Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

ഉമ്മന്‍ചാണ്ടിയെ കെ.പി.സി.സി പ്രസിഡന്റാക്കാനുള്ള ശ്രമം പൊളിഞ്ഞു; ഗ്രൂപ്പുകളെ അടിച്ചൊതുക്കാന്‍ സുധീരന് നിര്‍ദ്ദേശം

എം.ആര്‍ കൃഷ്ണന്‍

mangalam malayalam online newspaper

തിരുവനന്തപുരം: എ-ഐ ഗ്രൂപ്പുകളുടെ നീക്കം പൊളിഞ്ഞു. സുധീരനെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തുനിന്നും നീക്കില്ല. പകരം സംസ്ഥാനത്തെ ഗ്രൂപ്പിസം അവസാനിപ്പിക്കാന്‍ സുധീരന് രാഹുല്‍ഗാന്ധി പൂര്‍ണ്ണ പിന്തുണയും നല്‍കി. ഇതോടെ ഇനി സംസ്ഥാനത്ത് നടക്കുന്ന പാര്‍ട്ടി പുനഃസംഘടനയില്‍ സുധീരന്റെ തീരുമാനങ്ങള്‍ക്കായിരിക്കും ഹൈക്കമാന്‍ഡ് പ്രാധാന്യം നല്‍കുക. ഇതിലൂടെ സുധീരനെ മാറ്റി ഉമ്മന്‍ചാണ്ടിയെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് പ്രതിഷ്ഠിക്കാനുള്ള എ ഗ്രൂപ്പിന്റെ ശ്രമത്തിനാണ് തിരിച്ചടിയേറ്റിരിക്കുന്നത്.

ഇന്നലെ രാഹുല്‍ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയില്‍ ഹൈക്കമാന്‍ഡിന്റെ പൂര്‍ണ്ണ പിന്തുണ സുധീരന് നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിലെ തിരിച്ചടികള്‍ക്ക് കാരണം സംസ്ഥാന പാര്‍ട്ടിയിലെ ഗ്രൂപ്പിസവും സര്‍ക്കാരിന്റെ നയവൈകല്യങ്ങളുമാണെന്ന അദ്ദേഹത്തിന്റെ അഭിപ്രായം അവര്‍ അംഗീകരിച്ചിട്ടുണ്ട്. അതുപോലെത്തന്നെ തെരഞ്ഞെടുപ്പ് മുന്നില്‍നില്‍ക്കുമ്പോഴുണ്ടായ ജിഷ വധത്തില്‍ പോലീസ് കാട്ടിയ അനാസ്ഥ സ്ത്രീ സുരക്ഷയില്‍ വല്ലാത്ത ആശങ്കയുണ്ടാക്കിയെന്നും അദ്ദേഹം അവിടെ അറിയിച്ചു. ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍ സുധീരന് തല്‍ക്കാലം പൂര്‍ണ്ണ പിന്തുണ നല്‍കാനാണ് രാഹുല്‍ഗാന്ധിയുടെ തീരുമാനം.
സംസ്ഥാന കോണ്‍ഗ്രസിലെ ഗ്രൂപ്പിസം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സുധീരനെ രാഹുല്‍ഗാന്ധി ഉള്‍പ്പെട്ട് കെ.പി.സി.സിപ്രസിഡന്റ് സ്ഥാനത്ത് വച്ചത്. ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും അഭിപ്രായങ്ങള്‍ മറികടന്നുശകാണ്ടായിരുന്നു തീരുമാനം. ഇതുതന്നെ ഗ്രൂപ്പിസത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കാനുള്ള നിര്‍ദ്ദേശവും നല്‍കിക്കൊണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പാര്‍ട്ടി പുനഃസംഘടനയില്‍ എന്നാല്‍ സുധീരനെ ഇടവും വലവും തിരിയാന്‍ അനുവദിക്കാതെ എ-ഐഗ്രൂപ്പുകള്‍ പിടിമുറുക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ സര്‍ക്കാര്‍ നിലനിന്നിരുന്നതുകൊണ്ടും രാജ്യത്ത് തന്നെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് കേരളത്തിലെ തിരിച്ചുവരവ് അനിവാര്യമാണെന്നുമുളള കണക്കുകൂട്ടലില്‍ ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദത്തിന് അന്ന് ഹൈക്കമാന്‍ഡ് വഴങ്ങുകയും ചെയ്തു. അതുകൊണ്ടുതന്നെ ഉദ്ദേശിച്ച രീതിയില്‍ കാര്യങ്ങള്‍ എത്തിക്കാന്‍ കഴിഞ്ഞില്ല.
തെരഞ്ഞെടുപ്പ്‌സമയത്തുപോലും ഗ്രൂപ്പുകളുടെ അനാവശ്യ സ്വാധീനം വെളിവായതാണെന്നാണ് ഹൈക്കമാന്‍ഡിന്റെ നിലപാട്. കളങ്കിതരായ വ്യക്തികളെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് ഒഴിവാക്കിനിര്‍ത്തി ആരോപണങ്ങളെ ഒരുപരിധിവരെ ചെറുക്കാമെന്ന സുധീരന്റെ നിര്‍ദ്ദേശം അന്ന് രാഹുല്‍ഗാന്ധിയും അംഗീകരിച്ചെങ്കിലും ഉമ്മന്‍ചാണ്ടി കടുകിടെ വിട്ടുകൊടുത്തില്ല. ഒടുവില്‍ ഉമ്മന്‍ചാണ്ടിയുടെ ആവശ്യത്തിന് മുന്നില്‍ കീഴടങ്ങേണ്ട ഗതികേടിലായി പാര്‍ട്ടി ഹൈക്കമാന്‍ഡും. എന്നിട്ടും കനത്തതോല്‍വി ഏറ്റുവാങ്ങിയത് രാഹുല്‍ ഉള്‍പ്പെടെ കേന്ദ്ര നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്. എന്തായാലും ഇനി അഞ്ചുവര്‍ഷം പ്രതിപക്ഷത്താണ്. അതുകൊണ്ടുതന്നെ ഇവരുടെ സമ്മര്‍ദ്ദത്തിന് ചെവികൊടുക്കേണ്ടതില്ലെന്നാണ് നിലപാട്.

സുധീരനെ കെ.പി.സി.സിപ്രസിഡന്റ് സ്ഥാനത്തുനിന്നും നിഷ്‌കാസിതനാക്കി ഉമ്മന്‍ചാണ്ടിയെ അവരോധിക്കാനായിരുന്നു നീക്കം. യു.ഡി.എഫ് ചെയര്‍മാന്‍ പദവികൊണ്ടുമാത്രം തങ്ങളുടെ ഗ്രൂപ്പിന് നിലനില്‍ക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ നിന്നാണ് എ ഗ്രൂപ്പ് ഈ നീക്കം ആരംഭിച്ചത്. നിയമസഭാകക്ഷിനേതൃസ്ഥാനം നഷ്ടപ്പെട്ട സാഹചര്യത്തില്‍ അടുത്ത അഞ്ചുവര്‍ഷം പാര്‍ട്ടിയെങ്കിലും കൈയിലില്ലെങ്കില്‍ ഗ്രൂപ്പ് ശിഥിലമാകുമെന്നായിരുന്നു വിലയിരുത്തല്‍. ഇതിന് ഐ ഗ്രൂപ്പിന്റെ പരോക്ഷ പിന്തണയുമുണ്ടായിരുന്നു. രമേശിന് തന്റെ സ്ഥാനം സംരക്ഷിച്ച് മുന്നോട്ടുപോകണമെങ്കില്‍ ഉമ്മന്‍ചാണ്ടിയുടെ പിന്തുണകൂടി ആവശ്യമാണ്. തെരഞ്ഞെടുപ്പില്‍ ഐ ഗ്രൂപ്പിശന അപേക്ഷിച്ച് എ ഗ്രൂപ്പിന് തിരിച്ചടിയുണ്ടായെങ്കിലും ആ വിഭാഗത്തെ അവഗണിക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ തല്‍ക്കാലം എ വിഭാഗത്തെ ഒപ്പം നിര്‍ത്തി കളിക്കാനായിരുന്നു രമേശിന്റെ നീക്കവും. രണ്ടുകൂട്ടരുംചേര്‍ന്ന് സുധീരനെ പുറത്താക്കാനും തന്ത്രങ്ങള്‍ മെനഞ്ഞു. എന്നാല്‍ ഇപ്പോള്‍ സുധീരന്‍ രണ്ടു ഗ്രൂപ്പുകളെയൂം തന്റെ കാലിനടിയില്‍ എത്തിച്ച് കുടുതല്‍ കരുത്തനായി മാറുകയും ചെയ്തു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top