Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

മേക്കപ്പിട്ട്‌ മണിക്കൂറുകളോളം

രമേഷ്‌ പുതിയമഠം

  1. Babu Janardhanan
  2. Jagathy Kathakal
  3. Jagathy Sreekumar
Jagathy Kathakal, Jagathy Sreekumar, Babu Janardhanan

കഥ കേട്ടതു മുതല്‍ അമ്പിളിച്ചേട്ടന്‍ ത്രില്ലിലായിരുന്നു. അതുകൊണ്ടാണ്‌ അദ്ദേഹം 'വാസ്‌തവ'ത്തിലെ കഥാപാത്രത്തെക്കുറിച്ച്‌ കൂടുതല്‍ ചോദിച്ചത്‌. ഞാനും സംവിധായകന്‍ പത്മകുമാറുമാണ്‌ കഥ പറയാന്‍ വേണ്ടി 'ക്ലാസ്‌മേറ്റ്‌സി'ന്റെ ലൊക്കേഷനായ കോട്ടയം സി.എം.എസ്‌. കോളജിലെത്തിയത്‌.

''ഈ സിനിമയില്‍ രണ്ടു നായകരാണ്‌. അമ്പിളിച്ചേട്ടനും പൃഥ്വീരാജും. പ്രായമായിട്ടും യഥാര്‍ഥ പ്രായം കാണിക്കാതെ റിട്ടയര്‍ ചെയ്ായതെ ജീവിക്കുന്ന കഥാപാത്രം. തികച്ചും സീരിയസ്‌. വേഷം കാവിമുണ്ടും ഷര്‍ട്ടും. എപ്പോഴും മുറുക്കിക്കൊണ്ടിരിക്കും.''

ഇരുപതു ദിവസത്തെ ഡേറ്റാണ്‌ 'വാസ്‌തവ'ത്തിനുവേണ്ടി നല്‍കിയത്‌. ഈ സമയത്ത്‌ ഇടയ്‌ക്കുപോലും മറ്റൊരു സിനിമയ്‌ക്കും ഡേറ്റ്‌ കൊടുത്തതുമില്ല.
ഷൂട്ടിംഗ്‌ തുടങ്ങുന്നതിന്റെ തലേ ദിവസം തന്നെ അമ്പിളിച്ചേട്ടന്‍ കൊച്ചിന്‍ ടവറിലെത്തി എന്നെ വിളിപ്പിച്ചു.

''ഉണ്ണിത്താന്‍ ആശാന്‍ എന്ന കഥാപാത്രത്തിനുവേണ്ടി ഞാന്‍ ചിലതൊക്കെ കൊണ്ടുവന്നിട്ടുണ്ട്‌.''
അദ്ദേഹം പെട്ടിയില്‍ നിന്ന്‌ കാവി ജുബയും മുണ്ടും പുറത്തെടുത്തു. ഒരു വാക്കിംഗ്‌ സ്‌റ്റിക്കും കാണിച്ചുതന്നു.

''ഒരു കാര്യം വിട്ടുപോയി. മുറുക്കിന്‌ ചുവപ്പ്‌ കൂടാന്‍ വേണ്ടി ജിണ്ടാന്‍ എന്നൊരു സാധനം ഉപയോഗിക്കാറുണ്ട്‌, തിരുവനന്തപുരത്തുകാര്‍. വരുമ്പോള്‍ അതെടുക്കാന്‍ മറന്നുപോയി. പ്രശ്‌നമാക്കേണ്ട, ഞാനിക്കാര്യം ഡ്രൈവറെ വിളിച്ചുപറഞ്ഞിട്ടുണ്ട്‌. രാവിലെയാവുമ്പോഴേക്കും സാധനം ഇവിടെയെത്തും.''

എനിക്കദ്‌ഭുതം തോന്നി. സാധാരണ ഇത്തരം മുന്‍കരുതലൊന്നുമില്ലാതെ ലൊക്കേഷനില്‍ വരുന്നയാളാണ്‌ അമ്പിളിച്ചേട്ടന്‍. ഈ കഥാപാത്രത്തോടുള്ള താല്‍പ്പര്യം കൊണ്ടാണ്‌ വേഷം പോലും കൊണ്ടുവന്നത്‌.

''നിരൂപകനായ എസ്‌. ഗുപ്‌തന്‍നായര്‍ സാറിന്റെ സ്‌റ്റൈലാണ്‌ ഞാന്‍ ഉദ്ദേശിക്കുന്നത്‌. അത്‌ മതിയാവില്ലേ?''
പക്ഷേ ഞാനതിനോട്‌ യോജിച്ചില്ല. ഗുപ്‌തന്‍നായര്‍ സാറിനെപോലെ ഗൗരവമുള്ള ആളല്ല ഉണ്ണിത്താന്‍ ആശാന്‍. അദ്ദേഹം ഡൗണ്‍ ടു എര്‍ത്ത്‌ ക്യാരക്‌ടറാണ്‌.

സാധാരണ ലോഡ്‌ജില്‍ താമസിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്‌ഥന്‍. കാവി ഷര്‍ട്ടും കറുത്ത ബാഗുമാണ്‌ ആവശ്യം. വാക്കിംഗ്‌ സ്‌റ്റിക്ക്‌ വേണ്ട. ഇക്കാര്യം തുറന്നുപറഞ്ഞപ്പോള്‍ ഒട്ടും പ്രയാസമില്ലാതെ അദ്ദേഹം അംഗീകരിച്ചു. മുടി പറ്റേ വെട്ടണം.

പക്ഷേ അതെങ്ങനെ അമ്പിളിച്ചേട്ടനോട്‌ പറയും എന്ന ടെന്‍ഷനിലായിരുന്നു ഞാന്‍. ഒരു ദിവസം മൂന്ന്‌ സിനിമകളില്‍ വരെ അഭിനയിക്കുന്ന ആള്‍ക്ക്‌ മുടി വെട്ടിയാല്‍ മറ്റു സിനിമകളിലെ കണ്ടിന്യൂയിറ്റി സീനില്‍ അഭിനയിക്കാന്‍ കഴിഞ്ഞില്ലെങ്കിലോ? എന്റെ സംശയം അമ്പിളിച്ചേട്ടന്‍ കണ്ടുപിടിച്ചു.

''ബാബു പറഞ്ഞോളൂ. ഈ വേഷം നന്നാക്കാന്‍ വേണ്ടി എന്തും ഞാന്‍ ചെയ്യും.''
മുടിയുടെ കാര്യം പറഞ്ഞപ്പോള്‍ അപ്പോള്‍തന്നെ റിസപ്‌ഷനിലേക്ക്‌ വിളിച്ച്‌ ഒരു ബാര്‍ബറെ ഏര്‍പ്പാട്‌ ചെയ്യാന്‍ പറഞ്ഞു. പിറ്റേ ദിവസം രാവിലെ ലൊക്കേഷനില്‍ എത്തിയപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. പറ്റേ വെട്ടിയ മുടി. കാവി ഷര്‍ട്ട്‌. മുണ്ട്‌. കണ്ണട. മനസ്സില്‍ കരുതിയ അതേ രൂപം മുമ്പില്‍ നില്‍ക്കുന്നു.

''ഇത്രയും പോരേ, ബാബു?''
പ്രതീക്ഷിച്ചതിലും നന്നായെന്ന്‌ ഞാന്‍ അമ്പിളിച്ചേട്ടനോട്‌ പറഞ്ഞു. രാവിലെ തന്നെ അദ്ദേഹം മേക്കപ്പ്‌ചെയ്‌ത് റെഡിയായി. അതിനുശേഷം ഡ്രൈവര്‍ കൊണ്ടുവന്ന ജിണ്ടാന്‍ ചവച്ച്‌ ചുണ്ടുചുവപ്പിക്കാന്‍ തുടങ്ങി. ആശുപത്രിയിലെ സീനാണ്‌ അന്ന്‌ ഷൂട്ട്‌ ചെയ്യുന്നത്‌.

കൊച്ചിയിലെ പഴയൊരു ഹോട്ടലാണ്‌ ആശുപത്രിയാക്കി മാറ്റിയെടുത്തത്‌. സലീംകുമാറിന്റെ തൃപ്പന്‍ നമ്പൂതിരിയുടെ മൃതദേഹം വരാന്തയിലെത്തുമ്പോള്‍ 'സംസ്‌കാരത്തിനുള്ള ഏര്‍പ്പാടെങ്കിലും ചെയ്യണം' എന്ന്‌ പൃഥ്വീരാജിനോട്‌ പറയുന്നതാണ്‌ സീന്‍. അതിനു മുമ്പ്‌ ആശുപത്രിക്കകത്തുള്ള സീനുകള്‍ എടുത്തുതീര്‍ക്കുകയാണ്‌ പത്മകുമാര്‍.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Related News

Ads by Google
Back to Top