Last Updated 1 year 14 weeks ago
Ads by Google
21
Thursday
September 2017

പൊട്ടിച്ചിരിപ്പിക്കാന്‍ ഒരിടം

സുനിതാ സുനില്‍

  1. Dharmajan Bolgatty
Dharmajan Bolgatty

മിമിക്രിയിലൂടെ സിനിമയില്‍ സജീവമായ ധര്‍മ്മജന്റെ വളരെ നാളത്തെ ആഗ്രഹമാണ്‌ സ്വന്തമായി ഒരു വീട്‌. ആ സ്വപ്‌ന സാഫല്യത്തിന്റെ സന്തോഷത്തിലാണ്‌ ധര്‍മ്മജനും കുടുംബവും...

സിനിമകളിലും സ്‌റ്റേജ്‌ ഷോകളിലും നിറസാന്നിധ്യമാണ്‌ ധര്‍മ്മജന്‍. സ്വയം ചിരിക്കുകയും മറ്റുള്ളവരെ പൊട്ടിച്ചിരിപ്പിക്കുകയും ചെയ്യുന്ന ധര്‍മ്മജന്റെ ഉളളിലെ ഏറ്റവും വലിയ വേദന കയറി കിടക്കാന്‍ ഒരിടം എന്നതായിരുന്നു.

ഏറെക്കാലമായി മനസില്‍ താലോലിച്ചിരുന്ന ആ സ്വപ്‌നം അടുത്തിടെയാണ്‌ യാഥാര്‍ത്ഥ്യമായത്‌. പുതിയ വീടിനെക്കുറിച്ച്‌ പറയുമ്പോള്‍ ധര്‍മ്മജന്‍ പതിവിലും വാചാലനാവുന്നു.

കുറേ നാളായുള്ള ആഗ്രഹമാണല്ലോ സ്വന്തമായൊരു വീട്‌. അത്‌ സാധിച്ചപ്പോള്‍ എന്തു തോന്നുന്നു?

മിക്ക ഇന്റര്‍വ്യൂകളിലും ഞാന്‍ പറഞ്ഞിട്ടുണ്ട്‌ ഏറ്റവും വലിയ ആഗ്രഹം സ്വന്തമായൊരു വീടാണെന്ന്‌. ഞങ്ങള്‍ മുന്‍പ്‌ താമസിച്ചിരുന്ന ഫ്‌ളാറ്റിന്റെ ഒരു മാസത്തെ വാടക പതിനാറായിരം രൂപയാണ്‌. പിഷാരടിയും പലപ്പോഴും എന്നോട്‌ വീടിനെക്കുറിച്ചു സംസാരിച്ചിട്ടുണ്ട്‌.

എന്നാല്‍ പ്രമോദ്‌, പ്രദീപ്‌ എന്നീ രണ്ടു സുഹൃത്തുക്കളാണ്‌ വീടുവയ്‌ക്കാന്‍ കാരണമായത്‌. അവരുടെ നിര്‍ബന്ധം സഹിക്കാന്‍ വയ്യാതെയാണ്‌ വീടുവയ്‌ക്കാന്‍ തീരുമാനിച്ചത്‌. ആദ്യം അവര്‍ വീടു വെച്ചു. അതിനു ശേഷമാണ്‌ ഞാന്‍ വീടു പണിയുന്നത്‌.

ഓണത്തിന്റെ തലേദിവസമാണ്‌ പുതിയ വീട്ടിലേക്ക്‌ താമസം മാറിയത്‌. പെട്ടെന്നുണ്ടായ ചടങ്ങായതുകൊണ്ട്‌ മിക്ക ആളുകളെയും വിളിക്കാന്‍ പറ്റിയില്ല. എന്നാല്‍ ഞാന്‍ വിളിക്കാത്ത പലരും വന്നു. സത്യം പറഞ്ഞാല്‍ അന്നത്തെ ദിവസം മാത്രമാണ്‌ ഞാനിവിടെ കിടന്നുറങ്ങിയത്‌.

പിറ്റേന്ന്‌ മുതല്‍ സ്‌റ്റേജ്‌ ഷോകളുമായി ബന്ധപ്പെട്ട്‌ അമേരിക്ക, ദുബായ്‌ എന്നിവിടങ്ങളില്‍ ആയിരുന്നു. പുതിയ വീട്‌ നല്ല ഐശ്വര്യമാണ്‌.

ഇങ്ങോട്ട്‌ താമസം മാറിയതില്‍ പിന്നെ പണിയില്ലാതെ വീട്ടിലിരിക്കേണ്ടി വന്നിട്ടില്ല. അയല്‍പക്കത്തുള്ള ആളുകള്‍ സാധാരണക്കാരായതിനാല്‍ ഒറ്റപ്പെടല്‍ ഇല്ല. നമ്മെ അവരിലൊരാളെ പോലെ കരുതി സ്‌നേഹിക്കുന്നു.

ഫ്‌ളാറ്റും വീടും തമ്മിലുളള മാറ്റം എങ്ങനെ അനുഭവപ്പെടുന്നു?

ഞങ്ങളുടെ നാട്ടില്‍ സിനിമയുമായി ബന്ധപ്പെട്ട ഒരേ ഒരാള്‍ ഞാനാണ്‌. അന്നൊക്കെ പിഷാരടി എന്നോട്‌ പറയുമായിരുന്നു, നീ ടൗണിലേക്ക്‌ താമസം മാറാന്‍. തുടര്‍ച്ചയായി നാലുവര്‍ഷം ഇതുതന്നെ കേട്ടപ്പോള്‍ ഞാന്‍ മാറാന്‍ തീരുമാനിച്ചു.

അങ്ങനെയാണ്‌ ഫ്‌ളാറ്റിലേക്ക്‌ വരുന്നത്‌. എന്റെ അമ്മയ്‌ക്ക് നല്ല പ്രായമുണ്ട്‌. അവര്‌ നാട്ടിന്‍പുറത്തെ വീട്ടുമുറ്റത്ത്‌ ചെറിയ കൃഷികളൊക്കെയായി കഴിയുമ്പോഴാണ്‌ ഫ്‌ളാറ്റിലേക്കുള്ള മാറ്റം. അമ്മക്ക്‌ ആദ്യമൊക്കെ വലിയ ബുദ്ധിമുട്ടായിരുന്നു. ഇപ്പോള്‍ വീട്‌ വച്ച്‌ മാറിയപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത്‌ അമ്മയാണ്‌.

വീടുമായി ബന്ധപ്പെട്ട മറക്കാനാവാത്ത അനുഭവം?

വീടിന്റെ 'ഗൃഹപ്രവേശം' മറക്കാനാവില്ല. ക്ഷണിക്കാതെ പലരും അന്നവിടെ വന്നു. അവരെന്നോട്‌ പറഞ്ഞത്‌ ''നീ ക്ഷണിക്കാന്‍ മറന്നുപോയതാണെന്നറിയാം അതാണ്‌ ഞങ്ങള്‍ വന്നതെന്ന്‌''. ഒത്തിരി സന്തോഷം തോന്നി. എന്നോടുള്ള സ്‌നേഹം കൊണ്ടല്ലേ അവരു വന്നത്‌.

എന്റെ സുഹൃത്തുക്കളാണ്‌ എല്ലാ കാര്യങ്ങള്‍ക്കും മുന്‍പന്തിയില്‍ നിന്നത്‌. ഗാനമേളയും പരിപാടികളുമെല്ലാം അവരു തന്നെ അറേഞ്ച്‌ ചെയ്‌തു. ദിലീപേട്ടനോടും കലാഭവന്‍ മണിച്ചേട്ടനോടും ഒറ്റത്തവണയെ ഫോണ്‍ ചെയ്‌തു പറഞ്ഞുള്ളൂ.

എന്നിട്ടും അവര്‍ വന്നു. കൂടാതെ സിനിമാ ലോകത്തുള്ള മിക്ക ആളുകളും പങ്കെടുത്തു. മൊബൈലിനു റേഞ്ചില്ല എന്നൊരു പ്രശ്‌നം മാത്രമേ ഇവിടുള്ളൂ.

സ്‌റ്റേജ്‌ ഷോകളുമായി പോകുമ്പോള്‍ സിനിമയില്‍ അവസരം കുറയില്ലേ?

അമേരിക്കയിലെയും ദുബായിലേയും ഷോകള്‍ ഒരു വര്‍ഷം മുന്‍പ്‌ എഗ്രിമെന്റ്‌ ചെയ്‌തതാണ്‌. ആ സമയത്ത്‌ പുലിമുരുകന്‍, പാവാട, അടികപ്യാരെ കൂട്ടമണി എന്നിങ്ങനെ കുറേയേറെ സിനിമകള്‍ നഷ്‌ടപ്പെട്ടു.

വിഷമം തോന്നിയെങ്കിലും സ്‌റ്റേജ്‌ ഷോകളും നമ്മുടെ മൈലേജ്‌ കൂട്ടുന്നതാണ്‌ എന്ന്‌ ആശ്വസിച്ചു. സാമ്പത്തികലാഭം സ്‌റ്റേജ്‌ ഷോകളാണെങ്കിലും സിനിമ ചെയ്യണം. പക്ഷേ അത്‌ ഷോയുടെ സംഘാടകരെ ബുദ്ധിമുട്ടിപ്പിക്കുന്ന രീതിയില്‍ ആവരുത്‌.

ലൈഫ്‌ ഓഫ്‌ ജോസുകുട്ടിയില്‍ ഒരു വേഷം അവതരിപ്പിക്കാന്‍ വിളിച്ചു. ഡേറ്റൊക്കെ പറഞ്ഞെല്ലാം റെഡിയാക്കി. പെട്ടെന്ന്‌ ദിലീപേട്ടന്റെ ഡേറ്റ്‌ പ്രോബ്ലം വന്നു. അപ്പോള്‍ എനിക്ക്‌ തന്ന ദിവസം മാറ്റേണ്ടി വന്നു.

പക്ഷേ മറ്റൊരു പരിപാടി ഏറ്റതിനാല്‍ വരാന്‍ പറ്റില്ലെന്ന്‌ അവരോടു പറയേണ്ടി വന്നു. അവര്‌ പരമാവധി ശ്രമിച്ചു. അങ്ങനെയാണ്‌ ലൈഫ്‌ ഓഫ്‌ ജോസൂകുട്ടിയിലെ വേഷം വേണ്ടെന്നു വച്ചത്‌.ഡാര്‍വിന്റെ പരിണാമം എന്ന പൃഥ്വിരാജ്‌ പടത്തിലാണ്‌ ഇപ്പോള്‍ അഭിനയിക്കുന്നത്‌.

കഴിഞ്ഞ ഏഷ്യാനെറ്റ്‌ അവാര്‍ഡിനു പോയി. ഞങ്ങള്‍ കുറേ പ്രോഗ്രാം റിഹേഴ്‌സല്‍ ചെയ്‌തിട്ടാണ്‌ പോയത്‌. പക്ഷേ അവിടെച്ചെന്നപ്പോള്‍ ഒരു പരിപാടി പോലും അവതരിപ്പിക്കാന്‍ പറ്റിയില്ല. വെറുതെ പൈസയും വാങ്ങി തിരിച്ചുപോന്നു.

ശേഷം അടുത്തപേജില്‍ വായിക്കുക...

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Related News

Ads by Google
Back to Top