Last Updated 1 year 10 weeks ago
Ads by Google
23
Wednesday
August 2017

ബ്രസീല്‍ കാ ദോസ്‌ത്

രമേഷ്‌ പുതിയമഠം

  1. Mamukkoya
mangalam malayalam online newspaper

അഭിനയത്തോടൊപ്പം ഫുട്‌ബോളിനെയും സ്‌നേഹിച്ച നാട്ടിന്‍പുറത്തുകാരനാണ്‌ മാമുക്കോയ. ബ്രസീലില്‍ ലോകകപ്പ്‌ ഫുട്‌ബോളിന്‌ വിസിലുയര്‍ന്നപ്പോള്‍ ടെന്‍ഷനോടെ ഓരോ കളിയും വീക്ഷിക്കുകയാണ്‌ ഈ കോഴിക്കോട്ടുകാരന്‍.

കല്ലായിപ്പുഴയോരത്തും പള്ളിക്കണ്ടി നൈനാന്‍ വളപ്പിലെ ആളൊഴിഞ്ഞ പറമ്പുകളിലും തുണിപ്പന്തുമായി ഓടിനടന്ന ഒരു ബാല്യകാലമുണ്ട്‌, മാമുക്കോയയ്‌ക്ക്. അന്നത്തെ അതേ ആവേശം കെടാതെ സൂക്ഷിക്കാന്‍ ഇപ്പോഴും ഈ അറുപത്തേഴുകാരന്‌ കഴിയുന്നു. ബ്രസീലില്‍ ഇത്തവണ ഫുട്‌ബോള്‍ മാമാങ്കം നടക്കുമ്പോള്‍ ചങ്കിടിപ്പുയരുന്നത്‌ മാമുക്കയുടെ മനസിലാണ്‌. ഷൂട്ടിംഗ്‌ കഴിഞ്ഞ്‌ കോഴിക്കോട്‌ വട്ടക്കിണറിലെ വീട്ടില്‍ തിരിച്ചെത്തിയിട്ടേയുള്ളൂ മാമുക്കോയ.

''മത്സരം രാത്രിയിലായതിനാല്‍ ആശ്വാസമാണ്‌. ഷൂട്ടിംഗുണ്ടാവില്ല. ഹോട്ടല്‍മുറിയില്‍ ഒറ്റയ്‌ക്കാവുമ്പോള്‍ ശ്രദ്ധിച്ച്‌ കളി കാണാന്‍ കഴിയും. എന്നാല്‍ വീട്ടില്‍ അതല്ല സ്‌ഥിതി. എല്ലാവരും ഫുട്‌ബോള്‍ ആരാധകരായതിനാല്‍ ബഹളമുണ്ടാവും. പുറത്താണെങ്കില്‍ അതിലും വലിയ ആവേശമല്ലേ.''

ഒരുനാട്‌ ഫുട്‌ബോളിനെ ഏറ്റുവാങ്ങുന്നത്‌ കാണണമെങ്കില്‍ പള്ളിക്കണ്ടി നൈനാംവളപ്പിലേക്ക്‌ വരണം. മാമുക്ക ജനിച്ചതും വളര്‍ന്നതും ഇവിടെയാണ്‌. എവിടെയും ബ്രസീലിന്റെയും അര്‍ജന്റീനയുടെയും ജര്‍മ്മനിയുടെയും സ്‌പെയിനിന്റെയും കൊടികള്‍. താരങ്ങള്‍ക്ക്‌ ആശംസയര്‍പ്പിച്ചുകൊണ്ടുള്ള ഫ്‌ളക്‌സ് ബോര്‍ഡുകള്‍. റോഡ്‌ ഷോകള്‍. കളി കാണാനായി വലിയ സ്‌ക്രീനാണ്‌ ഈ ചെറുഗ്രാമത്തില്‍ ഒരുക്കിയിരിക്കുന്നത്‌. രാത്രി ഒരു ഗ്രാമം മുഴുവന്‍ ഇവിടെ ആവേശത്താല്‍ ഒത്തുചേരും.

''പാരമ്പര്യമായി ഫുട്‌ബോളിനെ സ്‌നേഹിച്ചവരാണ്‌ കോഴിക്കോട്‌ ജില്ലയിലെ നൈനാംവളപ്പുകാര്‍. പിടിച്ചാല്‍ കിട്ടാത്ത പ്രായത്തില്‍ തുണിപ്പന്തുമായി ഗോളടിച്ചവരാണ്‌ ഞങ്ങളുടെ തലമുറ. തോലു കൊണ്ടുണ്ടാക്കിയ ബോള്‍ വാങ്ങണമെങ്കില്‍ പണം വേണം. അതില്ലാത്തതിനാല്‍ ഉമ്മയോട്‌ പറഞ്ഞ്‌ പഴയ തുണി സംഘടിപ്പിക്കും. അത്‌ ചുരുട്ടി ബോളുണ്ടാക്കും. അത്‌ പുഴയിലോ ദൂരേക്കോ തെറിച്ചുപോയാല്‍ വീണ്ടും മറ്റൊരാള്‍ ബോളുണ്ടാക്കും.

സ്‌കൂള്‍ വിട്ട്‌ വീട്ടിലേക്ക്‌ വരേണ്ട താമസം, പുസ്‌തകമെടുത്ത്‌ ഒരേറാണ്‌. അതുകഴിഞ്ഞ്‌ ബോളുമായി കൂവിവിളിച്ച്‌ പുഴയോരത്തേക്ക്‌. മഴയും വെയിലുമൊന്നും ഞങ്ങള്‍ക്ക്‌ പ്രശ്‌നമില്ല. അന്ന്‌ ഒപ്പം കളിച്ചവരില്‍ രണ്ടോ മൂന്നോ പേരെ ഇന്ന്‌ ജീവിച്ചിരിപ്പുള്ളൂ.'' ദാരിദ്ര്യത്തിനിടയിലും നാടകത്തെയും ഫുട്‌ബോളിനെയും ഒരുപോലെ സ്‌നേഹിക്കാന്‍ കഴിഞ്ഞതാണ്‌ മാമുക്കോയ എന്ന കലാകാരന്റെ വിജയം.

''കൊടിയ ദാരിദ്ര്യത്തിലാണ്‌ ജീവിച്ചത്‌. എങ്കിലും എവിടെ നാടകമുണ്ടെങ്കിലും പോകും. അതുപോലെയാണ്‌ ഫുട്‌ബോളും. കോഴിക്കോട്ട്‌ ഇഷ്‌ടം പോലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ നടക്കാറുണ്ട്‌. ഒന്നും ഒഴിവാക്കാറില്ല. ഗ്രൗണ്ടില്‍ വിസില്‍ മുഴങ്ങിയാല്‍ കളി തീരുന്നതുവരെ ടെന്‍ഷനാണ്‌.''

മാമുക്കോയ ഏറ്റവുമൊടുവില്‍ മൈതാനത്ത്‌ കളിക്കാനിറങ്ങിയത്‌ മൂന്നുവര്‍ഷം മുമ്പാണ്‌. ജോഷി സംവിധാനം ചെയ്‌ത സെവന്‍സ്‌ എന്ന സിനിമയ്‌ക്കുവേണ്ടിയായിരുന്നു അത്‌. 'സെവന്‍സി'ല്‍ കോച്ചിന്റെ വേഷത്തിലായിരുന്നു മാമുക്ക.

''വളരെ താല്‍പ്പര്യത്തോടെ ചെയ്‌ത വേഷമായിരുന്നു അത്‌. നമുക്കറിയാവുന്ന കഥാപാത്രമാവുമ്പോള്‍ അഭിനയം എളുപ്പമാവുമല്ലോ. ഒരു കോച്ചിന്റെ ആത്മാര്‍ഥതയും ടെന്‍ഷനുമൊക്കെ എനിക്കു നന്നായി അറിയാം. കളിയുടെ ഗതിവിഗതികള്‍ അറിയണമെങ്കില്‍ കോച്ചിന്റെ മുഖത്തേക്കു നോക്കിയാല്‍ മതി. ചില പരാജയങ്ങള്‍ കോച്ചിന്‌ സഹിക്കാന്‍ പറ്റില്ല. ആത്മഹത്യ ചെയ്യാന്‍ വരെ തോന്നിപ്പോകും.''

മാമുക്കോയ മാത്രമല്ല, കുടുംബവും ഫുട്‌ബോളിനെ ഇഷ്‌ടപ്പെടുന്നവരാണ്‌. മകളുടെ ഭര്‍ത്താവ്‌ സക്കീര്‍ഹുസൈന്‍ ഗോള്‍ കീപ്പറാണ്‌. മകന്‍ അബ്‌ദുള്‍റഷീദും ഫുട്‌ബോളറാണ്‌. ഫുട്‌ബോള്‍ പ്രേമം കൊണ്ട്‌ പേരക്കുട്ടിക്ക്‌ പ്രശസ്‌തനായ ഫുട്‌ബോളറുടെ പേരാണിട്ടത്‌-സിദാന്‍.

''എല്ലാ കളിക്കാരെയും എനിക്കിഷ്‌ടമാണ്‌. എങ്കിലും മാനസികമായി ബ്രസീലിനൊപ്പമാണ്‌. പെലെ എന്ന മഹാനായ കളിക്കാരനെ ഞങ്ങളുടെ തലമുറയില്‍പ്പെട്ടവര്‍ക്ക്‌ മറക്കാന്‍ കഴിയില്ല. പുതിയ ചെറുപ്പക്കാര്‍ക്ക്‌ പെലെയെ അറിയാമായിരിക്കും. എന്നാല്‍ അദ്ദേഹത്തിന്റെ കളി കണ്ടുകാണില്ല. പെലെയുടെ കളി കാണാന്‍ വേണ്ടി മാത്രം 'ജയന്റ്‌ ഓഫ്‌ ബ്രസീല്‍' എന്ന സിനിമയുടെ കാസെറ്റ്‌ ഇടയ്‌ക്കിടെ കാണുമായിരുന്നു. മറ്റൊരു ഇതിഹാസം മറഡോണയാണ്‌. മെസി, സിദാന്‍, നെയ്‌മര്‍... തുടങ്ങിയ കളിക്കാരെ ഇഷ്‌ടമാണെങ്കിലും ആരും പെലെയോളം വരില്ല.''

ആരവമുയര്‍ന്നുകഴിഞ്ഞിരിക്കുന്നു. ലോകം ഇനി കാത്തിരിക്കുന്നത്‌ ജൂലൈ പതിമൂന്നിലേക്കാണ്‌. ആരാവും ഫൈനലിലെത്തുക? പക്ഷേ മാമുക്കയ്‌ക്ക് അക്കാര്യത്തിലും ആശങ്കയില്ല. ആ ചോദ്യത്തിന്‌ മറുപടിയും വന്നു, തനി കോഴിക്കോടന്‍ സ്‌റ്റൈലില്‍.
''ഒരു സംശ്യോം ബേണ്ട മോനേ... കപ്പ്‌ ബ്രസീലെന്നെ കൊണ്ടോകും.''

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Related News

Ads by Google
Back to Top