Last Updated 1 year 10 weeks ago
Ads by Google
23
Wednesday
August 2017

എക്സ്ട്രാ നടിയില്‍നിന്ന് നായികയിലേക്ക്

രമേഷ് പുതിയമഠം

  1. Mangalam Varika
  2. Priya
Priya

പതിനേഴുവര്‍ഷം മുമ്പാണ് പ്രിയ മലയാളത്തിന്റെ ഇടനെഞ്ചില്‍ കൂടുകൂട്ടാനെത്തിയത്. 'നിന്നിഷ്ടം എന്നിഷ്ടം' ഹിറ്റായപ്പോള്‍ മോഹന്‍ലാലിനൊപ്പം പുതുമുഖനായികയും ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ഈ തമിഴത്തിപ്പെണ്‍കുട്ടിക്ക് മലയാളത്തില്‍ കൈനിറയെ സിനിമകളായിരുന്നു. കുറച്ചുനാള്‍ കഴിഞ്ഞപ്പോഴേക്കും പ്രിയ മറുഭാഷയിലേക്കു ചേക്കേറി. ഒരു നിയോഗം പോലെ തിരിച്ചെത്തിയത് 'നിന്നിഷ്ടം എന്നിഷ്ട'ത്തിന്റെ രണ്ടാംഭാഗത്തിലൂടെ. ഒന്നാം ഭാഗത്തിലെ നായികയുടെ രണ്ടാംവരവാകട്ടെ നായികയുടെ അമ്മയായാണ്. വീണ്ടും അന്യഭാഷയിലേക്കു പോയ പ്രിയയിപ്പോള്‍ മലയാളത്തിലേക്കുള്ള മൂന്നാംവരവിലാണ്. 'പരസ്പരം' എന്ന സീരിയലിലൂടെ അതിനു തുടക്കംകുറിച്ചുകഴിഞ്ഞു.

''കുറച്ചുനാളുകള്‍ക്കുശേഷമാണ് മലയാളം സീരിയലിലേക്ക് വിളിക്കുന്നത്. സെവന്‍ ആര്‍ട്‌സ് വിജയകുമാറാണ് ആ സീരിയലിന്റെ കഥ പറഞ്ഞത്. ഗസ്റ്റാണെങ്കിലും നല്ല റോളായിരുന്നു. പത്തു ദിവസത്തെ വര്‍ക്ക് കഴിഞ്ഞപ്പോള്‍ മലയാളത്തില്‍ ഇനിയും അഭിനയിക്കണമെന്ന് തോന്നി. നല്ല കഥാപാത്രത്തിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് ഞാന്‍.''

ചെന്നൈ അഡയാറില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന പ്രിയ തമിഴ്, തെലുങ്ക് സിനിമകളിലും തമിഴ് സീരിയലിലുമാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമാ ജീവിതം ആരംഭിച്ച പ്രിയ ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ട് നായികാപദവിയിലെത്തിയ കഥ പറയുന്നു.

ഡാന്‍സ് ടു ആക്ടിംഗ്

ഞങ്ങള്‍ അഞ്ചുപേരായിരുന്നു. നാലു പെണ്‍കുട്ടികളും ഒരു സഹോദരനും. ബാല്യകാലത്തുതന്നെ അച്ഛന്‍ മരിച്ചു. അതോടെ ഞങ്ങള്‍ അഞ്ചുപേരും അമ്മയും ഒറ്റപ്പെട്ട അവസ്ഥയിലായി. പിന്നീട് ഞങ്ങള്‍ക്ക് തുണയായത് അച്ഛന്റെ സഹോദരിയും ഡാന്‍സറുമായ രാജേശ്വരി ആന്റിയാണ്. മറ്റൊരു സഹോദരിയായ ശാരദ ആന്റി ജെമിനി സ്റ്റുഡിയോവില്‍ ഡാന്‍സറായിരുന്നു. ചെറുപ്പം മുതലേ നൃത്തം കണ്ട് വളര്‍ന്നതിനാല്‍ അറിയപ്പെടുന്ന ഡാന്‍സറാവണമെന്നായിരുന്നു എന്റേയൂം ആഗ്രഹം. എന്നെ നൃത്തം പഠിപ്പിച്ചത് ആന്റിമാരാണ്. നൃത്തരംഗത്തെ അവരുടെ പരിചയമാണ് വര്‍ഷങ്ങള്‍ക്കുശേഷം മാധുരിമാഷിന്റെ ട്രൂപ്പിലെത്തിക്കുന്നത്. സിനിമയിലെ ഡാന്‍സ് മാസ്റ്ററായിരുന്നു മാധുരി മാഷ്. തമിഴിലും മലയാളത്തിലുമായി ഒട്ടേറെ സിനിമകളില്‍ ഡാന്‍സിനായി മാധുരിമാഷ് പോകുമ്പോള്‍ ട്രൂപ്പില്‍ ഞാനുമുണ്ടായിരുന്നു. കാമറയ്ക്കു മുമ്പില്‍ നായികയോടൊപ്പം നൃത്തം ചെയ്യുമ്പോഴൊന്നും അഭിനയിക്കാനുള്ള മോഹം മനസിലുണ്ടായിരുന്നില്ല. സ്‌ക്രീനില്‍ മുഖം തെളിയണമെന്നുപോലും ആഗ്രഹിച്ചില്ല. ഒരു ഡാന്‍സ് ട്രൂപ്പംഗത്തെ സംബന്ധിച്ചിടത്തോളം അത്തരമൊരു ആഗ്രഹത്തിന് പ്രസക്തിയില്ലായിരുന്നു. ജോലി ചെയ്യുന്നു. ശമ്പളം വാങ്ങുന്നു. തിരിച്ചൂപോരുന്നു. സംവിധായകന്റെ പേരുപോലും പലപ്പോഴും അറിയാറില്ല. പക്ഷേ നായകനെയും നായികയെയും അറിയാം.

1984ലായിരുന്നു 'ബോയിംഗ് ബോയിംഗ്' എന്ന സിനിമയുടെ ഷൂട്ടിംഗ്. ചെന്നൈ എ.വി.എം സ്റ്റുഡിയോ ഫ്‌ളോറില്‍ മാധുരി മാഷ് പറഞ്ഞതിനനുസരിച്ച് മേനകയ്‌ക്കൊപ്പം നൃത്തംചെയ്തു. ലൊക്കേഷനില്‍ മോഹന്‍ലാലും മുകേഷുമൊക്കെയുണ്ടായിരുന്നു.

ഡാന്‍സ് സീന്‍ കഴിഞ്ഞപ്പോള്‍ സംവിധായകന്‍ പ്രിയദര്‍ശന്‍ സാര്‍ മാധുരിമാഷെ വിളിപ്പിച്ചു.

''ട്രൂപ്പിലെ മെലിഞ്ഞ് സുന്ദരിയായ പെണ്‍കുട്ടിയുടെ പേരെന്താണ്?''

ഡാന്‍സ് തെറ്റിപ്പോയോ എന്ന ഭീതിയിലായിരുന്നു മാഷ്. മടിച്ചുമടിച്ചാണെങ്കിലും എന്റെ പേര് പറഞ്ഞുകൊടുത്തു.

''അവള്‍ ഡാന്‍സ് ട്രുപ്പില്‍ നില്‍ക്കേണ്ടവളല്ല. അഭിനയത്തില്‍ അവള്‍ക്കൊരു ഭാവിയുണ്ട്.''

മാധുരിമാഷിനും സന്തോഷമായി. ആന്റിമാരെ അറിയുന്നതുകൊണ്ട് ട്രൂപ്പില്‍ എനിക്കൊരു പ്രത്യേക പരിഗണനയുണ്ടായിരുന്നു. അടുത്ത സിനിമ ചെയ്യുമ്പോള്‍ അറിയിക്കാമെന്ന ഉറപ്പുനല്‍കിയാണ് അന്ന് പിരിഞ്ഞത്. ഇക്കാര്യം മാഷ് പറഞ്ഞപ്പോഴും എനിക്ക് അമിതാഹ്‌ളാദം തോന്നിയില്ല. സിനിമയല്ലേ ലോകം. എങ്ങനെ വേണമെങ്കിലും ഉറപ്പുകള്‍ മാറിമറിയാം.

പ്രിയദര്‍ശന്‍ സാര്‍ വാക്കുപാലിച്ചു. അടുത്ത സിനിമയില്‍ നീയാണ് നായിക. സമ്മതമാണെങ്കില്‍ അറിയിക്കാന്‍ പറഞ്ഞു.
മാധുരിമാഷാണ് ഈ വിവരം എന്നെ അറിയിച്ചത്. ആന്റിയോടും അമ്മയോടും പറഞ്ഞപ്പോള്‍ അവര്‍ക്കും സമ്മതം. അങ്ങനെയാണ് നിന്നിഷ്ടം എന്നിഷ്ടത്തിലെ നായികയാവുന്നത്. ആ സിനിമയുടെ സംവിധായകന്‍ ആലപ്പി അഷറഫായിരുന്നു. രചന പ്രിയദര്‍ശന്‍ സാറും. സ്‌ക്രിപ്റ്റ് ചര്‍ച്ച ആരംഭിക്കുമ്പോള്‍ത്തന്നെ പ്രിയന്‍ സാറിന് ഒരു നിര്‍ദേശമേയുണ്ടായിരുന്നുള്ളൂ.

''നായികയായ ശാലിനിയെ അവതരിപ്പിക്കാന്‍ പറ്റിയൊരു പുതുമുഖമുണ്ട്. പ്രിയ.''

അപ്പോള്‍ത്തന്നെ മാധുരി മാഷിനെ വിളിക്കുകയായിരുന്നു. തിരുവനന്തപുരത്തായിരുന്നു ലൊക്കേഷന്‍. അഭിനയിക്കാനെത്തുമ്പോള്‍ ഒരു ഭയവും ഉണ്ടായിരുന്നില്ല. അഷറഫും പ്രിയന്‍ സാറും പറഞ്ഞതുപോലെ അന്ധയായ പെണ്‍കുട്ടിയായി അഭിനയിച്ചു. മലയാളഭാഷ അറിയാത്തതിനാല്‍ ഷോട്ട് കഴിഞ്ഞാല്‍ ആരോടും മിണ്ടാതെ ഒരിടത്തുപോയി ഇരിക്കും. സിനിമ ഹിറ്റായി. ഇളം മഞ്ഞിന്‍ കുളിരുമായൊരു കുയില്‍....എന്ന പാട്ടാണ് ഏറെ ക്ലിക്കായത്. എന്റെ ഭാഗ്യം തെളിഞ്ഞെന്നാണ് കരുതിയത്. പക്ഷേ അധികം സിനിമകള്‍ ലഭിച്ചില്ല. പ്രിയന്‍ സാര്‍ സംവിധാനം ചെയ്ത 'മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു' തുടങ്ങിയ കുറച്ചു സിനിമകള്‍ ചെയ്‌തെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. 'ധിം തരികിട തോ'മില്‍ അഭിനയിച്ചതോടെ അവസരങ്ങള്‍ കുറഞ്ഞു. അതോടെ തമിഴ്, തെലുങ്ക് സിനിമകളിലേക്ക് ചേക്കേറി.

കാമറ ടു പ്രണയം

'അഗ്നിസാക്ഷി' എന്ന കന്നഡ സിനിമ ചെയ്യുമ്പോഴാണ് കാമറാമാന്‍ ഡേവിഡുമായി അടുത്തത്. ആ സൗഹൃദം പതുക്കെ പ്രണയത്തിലേക്ക് വഴിമാറി. എന്നുവച്ച് പ്രണയിച്ചുനടന്നൊന്നുമില്ല. ആ സമയത്തും ഞങ്ങള്‍ സ്വന്തം ജോലികളില്‍ മുഴുകി. മൂന്നുവര്‍ഷം പ്രണയിച്ചതിനുശേഷമായിരുന്നു വിവാഹം. അതുകൊണ്ടൊരു ഗുണമുണ്ടായി. ഇരുവര്‍ക്കും പരസ്പരം മനസിലാക്കാന്‍ കഴിഞ്ഞു. ഇപ്പോഴും നിലനില്‍ക്കുന്ന ഞങ്ങളുടെ ദാമ്പത്യത്തിന്റെ വിജയവും അതാണ്.
തമിഴില്‍ ബിസിയായി നില്‍ക്കുമ്പോഴാണ് വീണ്ടും മലയാളത്തിലേക്കു വിളിക്കുന്നത്. ആദ്യസിനിമയുടെ സംവിധായകനായ ആലപ്പി അഷറഫ്, രണ്ടാംവരവിനായി വിളിച്ചപ്പോള്‍ സന്തോഷം തോന്നി. അതും ആദ്യസിനിമയുടെ രണ്ടാംഭാഗത്തില്‍.

നായികയുടെ അമ്മയായാണ് അഭിനയിച്ചതെങ്കിലും സിനിമ ശ്രദ്ധിക്കപ്പെട്ടില്ല. ആ വിഷമം ഇപ്പോഴും മനസിലുണ്ട്. എനിക്കേറ്റവുമിഷ്ടപ്പെട്ട സിനിമ നിന്നിഷ്ടം എന്നിഷ്ടം ഒന്നാംഭാഗമാണ്.നല്ല പ്രമേയം. നല്ല പാട്ടുകള്‍. നല്ല താരങ്ങള്‍. ഇപ്പോഴും ചാനലുകളില്‍ ആ സിനിമ വരുമ്പോള്‍ കുത്തിയിരുന്ന് മുഴുവനും കാണും. 'ഇളംമഞ്ഞിന്‍ കുളിരുമായൊരു കുയില്‍'...അറിയാതെ മൂളിപ്പോകും. രണ്ടാംവരവിലും കുറച്ചു സിനിമകള്‍ കിട്ടി. അനില്‍ബാബുവിന്റെ മാന്ത്രികനും മോഹന്‍ ശര്‍മ്മയുടെ ഗ്രാമവും ചെയ്തു. ഇവിടെ അവസരം കുറഞ്ഞപ്പോഴും തമിഴില്‍ തിരക്കായിരുന്നു. സിനിമയ്‌ക്കൊപ്പം സീരിയലുകളും ചെയ്തു.
ഏക സഹോദരന്‍ അര്‍ജുന്റെ മരണമാണ് ജീവിതത്തെ അസ്വസ്ഥപ്പെടുത്തിയത്. ഞങ്ങള്‍ നാലുപേര്‍ക്കും അവനെന്നാല്‍ ജീവനായിരുന്നു. ചെന്നൈയിലുണ്ടായ വാഹനാപകടത്തിലായിരുന്നു അര്‍ജുന്റെ മരണം. കുറെനാള്‍ എവിടെയും പോകാന്‍ കഴിയാത്ത അവസ്ഥയിലായി.

ഇപ്പോള്‍ വീണ്ടും മലയാളത്തിലെത്തിയത് പ്രതീക്ഷ നല്‍കുകയാണ്. മൂന്നാംവരവില്‍ നല്ല നല്ല വേഷങ്ങള്‍ ചെയ്യണം. അത് സിനിമയായിരിക്കണമെന്ന് നിര്‍ബന്ധമില്ല. റോള്‍ ചെറുതാണെങ്കിലും ശ്രദ്ധിക്കപ്പെടണം.ഭര്‍ത്താവ് ഡേവിഡും പുതിയൊരു സിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ്. ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നു. അതില്‍ നല്ലൊരു റോളുണ്ടാവും.

ഞങ്ങള്‍ക്ക് രണ്ടു മക്കളാണ്. പ്രിന്‍സും ഐശ്വര്യയും. പ്രിന്‍സ് കോളജ് വിദ്യാര്‍ഥിയാണ്. ഐശ്വര്യ പതിനൊന്നിലും. സിനിമാക്കാരുടെ മക്കളാണെങ്കിലും ഇരുവര്‍ക്കും താല്‍പ്പര്യമില്ലാത്ത ഒരേയൊരു മേഖല സിനിമയാണ്. അതുകൊണ്ടുതന്നെ അവരെ അഭിനയത്തിലേക്കു കൊണ്ടുവരാന്‍ ഞങ്ങള്‍ക്കു താല്‍പ്പര്യമില്ല.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Related News

Ads by Google
Back to Top