Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

കരുണാകരനെ പ്രതീകമാക്കി ഐ ഗ്രൂപ്പ്‌ പുതിയ പോര്‍മുഖം തുറക്കുന്നു; ലക്ഷ്യം പാര്‍ട്ടിയിലെ ഗ്രൂപ്പുകളും ബി.ജെ.പിയും

എം.ആര്‍ കൃഷ്ണന്‍

mangalam malayalam online newspaper

തിരുവനന്തപുരം: കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ്‌ സമവായങ്ങളില്‍ മേല്‍കൈ നേടുന്നതിനും സംസ്‌ഥാന രാഷ്‌ട്രീയത്തില്‍ ബി.ജെ.പി ഉയര്‍ത്തുന്ന ഭീഷണിയെ ഫലപ്രദമായി നേരിടുന്നതിനുമായി കരുണാകരനെ രാഷ്‌ട്രീയപ്രതീകമാക്കി ഐ ഗ്രൂപ്പ്‌ പുതിയ നീക്കത്തിന്‌. കഴിഞ്ഞദിവസം കെ. കരുണാകരന്റെ അഞ്ചാം ചരമവാര്‍ഷികത്തില്‍ ശക്‌തമായ പ്രതികരണങ്ങളുമായി ഐ ഗ്രൂപ്പ്‌ നേതാക്കള്‍ രംഗത്തുവന്നത്‌ ഇതിന്റെ സൂചനയാണ്‌. ബി.ജെ.പി ഇന്ന്‌ സംസ്‌ഥാന രാഷ്‌ട്രീയത്തില്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന വെല്ലുവിളി നേരിടുന്നതിനോടൊപ്പം കരുണാകരവികാരം ഉയര്‍ത്തിവിട്ട്‌ എതിരാളികളെ പ്രഹരിക്കാനും തങ്ങളുടെ ഗ്രൂപ്പ്‌ ശാക്‌തീകരിക്കാനുമാണ്‌ അവരുടെ നീക്കം.

കേരളത്തിലെ കോണ്‍ഗ്രസില്‍ കരുണാകരന്‍ ഒരു പ്രതീകമാണെന്നാണ്‌ ഐ ഗ്രൂപ്പിന്റെ നിലപാട്‌. കോണ്‍ഗ്രസില്‍ എ-ഐ ഗ്രൂപ്പുകളുടെ ഉപജ്‌ഞാതാവ്‌ തന്നെ കരുണാകരനാണ്‌. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ പറയുകയാണെങ്കില്‍ എ-ഐ ഗ്രൂപ്പുകള്‍ എന്ന്‌ പറയുന്നത്‌ രണ്ട്‌ വ്യക്‌തികളെയല്ല, സാമൂഹികവ്യവസ്‌ഥയെയാണ്‌ പ്രതിനിധാനംചെയ്യുന്നത്‌. കരുണാകരന്റെ വ്യക്‌തിപ്രഭാവത്തിലാണ്‌ ഐ ഗ്രൂപ്പ്‌ നിലനിന്നിരുന്നതെന്ന്‌ പരക്കെ അഭിപ്രായമുണ്ടെങ്കിലും നാനാജാതി മതസ്‌ഥരെ ഉള്‍ക്കൊണ്ടുള്ളതായിരുന്നു അത്‌. അങ്ങനെയാണ്‌ കോണ്‍ഗ്രസിനുള്ളില്‍ സാമുദായിക സന്തുലിതാവസ്‌ഥ അദ്ദേഹം നിലനിര്‍ത്തിയിരുന്നത്‌.

ഗുരുവായൂര്‍ ഭക്‌തനായും മറ്റും അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നെങ്കിലും വെറും ഹിന്ദുത്വത്തില്‍ അടിസ്‌ഥാനമായുള്ളതായിരുന്നില്ല കരുണാകരന്റെ രാഷ്‌ട്രീയം. ഹിന്ദുവിശ്വാസം മുറുകെ പിടിച്ച്‌ ആ വിഭാഗങ്ങളെ ഒപ്പം നിര്‍ത്തിയിരുന്നപ്പോഴും മറ്റ്‌ സാമുദായികനേതാക്കളുമായി വളരെ അടുപ്പം പുലര്‍ത്തിയിരുന്നുവെന്നതാണ്‌ കരുണാകരന്റെ നേട്ടം. അങ്ങനെ കോണ്‍ഗ്രസിലെ മതേതര ജനാധിപത്യത്തിന്റെ വക്‌താവായിരുന്നു കെ. കരുണാകരന്‍. കരുണാകരന്‍ ഇല്ലാതായതിലൂടെ കോണ്‍ഗ്രസിന്റെ ആ മതേതര പ്രതീകമാണ്‌ തകര്‍ന്നതെന്നാണ്‌ ഐ ഗ്രൂപ്പിന്റെ വിലയിരുത്തല്‍.

കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ തന്നെ അത്‌ പ്രകടമായിരുന്നതാണ്‌. ആ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷങ്ങള്‍ക്ക്‌ കൂടുതല്‍ പ്രാധാന്യം നല്‍കിയതാണ്‌ കോണ്‍ഗ്രസിന്‌ ഏറ്റ വലിയ തിരിച്ചടി. അത്‌ മറികടക്കാന്‍ രമേശിനെ മന്ത്രിസഭയിലേക്കും സുധീരനെ കെ.പി.സി.സി പ്രസിഡന്റായും കൊണ്ടുവന്നെങ്കിലും അതിനൊന്നും വേണ്ടത്ര ഫലമുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നതാണ്‌ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ്‌ നല്‍കുന്ന സൂചനയെന്നാണ്‌ ഐ ഗ്രൂപ്പ്‌ പറയുന്നത്‌. അപ്രതീക്ഷിതമായ മേഖലകളില്‍ പോലും ബി.ജെ.പി കടന്നുകയറിയത്‌ അതിന്റെ തെളിവാണ്‌. കോണ്‍ഗ്രസില്‍ നിന്നുമകന്ന എസ്‌.എന്‍.ഡി.പിയാണ്‌ ഇതിന്‌ കാരണമെന്ന്‌ പാര്‍ട്ടിതന്നെ വിലയിരുത്തിയിട്ടുമുണ്ട്‌.

ഈ സാഹചര്യത്തില്‍ കരുണാകരന്റെ ആ പഴയ മതേതരത്വ മുഖം കോണ്‍ഗ്രസിന്‌ ആവശ്യമുണ്ട്‌. ഉമ്മന്‍ചാണ്ടിക്ക്‌ പിന്നാലെ ആള്‍ക്കുട്ടമുണ്ടെങ്കിലും അത്‌ കരുണാകരനോടൊപ്പമുണ്ടായിരുന്നതുപോലെയല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഹൈക്കമാന്‍ഡിന്‌ രമേശ്‌ ചെന്നിത്തല നല്‍കിയതായി പറയുന്ന കത്തിലും ഹിന്ദുസമൂഹം കോണ്‍ഗ്രസില്‍ നിന്നും അകലുന്നുവെന്നും അത്‌ ബി.ജെ.പിക്ക്‌ നേട്ടമാകുന്നുവെന്നുമാണ്‌ പറയുന്നത്‌. ഇത്തരത്തില്‍ ഒരു കത്ത്‌ നല്‍കിയിട്ടില്ലെന്ന്‌ പറയുന്നതല്ലാതെ കത്തിലെ ഉള്ളടക്കത്തിനെ രമേശ്‌ തള്ളിപ്പറഞ്ഞിട്ടില്ല. ആ ഉള്ളടക്കം തങ്ങളുടെ അഭിപ്രായം തന്നെയാണെന്നാണ്‌ അവര്‍ പറയുന്നത്‌. അത്തരത്തിലുള്ള സാമുദായിക കളംമാറ്റത്തിന്‌ തടയിടാനാണ്‌ പുതിയ നീക്കം. കരുണാകരന്റെ പാരമ്പര്യത്തെക്കുറിച്ച്‌ പരിശോധിക്കുന്നതിന്‌ വേണ്ടി നടത്തിയ ഒരു പരീക്ഷണ തന്ത്രമായിരുന്നു കഴിഞ്ഞദിവസം അവര്‍ പയറ്റിയത്‌. ഇപ്പോഴും കരുണാകരന്റെ രാഷ്‌ട്രീയത്തിന്‌ ഇവിടെ പ്രാധാന്യമുണ്ടെന്ന്‌ അതിലൂടെ മനസിലാക്കാന്‍ കഴിഞ്ഞുവെന്നതാണ്‌ ഐ ഗ്രൂപ്പിന്റെ നിലപാട്‌. എല്ലാവര്‍ക്കും തുല്യനീതിയെന്നതായിരുന്നു കരുണാകരന്റെ ആശയം. അത്‌ യു.ഡി.എഫിന്റെ ഘടനയിലുള്‍പ്പെടെ കരുണാകരന്‍ നടപ്പിലാക്കി. അതിന്‌ ഇപ്പോഴും പ്രാധാന്യമുണ്ടെന്നും അത്‌ ഉയത്തിക്കൊണ്ട്‌ ബി.ജെ.പിയെ നേരിടാമെന്നുമാണ്‌ ഐ ഗ്രൂപ്പിന്റെ നിലപാട്‌.

ഇതോടൊപ്പം കോണ്‍ഗ്രസിന്റെ ആഭ്യന്തര രാഷ്‌ട്രീയത്തിലൂം കരുണാകരന്‍ ഇപ്പോഴും ശക്‌തനാണ്‌. ഇന്നും കോണ്‍ഗ്രസിന്റെ അടിത്തട്ടിലുള്ളവര്‍ കരുണാകരന്റെ അടിയുറച്ച അനുയായികളാണ്‌. രമേശിന്റെ നേതൃത്വത്തില്‍ ഐ ഗ്രൂപ്പ്‌ പുനഃസംഘടിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും കരുണാകര അനുയായികള്‍ക്ക്‌ ഇപ്പോള്‍ ഒരു അനാഥത്വ ചിന്തിയുണ്ട്‌. കരുണാകരന്റെ സ്‌മരണ മുന്നില്‍ നിര്‍ത്തി ഗ്രൂപ്പ്‌ പുനഃസംഘടിപ്പിക്കുമ്പോള്‍ അത്തരക്കാര്‍ക്ക്‌ അത്‌ ഒരു ആത്മവിശ്വാസം പകരുന്നതായിരിക്കും. മാത്രമല്ല, കരുണാകരന്റെ ഓര്‍മ്മകളെപ്പോലും ഭയക്കുന്ന ഒരുവിഭാഗം ഇപ്പോഴും കോണ്‍ഗ്രസിലുണ്ട്‌. അദ്ദേഹത്തെ അധികാരത്തില്‍ നിന്നും പുറത്താക്കിയവര്‍. അവര്‍ക്ക്‌ കരുണാകരചിന്ത ബുദ്ധിമുട്ടുമുണ്ടാക്കും. ഇതൊക്കെ മുന്നില്‍കണ്ടുകൊണ്ടുള്ള നീക്കമായിരിക്കും ഐ ഗ്രൂപ്പിന്റെ ഭാഗത്തുനിന്നുണ്ടാകുക.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top