Last Updated 1 year 14 weeks ago
Ads by Google
19
Tuesday
September 2017

ഹാപ്പി ഹസ്‌ബന്റ്‌

ദേവിന റെജി

  1. Pranaya Varnangal
  2. Saji Surendran
Saji Surendran, Pranaya Varnangal

ഞാന്‍ സംഗീതയുടെ വീട്ടിലേക്ക്‌ ചെന്ന്‌ അവളുടെ അമ്മയോട്‌ പറഞ്ഞു. ഞങ്ങളുടെ ഇഷ്‌ടത്തിന്റെ ആഴം നിങ്ങള്‍ക്കറിയാവുന്നതല്ലേ. നിരാഹാരം കിടന്ന്‌ എന്റെ പെണ്ണിന്‌ എന്തെങ്കിലും സംഭവിച്ചാല്‍ നിങ്ങളേക്കാള്‍ വിഷമിക്കുന്നത്‌ ഞാനായിരിക്കും.

എന്തിനാ നിങ്ങള്‍ക്കിത്ര പിടിവാശി. സംഗീതയെ പൊന്നുപോലെ നോക്കിക്കോളാം ഞാന്‍. എന്നു പറഞ്ഞ്‌ ആ പടികളിറങ്ങി...

''പ്രണയിച്ചു വിവാഹം കഴിക്കുന്നതാണ്‌ ഉചിതമെന്ന അഭിപ്രായക്കാരനാണ്‌ ഞാന്‍.'എന്റെ പ്രണയം തുടങ്ങുന്നത്‌ 12-ാം വയസ്സിലാണ്‌. അന്നു ഞാന്‍ തിരുവനന്തപുരത്തെ വട്ടപ്പാറ ലൂര്‍ദ്ദ്‌മൗണ്ട്‌ സ്‌കൂളില്‍ പഠിക്കുന്നു. ഒരു ദിവസം ബ്രേക്ക്‌ ടൈമില്‍ കള്ളനും പോലീസും കളിക്കുകയാണ്‌ ഞാനും കൂട്ടുകാരും.

കള്ളനായ ഞാന്‍ പോലീസ്‌ പിടിക്കാതിരിക്കാന്‍ പാഞ്ഞുപോകവെ പെട്ടെന്ന്‌ ഒരു പെണ്‍കുട്ടിയെ ഇടിച്ചു തെറിപ്പിച്ചു. അവള്‍ താഴെ വീഴുകയും ചെയ്‌തു. വീണുപോയവളെ എഴുന്നേല്‍പ്പിക്കാതെ ഞാനോടി സ്‌കൂള്‍ ഗാര്‍ഡനില്‍ ഒളിച്ചുനിന്നെങ്കിലും ചെടികള്‍ക്കിടയിലൂടെ അവളെ ഞാന്‍ നോക്കി.

വെളുത്തു സുന്ദരിക്കുട്ടിയായ അവളുടെ വേഷം നീലക്കളറുള്ള ഉടുപ്പായിരുന്നു. പിറ്റേദിവസം അതേ സ്‌ഥലത്തു വച്ച്‌ വീണ്ടുമവളെ കണ്ടു. ഞാന്‍ ചിരിച്ചുകാണിച്ചപ്പോള്‍ അവള്‍ മുഖം തിരിച്ചുനടന്നു.

എന്നോടുള്ള ദേഷ്യവും പിണക്കവും ആ മുഖത്ത്‌ ഞാന്‍ കണ്ടു. പേര്‌ ചോദിക്കാനുള്ള അവസരംപോലും അവളെനിക്ക്‌ തന്നില്ല. പക്ഷേ അധികം താമസിയാതെ അവളുടെ പേര്‌ ഞാന്‍ കണ്ടുപിടിച്ചു. 5 ബി.യില്‍ പഠിക്കുന്ന സംഗീത.

സ്‌കൂളില്‍ പോകാന്‍ ചില ദിവസങ്ങളില്‍ ഞാന്‍ മടി കാണിച്ചെങ്കിലും സംഗീത വന്നതോടുകൂടി, അവളെ കാണാന്‍ ഞാന്‍ മുടങ്ങാതെ സ്‌കൂളിലെത്തും. അവള്‍ക്ക്‌ എന്നോടുള്ള പിണക്കം മാറി ഞങ്ങള്‍ വളരെ പെട്ടെന്ന്‌ ഫ്രണ്ട്‌ലിയായി.

സ്‌കൂള്‍ബസിലാണ്‌ ഞങ്ങള്‍ വരുന്നതും തിരിച്ചുപോകുന്നതും. അധികം താമസിയാതെ നെടുമങ്ങാട്ടേയ്‌ക്ക് ഞങ്ങള്‍ താമസം മാറ്റി. പിറ്റേദിവസം രാവിലെ ടെറസില്‍ നിന്ന ഞാന്‍ എതിര്‍വീട്ടിലെ ടെറസില്‍ പഠിച്ചുകൊണ്ടിരുന്ന കുട്ടിയെ കണ്ട്‌ ഞെട്ടി. അത്‌ മറ്റാരുമല്ല, സംഗീത.

മൂന്നുകൂട്ടം പായസം ഒറ്റയടിക്ക്‌ കുടിച്ച അവസ്‌ഥയായിരുന്നു എനിക്ക്‌. സ്‌ഥലകാലബോധം മറന്ന്‌ ഉച്ചത്തില്‍ വിളിച്ചുകൂവി. ശബ്‌ദം കേട്ടിട്ടാവണം പഠിത്തം നിര്‍ത്തി നോക്കിയ അവള്‍ എന്നെക്കണ്ട്‌ ഞെട്ടി. ഏഴാംക്ലാസ്‌ മുതല്‍ എനിക്കവളെ ഇഷ്‌ടമായിരുന്നെങ്കിലും എന്റെ ഇഷ്‌ടം തുറന്നുപറഞ്ഞത്‌ ഞാന്‍ 9-ാം ക്ലാസില്‍ പഠിക്കുമ്പോഴാണ്‌.

അച്‌ഛനും അമ്മയ്‌ക്കും ഞങ്ങള്‍ മൂന്നു മക്കളാണ്‌. ഞാന്‍ പഠിക്കുന്ന സ്‌കൂളിലാണ്‌ ചേച്ചിയും പഠിക്കുന്നത്‌. ലഞ്ച്‌ ബ്രേക്കിന്റെ സമയത്ത്‌ ഒരു പേപ്പറില്‍ 'ഐ ലവ്‌ യു' എന്നെഴുതി ചേച്ചിയുടെ കൈയില്‍ അവള്‍ക്കായി കൊടുത്തുവിട്ടു.

ഒരാഴ്‌ചയ്‌ക്കുശേഷം ഞാന്‍ പ്ര?പ്പോസ്‌ ചെയ്‌ത അതേ മാതൃകയില്‍ തന്നെ അവളും ചെയ്‌തു. പിന്നെപ്പിന്നെ ലഞ്ച്‌ പെട്ടെന്ന്‌ കഴിച്ചിട്ട്‌ ഫുട്‌ബോള്‍ കോര്‍ട്ടിന്റെ സമീപത്ത്‌ ഞാനും സംഗീതയും പോകും. ഞങ്ങളെപ്പോലെ കുറച്ചു കുട്ടികള്‍ ഓരോ സൈഡുകളിലും ഉണ്ടാകും.

ബ്രേക്ക്‌ ടൈം തീരുന്നതുവരെ ഞങ്ങള്‍ സംസാരിച്ചിരിക്കും. ഇതിനിടയില്‍ ടീച്ചര്‍മാരോ മറ്റോ വന്നാല്‍ മൃഗങ്ങളുടെ ശബ്‌ദം അനുകരിച്ച്‌ കൂട്ടുകാര്‍ ഞങ്ങള്‍ക്ക്‌ സിഗ്നല്‍ തരും. അങ്ങനെ ഒരു ദിവസം പതിവുപോലെ ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ ടീച്ചര്‍മാര്‍ ആ വഴി വന്നു.

സിഗ്നല്‍ തരേണ്ടവന്മാര്‍ ഇതു കണ്ടില്ല. ടീച്ചര്‍മാരെക്കണ്ട്‌ മറ്റു പ്രണയിതാക്കള്‍ ഓടി രക്ഷപ്പെട്ടു. ഇതൊന്നുമറിയാതെ ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരുന്നു. ഈ കാഴ്‌ച കണ്ടു വന്ന ടീച്ചര്‍മാരുടെ മുഖം കണ്ടപ്പോള്‍ തന്നെ പേടിച്ചുപോയി. പിന്നെ നിന്നത്‌ പ്രിന്‍സിപ്പാളിന്റെ മുറിയില്‍.

രണ്ടു വീട്ടുകാരെയും വിവരമറിയിച്ചു. ആകെക്കൂടി നാണംകെട്ടു എന്നു പറഞ്ഞാല്‍ മതി. അന്നു വൈകിട്ട്‌ വീട്ടില്‍ ചെല്ലുമ്പോള്‍ ഉണ്ടാകുന്ന സംഭവവികാസങ്ങളെക്കുറിച്ച്‌ ചിന്തിച്ചാണ്‌ പോയതെങ്കിലും ആരും ഇതിനെക്കുറിച്ച്‌ എന്നോട്‌ ചോദിച്ചില്ല. പ്രത്യേകിച്ച്‌ അച്‌ഛന്‍. കാരണം അച്‌ഛന്‌ നേരത്തെ തന്നെ ഇക്കാര്യമറിയാമായിരുന്നു.

രാവിലെ പഠിക്കാനെന്ന വ്യാജേന ഞങ്ങള്‍ വീടിനു മുന്നില്‍ ഇരിക്കുന്ന പതിവുണ്ട്‌. മിക്കപ്പോഴും ഞാനായിരിക്കും ആദ്യം എഴുന്നേല്‍ക്കുക. വീടിനു വെളിയിലെ ലൈറ്റിടുമ്പോള്‍ അവള്‍ ഡോര്‍ തുറന്ന്‌ കൈവീശി ചിരിക്കും. ഇതാണ്‌ പതിവ്‌. അങ്ങനെയിരിക്കെ ഒരു ദിവസം അച്‌ഛന്‍ ലൈറ്റിട്ടു.

ഇതു കണ്ടപാടെ അവള്‍ ഡോറ്‌ തുറന്ന്‌ പുറത്തിറങ്ങിയതും കൈവീശിക്കാണിച്ചു. ഇതെല്ലാം കണ്ട്‌ അച്‌ഛനു തൊട്ടുപിറകില്‍ ഞാന്‍ നില്‍പ്പുണ്ടായിരുന്നു. തിരിഞ്ഞുനോക്കിയ അച്‌ഛന്‌ കാര്യം പിടികിട്ടി.

അന്നു വൈകിട്ട്‌ അച്‌ഛന്‍ എന്നോട്‌ പറഞ്ഞു. 'ആദ്യം നിനക്ക്‌ വേണ്ടത്‌ ലക്ഷ്യബോധമാണ്‌. അതിന്‌ നന്നായി പഠിക്കണം. പഠിച്ചാലേ നല്ലനിലയില്‍ എത്തുകയുള്ളൂ. സ്വന്തംകാലില്‍ നില്‍ക്കുന്ന അവസരമെത്തുമ്പോള്‍ നിന്റെ ജീവിതപങ്കാളിയെ നിനക്ക്‌ സ്വീകരിക്കാം.'' സ്‌നേഹം നിറഞ്ഞ ആ വാക്കുകള്‍ ഞാനിന്നും ഓര്‍ക്കുന്നു.

ടീച്ചര്‍മാരുടെ നിര്‍ദ്ദേശം ഉള്ളതിനാല്‍ ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടിലുള്ള ഞങ്ങളുടെ കൂടിക്കാഴ്‌ച നിര്‍ത്തി. പകരം എല്‍.കെ.ജി., യു.കെ.ജി. സെക്ഷന്റെ പരിസരത്തേക്ക്‌ ചേക്കേറി. മാത്സ് എക്‌സിബിഷന്‌ മറ്റൊരു സ്‌കൂളില്‍ പോകാന്‍ ബസ്സ്‌ കാത്തുകിടക്കുകയാണ്‌.

ഞാനൊഴിച്ച്‌ എല്ലാ കുട്ടികളും ബസിലുണ്ട്‌. പാവം അനിതടീച്ചര്‍ എന്നെ അന്വേഷിച്ച്‌ സ്‌കൂള്‍ മുഴുവനും നടന്ന്‌ ഒടുവില്‍ ഞങ്ങള്‍ക്കരികിലെത്തി. 'സംസാരിച്ചു തീര്‍ന്നെങ്കില്‍ പോകാമായിരുന്നു'വെന്ന ടീച്ചറിന്റെ ശബ്‌ദം കേട്ടപ്പോള്‍ ഞങ്ങള്‍ ശരിക്കും ചിരിച്ചുപോയി.

സ്‌കൂള്‍ കാലഘട്ടം കഴിഞ്ഞതോടെ ഞങ്ങള്‍ അവിടെ നിന്നും അവളുടെ വീടിന്റെ അരക്കിലോമീറ്റര്‍ അകലേക്ക്‌ താമസം മാറ്റി. പിന്നെയുള്ള എന്റെ പഠനം എം.ജി. കോളജിലായിരുന്നു. അതുകൊണ്ട്‌ തന്നെ പരസ്‌പരമുള്ള കണ്ടുമുട്ടല്‍ ഉണ്ടായില്ല.

എന്റെ സുഹൃത്തിന്റെ വീട്ടില്‍ പശുവളര്‍ത്തലുണ്ടായതിനാല്‍ രാവിലെ പാലുകൊടുക്കാന്‍ പോകുന്നത്‌ അവനാണ്‌. അതെനിക്കു പ്രയോജനമായി. എങ്ങനെയാണെന്നോ? സംഗീതയുടെ വീട്ടില്‍ പാല്‍ കൊടുക്കുന്നത്‌ സുഹൃത്താണ്‌.

ഞാന്‍ അവള്‍ക്കെഴുതുന്ന കത്തുകള്‍ പാലുകൊടുക്കുന്ന കുപ്പിയുടെ അടിയില്‍ വച്ച്‌ കൊടുക്കും. അതിന്റെ മറുപടി പിറ്റേദിവസം അവന്‍ എനിക്കു തരും. ഞങ്ങള്‍ക്കിടയിലെ ഹംസമായി അവന്‍ മാറി.

കത്തുകളിലൂടെ പ്രണയത്തിന്റെ മധുരം ഇരട്ടിച്ചു. കോളജ്‌ പഠനം മുതല്‍ സിനിമ എന്റെ പാഷനായതിനാല്‍ ഡയറക്‌ടര്‍മാരുടെ അസിസ്‌റ്റന്റായി ഞാന്‍ വര്‍ക്ക്‌ ചെയ്യുമായിരുന്നു. ഫൈനലിയറായപ്പോള്‍ എന്റെ ജൂനിയറായി സംഗീതയും (സംഗു) എം.ജി.കോളജിലേക്ക്‌ വന്നു.

പിന്നെ ഞങ്ങള്‍ പ്രണയിച്ചു തകര്‍ത്തു. എങ്കിലും സംഗുവിന്റെ വീട്ടില്‍ എതിര്‍പ്പുകള്‍ ഓരോന്നായി തലപൊക്കി. ഈ സമയത്ത്‌ സീരിയല്‍ സംവിധായകന്‍ കെ.കെ. രാജീവുമായി ചേര്‍ന്ന്‌ 'മേഘം' എന്ന സീരിയല്‍ ചെയ്യുകയായിരുന്നു ഞാന്‍.

ഇതിനിടയില്‍ ഒരുപാട്‌ ആലോചനകള്‍ വീട്ടുകാര്‍ അവള്‍ക്കായി കൊണ്ടുവന്നെങ്കിലും 'എന്നെ മാത്രമേ വിവാഹം കഴിക്കൂ എന്ന നിലപാടില്‍ ഉറച്ചുനിന്നു. ഒടുവില്‍ വീട്ടുകാരോട്‌ മത്സരിച്ച്‌ നിരാഹാരം വരെ കിടന്നു.

പാല്‍ക്കാരനായ സുഹൃത്തുവഴി സംഭവമറിഞ്ഞ ഞാന്‍ സംഗീതയുടെ വീട്ടിലേക്ക്‌ ചെന്ന്‌ അവളുടെ അമ്മയോട്‌ പറഞ്ഞു. ''ഞങ്ങളുടെ ഇഷ്‌ടത്തിന്റെ ആഴം നിങ്ങള്‍ക്കറിയാവുന്നതല്ലേ. നിരാഹാരം കിടന്ന്‌ എന്റെ പെണ്ണിന്‌ എന്തെങ്കിലും സംഭവിച്ചാല്‍ നിങ്ങളേക്കാള്‍ വിഷമിക്കുന്നത്‌ ഞാനായിരിക്കും.

എന്തിനാ നിങ്ങള്‍ക്കിത്ര പിടിവാശി. സംഗീതയെ പൊന്നുപോലെ നോക്കിക്കോളാം ഞാന്‍.'' എന്നു പറഞ്ഞ്‌ ആ പടികളിറങ്ങി. എന്റെ സിനിമാസ്‌റ്റൈല്‍ ഡയലോഗുകള്‍ കേട്ടിട്ടാവാം അമ്മയുടെ മനസ്സില്‍ എന്നോടിഷ്‌ടം വന്നു.

അന്നു രാത്രി സംഗീതയുടെ അച്‌ഛന്‍ എന്റെ വീട്ടില്‍ വിളിച്ച്‌ നാളെ പെണ്ണുകാണല്‍ നടത്താമെന്ന്‌ പറഞ്ഞു. മേഘം സീരിയലിന്റെ ഷൂട്ടിങ്ങിനിടയിലാണ്‌ പെണ്ണുകാണാനിറങ്ങിയത്‌. അനൂപും സുകുമാരിയമ്മയും എന്നോടൊപ്പം വന്നു.

സംഗീതയുടെ വീട്ടില്‍ കാര്‍ വന്നു നിന്നു. ഡോര്‍ തുറന്ന്‌ സുകുമാരിയമ്മ ഇറങ്ങിവരുന്നതു കണ്ടപ്പോള്‍ സംഗുവിന്റെ അമ്മയ്‌ക്കും അച്‌ഛനും സന്തോഷം സഹിക്കവയ്യ. സുകുമാരിയമ്മയെ കണ്ടപ്പോള്‍ തന്നെ ഞങ്ങളുടെ വിവാഹം ഉറച്ചു എന്ന്‌ മനസ്സില്‍ തീരുമാനിച്ചു.

വിവാഹത്തിനു മുമ്പ്‌ ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്നു നടത്തിയ യാത്ര ലൂര്‍ദ്ദ്‌ മൗണ്ട്‌ സ്‌കൂളിലേക്കായിരുന്നു, വിവാഹം ക്ഷണിക്കാന്‍. ഞങ്ങളുടെ കൂട്ടിമുട്ടലിന്‌ സാക്ഷ്യംവഹിച്ചത്‌ ഈ സ്‌കൂളല്ലേ. ഒടുവില്‍ കാത്തിരുന്ന മുഹൂര്‍ത്തം വന്നെത്തി.

മാര്‍ച്ച്‌ 16-ന്‌ സംഗീതയുടെ കഴുത്തില്‍ ഞാന്‍ താലിചാര്‍ത്തി. അവളുടെ അച്‌ഛന്‍ എന്റെ കൈയില്‍ അവളെ ഏല്‍പ്പിച്ചപ്പോള്‍ ഒരു കാര്യം മനസ്സിലുറപ്പിച്ചു. ഒരിക്കലും ഞാനവളെ വിഷമിപ്പിക്കില്ല. അവളുടെ ഏതാഗ്രഹവും ഞാന്‍ സാധിച്ചുകൊടുക്കും. എന്തെന്നാല്‍ എനിക്കുവേണ്ടി നിരാഹാരം കിടക്കാന്‍ തയ്യാറായവളാണ്‌ സംഗീത.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top