

ഈയിടെ വിവാഹം കഴിഞ്ഞെന്ന്‌ കേട്ടു. പ്രണയവിവാഹമായിരുന്നോ?

അഭിനയവും നൃത്തവുമായി നടന്നതുകൊണ്ട്‌ പഠനത്തില്‍ വേണ്ടത്ര ശ്രദ്ധിക്കാന്‍ സാധിച്ചില്ല. ഞങ്ങള്‍ കാസര്‍കോട്ടുകാരാണ്‌.

പഠിക്കണമെന്ന്‌ തോന്നിയപ്പോള്‍ കാസര്‍കോഡ്‌ മൂന്നാട്‌ പീപ്പിള്‍സ്‌ കോളജില്‍ ബി.കോമിനു ചേര്‍ന്നു. തൊട്ടപ്പുറത്തുള്ള ബെഞ്ചിലാണ്‌ ആന്റണി ഇരിക്കുന്നത്‌.

ഒരു ചെറുപുഞ്ചിരിയില്‍ തുടങ്ങിയ ബന്ധം സൗഹൃദത്തിലേക്കും പിന്നീട്‌ പ്രണയത്തിലേക്കും വഴിമാറി. പരസ്‌പരം ഇഷ്‌ടമായിരുന്നെങ്കിലും രണ്ടുപേര്‍ക്കും അത്‌ തുറന്നുപറയാന്‍ കഴിഞ്ഞിരുന്നില്ല.

വാക്കുകള്‍ക്കും അപ്പുറമാണല്ലോ പ്രണയം. പറയാതെ തന്നെ ഞങ്ങള്‍ പ്രണയിച്ചു.

ഷൂട്ടിംഗൊക്കെ കഴിഞ്ഞ്‌ ക്ഷീണിച്ചാവും ക്ലാസില്‍ വരുന്നത്‌. വന്നാലുടന്‍ ഉറക്കം തുടങ്ങും. ഇതൊരു ശീലമായപ്പോള്‍ എന്റെ ഉറക്കം കളയാന്‍ ഏട്ടനൊരു മാര്‍ഗ്ഗം കണ്ടെത്തി.

മധുരപ്രിയയായ എനിക്ക്‌ ഏട്ടന്‍ എല്ലാ ദിവസവും ചോക്ലേറ്റ്‌സ് കൊണ്ടുവന്നു തരും. അത്‌ കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഉറക്കം വരില്ല. അപ്പോള്‍ ഞങ്ങളുടേത്‌ ഒരു ചോക്ലേറ്റ്‌ പ്രണയമല്ലേ?

വിവാഹത്തിന്‌ വീട്ടുകാരുടെ എതിര്‍പ്പൊന്നുമുണ്ടായില്ലേ?

വീട്ടുകാര്‍ ഇപ്പോഴും പൂര്‍ണ്ണമായി സമ്മതിച്ചിട്ടില്ല. എന്റെ ആഗ്രഹത്തിന്‌ വഴങ്ങി കല്യാണം നടത്തി തന്നു. പക്ഷേ മൂന്നുമാസമായി എന്റെ പപ്പ എന്നോട്‌ സംസാരിച്ചിട്ട്‌.

മമ്മിയേക്കാളും അടുപ്പം പപ്പയോടായിരുന്നു. ആന്റണിയെ കിട്ടിയതില്‍ ഒരുപാട്‌ സന്തോഷമുണ്ട്‌. എങ്കിലും വീട്ടുകാരുടെ നഷ്‌ടം വലുതാണ്‌. എന്നെങ്കിലും അവര്‍ എന്റടുത്ത്‌ വരുമെന്ന പ്രതീക്ഷയിലാണ്‌ ഞാന്‍.

സ്‌റ്റേജ്‌ ഷോകളില്‍ പങ്കെടുത്തിട്ടുണ്ടോ?

ഡാന്‍സുമായി ബന്ധപ്പെട്ട്‌ ധാരാളം പരിപാടികള്‍ക്ക്‌ പോയിട്ടുണ്ട്‌. ആദ്യമായി വിമാനത്തില്‍ കയറിയ കാര്യം ഇപ്പോഴും മറന്നിട്ടില്ല.

കൂടെ വേറെ ആര്‍ട്ടിസ്‌റ്റുകളൊക്കെ ഉണ്ടായിരുന്നു. അവരെന്നോട്‌ പറഞ്ഞു ഫ്‌ളൈറ്റില്‍ ആദ്യം എയര്‍ഹോസ്‌റ്റസിന്‌ നമസ്‌ക്കാരം പറയണമെന്ന്‌.

വിമാനത്തില്‍ കയറിയതേ യാതൊരു മടിയും കൂടാതെ ഞാന്‍ എയര്‍ഹോസ്‌റ്റസിനു നമസ്‌കാരം പറഞ്ഞു. അതു മാത്രമല്ല വിമാനത്തില്‍ കയറുമ്പോള്‍ ഒരു രൂപനാണയം കൈയില്‍ പിടിക്കണം.

ഫ്‌ളൈറ്റ്‌ ഉയരുമ്പോള്‍ നാണയം തലയ്‌ക്കുഴിഞ്ഞ്‌ ജനലിലൂടെ പുറത്തേയ്‌ക്ക് കളയണം എന്നും പറഞ്ഞിരുന്നു.

ഒരുപാട്‌ തവണ യാത്ര ചെയ്‌ത ആളുകളല്ലേ, പറഞ്ഞതു സത്യമാണെന്നു വിചാരിച്ച്‌ നാണയം കൈയില്‍പ്പിടിച്ചാണ്‌ കയറിയത്‌.

സീറ്റിലിരുന്ന്‌ വിമാനം പൊങ്ങിയപ്പോഴാണ്‌ ശ്രദ്ധിച്ചത്‌ വിന്‍ഡോസ്‌ ക്ലോസ്‌ഡ് ആണെന്ന്‌. അപ്പോഴാണ്‌ എനിക്ക്‌ അബദ്ധം മനസ്സിലായത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top