Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

ഡി.എം.കെ ബന്ധം സംസ്ഥാന കോണ്‍ഗ്രസിന് പാരയാകുന്നു; പ്രതിപക്ഷ വിമര്‍ശനങ്ങളെ തടയാനാവില്ല

mangalam malayalam online newspaper

തിരുവനന്തപുരം: നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ഡി.എം.കെയുമായി സഖ്യമുണ്ടാക്കിയതിനെതിരെ സംസ്ഥാന കോണ്‍ഗ്രസില്‍ അതൃപ്തി ആളിക്കത്തുന്നു. ബംഗാളില്‍ സി.പി.എമ്മുമായിചേര്‍ന്ന് മത്സരിക്കാന്‍ തീരുമാനിച്ചതിലും ഇഷ്ടക്കേടുണ്ടെങ്കിലും അത് ഒരുപരിധിവരെ മറികടക്കാന്‍ കഴിയുമെന്നാണ് നേതാക്കളുടെ കണക്കുകൂട്ടല്‍. എന്നാല്‍ ഇവിടെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അഴിമതി ആരോപണങ്ങളില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുകയാണ്. ആ സാഹചര്യത്തില്‍ അഴിമതി ആരോപണങ്ങളുടെ പേരില്‍ കഴിഞ്ഞ രണ്ടാം യു.പി.എ സര്‍ക്കാരിന്റെ പതനത്തിന് തന്നെ വഴിവച്ച ഡി.എം.കെയുമായുള്ള ബന്ധം ആത്മഹത്യാപരമായിരിക്കുമെന്ന വികാരമാണ് പൊതുവില്‍പാര്‍ട്ടിക്കുള്ളത്.

കേരളത്തിലെ തെരഞ്ഞെടുപ്പിലെ പ്രധാനപ്പെട്ട പ്രചാരണവിഷയം അഴിമതിയായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ജനരക്ഷായാത്രയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ എത്തിയ രാഹുല്‍ഗാന്ധി അഴിമതിയുമായി യാതൊരു സന്ധിയുമില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നിട്ട് തൊട്ടടുത്തദിവസംതന്നെ തമിഴ്‌നാട്ടില്‍ ഡി.എം.കെയുമായി ബന്ധമുണ്ടാക്കിയത് വലിയ തിരിച്ചടിക്ക് വഴിവയ്ക്കുമെന്ന് സംസ്ഥാനത്തെ ചില പ്രമുഖ നേതാക്കള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചുകഴിഞ്ഞു.

രണ്ടാം യു.പി.എ സര്‍ക്കാരിന്റെ പതനവും അഴിമതിയുടെ പേരിലായിരുന്നു. അതില്‍ ഏറ്റവും കൂടുതല്‍ പങ്കുവഹിച്ചത് ഡി.എം.കെയുമായിരുന്നു. ടു ജി സ്‌പെക്ട്രംഅഴിമതിയാണ് രാജ്യത്തെ പിടിച്ചുകുലുക്കിയതും കോണ്‍ഗ്രസിനെ നിലംപരിശാക്കിയതും. ഈ അഴിമതി ആരോപണങ്ങളില്‍ അവരോടൊപ്പം നിന്നില്ലെന്ന പേരിലാണ് അന്ന് ഡി.എം.കെ. ബന്ധം മുറിഞ്ഞത്. അതാണ് ഇപ്പോള്‍ വിളക്കിചേര്‍ത്തിരിക്കുന്നത്. ഡി.എം.കെയുമായി യോജിച്ചുനിന്നാല്‍ പോലും തമിഴ്‌നാട്ടില്‍ ഒരു മേല്‍വിലാസവുമില്ലാത്ത പാര്‍ട്ടിയാണ് ഇപ്പോള്‍ കോണ്‍ഗ്രസ്. ആ സാഹചര്യത്തില്‍ തൊട്ടടുത്ത അയല്‍ സംസ്ഥാനമായ കേരളത്തിലെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്ന തരത്തില്‍ ഇത്തരമൊരു സഖ്യം അനിവാര്യമായിരുന്നില്ലെന്നാണ് പ്രധാനമായും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.

ഈ സാഹചര്യത്തില്‍ കേരളത്തിലെ തെരഞ്ഞെടുപ്പില്‍ സോളാറും ബാറും പാമോലിനും മാത്രമായിരിക്കില്ല, കോണ്‍ഗ്രസിനെ ദേശീയതലത്തില്‍ തന്നെ പ്രതിക്കൂട്ടിലാക്കുന്ന തരത്തില്‍ ടുജിയും കല്‍ക്കരിപ്പാടം അഴിമതിയുമൊക്കെ ഉയര്‍ന്നുവരും. അഴിമതിക്കെതിരെ പ്രതിപക്ഷം ഉയര്‍ത്തുന്ന പ്രചാരണങ്ങള്‍ക്ക് മറുപടിപറയാന്‍ പോലും കഴിയാത്ത സാഹചര്യം സംജാതമാക്കും. അഴിമതിക്കാരെന്ന് പറഞ്ഞ് പുറംതള്ളിയവരെത്തന്നെ ഒപ്പം കൂട്ടിയതെന്തിന് എന്ന അവരുടെ ചോദ്യത്തിന് മറുപടി പറയാന്‍ കഴിയാത്ത സ്ഥിതിയില്‍ കോണ്‍ഗ്രസ് എത്തും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ജയലളിതയുമായി സി.പി.എം. സഖ്യമുണ്ടാക്കിയപ്പോള്‍ അഴിമതിക്കെതിരെ ഘോഷിക്കുന്നവര്‍ അഴിമതിക്കാരിയുമായി സഖ്യമുണ്ടാക്കിയെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെ ആരോപിച്ചിരുന്നു. ആ സാഹചര്യത്തില്‍ ഇപ്പോഴത്തെ സ്ഥിതി സി.പി.എമ്മും ആയുധമാക്കും. ഇതോടെ അഴിമതിക്കെതിരെ ശക്തമായി നിലകൊള്ളുന്നത് തങ്ങളാണെന്ന് സ്ഥാപിക്കാന്‍ അവര്‍ക്ക് കഴിയും. ഉമ്മന്‍ചാണ്ടിക്കും വി.എം. സുധീരനും കൂട്ടര്‍ക്കും വായ തുറക്കാനാവില്ലെന്നാണ് കോണ്‍ഗ്രസിലെ ചില പ്രമുഖര്‍ തന്നെ ചൂണ്ടിക്കാട്ടുന്നത്.

എം.ആര്‍ കൃഷ്ണന്‍

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top