Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

'താരരാജാക്കന്മാരുടെ തണലില്‍ എന്നെ പേടിപ്പിക്കല്ലേ ഗണേശാ.. ': സലീംകുമാര്‍

ജിനേഷ് പുനത്ത്

Salim Kumar Ganesh Kumar

കൊട്ടാരക്കരയിലെ അശരണരേയും പാവപ്പെട്ടവരേയും അടിച്ചമര്‍ത്തിയ സവര്‍ണ- ജന്മി മേധാവിത്വ പാരമ്പര്യത്തില്‍ മേനി നടിച്ച് ഗണേഷ് കുമാര്‍ തനിക്കെതിരേ വന്നാല്‍ കൈയുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് സലിംകുമാര്‍. സൂപ്പര്‍താരങ്ങളുടെ പിന്തുണയുണ്ടെന്ന അഹങ്കാരത്തില്‍ സംഘടനയ്ക്കുള്ളില്‍ പറയേണ്ടത് പുറത്തുനിന്ന് വിളിച്ചുകൂവുന്നത് ഗണേഷിന്റെ സംസ്‌ക്കാരത്തെകുറിച്ചുള്ള മതിപ്പാണ് ഇല്ലാതാക്കുന്നത്. ഇതേപോലുള്ള പല സംഭവങ്ങളിലൂടെ സാംസ്‌ക്കാരിക അപചയം പ്രകടമാക്കിയ ഗണേഷ് 'അമ്മ'യുടെ സിംബലായി മാറുമ്പോള്‍ ആ സംഘടനകൂടിയാണ് അധ:പതിക്കുന്നതെന്നും സലിംകുമാര്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗണേഷ് കുമാറിനു വേണ്ടി മോഹന്‍ലാല്‍ പ്രചാരണത്തിനെത്തിയതില്‍ പ്രതിഷേധിച്ച് സലിംകുമാര്‍ താര സംഘടനയായ 'അമ്മ' യില്‍ നിന്ന് രാജിവച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് വേളയില്‍ പബ്ലിസിറ്റി കിട്ടാന്‍ മാത്രമായാണ് സലിംകുമാര്‍ രാജി പ്രഖ്യാപനം നടത്തിയതെന്നും രാജികത്ത് ഇതുവരെ കൈമാറിയിട്ടില്ലെന്നും അമ്മ വൈസ് പ്രസിഡന്റ് കൂടിയായ ഗണേഷ്‌കുമാറിന്റെ ആരോപണങ്ങള്‍ക്ക് മംഗളം ഓണ്‍ലൈനിനോട് പ്രതികരിക്കുകയായിരുന്നു സലിംകുമാര്‍.

അമ്മയിലെ അംഗങ്ങളായ രണ്ട് താരങ്ങള്‍ മത്സരിക്കുന്നിടത്ത് ഒരാളുടെ പക്ഷം പിടിച്ച് മോഹന്‍ലാല്‍ പ്രചാരണത്തിനെത്തിയതിലുള്ള പ്രതിഷേധത്തില്‍ ഇപ്പോഴും മാറ്റമൊന്നുമില്ലെന്ന് പറഞ്ഞ സലിംകുമാര്‍, തന്റെ രാജികത്ത് ജനറല്‍ സെക്രട്ടറി മമ്മൂട്ടിയ്ക്ക് നല്‍കിയിട്ടുണ്ടെന്നും വ്യക്തമാക്കി. ഇതറിയാതെയാണ് ഗണേഷ്‌കുമാര്‍ ആരോപണമുന്നയിക്കുന്നതെന്ന് വിശ്വസിക്കാനാവില്ല. കാരണം, അമ്മ എന്നത് യാതൊരു വിധി ജനാധിപത്യ ശൈലിയുമില്ലാത്ത സംഘടനയാണ്. താരരാജാക്കന്‍മാരുടെ തണലിലിരുന്നാണ് ഗണേഷ് ഇങ്ങനെ വിളിച്ചുകൂവുന്നത്. ഇതിന്റെ പേരില്‍ ഒന്നും സംഭവിക്കില്ലെന്ന ഗണേഷിനറിയാം. സിനിമയില്‍ വാഴുന്നവരുടെ പിന്തുണയുള്ളപ്പോള്‍ അയാള്‍ സുരക്ഷിതനായിരിക്കും. എന്നെ കൂടുതല്‍ ഒതുക്കാനുള്ള അയാളുടെ നീക്കങ്ങള്‍ക്ക് താര രാജാക്കന്‍മാരുടേയും മറ്റ് അംഗങ്ങളുടേയും പിന്തുണ കിട്ടും.

സിനിമയില്‍ ഒട്ടേറെ സുഹൃത്തുക്കള്‍ എനിക്കുണ്ട്. അമ്മയുടെ പല വിധ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുകയും പ്രവര്‍ത്തന ഫണ്ട് സ്വരൂപിക്കാനുള്ള ഒട്ടേറെ സ്‌റ്റേജ് ഷോകളില്‍ സജീവമായി പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ പ്രവര്‍ത്തിച്ച എനിക്കെതിരേ പരസ്യമായി ഗണേഷ്‌കുമാര്‍ അടിസ്ഥാന രഹിത ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ എതിര്‍ക്കാനോ എന്നെ വിളിച്ച് പിന്തുണ അറിയിക്കാനോ മലയാള സിനിമയിലെ ആരുംതന്നെ കാണില്ലെന്ന് എനിക്ക് ഉറപ്പാണ്. അത് അവരുടെ സ്‌നേഹകുറവുകൊണ്ടൊന്നുമല്ല. മെഗാസ്റ്റാറുകള്‍ അടക്കമുള്ളവരുടെ അറിവോടെ പ്രവര്‍ത്തിക്കുന്ന ഗണേഷ്‌കുമാറിനെതിരേ പ്രതികരിച്ചാല്‍ പിന്നെ സിനിമയില്‍ ഒരു വേഷം പോലും കിട്ടാതെ ശിഷ്ടക്കാലം കഴിയേണ്ടിവരുമെന്ന് അവര്‍ക്കറിയാം. അത്തരത്തില്‍ ഒട്ടേറെ ജന്മങ്ങള്‍ മലയാള സിനിമയുടെ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ഇടങ്ങളിലുണ്ട്. മഹനായ നടന്‍ തിലകനോടൊക്കെ ചെയ്തതിന്റെ ഫലം അനുഭവിക്കാതെ ഈ മെഗാസ്റ്റാറുകള്‍ക്ക് മോക്ഷം പ്രാപിക്കാന്‍ സാധിക്കുമെന്ന് ആരും കരുതേണ്ടതില്ല. ജീവിതവൃത്തിക്കുവേണ്ടി അഭിനയിക്കാനെത്തുന്നവര്‍ എന്നെ പിന്തുണച്ച് അവസരങ്ങള്‍ ഇല്ലാതാക്കാന്‍ തയ്യാറാകുമെന്നൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല. എന്നാലും പറയേണ്ടത് പറയേണ്ടിടത്ത് പറയേണ്ട വിധത്തില്‍തന്നെ ഞാന്‍ പറഞയും. അതുമൂലം നഷ്ടമാകുന്ന അവസരങ്ങള്‍ എത്രതന്നെയായാലും ശരി എനിക്കത് ഒരു വിഷയമേയല്ല.

രോഗബാധിതനായി ആറുമാസം മുമ്പെ ഞാന്‍ അമൃത ആശുപത്രിയില്‍ കഴിഞ്ഞിരുന്നപ്പോള്‍ മമ്മൂട്ടിയും ദിലീപും കുഞ്ചനും ഉള്‍പ്പെടെയുള്ള സിനിമാ രംഗത്തെ ഒട്ടേറെ പേര്‍ എന്നെ സമീപിച്ച് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഒരാളില്‍നിന്നുപോലും ചില്ലികാശ് ഞാന്‍ വാങ്ങിയിട്ടില്ല. മാതാ അമൃതാനന്ദമയിയുടെ സഹായം മാത്രമാണ് ഞാന്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചത്. ഒന്നരലക്ഷം മൂല്യമുള്ള മെമ്പര്‍ഷിപ്പാണ് എനിക്ക് അമ്മയിലുള്ളത്. ഈ തുകയ്ക്ക് സമാനമായി ഇന്‍ഷൂറന്‍സ് പോളിസിയും സംഘടന അടയ്ക്കുന്നുണ്ട്. ഇതടക്കമുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ തുക കണ്ടെത്തുന്നത് താരങ്ങള്‍ ഒന്നിച്ചണിനിരന്ന് നടത്തുന്ന സ്‌റ്റേജ് ഷോകളിലൂടെയാണ്. ഒട്ടേറെ സ്‌റ്റേജ് ഷോകളില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ ഇതില്‍ ഒന്നില്‍പോലും ഞാന്‍ ഗണേഷിനെ കണ്ടിട്ടില്ല. അയാള്‍ക്ക് അത്തരത്തില്‍ ഇടപെടാന്‍ സാധിക്കില്ല. കാരണം അയാള്‍ ഒരു കലാകാരനല്ല. അതുകൊണ്ട് തന്നെയാണ് ഗണേഷ്‌കുമാര്‍ തനിക്കെതിരേ അടിസ്ഥാന രഹിത ആരോപണങ്ങള്‍ വിളിച്ചുകൂവുന്നതും.

ആറ് മാസംമുമ്പ് ആശുപത്രിവിട്ടിട്ടും അമ്മയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷ എനിക്ക് ഇന്നേവരെ ലഭിച്ചിട്ടില്ല. എന്നാല്‍ ഈ സാമ്പത്തിക സഹായം ഞാന്‍ കൈപ്പറ്റിയെന്നാണ് ഗണേഷിന്റെ ഒടുവിലത്തെ ആരോപണം. അങ്ങിനെയുണ്ടെങ്കില്‍ തന്നെ ഈ പരാതി ഉന്നയിക്കേണ്ടത് അമ്മയുടെ ജനറല്‍ ബോഡിയിലല്ലെ..? എന്നാല്‍ ഇത്തരം ചോദ്യങ്ങളൊന്നും അമ്മയുടെ ഭാരവാഹികളോടൊന്നും ഉന്നയിച്ചിട്ട് കാര്യമില്ല. ഈ സംഘടന ചിലരുടെ കുടുംബസ്വത്ത് പോലെയാണ്. അവര്‍ കാര്യങ്ങള്‍ തീരുമാനിക്കും. മറ്റുള്ളവരെല്ലാം ചേര്‍ന്ന് ഒരക്ഷരം മിണ്ടാതെ അനുസരിക്കണം. എതിര്‍ത്തൊരഭിപ്രായം പറഞ്ഞാല്‍ പിന്നെ ഒരിക്കല്‍ പോലും അനങ്ങാത്തവിധം ഒതുക്കികളയും. ഈ ഒതുക്കലിനെ ഒട്ടും ഭയപ്പെടാത്തതിനാല്‍തന്നെ ഞാന്‍ അനീതിയ്‌ക്കെതിരേ ശബ്ദിക്കും. അതിനിയും തുടരുകയും ചെയ്യും.

അഥവാ ഞാന്‍ ഇന്‍ഷൂറന്‍സ് തുക കൈപ്പറ്റിയിട്ടുണ്ടെങ്കില്‍ തന്നെ അതിലെന്താണ് തെറ്റ്...? ഞാന്‍ കൂടെ അദ്ധ്വാനിച്ചുണ്ടാക്കിയ പണമല്ലെ സംഘടന ഇത്തരത്തിലുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. ഗണേഷിന്റെ ആക്ഷേപം കേട്ടാല്‍ തോന്നുക, അയാളുടെ ഔദാര്യമാണ് ഇന്‍ഷൂറന്‍സ് പരിരക്ഷയെന്നാണ്. അയാളുടെ ആനയെ വിറ്റ കാശൊന്നുമല്ലല്ലോ ഇതിനായി ഉപയോഗിക്കുന്നതെന്നും സലിംകുമാര്‍ ചോദിച്ചു. പോയ കാലങ്ങളില്‍ കാരണവന്‍മാര്‍ ജന്മിമാരായിരുന്നെന്നും തിരുവായയ്ക്ക് എതിര്‍വായില്ലാത്ത തറവാട്ടുകാരായിരുന്നുവെന്നൊന്നും പറഞ്ഞ് എന്നെ പേടിപ്പിക്കാനാവില്ലെന്നും സലിംകുമാര്‍ മുന്നറിയിപ്പ് നല്‍കി.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top