Last Updated 1 year 14 weeks ago
Ads by Google
21
Thursday
September 2017

മദ്യനയം: മയക്കുമരുന്നു വ്യാപകമാകും; വ്യാജമദ്യം സമാന്തര സമ്പദ്ഘടന സൃഷ്ടിക്കും; തടയാന്‍ സൗകര്യങ്ങളില്ല

എം.ആര്‍. കൃഷ്ണന്‍

  1. Bar case
mangalam malayalam online newspaper

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളില്ലാതാകുന്നതോടെ മയക്കുമരുന്നുകളും വ്യാജമദ്യവും വ്യാപകമാകുമെന്ന് എക്‌സൈസ് വകുപ്പിന്റെ മുന്നറിയിപ്പ്. സര്‍ക്കാരിന്റെ മദ്യനയത്തിന് ഹൈക്കോടതി അംഗീകാരം നല്‍കിയെങ്കിലും അത് നടപ്പാക്കാന്‍ കഴിയുമോയെന്ന ആശങ്കയിലാണ് സര്‍ക്കാരും വകുപ്പും. ആരാണ് ഇത് നടപ്പാക്കേണ്ടത് എന്നതിനെചൊല്ലി എക്‌സൈസ്, ആഭ്യന്തരവകുപ്പുകള്‍ തമ്മില്‍ തര്‍ക്കവും തുടങ്ങിയിട്ടുണ്ട്. സര്‍ക്കാരിന്റെ മദ്യനയത്തെ കോടതി അംഗീകരിക്കുകയല്ല, വിവാദങ്ങളും വിമര്‍ശനങ്ങളും ഭയന്ന് ഇതില്‍ ഇടപെടാതിരിക്കുകയായിരുന്നുവെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ടുതന്നെ ബാറുടമകള്‍ സുപ്രീംകോടതിയെ സമീപിച്ചാല്‍ ഈ വിധിക്ക് മാറ്റമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

മദ്യവിമുക്ത കേരളം എന്ന സദ്ദുദ്ദേശത്തോടെയാണ് സംസ്ഥാനസര്‍ക്കാര്‍ മദ്യനയം കൊണ്ടുവന്നത്. ഇതിലൂടെ സംസ്ഥാനത്ത് ഇന്നുമുതല്‍ പഞ്ചനക്ഷത്ര ബാറുകള്‍ മാത്രമേയുണ്ടാകുകയുള്ളു.എന്നാല്‍ ഈ നല്ല ഉദ്ദേശം നടപ്പാക്കാനുള്ള സംവിധാനം നിലവില്‍ സര്‍ക്കാരിന്റെ പക്കലില്ലെന്നതാണ് എക്‌സൈസ് വകുപ്പ് പറയുന്നത്. ബാറുകള്‍ തുറക്കാതാകുന്നതോടെ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങള്‍ തടയുന്നതിന് വേണ്ട അടിസ്ഥാനസൗകര്യങ്ങള്‍ വകുപ്പിന് നിലവിലില്ലെന്നാണ് അവര്‍ പറയുന്നത്.

സംസ്ഥാനത്ത് മദ്യത്തിന്റെ ലഭ്യത കുറയുന്നതോടെ മറ്റ് മയക്കുമരുന്നുകളുടെ ഉപയോഗം വര്‍ധിക്കുമെന്ന് എക്‌സൈസ് വകുപ്പ് വ്യക്തമാക്കുന്നുണ്ട്. പുതിയ മദ്യനയം പ്രഖ്യാപിച്ചശേഷം സംസ്ഥാനത്ത് നടന്ന മയക്കുമരുന്ന് വേട്ടകളില്‍ 6 ശതമാനം വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. ഇത് അതിഭീകരമായ സ്ഥിതിവിശേഷമാണ് സൃഷ്ടിക്കുക. മദ്യത്തിനെപ്പോലെ മയക്കുമരുന്ന് കണ്ടെത്തുകയും പിടികൂടുകയും അത്ര എളുപ്പവുമല്ല. എറണാകുളം പോലെ വളരുന്ന ജില്ലകളില്‍ ഇപ്പോള്‍ തന്നെ മയക്കുമരുന്നുകളും രാപ്പാര്‍ട്ടികളും വ്യാപകമായിട്ടുണ്ട്. വന്‍തോക്കുകളാണ് ഇതിന്റെ പിന്നിലെന്നതുകൊണ്ട് അവയൊന്നും ഫലപ്രദമായി തടയാനുംകഴിയില്ല. മദ്യത്തിന് അടിമപ്പെട്ടവര്‍ ഒരിക്കലും അതില്‍ നിന്ന് പിന്തിരിയുന്ന പ്രശ്‌നമുണ്ടാവില്ല. ഇത് വ്യാജമദ്യം വര്‍ധിപ്പിക്കുന്നതിനോടൊപ്പം വിവിധതരത്തിലുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം കൂട്ടുകയും ചെയ്യും. ലഹരി നല്‍കുന്ന ചില പശകള്‍ ഇപ്പോള്‍ തന്നെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വ്യാപകമാകുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, മദ്യത്തിന് ശക്തമായ വിലക്കുള്ള സൗദി അറേബ്യപോലുള്ള രാജ്യങ്ങളില്‍ അല്‍പ്പം ലഹരിക്ക് വേണ്ടി സാധാരണക്കാര്‍ ആഫ്റ്റര്‍ ഷേവ് ലോഷനുകള്‍ വരെ ഉപയോഗിക്കുന്ന ശീലം ഇവിടെയൂം വ്യാപകമാകുമെന്നും ബന്ധപ്പെട്ടവര്‍ സൂചന നല്‍കുന്നു.

ബാറുകള്‍ ഇല്ലാതാകുന്നതോടെ സര്‍ക്കാരിന്റെ കണക്കില്‍ മദ്യത്തിന്റെ ഉപഭോഗം കുറയുമെങ്കിലും വ്യാജമദ്യം വ്യാപകമാകുമെന്നതില്‍ അധികാരികള്‍ക്ക് തര്‍ക്കമില്ല. ഇത് വന്‍ വിപത്തിന് വഴിവയ്ക്കാനുള്ള സാധ്യത വകുപ്പ് അധികൃതര്‍ തള്ളിക്കളയുന്നില്ല. ഇത് ഫലപ്രദമായി നേരിടുന്നതിന് നിലവില്‍ സര്‍ക്കാരിന്റെ പക്കല്‍ വേണ്ട സംവിധാനമില്ല. എക്‌സൈസ് വകുപ്പിന് വേണ്ടത്ര സ്റ്റാഫുകളും വാഹനങ്ങളും മറ്റു സൗകര്യങ്ങളും ഇതുവരെ ലഭ്യമാക്കിയിട്ടില്ല. നേരത്തെ മദ്യനയം പ്രഖ്യാപിച്ചപ്പോള്‍ എക്‌സൈസ് വകുപ്പ് ശക്തിപ്പെടുത്താനായി ചില നടപടികള്‍ സ്വീകരിക്കുമെന്നും കൂടുതല്‍ സ്റ്റാഫുകളെ നിയമിക്കുമെന്നും പറഞ്ഞിട്ടും അത് നടന്നിരുന്നില്ല. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ മുക്കിനും മൂലയ്ക്കും വ്യാജവാറ്റ് പെരുകും. അതുപോലെ സ്പിരിറ്റ് ഒഴുക്കും ശക്തമാകും. പുതിയ മദ്യനയത്തിലൂടെ സംസ്ഥാനഖജനാവിന് പ്രതിവര്‍ഷം 1100ല്‍ പരം കോടിരൂപയുടെ നഷ്ടമാണുണ്ടാകുന്നത്. സംസ്ഥാനത്തിന് ഇത്രയൂം നഷ്ടമുണ്ടാകുമ്പോള്‍ ഇവിടെ ഒരു സമാന്തര സമ്പദ്ഘടന ഉണ്ടാകുമെന്ന് ധനവകുപ്പും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന്റെ ഖജനാവിലേക്ക് വരേണ്ട പണം മറ്റുചിലരുടെ കീശയിലലേക്കായിരിക്കും പോകുക. വ്യാജമദ്യത്തിന്റെ ഒഴുക്ക് തടയേണ്ടത് ഏത് വകുപ്പാണെന്ന കാര്യത്തില്‍ തര്‍ക്കവും രൂക്ഷമായിട്ടുണ്ട്. ആഭ്യന്തരവകുപ്പ് തങ്ങളാണെന്നും എക്‌സൈസ് വകുപ്പ് ഇത് തങ്ങളുടെ ചുമതലയാണെന്നുമാണെന്ന നിലപാടിലാണ്. യഥാര്‍ത്ഥത്തില്‍ എക്‌സൈസ് വകുപ്പാണ് ഇതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടത് എന്നതാണ് വസ്തുത. ക്രമസമാധാനപ്രശ്‌നമായി വളരുമ്പോള്‍ മാത്രമേ ആഭ്യന്തരവകുപ്പിന് ഇടപെടാന്‍ കഴിയുകയുള്ളു. എന്തായാലും വ്യാജമദ്യറെയ്ഡിനും മറ്റുമുള്ള അധികാരം ആഭ്യന്തരവകുപ്പിന് വിട്ടുകൊടുക്കുന്ന പ്രശ്‌നമില്ലെന്ന നിലപാടിലാണ് വകുപ്പ് മന്ത്രിയും.

തര്‍ക്കവും സംശയങ്ങളും തുടരുന്നതിനിടയില്‍ ബാറുടമകള്‍ സുപ്രീം കോടതിയില അപ്പീലുമായിപോകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.രാംജത് മലാനിയെപ്പോലെയുള്ള ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ വക്കീലന്മാരായിരിക്കും അവര്‍ക്ക് വേണ്ടി അവിടെ ഹാജരാകുക. സര്‍ക്കാരിന്റെ നയത്തില്‍ ഇടപെടുന്നില്ലെന്ന ഈ വിധി സുപ്രീംകോടതിയില്‍ നിലനില്‍ക്കില്ലെന്നാണ് നിയമകേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. നേരത്തെ ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഈ നയത്തെ അസാധുവാക്കിക്കൊണ്ടാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അതിന്മേലുള്ള അപ്പീലിലാണ് ഡിവിഷന്‍ ബഞ്ച് നയത്തില്‍ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയത്. എന്നാല്‍ ഒരു നയരൂപീകരണത്തിനുള്ള നടപടിക്രമങ്ങള്‍ പാലിച്ചല്ല സര്‍ക്കാര്‍ നയമുണ്ടാക്കിയതെന്നാണ് നിയമവൃത്തങ്ങള്‍ അഭിപ്രായപ്പെടുന്നത്. സുപ്രീംകോടതി നേരത്തെ പുറപ്പെടുവിച്ച വിധിയില്‍ തന്നെ ഏകാംഗകമ്മിഷന്റെ റിപ്പോര്‍ട്ടുകൂടി പരിശോധിച്ച് നയമുണ്ടാക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഇവിടെ അതൊന്നും പാലിക്കാതെ രാഷ്ട്രീയതര്‍ക്ക പരിഹാരത്തിന് വേണ്ടി നയമുണ്ടാക്കുകയായിരുന്നു. അതുകൊണ്ടുതന്നെ സുപ്രീംകോടതി ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ വിധി നിലനിര്‍ത്താനുള്ള സാധ്യത കുറവാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top