Last Updated 1 year 14 weeks ago
Ads by Google
21
Thursday
September 2017

സ്വപ്‌നത്തിലെ ആപ്പിള്‍

എ.ആര്‍.

  1. Apple Inc
  2. Steve Jobs
Steve Jobs, Apple Inc

സ്വയം തെളിച്ച പാതയിലൂടെ വ്യവസായരംഗത്ത്‌ വിജയംവരിച്ച ചിലര്‍. ലോകത്തിനു മാതൃകയായ അവരുടെ കഥയാണ്‌ വിജയവഴിയില്‍ പറയുന്നത്‌. ഈ ലക്കം 'ആപ്പിള്‍' കമ്പനി സാരഥിയായിരുന്ന സ്‌റ്റീവ്‌ ജോബ്‌സിന്റെ വിജയവഴി.

കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍, വിനോദ ഉപകരണങ്ങള്‍ എന്നിവയുടെ ലോകം മാറ്റിമറിച്ച കമ്പനിയാണ്‌ 'ആപ്പിള്‍'. കമ്പനിയുടെ സഹസ്‌ഥാപകനും സി.ഇ.ഒയുമായിരുന്ന സ്‌റ്റീവ്‌ ജോബ്‌സിന്റെ ബുദ്ധിയും ഭാവനയുമായിരുന്നു 'ആപ്പിള്‍' കമ്പനിയുടെ വിജയത്തിനു പിന്നില്‍. അര്‍ബുദത്തെത്തുടര്‍ന്ന്‌ 2011ല്‍ അന്‍പത്തിആറാം വയസില്‍ അന്തരിച്ചെങ്കിലും അദ്ദേഹത്തിന്റെ ചിന്തകളും നിരീക്ഷണങ്ങളും ലോകമെമ്പാടുമുള്ള സാങ്കേതിക വിദഗ്‌ധര്‍ക്കും ബിസിനസ്‌ സംരംഭകര്‍ക്കും പാഠമാണ്‌.

സിറിയന്‍ സ്വദേശി അബ്‌ദുള്‍ഫത്താഹ്‌ ജന്‍ഡാലിന്റെയും ജോആന്‍ സിംപ്‌സണിന്റേയും മകനായി സാന്‍ഫ്രാന്‍സിസ്‌കോയില്‍ 1955 ഫെബ്രുവരി 24നായിരുന്നു സ്‌റ്റീവ്‌ ജോബ്‌സിന്റെ ജനനം. ബിരുദവിദ്യാര്‍ഥി ആയിരിക്കെയാണ്‌ ജോബ്‌സിന്റെ അമ്മ ജോആന്‍ ഗര്‍ഭിണി ആകുന്നത്‌. കുഞ്ഞിനെ വളര്‍ത്താന്‍ സാമ്പത്തിക പ്രയാസമനുഭവിച്ചിരുന്ന അവര്‍ സ്‌റ്റീവിനെ മക്കളില്ലാതിരുന്ന കാലിഫോര്‍ണിയക്കാരായ പോള്‍ ജോബ്‌സ്-ക്ലാരാ ദമ്പതികള്‍ക്കു ദത്തുനല്‌കി. കോളേജിലയച്ച്‌ പഠിപ്പിക്കണം എന്ന വ്യവസ്‌ഥയിലാണ്‌ സ്‌റ്റീവിനെ കൈമാറിയത്‌.

സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം പോര്‍ട്ട്‌ലന്‍ഡിലെ റീഡ്‌ കോളേജില്‍ സ്‌റ്റീവ്‌ ബിരുദപഠനത്തിന്‌ ചേര്‍ന്നെങ്കിലും ചെലവിന്‌ പണമില്ലാഞ്ഞതിനാല്‍ പൂര്‍ത്തിയാക്കിയില്ല. ഉറങ്ങാനിടമില്ലാഞ്ഞതിനാല്‍ കൂട്ടുകാരുടെ മുറിയില്‍ അന്തിയുറങ്ങുകയും ദിവസച്ചെലവിനായി കാലിക്കുപ്പികള്‍ ശേഖരിച്ച്‌ വില്‍ക്കുകയും ചെയ്‌ത ഒരു കാലം അദ്ദേഹത്തിനുണ്ട്‌.

ബാല്യകാല സുഹൃത്തായ സ്‌റ്റീവ്‌ വോസ്‌നിയാക്ക്‌, മൈക്ക്‌ മെര്‍ക്കുല എന്നി കൂട്ടുകാര്‍ക്കൊപ്പം 1976ല്‍ വീടിന്റെ ഗാരേജില്‍ ആപ്പിള്‍ കമ്പനി തുടങ്ങുമ്പോള്‍ സ്‌റ്റീവിന്‌ ഇരുപത്‌ വയസ്സായിരുന്നു പ്രായം. സ്‌റ്റീവ്‌ മരിക്കുമ്പോള്‍ 35,000 കോടി ഡോളറായിരുന്നു ആപ്പിളിന്റെ വിപണിമൂല്യം. അദ്ദേഹത്തിന്റെ സ്വന്തം ആസ്‌തി 70 ലക്ഷം ഡോളറായിരുന്നു. അമേരിക്കയിലെ സമ്പന്നരില്‍ 42-ാം സ്‌ഥാനമായിരുന്നു സ്‌റ്റീവ്‌ ജോബ്‌സിന്‌. ലോകത്തിലെ ഏറ്റവും മികച്ച സ്‌ഥാപന മേധാവിയായി ഗൂഗിള്‍ അദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നു.

1985ല്‍ അധികാര വടംവലിയെത്തുടര്‍ന്ന്‌ കമ്പനിയില്‍ നിന്ന്‌ പുറത്തായെങ്കിലും നിരാശനാവാതെ സ്‌റ്റീവ്‌ സ്വന്തം വഴിയിലൂടെ യാത്ര തുടര്‍ന്നു. അക്കാലത്താണ്‌ അദ്ദേഹം നെക്‌സ്റ്റ്‌, പിക്‌സാര്‍ എന്നീ കമ്പനികള്‍ സ്‌ഥാപിച്ചത്‌. 'സ്‌റ്റാര്‍വാര്‍സ്‌' സിനിമയുടെ സംവിധായകന്‍ ജോര്‍ജ്‌ ലൂക്കാസിന്റെ പക്കല്‍നിന്ന്‌ വാങ്ങിയ 'ഗ്രാഫിക്‌സ് ഗ്രൂപ്പി'ന്റെ പേരുമാറ്റിയുണ്ടാക്കിയ പിക്‌സാറിനെ പിന്നീട്‌ വാള്‍ട്ട്‌ ഡിസ്‌നി കമ്പനി ഏറ്റെടുത്തു. അങ്ങനെ സ്‌റ്റീവ്‌ ജോബ്‌സ് വാള്‍ട്ട്‌ ഡിസ്‌നിയിലെ ഏറ്റവും വലിയ ഓഹരിയുടമയായി.

1996ല്‍ നെക്‌സ്റ്റിനെ ആപ്പിള്‍ സ്വന്തമാക്കിയതോടെ അദ്ദേഹം ആപ്പിളില്‍ തിരിച്ചെത്തി. തകര്‍ച്ചയുടെ നിഴലിലായിരുന്ന ആപ്പിളിന്‌ സ്‌റ്റീവിന്റെ തിരിച്ചുവരവ്‌ പുത്തന്‍ ഉണര്‍വായി. തുടര്‍ന്നുള്ള വര്‍ഷങ്ങള്‍ കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ രംഗത്തെ വിപ്ലവകരമായ മാറ്റങ്ങളുടെ കാലമായിരുന്നു. സാങ്കേതികവിദ്യയുടെ പുതിയ ലോകം തുറന്ന്‌ ഐപോഡും ഐപാഡും ഐഫോണും പുറത്തിറങ്ങിയത്‌ ഇക്കാലത്താണ്‌.

ആപ്പിളിന്റെ വളര്‍ച്ചയുമായി ബന്ധപ്പെട്ട്‌ തന്റെ നേട്ടത്തെക്കുറിച്ച്‌ സ്‌റ്റീവ്‌ പറഞ്ഞിട്ടുള്ളത്‌ ഇങ്ങനെയാണ്‌: ''വെറും 23 വയസ്സുള്ളപ്പോള്‍ എന്റെ സമ്പാദ്യം പത്തുലക്ഷം ഡോളറായിരുന്നു. 24-ാം വയസ്സില്‍ അത്‌ ഒരു കോടി ഡോളറിലേറെയായി. 25 വയസായപ്പോള്‍ സമ്പാദ്യം പത്തു കോടി ഡോളറിനു മുകളിലെത്തി. പക്ഷേ, അതായിരുന്നില്ല എനിക്കു പ്രധാനം. കാരണം പണത്തിന്‌ വേണ്ടിയുള്ള പ്രവര്‍ത്തനമായിരുന്നില്ല എന്റേത്‌. സ്വപ്‌നങ്ങള്‍ സാക്ഷാത്‌കരിക്കാനുള്ള ശ്രമങ്ങള്‍ മാത്രമായിരുന്നു''

ഒരു പുതിയ കണ്ടെത്തലും ആപ്പിള്‍ നടത്തിയിട്ടില്ലെന്നാണ്‌ സ്‌റ്റീവ്‌ പറഞ്ഞിട്ടുള്ളത്‌. ലഭ്യമായ സാങ്കേതികവിദ്യകള്‍ സമന്വയിപ്പിച്ച്‌ പുതിയ ഉപകരണങ്ങള്‍ ആവിഷ്‌കരിക്കുകമാത്രമാണ്‌ 'ആപ്പിള്‍' ചെയ്‌തിട്ടുള്ളത്‌. ഉപഭോക്‌താക്കള്‍ അന്നുവരെ ചിന്തിച്ചിട്ടില്ലാത്ത പുതിയ ഉപകരണങ്ങളാണ്‌ കമ്പനി പുറത്തിറക്കിയത്‌. ജീവിതാനുഭവങ്ങളും പുതുമ സൃഷ്‌ടിക്കാനുള്ള അടങ്ങാത്ത അഭിനിവേശവുമാണ്‌ സ്‌റ്റീവിനെ അതിന്‌ പ്രാപ്‌തനാക്കിയത്‌.

സ്‌റ്റീവ്‌, നവസംരംഭകര്‍ക്ക്‌ നല്‍കുന്ന ഉപദേശം ഇതാണ്‌

''ആദ്യം കിട്ടുന്ന എന്തു ജോലിയും സ്വീകരിക്കുക. എന്നിട്ട്‌ നിങ്ങള്‍ക്ക്‌ അഭിനിവേശം തോന്നുന്ന തൊഴില്‍ സംരംഭം എന്താണെന്നു കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുക. ജീവിത പങ്കാളിയെ കണ്ടെത്തുംപോലെയാണത്‌, തുടര്‍ന്നുള്ള ജീവിതത്തിലെ ഏറിയ പങ്കും നിങ്ങള്‍ അതിനുവേണ്ടി ചെലവഴിക്കാന്‍ പോകുകയാണെന്ന്‌ ഓര്‍മവേണം.

മഹത്തായ ഒരു കാര്യമാണ്‌ എന്ന്‌ നാം കരുതുന്നതെന്താണോ അതു ചെയ്യുക. കാരണം, ഒരു പുതു സംരംഭവുമായി മുന്നോട്ടുള്ള സഞ്ചാരത്തില്‍ ഉണ്ടാവുന്ന പ്രതിബന്ധങ്ങളെ നേരിടണമെങ്കില്‍ നിങ്ങള്‍ക്ക്‌ അതിനോട്‌ അത്രമേല്‍ അഭിനിവേശമുണ്ടായിരിക്കണം. ''

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top