Last Updated 1 year 15 weeks ago
Ads by Google
22
Friday
September 2017

മമ്മൂട്ടിയും പരിപ്പുവടയും പിന്നെ പോത്തുവരട്ടിയതും

  1. Mammootty Kadhakal
Mammootty and sulu

അമ്പലപ്പുഴ കഞ്ഞിപ്പാടത്തെ ഒരു വീട്ടിലായിരുന്നു ഞാന്‍ നിര്‍മ്മിച്ച 'കാഴ്ച'യുടെ ഷൂട്ടിംഗ്. കായലിനക്കരെ ചെറിയൊരു ചായക്കടയുണ്ട്. വൈകിട്ട് നാലു മണി കഴിഞ്ഞാല്‍ ചായക്കടയില്‍ നിന്നും ചുവന്നുള്ളി ചേര്‍ത്ത് വറുത്തെടുക്കുന്ന പരിപ്പുവടയുടെ മണം വരും. ആരുടെ നാവിലും രുചിമുകുളങ്ങള്‍ പടരുന്ന ഗന്ധം.

''നൗഷാദേ നല്ല പരിപ്പുവടയുടെ മണം...''

ഷൂട്ടിംഗിനിടെ മമ്മുക്ക ഉച്ചത്തില്‍ പറഞ്ഞു. അപ്പോള്‍ത്തന്നെ ആളെ വിട്ട് പരിപ്പുവട വാങ്ങിച്ചു. കഴിച്ചുകഴിഞ്ഞപ്പോഴാണ് അതുണ്ടാക്കിയ 'പ്രത്യാഘാതം' മനസിലായത്. അസിഡിറ്റി കൊണ്ട് നില്‍ക്കാനും ഇരിക്കാനും വയ്യാത്ത അവസ്ഥ.

''മേലാല്‍ ഇതുപോലുള്ള സാധനം വാങ്ങിച്ചേക്കരുത്.''

ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. പക്ഷേ അടുത്ത ദിവസവും നാലുമണിയായപ്പോള്‍ മണം ഒഴുകിയെത്തി. പതിവുപോലെ മമ്മുക്ക പരിപ്പുവടയ്ക്ക് ഓര്‍ഡര്‍ ചെയ്തു. അസിഡിറ്റി പ്രശ്‌നമാവുകയും ചെയ്തു. ആ പരിപ്പുവട മണം കൊണ്ട് കീഴ്‌പ്പെടുത്തിയത് ഒരാഴ്ചക്കാലമാണ്. അതോടെ എല്ലാവര്‍ക്കും മടുത്തു.
കുട്ടനാട്ടില്‍ നിന്നും ലൊക്കേഷന്‍ ഷിഫ്റ്റ് ചെയ്തത് ഗുജറാത്തിലെ കച്ചിലേക്കായിരുന്നു. അവിടത്തെ റിസോര്‍ട്ടിലായിരുന്നു താമസം. വൈകിട്ടത്തെ ചായയ്ക്ക് ഓര്‍ഡര്‍ ചെയ്തപ്പോള്‍ ഒപ്പം ഒരു ട്രോളിയുമെത്തി. ആവേശത്തോടെ ട്രോളിയിലെ ബോക്‌സിലേക്കു നോക്കിയപ്പോള്‍ സാക്ഷാല്‍ പരിപ്പുവട.

''പടച്ചോനെ ഇവിടെയും പരിപ്പുവടയോ?''

ഞാന്‍ നിസ്സഹായതയോടെ ചോദിച്ചു. കൊണ്ടുവന്ന ഗുജറാത്തുകാരന്‍ ചിരിച്ചതേയുള്ളൂ. ഒടുവില്‍ അതുതന്നെ കഴിക്കേണ്ടിവന്നു. പിന്നീടാണ് അതിന്റെ ഗുട്ടന്‍സ് പിടികിട്ടിയത്. കച്ചിലെ ആ റിസോര്‍ട്ടിന്റെ ഉടമസ്ഥനും ഒരു മലയാളിയാണ്.

ചെറിയ ചായക്കടകളില്‍ കയറി ഭക്ഷണം കഴിക്കുന്നതാണ് മമ്മുക്കയ്ക്കിഷ്ടം. 'ചട്ടമ്പിനാടി'ന്റെ ഷൂട്ടിംഗ് കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ മമ്മുക്ക മുന്‍കൂട്ടിപ്പറഞ്ഞത് ഒരേയൊരു കാര്യമാണ്.

''ഡിണ്ടിഗലില്‍ 'വേണുഹോട്ടല്‍' എന്നൊരു ഷോപ്പുണ്ട്. ഭക്ഷണം അവിടെ നിന്നാവാം.''

പേരു കേട്ടപ്പോള്‍ ഏതോ വലിയ ഹോട്ടലാണെന്നാണ് കരുതിയത്. എത്തിയപ്പോള്‍ ചെറിയൊരു ചായക്കട. പക്ഷേ അവിടുത്തെ ഭക്ഷണത്തിന് ഏറെ പ്രത്യേകതകളുണ്ടായിരുന്നു. ആട്ടിന്റെ തല, ആട്ടിന്‍കാലു കൊണ്ടുണ്ടാക്കിയ വിഭവങ്ങള്‍, ഉരുണ്ടിരിക്കുന്ന ബുള്‍സ് ഐ എന്നിവ കഴിച്ചത് അവിടെവച്ചാണ്. തൃശൂര്‍ വടക്കാഞ്ചേരി വഴിയാണ് യാത്രയെങ്കില്‍ എത്ര വൈകിയാലും ബ്രേക്ക്ഫാസ്റ്റ് കുതിരാന്‍മലയിലായിരിക്കും. അവിടുത്തെ ചെറിയ ചായക്കടക്കു മുമ്പില്‍ കാര്‍ നിര്‍ത്തിയാല്‍ മമ്മുക്ക നേരെ ചെല്ലുന്നത് അടുക്കളയിലേക്കാണ്. പുട്ടും മുട്ടയും പോത്തുവരട്ടിയതുമാണ് അവിടത്തെ സ്‌പെഷല്‍. കറികള്‍ സ്പൂണിലെടുത്ത് കൈവെള്ളയില്‍ വച്ച് ടേസ്റ്റ്‌നോക്കും. എന്നിട്ട് നന്നായിത്തന്നെ കഴിക്കും. കൂടെയിരിക്കുന്നവരെയും നിര്‍ബന്ധിക്കും. മമ്മുക്കയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചായക്കടകളില്‍ ഒന്നാണത്.

എറണാകുളത്താണ് ഷൂട്ടിംഗെങ്കില്‍ ചിലപ്പോഴൊക്കെ ഉച്ചഭക്ഷണം വീട്ടില്‍ നിന്നുവരുത്തും. അധികം എരിവില്ലാത്ത ഹെല്‍ത്തി ഫുഡാണ് മമ്മുക്കയ്ക്കുവേണ്ടി ഭാര്യ സുലു കൊടുത്തയയ്ക്കുന്നത്. അതു സ്വയം കഴിക്കുന്നതിനേക്കാളുപരി മറ്റുള്ളവര്‍ക്ക് വിളമ്പാനാണ് അദ്ദേഹത്തിന് താല്‍പര്യം. മമ്മുക്കയുടെ ഭാര്യ സുലു നല്ലൊരു പാചകക്കാരിയാണ്. വ്യത്യസ്തതയുള്ള പലഹാരങ്ങളും സൂപ്പുകളും അവിടെനിന്നും കഴിച്ചിട്ടുണ്ട്. വറുക്കാതെ സ്റ്റീം ചെയ്ത സമൂസ ആദ്യമായി കഴിച്ചത് മമ്മുക്കയുടെ വീട്ടില്‍വച്ചാണ്. സമൂസയുടെ രുചി ആസ്വദിച്ചുകൊണ്ടിരിക്കെ ഞാന്‍ പറഞ്ഞു.

''ഇതിന്റെ പ്രിപ്പറേഷന്‍ എനിക്കു പറഞ്ഞുതരണം. കുക്കറി ഷോയില്‍ കാണിക്കാന്‍ വേണ്ടിയാണ്.''

അപ്പോള്‍ത്തന്നെ മമ്മുക്ക വിശദമായി പറഞ്ഞുതന്നു. ഒപ്പം ഒരു നിര്‍ദ്ദേശവും.
''ഷോ നൗഷാദ് കാണിച്ചോളൂ. പക്ഷേ റോയല്‍റ്റി എനിക്കുതരണം.''
തയാറാക്കിയത്:
രമേഷ് പുതിയമഠം

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top