Main Home | Feedback | Contact Mangalam
Ads by Google

പുറമ്പോക്കിലെ പടുതമേല്‍ക്കൂരയ്ക്കു കീഴെ അന്തിയുറങ്ങുന്നത് ഒരു എ.പി.എല്‍. കുടുംബം

mangalam malayalam online newspaper

പാലാ: പടുതവലിച്ചുകെട്ടിയുണ്ടാക്കിയ മേല്‍ക്കൂരയ്ക്കു കീഴെ നാലു മനുഷ്യജന്മങ്ങള്‍. അതില്‍ ഇരുപത്തിനാലും ഇരുപത്തിരണ്ടും വയസുള്ള രണ്ട് പെണ്‍മക്കളും. സര്‍ക്കാരിന്റെ കണക്കില്‍ ഈ കുടുംബം എ.പി.എല്‍. പട്ടികയിലും. സ്വന്തം വീടിനുള്ളില്‍ പോലും പെണ്‍മക്കള്‍ സുരക്ഷിതരല്ലെന്ന് സമൂഹത്തോട് വിളിച്ചുപറഞ്ഞ പെരുമ്പാവൂര്‍ സംഭവം കണ്‍മുന്നില്‍ മായാതെ നില്‍ക്കുമ്പോള്‍ അടച്ചുറപ്പില്ലാത്ത വീട്ടില്‍ ഭീതിയോടെ പെണ്‍മക്കളെ ചേര്‍ത്ത് പിടിച്ചുനില്‍ക്കാന്‍ മാത്രമേ ഈ കുടുംബത്തിന് കഴിയൂ.

പാലായ്ക്ക് സമീപം മുത്തോലി പഞ്ചായത്തിലെ മൂന്നാംവാര്‍ഡിലെ പാറേക്കണ്ടം-ഊരാശാല പഞ്ചായത്ത് റോഡരുകില്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു സമീപത്തെ പുറമ്പോക്കിലാണ് തീര്‍ത്തും നിര്‍ധനരായ ഈ കുടുംബത്തിന്റെ െദെന്യജീവിതം ആരുടെയും കണ്ണില്‍പ്പെടാതെ പോയത്. അതും ഇരുപതു വര്‍ഷത്തോളം!.

പള്ളിത്താഴെ ജോണി-സ്‌റ്റെല്ലാ മേരി ദമ്പതികളാണ് നെഞ്ചില്‍ നെരിപ്പോടുമായി യുവതികളായ പെണ്‍കുട്ടികളുമായി കഴിയുന്നത്. റോഡരുകില്‍ പടുത വലിച്ചുകെട്ടി പ്ലാസ്റ്റിക്ഷീറ്റുകൊണ്ട് മറച്ച കൂരയ്ക്കുള്ളില്‍ നിരാലംബരായ ഈ കുടുംബം കഴിയാന്‍ തുടങ്ങിയിട്ട് 20 വര്‍ഷമായി. ഇതുവരെ പഞ്ചായത്തോ, മറ്റ് അധികാരികളോ യാതൊരു സഹായവും ചെയ്തില്ലെന്നു മാത്രമല്ല കൂലിപ്പണിക്കാരായ ജോണിക്കും സ്‌റ്റെല്ലയ്ക്കും എ.പി.എല്‍. കാര്‍ഡ് നല്‍കി അവരെ സമൂഹത്തിന്റെ 'ഉന്നത ശ്രേണി'യില്‍ എത്തിക്കുകയും ചെയ്തു. നാളുകള്‍ക്ക് മുമ്പുണ്ടായ വീഴ്ചയില്‍ ശാരീരികാവശത നേരിട്ട ജോണിക്ക് ഇപ്പോള്‍ പണിക്കു പോകാനാവുന്നില്ല. അതോടെ കുടുംബം ഒരു നേരത്തെ ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടുകയാണ്. ഇതിനിടയിലും പഠിക്കാന്‍ സമര്‍ഥരായ മൂത്ത മകള്‍ മൗജറ്റ് അണ്ണാമല യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ പാലായില്‍ സംഗീതത്തില്‍ എം.എ.യ്ക്കും ഇളയ മകള്‍ ജര്‍മ്മറ്റ് കുറവിലങ്ങാട് ദേവമാതാ കോളജില്‍ ബി.എ.യ്ക്കും പഠിക്കുന്നു.

വൈദ്യുതിയോ, കുടിവെള്ളമോ ഇല്ലാത്ത അടച്ചുറപ്പില്ലാത്ത വീട്ടില്‍ പ്രായപൂര്‍ത്തിയായ രണ്ട് പെണ്‍മക്കളുമായി കഴിയുന്ന കുടുംബത്തിന് താങ്ങാവാന്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ആരും തയാറായിട്ടില്ല. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ അപേക്ഷ നല്‍കി ആനുകൂല്യം അനുവദിച്ചിരുന്നുവെങ്കിലും ഉദ്യോഗസ്ഥരുടെ അനാസ്ഥയിലാണ് ആനുകൂല്യം ലഭിക്കാതെപോയെന്ന് സ്‌റ്റെല്ല പറയുന്നു. തീര്‍ത്തും വിജനമായ സ്ഥലത്ത് പകല്‍സമയത്തുപോലും മക്കള്‍ സുരക്ഷിതരല്ലെന്ന് ഈ അമ്മ വിലപിക്കുന്നു. ഒരു ചെറുകാറ്റടിച്ചാല്‍ തകര്‍ന്നുപോകാവുന്ന കൂരയില്‍നിന്നുള്ള മോചനം മാത്രമാണ് ഈ കുടുംബത്തിന്റെ പ്രാര്‍ഥന.

-സി.ജി. ഡാല്‍മി പാലാ

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top