Last Updated 1 year 10 weeks ago
Ads by Google
23
Wednesday
August 2017

കൊല്ലം അജിത്തിന് 'ഗുണ്ടാപ്പണി' മടുത്തു

രമേഷ് പുതിയമഠം

  1. Kollam Ajith
Kollam Ajith

കൊല്ലം അജിത്തിന് 'ഗുണ്ടാപ്പണി' മടുത്തിരിക്കുന്നു. നായകന്റെ കൈയില്‍ നിന്നും ഇടി വാങ്ങാന്‍ തുടങ്ങിയിട്ട് വര്‍ഷം മുപ്പതു കഴിഞ്ഞു. അഞ്ഞൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ വളരെ കുറവ്. മികച്ച റോളുകള്‍ കൈയില്‍ വന്നെങ്കിലും അവസാന നിമിഷം വഴുതിപ്പോയ സംഭവങ്ങള്‍ അനവധിയുണ്ട്, അജിത്തിന്റെ ജീവിതത്തില്‍. ന്യൂ ജനറേഷന്റെ കുത്തൊഴുക്കിനിടയില്‍ നിലനില്‍ക്കാനുള്ള തന്ത്രം വശമില്ലാത്തതിനാല്‍ അജിത്ത് പുതിയൊരു ട്രാക്കിലേക്ക് മാറുകയാണ്.

മലയാളസിനിമയിലെ ഏറ്റവും കുറഞ്ഞ ബഡ്ജറ്റില്‍ നിര്‍മ്മിച്ച 'കോളിംഗ് ബെല്‍' എന്ന ചിത്രത്തിന്റെ സംവിധായകന്‍ കൊല്ലം അജിത്താണ്.
''ടൈപ്പ് വേഷങ്ങള്‍ ചെയ്തു മടുത്തു. മാത്രമല്ല, സംവിധാനമെന്നത് സിനിമയില്‍ വരുമ്പോള്‍ മുതലുള്ള ആഗ്രഹമാണ്. അതിപ്പോഴാണ് സാക്ഷാത്കരിക്കാനായത്. ഇതൊരു തുടക്കമാണ്. ഈ സിനിമ തിയറ്ററിലെത്തിയാല്‍ അടുത്ത സിനിമയുടെ വര്‍ക്കാരംഭിക്കും. എന്നുവച്ച് അഭിനയം തീരെ ഉപേക്ഷിക്കാനില്ല. നല്ല വേഷം വന്നാല്‍ സ്വീകരിക്കും. ജീവിച്ചുപോകണമല്ലോ.''

സിനിമകളെ സ്‌നേഹിച്ചുനടന്ന ഇരുപത്തിയൊന്നുകാരനെ സിനിമയിലെത്തിച്ച് അഭിനയിപ്പിച്ചത് പത്മരാജനാണ്. കോട്ടയത്തു ജനിച്ച അജിത്ത് കൊല്ലം അജിത്തായതെങ്ങിനെ? സ്വപ്നങ്ങളും പ്രതീക്ഷകളും നിറഞ്ഞ ആ വഴികളിലേക്കാണ് അജിത്ത് കൂട്ടിക്കൊണ്ടുപോകുന്നത്.

പത്മരാജന്‍ വിളിച്ചപ്പോള്‍

കോട്ടയംകാരനായ അച്ഛന്‍ റെയില്‍വേ സ്‌റ്റേഷന്‍ മാസ്റ്ററായിരുന്നു. ഇന്ത്യയിലെ വിവിധയിടങ്ങളില്‍ ജോലി ചെയ്തപ്പോഴൊക്കെ അച്ഛനൊപ്പം ഞങ്ങളുമുണ്ടായിരുന്നു. ഒടുവില്‍ മക്കളുടെ വിദ്യാഭ്യാസത്തിനുവേണ്ടി കൊല്ലം കടപ്പാക്കടയില്‍ സെറ്റില്‍ ചെയ്തു. കൈയില്‍ കിട്ടുന്ന പണം മുഴുവനും സിനിമ കാണാന്‍ ഉപയോഗിക്കുന്ന ബാല്യകാലം. അടൂരിന്റെയൂം ബക്കറിന്റെയും കെ.ജി.ജോര്‍ജിന്റെയും പത്മരാജന്റെയും ഒരു സിനിമ പോലും വിടില്ല. സിനിമയില്‍ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം തോന്നിയത് അക്കാലത്താണ്.
ഒരു ദിവസം രാവിലെ വീട്ടില്‍ നിന്നിറങ്ങിയത് പത്മരാജനെ കാണാന്‍ വേണ്ടിയായിരുന്നു. പൂജപ്പുരയിലെ വീട്ടിലെത്തിയപ്പോള്‍ ഇഷ്ടസംവിധായകന്‍ അകത്തുണ്ട്. ആരാധകനാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയപ്പോള്‍ നല്ല സ്വീകരണം. അകത്തിരുത്തിയശേഷം വീട്ടുവിശേഷങ്ങള്‍ ചോദിച്ചു. സിനിമാക്കാര്യങ്ങള്‍ പറയാനായിരുന്നു എനിക്കു താല്‍പ്പര്യം. ഒടുവില്‍ വന്ന കാര്യം യാതൊരു ഭയവുമില്ലാതെ അവതരിപ്പിച്ചു.

''സിനിമയുമായി ബന്ധപ്പെട്ട് എന്തെങ്കിലും ജോലി ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ഷൂട്ടിംഗിനിടെ എന്നെ കൂടെനിര്‍ത്താമോ?''

പത്മരാജന്‍ സാര്‍ ചിരിച്ചു.

''ഇപ്പോള്‍ത്തന്നെ എന്റെ കൂടെ പത്തുപേരുണ്ട്. കെ.മധു മുതല്‍ സുരേഷ് ഉണ്ണിത്താന്‍ വരെ. ഒഴിവു വന്നാല്‍ കൂടെ നിര്‍ത്താം.''

ഞാനാകെ നിരാശനായി. എന്റെ മുഖത്തേക്കു സൂക്ഷിച്ചുനോക്കി.
''അജിത്തിന് അഭിനയിച്ചുകൂടെ?''

അഭിനയിക്കാനറിയില്ലെന്നു പറഞ്ഞപ്പോള്‍ സാര്‍ സമ്മതിച്ചില്ല.
''അതൊക്കെ ഞാന്‍ പറഞ്ഞുതരാം. അടുത്ത പടത്തില്‍ അജിത്തിന് നല്ലൊരു വേഷവും തരാം.''

അടുത്ത വര്‍ഷം ഇതേ സമയത്ത് വിളിക്കണമെന്ന് പറഞ്ഞ് അദ്ദേഹം ഒരു കടലാസില്‍ എനിക്ക് ലാന്‍ഡ്‌ഫോണ്‍ നമ്പര്‍ കുറിച്ചുതന്നു. ഒട്ടും മറക്കാതെ പിറ്റേ വര്‍ഷം അതേ ദിവസം ഞാന്‍ വിളിച്ചു. അദ്ദേഹം എന്നെ മറന്നിരുന്നില്ല.
''അടുത്ത മാസം പത്താംതീയതി തിരുവനന്തപുരത്തെ ഹോട്ടല്‍ താരയില്‍ വരണം. അവിടെയാണ് 'പറന്ന് പറന്ന് പറന്ന്' എന്ന പുതിയ സിനിമയുടെ ഷൂട്ടിംഗ്.''

പറഞ്ഞ ദിവസം തന്നെ ഞാനെത്തി. ഹോട്ടലിനു ചുറ്റും ഷൂട്ടിംഗ് കാണാന്‍ ജനം തിങ്ങിനിറഞ്ഞിരിക്കുന്നു. അവരിലൊരാളാണെന്ന് കരുതി സെക്യൂരിറ്റിക്കാരന്‍ അകത്തേക്കു കടത്തിവിട്ടില്ല. ആള്‍ക്കൂട്ടത്തില്‍ നിന്നും ഒരു മൂലയിലേക്ക് ഞാന്‍ മാറിയിരുന്നു. ഇടയ്ക്കുള്ള ബ്രേക്കില്‍ പത്മരാജന്‍ സാര്‍ ഒരു സിഗരറ്റു പുകച്ചു കൊണ്ട് ടെറസിലെത്തി. എന്നെക്കണ്ടപ്പോള്‍ കൈയുയര്‍ത്തി ആംഗ്യം കാണിച്ചു.

അപ്പോള്‍ത്തന്നെ എന്നെ വിളിപ്പിക്കാന്‍ ഒരാളെ പറഞ്ഞയച്ചു. ചുമലില്‍ തോര്‍ത്തിട്ട ആ ചെറുപ്പക്കാരന്‍ കെ.മധുവായിരുന്നു.
അകത്തെത്തിയപ്പോള്‍ പത്മരാജന്‍ സാര്‍ എന്നെ ചേര്‍ത്തുപിടിച്ചു. യൂണിറ്റ് മുഴുവനും എന്നെത്തന്നെ നോക്കുകയാണ്. ജീവിതത്തില്‍ ഞാനേറ്റവും സന്തോഷിച്ച നിമിഷം.

''ഞാന്‍ വിളിപ്പിക്കാം. ഇപ്പോള്‍ പ്രേംപ്രകാശിന്റെ മുറിയില്‍പ്പോയി വിശ്രമിച്ചോളൂ.''

നിര്‍മ്മാതാവ് പ്രേംപ്രകാശിനെ പരിചയപ്പെട്ടു. രോഹിണിയുടെ ബ്യൂട്ടി പാര്‍ലറില്‍ വരുന്ന പണക്കാരനായിട്ടാണ് അഭിനയിച്ചത്. കട്ട് പറഞ്ഞപ്പോള്‍ പത്മരാജന്‍സാര്‍ അടുത്തേക്കു വന്നു.

''അഭിനയിക്കാനറിയില്ലെന്നു പറഞ്ഞത് കള്ളമായിരുന്നു. അല്ലേ.''

ആ വാക്കു മാത്രം മതിയായിരുന്നു എനിക്ക്.

''ഇനി ധൈര്യമായിട്ട് അഭിനയിക്കാം. ഇനി മുതല്‍ എന്റെ എല്ലാ സിനിമകളിലും അജിത്തിന് റോളുണ്ടാവും. മറ്റു സംവിധായകരുടെ പടത്തിലും അഭിനയിക്കണം.''

ആ ഉപദേശമാണ് എന്നെ അഭിനേതാവാക്കിയത്. പത്മരാജന്‍ സാര്‍ വാക്കുപാലിച്ചു. അദ്ദേഹത്തിന്റെ എല്ലാ സിനിമകളിലും എനിക്കൊരു റോളുണ്ടായിരുന്നു. എനിക്കുണ്ടായ തിരക്കുകാരണം ചില സിനിമകളില്‍ അഭിനയിക്കാന്‍ കഴിഞ്ഞില്ലെന്നതാണ് സത്യം. പിന്നീട് തുടരെത്തുടരെ സിനിമകള്‍. 87ല്‍ 'അഗ്നിപ്രവേശ'ത്തിലൂടെ നായകനായി. അന്നത്തെക്കാലത്ത് ചെറിയ നായകന്‍മാരെ വഴിതെറ്റിക്കുന്ന ഒരുപാടു സിനിമകളുണ്ടായിരുന്നു. അതിലൊക്കെ ചാടിക്കയറി അഭിനയിച്ചു. പിന്നീട് അത്തരം സിനിമകളില്‍ നിന്ന് രക്ഷപ്പെടുത്തിയത് ഐ.വി.ശശിയാണ്. വ്രതത്തില്‍ കമലഹാസനൊപ്പം അഭിനയിച്ചതോടെ വീണ്ടും ശ്രദ്ധിക്കപ്പെട്ടു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top