Last Updated 1 year 14 weeks ago
Ads by Google
21
Thursday
September 2017

ഒന്നരക്കോടി രൂപ കാണാനില്ല, ശാരീരികമായി പീഡിപ്പിച്ചു; ശ്രീവിദ്യ മുല്ലപ്പള്ളിയോട് പറഞ്ഞത്

എം.ആര്‍.കൃഷ്ണന്‍

  1. Sreevidya divulged shocking info to Mullappally
Sreevidya divulged shocking info to Mullappally

തിരുവനന്തപുരം: ചലച്ചിത്ര നടി അന്തരിച്ച ശ്രീവിദ്യ കോണ്‍ഗ്രസ് നേതാവായ മുല്ലപ്പള്ളി രാമചന്ദ്രനോട് വെളിപ്പെടുത്തിയത് ഒന്നരക്കോടി രൂപ കണക്കില്‍ കാണാനില്ലെന്ന പരാതി. അതോടൊപ്പം താന്‍ സാമ്പത്തികമായി വഞ്ചിക്കപ്പെട്ടുവെന്നും അവര്‍ അദ്ദേഹത്തോട് വ്യക്തമാക്കിയിട്ടുണ്ട്. മരണത്തിന് തൊട്ടുമുമ്പ് കേന്ദ്ര സഹമന്ത്രിയെന്ന നിലയില്‍ ശ്രീവിദ്യയെ സന്ദര്‍ശിച്ചപ്പോഴാണ് ശ്രീവിദ്യ ഇക്കാര്യങ്ങള്‍ മുല്ലപ്പള്ളി രാമചന്ദ്രനോട് വ്യക്തമാക്കിയത്. കെ.എസ്.എഫ്.ഡി.സി. ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ശ്രീവിദ്യ ചില രഹസ്യങ്ങള്‍ മുല്ലപ്പള്ളിയോട് വെളിപ്പെടുത്തിയിരുന്നതായി വ്യക്തമാക്കിയിരുന്നു.

അസുഖബാധിതയായി ചികിത്സ തുടങ്ങുന്നതിന് തൊട്ടുമുമ്പ് ചെന്നൈയിലെ വീടുവിറ്റ പണമാണ് കണക്കുകളിലില്ലാതെ പോയതെന്നായിരുന്നു ശ്രീവിദ്യയുടെ പരാതിയെന്നാണ് സൂചനകള്‍. ഒന്നരക്കോടി രൂപയ്ക്കാണ് ചെന്നെയിലെ വീട് അവര്‍ വിറ്റത്. അസുഖത്തെത്തുടര്‍ന്ന് അവശയായിതീര്‍ന്ന അവരെ പല രീതിയിലും ആ സമയത്ത് ചിലര്‍ ചൂഷണം ചെയ്തതായും വ്യക്തമാക്കിയിട്ടുണ്ട്. ശാരീരികമായിപോലും പലപ്പോഴും പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്ന് അവര്‍ പരാതി പറഞ്ഞിരുന്നതായാണ് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന.

ശ്രീവിദ്യയുടെ മരണശേഷം അവരുടെ സ്വത്ത് സംബന്ധിച്ച വിവാദങ്ങള്‍ക്ക് ഇതുവരെ ശമനമുണ്ടായിട്ടില്ല. ശ്രീവിദ്യയുടെ വില്‍പ്പത്രം നടപ്പിലാക്കിയില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ അവരുടെ സഹോദരന്‍ ശങ്കരരാമന്‍ രംഗത്തുവന്നതോടെയാണ് കേസ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. അദ്ദേഹം 2012ലും ഈ അടുത്തകാലത്തും ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പരാതി നല്‍കിയിരുന്നു. ആദ്യം മുഖ്യമന്ത്രി പരാതി അവഗണിച്ചുവെങ്കിലും രണ്ടാമത്തെ പരാതി അന്വേഷണത്തിനായി ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. അന്വേഷണം നടക്കുകയാണ്. ഇതിനിയില്‍ ചലച്ചിത്രതാരവും എം.എല്‍.എയുമായ കെ.ബി. ഗണേഷ്‌കുമാറിനെതിരെ മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ലോകായുക്തയില്‍ ഒരു സ്വകാര്യവ്യക്തി നല്‍കിയ കേസും നിലവിലുണ്ട്.
ശ്രീവിദ്യയുടെ വില്‍പ്പത്രത്തിലെ കാര്യങ്ങള്‍ നടപ്പിലാക്കിയിട്ടില്ലെന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്. തന്റെ സ്വത്തുകള്‍ ഉപയോഗിച്ച് മരിച്ചുപോയ അമ്മ എം.എല്‍. വസന്തകുമാരിയുടെ നാമധേയത്തില്‍ ഒരു ട്രസ്റ്റുണ്ടാക്കണമെന്നാണ് പ്രധാനമായും വില്‍പത്രത്തില്‍ പറയുന്നത്. ഈ ട്രസ്റ്റുവഴി നിര്‍ദ്ധനരായ കുട്ടികള്‍ക്ക് നൃത്തം പഠിക്കുന്നതിന് വേണ്ട സ്‌കോളര്‍ഷിപ്പും മറ്റും നല്‍കണമെന്നതായിരുന്നു ശ്രീവിദ്യയുടെ അന്ത്യാഭിലാഷങ്ങളില്‍ ഒന്ന്. കെ.ബി. ഗണേഷ്‌കുമാര്‍ ട്രസ്റ്റിയായും സമൂഹത്തിലെ ഉന്നതരായവര്‍ അംഗങ്ങളായും ട്രസ്റ്റ് രൂപീകരിക്കണമെന്നായിരുന്നു നിര്‍ദ്ദേശം. ഇത്തരത്തില്‍ ഒരു ട്രസ്റ്റ് രൂപീകരിച്ചിട്ടുണ്ടെങ്കിലും സമൂഹത്തിലെ ഉന്നതസ്ഥാനീയര്‍ക്ക് പകരം ഗണേഷ്‌കുമാറിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമാണ് ഇതിലെ അംഗങ്ങള്‍ എന്ന ആരോപണം കോണ്‍ഗ്രസ് ഉയര്‍ത്തുന്നുണ്ട്. ട്രസ്റ്റുണ്ടാക്കിയിട്ടുണ്ടെങ്കിലും അതില്‍ വിഭാവന ചെയ്ത പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്ന പരാതിയുമുണ്ട്.

വില്‍പ്പത്രത്തില്‍ മരണസമയത്ത് ശ്രീവിദ്യയുടെ പക്കല്‍ 580 ഗ്രാം സ്വര്‍ണ്ണവും ഒന്നരക്കിലോ വെള്ളിയും ഒരു സാന്‍ട്രോ കാറുമാണുണ്ടായിരുന്നത്. ഇതിന് പുറമെ തിരുവനന്തപുരത്ത് പി.ടി.പി നഗറില്‍ വീടും ചെന്നൈയില്‍ ഒരു ഫ്‌ളാറ്റും ഉണ്ടായിരുന്നു. സമ്പാദ്യത്തില്‍ നിന്ന് ചെന്നൈയിലുള്ള സഹോദരന്‍ ശങ്കര്‍രാമന്റെ രണ്ടു കുട്ടികളുടെ പഠനത്തിനായി 5 ലക്ഷം രൂപ വീതം പത്തുലക്ഷം നല്‍കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. കൂടാതെ അവസാനകാലത്ത് ഒപ്പമുണ്ടായിരുന്ന രണ്ടുജോലിക്കാര്‍ക്ക് ഒരുലഷം രൂപ വീതം നല്‍കണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ തനിക്ക് നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിരുന്ന പണം ലഭിച്ചില്ലെന്ന പരാതിയുമായാണ് ശങ്കര്‍രാമന്‍ മുഖ്യമന്ത്രിയെ കണ്ടത്.

ശ്രീവിദ്യയുടെ സ്വത്തുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഗണേഷ്‌കുമാറിനെതിരെയുള്ള ശക്തമായ ആയുധമായി ഉപയോഗിക്കാനുളള നീക്കത്തിലാണ്‌കോണ്‍ഗ്രസ്. യു.ഡി.എഫില്‍ നിന്നു വിട്ടുപോയ പിള്ള വിഭാഗത്തിനെ പ്രതിരോധത്തിലാക്കാന്‍ ബാലകൃഷ്ണപിള്ളയ്‌ക്കെതിരെ നിരത്താന്‍ ആരോപണങ്ങള്‍ പക്കലുണ്ടെങ്കിലും ഗണേഷ്‌കുമാറിനെ പ്രതിരോധത്തിലാക്കാനുളള ഒന്നും നിലവില്‍ യു.ഡി.എഫിന്റെയോ കോണ്‍ഗ്രസിന്റെയോ പക്കലില്ല. ഈ സാഹചര്യത്തില്‍ ശ്രീവിദ്യയുടെ വില്‍പ്പത്ര ആയുധമാക്കി അദ്ദേഹത്തെ പ്രതിരോധത്തിലാക്കാനാണ് നീക്കം.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top