Last Updated 1 year 15 weeks ago
Ads by Google
22
Friday
September 2017

പ്രിയപ്പെട്ട സച്ചിന്‍....!

  1. Sachin Tendulkar Life story
Sachin Family

ക്രിക്കറ്റിലെ ദൈവം എന്നാണ് സച്ചിന്‍ തെന്‍ഡുല്‍ക്കറെ മാധ്യമങ്ങള്‍ വിശേഷിപ്പിക്കാറ്. അത്രയ്ക്കുവേണോ എന്ന് ക്രിക്കറ്റ് അറിയാത്തവര്‍ ചോദിച്ചേക്കാം. എന്നാല്‍ കോടിക്കണക്കായ സച്ചിന്‍ ആരാധകര്‍ക്ക് ആ വിശേഷണത്തില്‍ തന്നെ തൃപ്തിപോരാ.

ഒരിക്കല്‍ പത്രലേഖകര്‍ സച്ചിനോടുതന്നെ ചോദിച്ചു. 'സച്ചിന്‍, താങ്കള്‍ ഒരു ദൈവമാണോ?' അതിനുള്ള ഉത്തരം കൃത്യമായിരുന്നു.
'ഞാന്‍ ദൈവമല്ല. ഒരു മനുഷ്യനു ദൈവമായി മാറാന്‍പോയിട്ട് അതിനടുത്തുപോലും എത്താന്‍ കഴിയില്ലെന്നാണു ഞാന്‍ വിശ്വസിക്കുന്നത്.'

സച്ചിന്‍ നയം വ്യക്തമാക്കിയിട്ടും ആ മനുഷ്യനെ ദൈവമെന്നുതന്നെ എല്ലാവരും വിളിച്ചുകൊണ്ടിരിക്കുന്നു. സ്‌നേഹത്തോടെ.
ക്രിക്കറ്റ് പ്രേമികള്‍ക്ക് സച്ചിന്‍ ദൈവതുല്യനാകുന്നിതിനുപിന്നില്‍ കാരണങ്ങള്‍ പലതുണ്ട്. അസാധ്യമെന്നു കരുതിയിരുന്ന പല ക്രിക്കറ്റ് റെക്കാഡുകളും സച്ചിന്റെ പേരിലാണ്. എങ്കിലും പ്രശസ്തിയുടെ വെള്ളിവെളിച്ചത്തില്‍ കണ്ണുമഞ്ഞളിക്കാതെ സച്ചിന്‍ എല്ലാക്കാലവും വിനയാന്വിതനായിരുന്നു. ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കിയ വാതുവയ്പ് വിവാദങ്ങളിലൊന്നും ഒരിക്കലും സച്ചിന്‍ എന്ന പേര് ഉള്‍പ്പെട്ടില്ല. കോടികള്‍ വാഗ്ദാനം ചെയ്തിട്ടും സിഗരറ്റ്-മദ്യ കമ്പനികളുടെ പരസ്യങ്ങളെ സച്ചിന്‍ എക്കാലവും അകറ്റിനിര്‍ത്തി. വിജയ പരാജയങ്ങളില്‍ വികാരത്തിന് അടിപ്പെടാതെ ഒരു സ്‌പോര്‍ട്‌സ്മാന്‍ എങ്ങിനെ ആയിരക്കണം എന്നതിനുള്ള ഉത്തമ മാതൃകയായി സച്ചിന്‍ മാറി.
ഇടത്തരം കുടുംബത്തിലെ ഒരു കുട്ടി കഠിനാധ്വാനവും സമര്‍പണവുംകൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളില്‍ ലോകത്തിന്റെ നെറുകയിലെത്തിയ അത്ഭുതകഥയാണ് സച്ചില്‍ തെന്‍ഡുല്‍ക്കറുടേത്. 1973 ഏപ്രില്‍ 24ന് മുംബൈയിലാണു സച്ചിന്‍ ജനിച്ചത്. നഗരപ്രാന്തമായ ബാന്ദ്രയിലുള്ള 'സാഹിത്യ സഹവാസ്' എന്ന പാര്‍പിട സമുച്ചയത്തിന്റെ നാലാം നിലയിലാണ് സച്ചിന്റെ കുടുംബം താമസിച്ചിരുന്നത്. മറാഠി സാഹിത്യ പ്രവര്‍ത്തകരുടെ സഹകരണ പാര്‍പ്പിട സമുച്ചയമാണ് സാഹിത്യ സഹവാസ്.

പിതാവ് രമേഷ് തെന്‍ഡുല്‍ക്കര്‍ മുംബൈ കീര്‍ത്തി കോളജിലെ മറാഠി അധ്യാപകനും അറിയപ്പെടുന്നൊരു കവിയുമായിരുന്നു. അമ്മ രജ്‌നി എല്‍.ഐ.സിയില്‍ ജീവനക്കാരി. നിതിന്‍, സവിത, അജിത് എന്നിങ്ങനെ മൂന്നു സഹോദരങ്ങളാണ് സച്ചിന്. മൂന്നുപേരും രമേഷ് തെന്‍ഡുല്‍ക്കറുടെ ആദ്യവിവാഹത്തിലെ സന്തതികള്‍. മൂന്നു കുഞ്ഞുങ്ങളെ അദ്ദേഹത്തിന്റെ കയ്യില്‍ ഏല്‍പ്പിച്ച് ആദ്യഭാര്യ ജീവിതത്തില്‍നിന്നു വിടപറഞ്ഞു. പറക്കമുറ്റാത്ത കുട്ടികളെ വളര്‍ത്താന്‍ പാടുപെട്ട അദ്ദേഹം ബന്ധുക്കളുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് ആദ്യഭാര്യയുടെ സഹോദരി രജ്‌നിയെ വിവാഹം കഴിച്ചു. പതിനൊന്നു വര്‍ഷത്തിനുശേഷം രമേഷ് തെന്‍ഡുല്‍ക്കര്‍ വീണ്ടും അച്ഛനായി. മൂന്നു സഹോദരങ്ങള്‍ക്കും ഒരു കുഞ്ഞനുജനെ കിട്ടി. അവര്‍ അവനെ സച്ചു എന്നു വിളിച്ചു. സംഗീതപ്രേമിയും സംഗീത സംവിധായകന്‍ സച്ചിന്‍ ദേവ് ബര്‍മന്റെ ആരാധകനുമായിരുന്ന മുത്തച്ഛനാണു കുട്ടിക്ക് സച്ചിന്‍ എന്ന പേരിട്ടത്.

അമ്മ രജ്‌നിക്ക് ജോലിക്കു പോകേണ്ടതുകൊണ്ട് ഒരുവയസ് പ്രായമുള്ള സച്ചിനെ നോക്കാന്‍ വീട്ടിലൊരു സ്ത്രീയെ ഏര്‍പ്പാടാക്കി. ലക്ഷ്മിബായ് എന്നായിരുന്നു അവരുടെ പേര്. സച്ചിന്‍ ലോകോത്തര ബൗളര്‍മാരെ നിലംപരിശാക്കിക്കൊണ്ടിരുന്ന നാളുകളിലൊന്നില്‍ മാധ്യമ പ്രവര്‍ത്തകര്‍ ആ പഴയ ലക്ഷ്മിബായിയെ തേടിച്ചെന്നു. സച്ചിന്റെ പ്രിയപ്പെട്ട പോറ്റമ്മയെ എല്ലാവരുമപ്പോള്‍ 'സച്ചൂച്ചായ് ബായ്' എന്നാണു വിളിച്ചിരുന്നത്.
'ഞാനാണ് സച്ചുവിന്റെ ആദ്യ ബൗളര്‍' അറുപതുകള്‍ പിന്നിട്ട ആ സ്ത്രീ ചിരിയോടെ പറഞ്ഞു. 'രണ്ടര വയസ് പ്രായമുള്ളപ്പോള്‍ ഒരിക്കല്‍ ഞാന്‍ സച്ചുവിനു നേരേ ഒരു പ്‌ളാസ്റ്റിക് ബോള്‍ ഇട്ടു കൊടുത്തു. തുണി തല്ലി കഴുകുന്ന തടിക്കഷണം കൊണ്ട് അവന്‍ ഒറ്റയടി. പന്തെറിഞ്ഞു കൊടുക്കാന്‍ പിന്നെയും നിര്‍ബന്ധം പിടിച്ചപ്പോള്‍ അവനെയുംകൊണ്ട് ഞാന്‍ ടെറസില്‍ പോയി. അതായിരുന്നു അവന്റെ ആദ്യ ഗ്രൗണ്ട്.' പതിനൊന്നു വയസുവരെ സച്ചിനെ ലക്ഷ്മിബായ് നോക്കിവളര്‍ത്തി. വര്‍ഷങ്ങള്‍ക്കിപ്പുറം 1995ല്‍ സച്ചിന്‍ വിവാഹിതനാവുമ്പോള്‍ കുടുംബത്തിനുവെളിയില്‍നിന്ന് പങ്കെടുത്ത വിരലിലെണ്ണാവുന്ന ക്ഷണിതാക്കളില്‍ ഒരാള്‍ ലക്ഷ്മിബായ് ആയിരുന്നു.

കുഞ്ഞു സച്ചുവിനെക്കുറിച്ചു പറയുമ്പോള്‍ ലക്ഷ്മിബായിയുടെ കണ്ണുകള്‍ തിളങ്ങി.

'സാഹിത്യ സഹവാസിലെ അവന്റെ പ്രായക്കാരായ കുട്ടികളുടെ നേതാവ് സച്ചിനായിരുന്നു. കൂട്ടുകാര്‍ അവനെന്നും ജീവനായിരുന്നു. കുഞ്ഞുന്നാളില്‍ പാലുകുടിക്കാന്‍ അവനു മടിയാണ്. കുടിക്കാന്‍ കൊടുക്കുന്ന പാല് കൂട്ടുകാരന്‍ രമേശിനാണ് കൊടുക്കുക. അവിടുത്തെ പാവപ്പെട്ട കാവല്‍ക്കാരന്റെ മകനാണ് രമേശ്. സ്‌കൂള്‍വിട്ടു വന്നാല്‍ കളിക്കാനൊരു ഓട്ടമാണ്. ഞാന്‍ ആഹാരവുമായി പുറകേ ചെല്ലും. കളിക്കിടയിലാണ് ആഹാരം കഴിപ്പ്. ആഹാരത്തില്‍ പകുതി കൂട്ടുകാരന്‍ രമേശിനു കൊടുക്കണമെന്ന് സച്ചുവിനു നിര്‍ബന്ധമാണ്.'
പ്രശസ്തനായിത്തീര്‍ന്ന തന്റെ വളര്‍ത്തുമകനെക്കുറിച്ച് വര്‍ഷങ്ങള്‍ക്കിപ്പുറം ആയ പറയുന്ന ഭംഗിവാക്കുകളല്ല ഇതൊന്നും. ലക്ഷ്മിബായി പറയുന്ന ആ രമേശ് ഇപ്പോഴും സച്ചിന്റെ സന്തതസഹചാരിയാണ്. തിരക്കേറിയ സച്ചിന്റെ ദിവസങ്ങള്‍ നിയന്ത്രിക്കുന്ന വിശ്വസ്തനായ പേഴ്‌സണല്‍ അസിസ്റ്റന്‍ഡ്.

കുഞ്ഞുന്നാളില്‍ എന്തിനും ഏതിനും രമേശായിരുന്നു സച്ചിനു കൂട്ട്. ഇഷ്ടിക കഷണങ്ങള്‍ റോഡില്‍ എറിഞ്ഞുടയ്ക്കുക എന്നതായിരുന്നു ഇരുവരുടേയും അക്കാലത്തെ ഇഷ്ട വിനോദം. കുട്ടിക്കാലത്ത് സച്ചിന് റബര്‍ പന്ത് എറിഞ്ഞുകൊടുക്കുകയായിരുന്നു രമേശിന്റെ പ്രധാന പണി. വെറുതേ എറിഞ്ഞാല്‍ പോര. പന്ത് വെള്ളത്തില്‍ മുക്കി എറിയണം. പന്തിന്റെ നനഞ്ഞ പാട് ബാറ്റില്‍ പതിയണം. പന്ത് ബാറ്റിന്റെ മധ്യത്തില്‍ത്തന്നെ കൊണ്ടു എന്നുറപ്പിക്കാന്‍ സച്ചിന്‍ കണ്ടുപിടിച്ച വിദ്യയായിരുന്നു അത്. സച്ചിന്‍ പിന്നീട് ക്രിക്കറ്റ് കോച്ചിംഗിനു പോകുമ്പോള്‍ കൂട്ടുകാരന്‍ രമേശും അനുഗമിക്കും. സച്ചിന്‍ കളിക്കുന്നതുംനോക്കി ഗ്രൗണ്ടിനു വെളിയിലിരിക്കും.

സച്ചിന്റെ കളി ഏറ്റവും കൂടുതല്‍ കണ്ടിട്ടുളള വ്യക്തി രമേശാണ്. സച്ചിന്റെ ക്രിക്കറ്റ് കിറ്റും ചുമന്ന് കൂടെ നടക്കുന്ന രമേശിനെ സച്ചിന്റെ പി.എ. എന്നുവിളിച്ചായിരുന്നു കോളനിയിലെ മറ്റു കുട്ടികള്‍ കളിയാക്കിയിരുന്നത്. ദൈവം വിധിച്ചതും അതുതന്നെയായിരുന്നു. തൊണ്ണൂറുകളില്‍ സച്ചിന്‍ ലോകമറിയുന്ന കളിക്കാരനായി വളരാന്‍ തുടങ്ങിയതിനൊപ്പം സമ്പത്തും വളര്‍ന്നു. കരാറുകളും സാമ്പത്തിക ഇടപാടുകളും കളിയേയും പരിശീലനത്തേയും ബാധിക്കരുത് എന്ന നിര്‍ബന്ധം സച്ചിന് ഉണ്ടായിരുന്നു. സച്ചിന്റെ എല്ലാക്കാര്യങ്ങളും ശ്രദ്ധിച്ചു കൈകാര്യം ചെയ്യുന്ന ഒരു പി.എ. വേണം എന്ന് നിര്‍ദ്ദേശിച്ചത് അച്ഛന്‍ രമേഷ് തെന്‍ഡുല്‍ക്കറാണ്. അക്കാലത്ത് സച്ചിന്റെ പി.എ. ആവാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ലോകമെമ്പാടും നിന്ന് സച്ചിന്‍ ആരാധകരുടെ അപേക്ഷകള്‍ സാഹിത്യ സഹവാസിലേക്കു വന്നുകൊണ്ടിരുന്നു. അതില്‍ മിക്കവരും പ്രതിഫലം കൂടാതെ ജോലിചെയ്യാമെന്ന വാഗ്ദാനത്തോടെ ആയിരുന്നു അപേക്ഷിച്ചിരുന്നത്. 'സച്ചിന്റെ അച്ഛന്‍ ഒരുദിവസം എന്നെ വിളിച്ചു പറഞ്ഞു. സച്ചിന് ഒരു പി.എ.യുടെ ആവശ്യമുണ്ട്. കുടുംബത്തില്‍നിന്നുതന്നെയുള്ള ഒരാളെയാണ് നോക്കുന്നത്. നിങ്ങളുടെ രമേശിനെ വിട്ടുതരുമോ'- രമേശിന്റെ സഹോദരന്‍ സിദ്ധാര്‍ത്ഥ് ഓര്‍മക്കുറിപ്പില്‍ പറയുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top