Last Updated 45 weeks 4 days ago
Ads by Google
24
Monday
April 2017

കല്യാണവീട്ടില്‍വെച്ച്‌ പ്രണയം തളിരിട്ടു!

ദേവിനറെജി

  1. Pranaya Varnangal
  2. Sreejith Ravi
Pranaya Varnangal, Sreejith Ravi

ഒരു കല്യാണച്ചടങ്ങില്‍ വച്ചാണ്‌ ആദ്യമായി ഞാന്‍ സജിതയെ (സഞ്‌ജു) കണ്ടുമുട്ടുന്നത്‌.

അതും ഞങ്ങളുടെ ഒരു ബന്ധുവീട്ടില്‍വച്ച്‌. എന്റെ അമ്മ വഴി സജിതയുമായി അകന്ന ബന്ധമുണ്ട്‌. പക്ഷെ മുന്‍പ്‌ ഒരിക്കലും ഞങ്ങള്‍ തമ്മില്‍ കണ്ടിട്ടില്ല.

അന്നത്തെ ചടങ്ങിന്‌ ശേഷം ഒന്നു രണ്ടു പ്രാവശ്യം പരസ്‌പരം കണ്ടുവെങ്കിലും ഒന്നും സംസാരിച്ചിരുന്നില്ല. പക്ഷെ ആദ്യ കാഴ്‌ചയില്‍ത്തന്നെ ഞാന്‍ സഞ്‌ജുവിനെ ഒരുപാട്‌ ഇഷ്‌ടപ്പെട്ടു.

നല്ല ഐശ്വര്യമുള്ള മുഖം, ഏതൊരു പുരുഷന്റെയും ഉള്ളിലെ സ്‌ത്രീസങ്കല്‍പ്പത്തില്‍ തെളിയുന്ന മുഖം അവള്‍ക്കുണ്ടെന്ന്‌ എനിക്കു തോന്നി. ഞങ്ങളുടെ ആദ്യ കൂടിക്കാഴ്‌ചയുടെ സമയത്ത്‌ എനിക്ക്‌ വിവാഹാലോചനകള്‍ വീട്ടില്‍ കൊടുംപിരികൊള്ളുന്ന സമയമാണ്‌.

ആ കല്യാണദിവസമാണ്‌ അമ്മയും സഞ്‌ജുവിനെ ആദ്യം കാണുന്നത്‌. എന്തായാലും അമ്മയ്‌ക്ക് ഇഷ്‌ടപ്പെട്ടിരിക്കണം.

എന്റെ കല്യാണക്കാര്യം വീട്ടില്‍ ചര്‍ച്ചയ്‌ക്ക് വന്നപ്പോള്‍ അവളെ എനിക്കുവേണ്ടി ആലോചിച്ചാലോ എന്ന്‌ അമ്മ ചോദിച്ചു. ഞാന്‍ ഉള്ളില്‍ സന്തോഷിച്ചെങ്കിലും പുറമെ അല്‍പ്പം ഗൗരവം കാണിച്ചു.

അപ്പോഴാണ്‌ സഞ്‌ജു 10-ാം ക്ലാസ്‌ കഴിഞ്ഞതേയുള്ളൂ എന്ന വാര്‍ത്ത മറ്റാരോ മുഖാന്തരം അമ്മ അറിയുന്നത്‌. അതോടെ ആലോചന തല്‍ക്കാലം നിര്‍ത്തിവച്ചു. എങ്കിലും അറിഞ്ഞ വാര്‍ത്ത സത്യമാകരുതെന്ന്‌ ഞാന്‍ മനമുരുകി പ്രാര്‍ത്ഥിച്ചു.

ഒരിക്കല്‍ ടൗണില്‍ വച്ച്‌ സഞ്‌ജുവിനെ അപ്രതീക്ഷിതമായി കണ്ടു. സംസാരത്തിനിടയില്‍ പഠനകാര്യത്തെക്കുറിച്ച്‌ തിരക്കി. അപ്പോഴാണ്‌ ഞങ്ങളറിഞ്ഞ കാര്യങ്ങള്‍ തെറ്റായിരുന്നെന്ന്‌ മനസിലായത്‌. അതോടെ എനിക്കു സമാധാനമായി.

ബി.എഡിന്‌ പഠിക്കുകയായിരുന്നു സഞ്‌ജു. എല്ലാ വിവരവും ഞാനവളോട്‌ തുറന്നു പറഞ്ഞു. അതിനു മറുപടിയായി അവള്‍ നല്‍കിയത്‌ ഒരു ചിരി മാത്രം. അന്ന്‌ ഞാന്‍ മനസ്സില്‍ കുറിച്ചിട്ടു.

എന്റെ ജീവിതത്തില്‍ 'വിവാഹം' എന്നൊന്നുണ്ടെങ്കില്‍ ജീവിതസഖിയായി സഞ്‌ജു തന്നെ. സത്യം പറഞ്ഞാല്‍ അപ്രതീക്ഷിതമായ കൂടിക്കാഴ്‌ചയാണ്‌ ഞങ്ങള്‍ക്കിടയിലെ പ്രണയത്തിന്‌ വഴിത്തിരിവായത്‌.

പിന്നീട്‌ ഞങ്ങള്‍ക്കിടയില്‍ ഫോണ്‍വിളികളോ കത്തിടപാടുകളോ ഉണ്ടായിരുന്നില്ല. ഇടക്ക്‌ യാദൃശ്‌ചികമായി പലയിടങ്ങളില്‍ വച്ച്‌ കണ്ടു. അപ്പോഴൊക്കെ കണ്ണുകള്‍ തമ്മിലാണ്‌ പരസ്‌പരം പ്രണയിച്ചുകൊണ്ടിരുന്നത്‌.സംസാരം പോലും അധികം ഉണ്ടായിട്ടില്ല.

പ്രണയകാര്യം ഞാന്‍ അച്‌ഛനോട്‌ തുറന്നുപറഞ്ഞു. അദ്ദേഹം പറഞ്ഞ മറുപടി കേട്ട്‌ ഞാന്‍ ശരിക്കും ത്രില്ലടിച്ചു.

'ഞാന്‍ സജിതയുടെ വീട്ടില്‍ പോയി വിവാഹം ആലോചിക്കാം. പക്ഷേ നീയും എനിക്കൊപ്പം ഉണ്ടാകണം. പെണ്ണുകാണാനല്ല നമ്മള്‍ പോകുന്നത്‌.

നിങ്ങളുടെ സ്‌നേഹത്തെ അവളുടെ വീട്ടുകാര്‍ അംഗീകരിച്ചില്ല എന്നിരിക്കട്ടെ, നീ വിളിച്ചാല്‍ അവളിറങ്ങി വരുമെന്നുറപ്പുണ്ടോ? അങ്ങനെയാണെങ്കില്‍ ഈ നിമിഷം നമുക്ക്‌ പോകാം.' ഞാന്‍ വിളിച്ചാല്‍ സഞ്‌ജു വരുമെന്നുറപ്പാണച്‌ഛാ' .

എന്റെ മറുപടി കേട്ടപ്പോള്‍ അച്‌ഛന്‌ സന്തോഷമായി. പിറ്റേദിവസം രാവിലെ തന്നെ ഞങ്ങള്‍ സജിതയുടെ വീട്ടില്‍ച്ചെന്നു. യുദ്ധം പ്രതീക്ഷിച്ചാണ്‌ ചെന്നതെങ്കിലും ഞങ്ങളുടെ കണക്കു കൂട്ടലുകള്‍ തെറ്റി.

ടി.ജി. രവിയെയും മകനെയും എങ്ങനെ സല്‍ക്കരിക്കണമെന്ന ടെന്‍ഷനിലായിരുന്നു അവര്‍. ഇതിനിടയില്‍ ഞങ്ങളുടെ കാര്യം അച്‌ഛന്‍ നയത്തില്‍ അവരോട്‌ സംസാരിച്ചു. അല്‍പ്പനേരം മൗനമായിട്ടിരുന്നെങ്കിലും യാതൊരു എതിര്‍പ്പും പ്രകടിപ്പിക്കാതെ അവര്‍ ഓ.കെ. പറഞ്ഞു.

2007- ഏപ്രില്‍ 8-ന്‌ വിവാഹം നടന്നു. എന്നെ സംബന്ധിച്ച്‌ ഭാര്യ എന്നതിലുപരി സഞ്‌ജു നല്ലൊരു സുഹൃത്ത്‌ കൂടിയാണ്‌. പരസ്‌പരം മനസ്സിലാക്കുന്നിടത്താണ്‌ സ്‌നേഹം എന്നും ജയിച്ചു നില്‍ക്കുന്നത്‌.

സര്‍പ്രൈസ്‌ ഗിഫ്‌റ്റുകള്‍ കിട്ടുന്നില്ല എന്ന അവളുടെ പരിഭവം മാറ്റാന്‍ ഞാന്‍ തീരുമാനിച്ചു. ടൂവീലറിനോട്‌ അവള്‍ക്കെന്നും പ്രത്യേക ഇഷ്‌ടമാണ്‌. എന്നാല്‍
എനിക്ക്‌ ടൂവീലറിനോട്‌ അത്രകണ്ട്‌ ഇഷ്‌ടമല്ല.

കാറിലാണെങ്കില്‍ സുരക്ഷിതത്വത്തിന്‌ സീറ്റ്‌ ബല്‍റ്റുണ്ട്‌, ടൂവീലറിന്‌ അതില്ല. എങ്കിലും സഞ്‌ജുവിന്‌ സര്‍പ്രൈസ്‌ കൊടുക്കാനായി ഞാന്‍ ഷോറൂമില്‍ പോയി ടൂവീലര്‍ ബുക്ക്‌ ചെയ്‌തു.

ഷോറൂം മാനേജരുടെ ഭാര്യ സഞ്‌ജുവിന്റെ സുഹൃത്തായതിനാല്‍ സര്‍പ്രൈസ്‌ പൊളിഞ്ഞു. പക്ഷേ ഞാന്‍ തളരില്ല, തോല്‍വി സമ്മതിക്കുകയുമില്ല. മറ്റൊരു സര്‍പ്രൈസ്‌ ഞാനവള്‍ക്കായി ഒരുക്കുകയാണ്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Related News

Ads by Google
Back to Top