Last Updated 1 year 6 weeks ago
Ads by Google
23
Sunday
July 2017

വെള്ളാപ്പള്ളിയെ ഒതുക്കി എസ്.എന്‍.ഡി.പിയെ ഒപ്പം നിര്‍ത്താന്‍ സി.പി.എം; പിന്തുണയുമായി കോണ്‍ഗ്രസും

എം.ആര്‍ കൃഷ്ണന്‍

mangalam malayalam online newspaper

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശനെ എസ്.എന്‍.ഡി.പിയില്‍ ഒറ്റപ്പെടുത്താന്‍ സി.പി.എം. തീരുമാനം. ഇടതുമുന്നണിയോട് യോജിക്കുന്നില്ലെന്നിങ്കിലും ഇക്കാര്യത്തില്‍ കോണ്‍ഗ്രസും അനുകൂല നിലപാടായിരിക്കും സ്വീകരിക്കുക. എസ്.എന്‍.ഡി.പിയെ ബി.ജെ.പി പാളയത്തിലെത്തിക്കുന്ന വെള്ളാപ്പള്ളിയുടെ നടപടി ഇരുമുന്നണികളെയും പ്രതികൂലമായി ബാധിക്കുമെന്നുളളതുകൊണ്ടാണ് പരസ്പരം യോജിച്ചുകൊണ്ടല്ലെങ്കിലും സമാനമായ ഒരു തീരുമാനത്തിന് ഇരുപക്ഷവും തയാറായിരിക്കുന്നത്.

വെള്ളാപ്പള്ളി നടേശനുമായി ഇനി ഒരു ഒത്തുതീര്‍പ്പിനും പോകേണ്ടതില്ലെന്നാണ് ഇരുമുന്നണികളുടെയും നിലപാട്. എസ്.എന്‍.ഡി.പിയുടെ രാഷ്ട്രീയരൂപവും പിന്തുണയും പ്രതീക്ഷിച്ചിരുന്ന ഈ മുന്നണികള്‍ക്ക് വെള്ളാപ്പള്ളി നടേശന്റെ നിലപാട് വലിയ തിരിച്ചടിയാണ് നല്‍കിയത്. ഇരുമുന്നണികളെയും മുള്‍മുനയില്‍ നിര്‍ത്തി തങ്ങളുടെ ആവശ്യം നേടിയെടുക്കുകയായിരുന്നു വെള്ളാപ്പള്ളിയുടെ തന്ത്രം. ഈ മുന്നണികളെ മുള്‍മുനയില്‍ നിര്‍ത്തുന്നതുകൊണ്ടും തങ്ങള്‍ക്ക് പിന്തുണ പ്രതീക്ഷിക്കുന്നതുകൊണ്ടും ബി.ജെ.പിയില്‍ നിന്നും പലതും പിടിച്ചെടുക്കാനും വെള്ളാപ്പള്ളിക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ വെള്ളാപ്പള്ളിയെ തുറന്നെതിര്‍ത്ത് എസ്.എന്‍.ഡി.പി യോഗത്തില്‍ അദ്ദേഹത്തെ ഒറ്റപ്പെടുത്താനുളള നീക്കം രണ്ടുമുന്നണികളും തുടങ്ങിയതോടെ ബി.ജെ.പിയും ആശയക്കുഴപ്പത്തിലായിട്ടുണ്ട്.

ഇതിനിടയില്‍ ശിവഗിരി മഠാധിപതി തന്നെ വെള്ളാപ്പള്ളിയുടെ നീക്കങ്ങള്‍ക്കെതിരെ ശക്തമായി രംഗത്തുവന്നതും ഇരുമുന്നണികളുടെയും നീക്കത്തിന് കരുത്ത് പകര്‍ന്നിട്ടുമുണ്ട്. ഇതാണ് കഴിഞ്ഞദിവസങ്ങളില്‍ ചേര്‍ന്ന ബി.ജെ.പി നേതൃയോഗങ്ങളിലും എസ്.എന്‍.ഡി.പിയുമായുള്ള രാഷ്ട്രീയ ബന്ധം സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഉടലെടുക്കാന്‍ കാരണം. മാത്രമല്ല ഇതോടെ വെള്ളാപ്പളളിയും ആശയക്കുഴപ്പത്തിലായിട്ടുണ്ട്. അതുകൊണ്ടാണ് തങ്ങളുടെ രാഷ്ട്രീയ പ്രസ്ഥാനത്തെക്കുറിച്ച് പരസ്പരവിരുദ്ധമായ കാര്യങ്ങള്‍ അദ്ദേഹം പ്രതിദിനം പറയുന്നതെന്നാണ് ഇരുമുന്നണികളുടെയും വിലയിരുത്തല്‍.

വെള്ളാപ്പള്ളിയെ ഒറ്റതിരിച്ച് ശക്തമായി ആക്രമിച്ചുകൊണ്ട് വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിലുള്‍പ്പെടെ എസ്.എന്‍.ഡി.പി പ്രാദേശിക നേതൃത്വങ്ങളുമായി ബാന്ധവംസ്ഥാപിക്കാനാണ് സി.പി.എമ്മിന്റെ തീരുമാനം. പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ തുടങ്ങിവച്ച പ്രത്യാക്രമണം ഇപ്പോള്‍ സി.പി.എമ്മിന്റെ എല്ലാതലത്തിലും ഏറ്റെടുത്തിട്ടുണ്ട്. വെള്ളാപ്പള്ളിക്കെതിരെ വി.എസ് തന്നെ പരസ്യമായി രംഗത്തുവന്നതും സി.പി.എമ്മിന് വലിയ ഗുണമുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ ഇതിനിടയില്‍ ഗുരുവിനെ ക്രൂശിച്ചുവെന്ന രീതിയിലുള്ള നിശ്ചലദൃശ്യം ഉയര്‍ത്തിവിട്ട വിവാദങ്ങള്‍ സി.പി.എമ്മിനെ അല്‍പ്പം പ്രതിരോധത്തിലാക്കിയെങ്കിലും വളരെ തന്ത്രപൂര്‍വ്വം ഖേദം പ്രകടിപ്പിച്ച് സി.പി.എം. അതില്‍ നിന്ന് തലയൂരിക്കഴിഞ്ഞു. എസ്.എന്‍.ഡി.പി യോഗത്തില്‍ തന്നെ നല്ലൊരുവിഭാഗത്തിന് വെള്ളാപ്പള്ളിയുടെ നിലപാടുകളോട് യോജിപ്പില്ല. അത് മുതലാക്കി അദ്ദേഹത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് സി.പി.എമ്മും ഇടതുമുന്നണിയും നടത്തുക. അതുകൊണ്ടുതന്നെ അനുരജ്ഞനമല്ല, ആക്രമണമാണ് അവര്‍ നയമായി സ്വീകരിക്കാന്‍ പോകുന്നത്.

ഇടതുമുന്നണി അത്തരത്തിലൊരു ആക്രമണം അഴിച്ചുവിടുമ്പോള്‍ വെള്ളാപ്പള്ളിയുമായി കൂട്ടുചേര്‍ന്ന് അതിന്റെ നേട്ടം കൊയ്യേണ്ടതില്ലെന്നാണ് യു.ഡി.എഫിന്റെ തീരുമാനം. കടന്നാക്രമണത്തിന് തയാറല്ലെങ്കിലും വെള്ളാപ്പളളിക്ക് വഴങ്ങി അദ്ദേഹത്തിന്റെ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്ക് നേട്ടമുണ്ടാക്കികൊടുക്കുന്ന തരത്തിലുളള പ്രവര്‍ത്തനം മുന്നണിയില്‍ നിന്നുണ്ടാവില്ലെന്ന് യു.ഡി.എഫ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഇതിന്റെ സൂചകമായി കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍ തന്നെ പരോക്ഷവിമര്‍ശനങ്ങളുമായി കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. വെള്ളാപ്പളളിയുമായി ഒരുതരത്തിലുള്ള ഒത്തുതീര്‍പ്പും വേണ്ടെന്നാണ് കെ.പി.സി.സിയുടെ നിലപാട്. വെള്ളാപ്പള്ളിയെ എതിര്‍ക്കുന്നതിനോടൊപ്പം തന്നെ സി.പി.എമ്മിനെ ആക്രമിക്കാന്‍ കിട്ടുന്ന അവസരങ്ങളും കോണ്‍ഗ്രസ് നഷ്ടപ്പെടുത്തില്ല. ഇത് രണ്ടുംസമന്വയിപ്പിച്ചുകൊണ്ട് കഴിയുന്നത്ര നേട്ടംകൊയ്യാനാണ് അവരുടെ നീക്കവും രണ്ടുമുന്നണികളും തഴയുന്ന സ്ഥിതിവരുന്നതോടെ ബി.ജെ.പിയില്‍ നിന്നുള്ള സഹായപ്രതീക്ഷയും വെള്ളാപ്പള്ളിക്ക് നഷ്ടമാകും. ഇതോടെ എസ്എന്‍.ഡി.പിയുടെ തലപ്പത്ത് തുടരുക എന്നതും വെള്ളാപ്പള്ളിക്ക് ദുഷ്‌ക്കരമാകും. ഇത്തരത്തില്‍ യോഗത്തിനുള്ളിലുള്ള എതിര്‍പ്പുകളെക്കൂടി ഉപയോഗിച്ച് വെള്ളാപ്പള്ളിയെ നിഷ്പ്രഭനാക്കി എസ്.എന്‍.ഡി.പിയെ ഒപ്പം നിര്‍ത്താനാണ് ഇടതുമുന്നണിയുടെ നീക്കം.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top