Last Updated 1 year 14 weeks ago
Ads by Google
19
Tuesday
September 2017

നേമത്തെ ചൊല്ലി യു.ഡി.എഫില്‍ തമ്മിലടി: ചതിച്ചത് മുന്‍മന്ത്രിയെന്ന് ആരോപണം; സ്ഥാനാര്‍ത്ഥിതന്നെ വഴങ്ങിയെത്ത് പ്രത്യാരോപണം

എം.ആര്‍ കൃഷ്ണന്‍

mangalam malayalam online newspaper

തിരുവനന്തപുരം: നേമം മണ്ഡലത്തിലെ വോട്ടുനഷ്ടം കോണ്‍ഗ്രസിലും യു.ഡി.എഫിലും പുതിയ പ്രതിസന്ധി രൂപപ്പെടുന്നു. തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി വീണ്ടും നാണംകെടുത്തിയെന്ന ആരോപണവുമായി ജെ.ഡി.യു രംഗത്ത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് നടന്നതിന്റെ തനിയാവര്‍ത്തനമായിരിന്നു ഇവിടെയെന്നാണ് അവരുടെ വാദം. ഒരു കോണ്‍ഗ്രസ് മുന്‍ മന്ത്രിയുടെ നേതൃത്വത്തിലാണ് അവിടെ വോട്ടുമറിക്കല്‍ നടന്നതെന്നും ജെ.ഡി.യു കുറ്റപ്പെടുത്തുന്നു. എന്നാല്‍ അവിടെ യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിയായിരുന്ന വ്യക്തിയുടെ നേതൃത്വത്തിലാണ് വോട്ടുമറിക്കല്‍ നടന്നതെന്ന് കോണ്‍ഗ്രസും ആരോപിക്കുന്നു. അടുത്തയാഴ്ച നടക്കുന്ന യു.ഡി.എഫ് യോഗത്തില്‍ ഇത് വലിയ തര്‍ക്കത്തിന് വഴിവയ്ക്കും.

കേരളത്തിലാകെ കനത്ത പരാജയം നേരിട്ടതിനെക്കാള്‍ യു.ഡി.എഫിനെയും കോണ്‍ഗ്രസിനേയും വേട്ടയാടുകയാണ് നേമം മണ്ഡലത്തിലെ നാണംകെട്ട വോട്ടുചോര്‍ച്ച. വോട്ട് ചോര്‍ന്നുവെന്ന് മാത്രമല്ല, അത് തങ്ങളുടെ ഒന്നാംനമ്പര്‍ ശത്രുവെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുന്ന ബി.ജെ.പിയെ അക്കൗണ്ട് തുറക്കുന്നതിലേക്ക് എത്തിച്ചുവെന്നതാണ് അവരെ വലയ്ക്കുന്നത്. കഴിഞ്ഞ 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇപ്പോഴുണ്ടായിരുന്നതിനെക്കാള്‍ അത്ര മെച്ചമല്ലാത്ത സ്ഥാനാര്‍ത്ഥി മത്സരിച്ചിട്ടുപോലും 20,000 ലേറെ വോട്ട് ഈ മണ്ഡലത്തില്‍ നിന്നും നേടിയിട്ടുണ്ട്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് എത്തിയപ്പോള്‍ അത് 40,000ത്തോളം എത്തുകയും ചെയ്തു. തദ്ദേശ തെരഞ്ഞെടുപ്പിലും വോട്ട് ഒരുപരിധിവരെ പിടിച്ചുനിര്‍ത്താനും കഴിഞ്ഞിരുന്നു. അവിടെ നിന്നാണ് ഇപ്പോള്‍ 13,000 എത്തിയിരിക്കുന്നത്. ഇതിന് പിന്നില്‍ വന്‍ ഗുഢനീക്കം നടന്നുവെന്നാണ് മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ ആരോപിക്കുന്നത്.

നേമം മണ്ഡലം സംബന്ധിച്ച് തുടക്കം മുതല്‍ വല്ലാത്ത ആശയക്കുഴപ്പമാണ് നിലനിന്നത്. നേമം മണ്ഡലം ഇക്കുറി കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നും അവിടെ എന്‍.എസ്.എസിന്റെ താലൂക്ക് യൂണിയന്‍ പ്രസിഡന്റായ സംഗീത് കുമാറിനെ മത്സരിപ്പിക്കണമെന്നും കോണ്‍ഗ്രസിന്റെ പ്രാദേശിക കമ്മിറ്റികള്‍ നിര്‍ദ്ദേശിച്ചിരുന്നു. അത് മറികടന്നാണ് താല്‍പര്യമില്ലായിരുന്നിട്ടും സീറ്റ് ജെ.ഡി.യുവിന്റെ തലയില്‍ കെട്ടിവച്ചത്. അവര്‍ക്ക് സ്ഥാനാര്‍ത്ഥിയില്ലായിരുന്നതുകൊണ്ട് ഇടതുമുന്നണിയില്‍ നിന്നുംവിട്ടുവന്ന സുരേന്ദ്രന്‍പിള്ളയെ ഒപ്പം കൂട്ടി. എന്നാല്‍ കഴിഞ്ഞ തവണത്തേതില്‍ നിന്നും വ്യത്യസ്തമായി വളരെ ശക്തമായ പ്രവര്‍ത്തനമാണ് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് പ്രാദേശിക നേതാക്കള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഉന്നതങ്ങളിലുള്ള ചിലര്‍ തങ്ങളുടെ വിജയം ഉറപ്പിക്കാനായി അവിടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ ചതിക്കുകയായിരുന്നു. ഇതേ ആരോപണം ജെ.ഡി.യുവിനുമുണ്ട്. തൊട്ടടുത്ത മണ്ഡലത്തില്‍ സുരേന്ദ്രന്‍പിള്ളയുടെ സമുദായവോട്ടുകള്‍ അവിടുത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മുന്‍ മന്ത്രികൂടിയായ വ്യക്തിക്ക് ഉറപ്പാക്കികൊടുത്തിരുന്നു. എന്നാല്‍ തിരിച്ച് അത്തരത്തിലുള്ള സഹായം ഉണ്ടായില്ല. എന്‍.എസ്.എസ് താലൂക്ക് യുണിയനുമായി നല്ല ബന്ധമുള്ള അദ്ദേഹത്തോട് അവരുമായി ബന്ധപ്പെടാന്‍ മൂന്നു തവണ ആവശ്യപ്പെട്ടിട്ടും അത് ചെയ്തില്ല. എന്നാല്‍ വിളിച്ച് പറഞ്ഞ് എല്ലാം ശരിയാക്കിയിട്ടുണ്ടെന്ന് പറയുകയുംചെയ്തിരുന്നു. ഉറപ്പുനല്‍കിയിട്ട് ചതിക്കുകയായിരുന്നുവെന്നാണ് അവരുടെ പരാതി.

എന്നാല്‍ യാതൊരു അടിത്തറയുമില്ലാത്ത പാര്‍ട്ടിക്ക് സീറ്റ് നല്‍കിയതാണ് പരാജയകാരണമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. മാത്രമല്ല, അവിടെ മത്സരിച്ചവര്‍ തന്നെയാണ് വോട്ട് കച്ചവടം നടത്തിയത്. തുടക്കം മുതല്‍ ബി.ജെ.പിയുമായി ഒത്തുകളിച്ചവര്‍ക്ക് തെരഞ്ഞെടുപ്പ് വിജയിച്ചുകഴിഞ്ഞപ്പോള്‍ ബി.ജെ.പി ചെലവായ പണം മുഴുവന്‍ നല്‍കിയിട്ടുണ്ടെന്നും അവര്‍ ആരോപിക്കുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top