Last Updated 1 year 15 weeks ago
Ads by Google
23
Saturday
September 2017

തേനും വയമ്പും...

  1. Earth Warriors
Honey making, Sibi Augustin

ജനിച്ചു വീഴുന്ന കുഞ്ഞുങ്ങള്‍ക്ക്‌ നാവില്‍ കിട്ടുന്ന ആദ്യ സ്വാദ്‌ തേനിലരച്ച സ്വര്‍ണ്ണത്തിന്റേതാണ്‌. ആദ്യമായി നാവിലെത്തുന്ന രുചിയാണത്‌. സ്വര്‍ണ്ണനിറമുള്ള ഈ പാനീയത്തിന്റെ ഔഷധഗുണങ്ങള്‍ പറഞ്ഞാല്‍ തീരില്ല. തേനീച്ചക്കൃഷി ജീവിതത്തിന്റെ ഭാഗമാക്കിയ പൊന്‍കുന്നം തമ്പലക്കാട്‌ പാറയ്‌ക്കലിലെ സിബി അഗസ്‌റ്റിന്‍ ഈ കൃഷിയിലൂടെ കൈ നിറയെ പണം സമ്പാദിക്കുന്നു.

ഇടയ്‌ക്ക്‌ ശ്രദ്ധിക്കണമെന്നല്ലാതെ തേനീച്ചകൃഷിയില്‍ മറ്റൊന്നും വേണ്ടെന്നാണ്‌ സിബി സ്വാനുഭവത്തില്‍ പറയുന്നത്‌. റബര്‍ ബോര്‍ഡിന്റെ അംഗീകൃത കര്‍ഷകനായ സിബി 35 വര്‍ഷമായി തേനീച്ച വളര്‍ത്തലുമായി രംഗത്തുണ്ട്‌.

ആദ്യ രുചിയോടുള്ള സ്‌നേഹം

എല്ലാവര്‍ക്കും തേനും വയമ്പും നാവിലരച്ചു തരാറുണ്ട്‌. എനിക്കുമത്‌ കിട്ടിയിരുന്നു. അന്നു മുതല്‍ ആ സ്വാദിനോട്‌ ഒരു വല്ലാത്ത ഇഷ്‌ടം തോന്നി. ചെറുപ്പത്തില്‍ ഞങ്ങളുടെ നാട്ടില്‍ ആകെ തേനീച്ച കൃഷിയുണ്ടായിരുന്നത്‌ ഈച്ചത്തൊമ്മന്‍ എന്ന ആള്‍ക്കു മാത്രമാണ്‌. അയാളുടെ വീട്ടില്‍ പോയി തേനീച്ചകളെ ഞാന്‍ കാണുമായിരുന്നു. അന്നേ റാണിയീച്ചയേയും മറ്റ്‌ ഈച്ചകളെയുമൊക്കെ ഞാന്‍ കൃത്യമായി മനസ്സിലാക്കി.

വീട്ടില്‍ അച്‌ഛന്‍ കൃഷി തുടങ്ങിയപ്പോള്‍ റാണിയീച്ചയുടെ ചിറകുമുറിക്കാന്‍ ചേട്ടന്മാരും കൂടുമായിരുന്നു. അതു കഴിഞ്ഞാല്‍ അവര്‍ പിന്നെ ഒന്നും ശ്രദ്ധിക്കില്ല. പക്ഷേ ഞാന്‍ അതിന്‍െറ പിന്നീടുള്ള ഓരോ ചലനവും ശ്രദ്ധിക്കും.

തേനീച്ചക്കൃഷി തുടങ്ങണമെന്ന ആഗ്രഹം വളരെ ചെറുപ്പത്തില്‍ തന്നെയുണ്ടായി.

ആദ്യപടി

കൃഷി തുടങ്ങുന്നതിനു മുന്‍പ്‌ തേനീച്ചക്കൃഷി ചെയ്‌ത്‌ പരിശീലനം തേടിയവരോട്‌ സംസാരിച്ചു. അവര്‍ പറഞ്ഞതനുസരിച്ച്‌ ചെറിയ രീതിയില്‍ തുടങ്ങി. ഓരോ പ്രാവശ്യം ചെയ്യുമ്പോഴും പലതും പഠിച്ചു, അതിനോടുള്ള ഇഷ്‌ടം കൂടിക്കൂടി വന്നു. തേനീച്ചക്കൃഷിയുടെ പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി. ഇക്കണോമിക്‌സില്‍ ബിരുദാനന്തര ബിരുദമെടുക്കുമ്പോഴും എന്റെ സ്വപ്‌നം തേനീച്ചക്കൃഷി തന്നെയായിരുന്നു. ഓ രോ തവണയും എനിക്കു കിട്ടുന്ന തേനിന്റെ അളവ്‌ കൂടിക്കൂടി വന്നതോടെ സഹായിക്കാന്‍ ഭാര്യ മിനിയും കൂടി.

മുഴുവന്‍ സമയമൊന്നും ഞാനതിനു വേണ്ടി നീക്കിവച്ചില്ല. ഇടയ്‌ക്കിടയ്‌ക്ക്‌ പോയി നോക്കും. അത്ര മാത്രം. ഇപ്പോള്‍ എന്റെ തേനീച്ചകള്‍ക്ക്‌ എന്നെ കൃത്യമായി മനസ്സിലാകും. കൂടു തുറക്കുന്നത്‌ ഉടമസ്‌ഥനരാണെന്ന്‌ തിരിച്ചറിഞ്ഞാല്‍ അത്‌ ഉപദ്രവിക്കില്ല.

തേനീച്ചക്കൃഷിയിലെ ആദ്യപാഠം

പത്തു ദിവസങ്ങള്‍ക്കുള്ളില്‍ റാണിയീച്ച വളരും. ആറു ഫ്രെയിമുകളുള്ള കൂട്ടിലെ താഴത്തെ അറയെ പുഴുവറയും, മുകളിലുള്ളവ സൂപ്പറുമാണ്‌. റാണിക്ക്‌ മൂന്നു വര്‍ഷവും സാധാരണ ഈച്ചയ്‌ക്ക്‌ മൂന്നു മാസവുമാണ്‌ ആയുസ്സ്‌. ഒരു പ്രാവശ്യം മാത്രം ഇണചേരുന്ന തേനീച്ചയില്‍ റാണിയാണ്‌ മുട്ടയിടുക. മുട്ടയും ബീജങ്ങളുമെല്ലാം താഴെ അറിയിലാണ്‌. തേന്‍ മുകളിലത്തെ അറയിലും.

ആഴ്‌ചയില്‍ ഏഴു കിലോ തേന്‍ ലഭിക്കും. വലിയതേന്‍ ആഴ്‌ചയിലെടുക്കാം. വര്‍ഷത്തില്‍ ഒരു പ്രാവശ്യമേ ചെറുതേന്‍ എടുക്കാറുള്ളു. ചെറുതേനിന്റെ കൂട്‌ ആഴ്‌ചയിലൊരിക്കല്‍ തുറന്നില്ലെങ്കില്‍ തേനീച്ച തന്നെ സീല്‍ ചെയ്യും. ഇത്‌ കത്തികൊണ്ട്‌ മാറ്റിയ ശേഷമേ കൂട്‌ തുറക്കാനാവൂ. തേനെടുക്കുന്ന സമയത്ത്‌ ഊതിയാണ്‌ ഒരു പരിധി വരെയുള്ള ഈച്ചകളെ ഫ്രെയിമില്‍ നിന്ന്‌ മാറ്റുന്നത്‌.

പെരുന്തേനീച്ച കുത്തിയാല്‍ നീരുവയ്‌ക്കും. ചിലര്‍ക്ക്‌ ദേഹം ചൊറിഞ്ഞു തടിക്കും. അതുകൊണ്ട്‌ വളരെ ശ്രദ്ധയോടെ വേണം തേനെടുക്കാന്‍. ഫെബ്രുവരിയിലാണ്‌ ഏറ്റവുമധികം തേന്‍ കിട്ടുന്നത്‌. മാര്‍ച്ചില്‍ അടുത്ത കൃഷി തുടങ്ങും. മാര്‍ച്ച്‌ മുതല്‍ സെപ്‌റ്റംബര്‍ വരെ മഴയായതുകൊണ്ട്‌ തേന്‍ കുറയും. ഡിസംബര്‍ വരെയുള്ള കാലത്ത്‌ മുട്ടയിടലും കൂടുപിരിയലും നടക്കും. ആ സമയത്ത്‌ തേനെടുത്തു തുടങ്ങാം. ജനുവരി- മാര്‍ച്ച്‌ മാസങ്ങളിലാണ്‌ ഏറ്റവുമധികം തേന്‍ ലഭിക്കുന്നത്‌.

ബിസിനസ്സും ലാഭം

തേനും തേനീച്ചയടങ്ങിയ കൂടുമൊക്കെ വില്‍ക്കുന്നുണ്ട്‌. അരലക്ഷത്തിലേറെ ഈച്ചകള്‍ വരുന്ന ഒരു പെട്ടി 1200 രൂപയ്‌ക്കാണ്‌ വില്‍ക്കുന്നത്‌. ഈ കൂട്‌ രണ്ടാക്കി വളര്‍ത്തിത്തുടങ്ങാം. വര്‍ഷത്തില്‍ ഒരു പ്രാവശ്യം എടുത്താലും ഒരു കൂട്ടില്‍ നിന്ന്‌ ഒരു കിലോ തേന്‍ കിട്ടും.

കുട്ടികള്‍ക്ക്‌ ഓര്‍മ്മശക്‌തി വളരാനും ആരോഗ്യത്തിനുമൊക്കെ തേന്‍ വളരെ നല്ലതാണ്‌. നന്നായി കൊണ്ടുപോയാല്‍ നല്ല ലാഭം നേടാം. തേന്‍മെഴുക്‌ ഉരുക്കിയെടു ത്താല്‍ കിലോയ്‌ക്ക്‌ 500 രൂപയോളം കിട്ടും. തേനിലിട്ട്‌ വെയിലത്തുണക്കിയ നെല്ലിക്കയും, ഇഞ്ചിയും, വെളുത്തുള്ളിയും, പഴങ്ങളുമൊക്കെ ആരോഗ്യത്തിന്‌ നല്ലതുമാണ്‌, വന്‍ ഡിമാന്റുമാണ്‌. റോയല്‍ജെല്ലി, ബീ- വെനം, മെഴുക്‌, പൂമ്പൊടി, പ്രോ-പോളിഷ്‌ എന്നിവയും വില്‍ക്കാവുന്നതാണ്‌.

തേനീച്ചവളര്‍ത്തലിന്‌ പലയിടത്തു നിന്നും വായ്‌പ ലഭിക്കും. ഖാദി ബോര്‍ഡും റബര്‍ബോര്‍ഡും സഹായിക്കും. അങ്ങനെ എല്ലാവിധത്തിലും ആദായകരമാകുന്ന ഒരു കൃഷിയാണിത്‌.

തേടിയെത്തുന്നവര്‍ക്കായി

ചെറുതേന്‍ സംസ്‌കരിക്കാന്‍ കഴിയുന്ന ഡാമര്‍ ഹണി എക്‌സ്‌ട്രാക്‌ടര്‍ ഞാന്‍ കണ്ടെത്തിയ ഉപകരണാണ്‌. 2500 രൂപയ്‌ക്ക്‌ ഞാനിത്‌ വില്‍ക്കുന്നുണ്ട്‌. ആവശ്യപ്പെട്ടെത്തുന്നവര്‍ക്ക്‌ ഇതിനെക്കുറിച്ചുള്ളക്ല ാസുകളും കൊടുക്കും.
എനിക്കറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞു കൊടുക്കാനും അതുവഴി കൂടുതല്‍ ആളുകള്‍ ഈ ബിസിനസ്സിലേക്ക്‌ വരണമെന്നതും ഒരു വലിയ ആഗ്രഹമാണ്‌. ഇപ്പോള്‍ മിനിയ്‌ക്കൊപ്പം മക്കള്‍ ആല്‍വിയും ആല്‍ഫിയും തേനീച്ചക്കൃഷിയില്‍ എന്നെ സഹായിക്കാറുണ്ട്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top