Last Updated 1 year 15 weeks ago
Ads by Google
23
Saturday
September 2017

നിങ്ങള്‍ ഒരു മദ്യപാനിയാണോ എങ്കില്‍ ഈ മാനസീക പ്രശ്‌നങ്ങള്‍ ഉണ്ടാകും തീര്‍ച്ച

mangalam malayalam online newspaper

മദ്യമില്ലാത്തൊരു ആഘോഷത്തെക്കുറിച്ച് മലയാളിയ്ക്കു ചിന്തിക്കാന്‍ വയ്യാതായിരിക്കുന്നു. സന്തോഷത്തിലും സങ്കടത്തിലും മദ്യം ഒഴിവാക്കാന്‍ കഴിയാത്ത അവസ്ഥ. ബാല്യം വിട്ടുമാറുംമുമ്പേ മദ്യത്തിന്റെ രുചി അറിയാന്‍ പുതുതലമുറ തിടുക്കം കൂട്ടുന്നു. ആഘോഷത്തിനുപരി മദ്യത്തിനു വേണ്ടി ആഘോഷങ്ങള്‍ നടത്തുമ്പോള്‍ മലയാളിയുടെ മനസിന്റെ താളവും അതിനൊപ്പം തെറ്റുകയാണ്. മദ്യവില്പനയില്‍ കേരളം പൊടിപൊടിക്കുമ്പോള്‍ മറ്റൊരുവശത്ത് അക്രമങ്ങളും കൊലപാതകങ്ങളും റെക്കോഡു സൃഷ്ടിക്കുന്നു. ടെന്‍ഷനും ആകലുതയും അകറ്റാനുള്ള ഒറ്റമൂലിയായി മദ്യത്തെ കൂട്ടുപിടിക്കുമ്പോള്‍ ഒപ്പം കടന്നെത്തുന്നത് ശാരീരികവും മാനസികവും സാമൂഹികവുമായ നിരവധി പ്രത്യാഘാതങ്ങളാണ്. ഇന്ന് മദ്യപിക്കുന്നവരുടെ കുറഞ്ഞ പ്രായം 14, 15 ആയി കുറഞ്ഞിരിക്കുന്നുവെന്നത് ഇതിന്റെ ഭീകരത എടുത്തു കാണിക്കുന്നു.
എല്ലാ ലഹരിപദാര്‍ത്ഥങ്ങളും ആസക്തിയ്ക്കു കാരണമാകാമെങ്കിലും മദ്യപാനമാണ് പ്രഥമ സ്ഥാനത്തുള്ളത്.

ആല്‍ക്കഹോള്‍ ഇന്‍ഡ്യൂസ്ഡ് ബിഹേവിറിയില്‍ ചെയ്ഞ്ചസ്, ആല്‍ക്കഹോള്‍ ഇന്‍ഡ്യൂസ്ഡ് സൈക്കോസിസ് എന്നിങ്ങനെ മദ്യപാനം മൂലമുള്ള മാനസികപ്രശ്‌നങ്ങളെ തിരിക്കാം. മദ്യം കഴിക്കുന്ന സമയത്തു മാത്രം കാണുന്ന മാനസികപ്രശ്‌നങ്ങളാണ് ആല്‍ക്കഹോള്‍ ഇന്‍ഡ്യൂസ്ഡ് ബിഹേവിറിയില്‍ ചെയ്ഞ്ചസ്. മദ്യത്തിന്റെ ലഹരിയുള്ളപ്പോഴും ഇല്ലാത്തപ്പോഴും പ്രശ്‌നങ്ങള്‍ ഉള്ളവരാണ് ആല്‍ക്കഹോള്‍ ഇന്‍ഡ്യൂസ്ഡ് സൈക്കോസിസ്. ഇവര്‍ കൂടുതല്‍ അപകടകാരികളാണ്. മദ്യത്തിന്റെ ഉപയോഗത്തിലൂടെ ഇവര്‍ക്ക് അടിസ്ഥാനപരമായി ഉണ്ടായിരുന്ന മാനസിക പ്രശ്‌നം ഗുരുതരമായ മാനസിക രോഗമായി മാറുന്നു.
മദ്യം തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കുന്നതാണ് ഇതിനു കാരണം. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കുമ്പോള്‍ മദ്യപിക്കുന്ന സമയത്ത് രോഗി പറയുന്നതും പ്രവര്‍ത്തിക്കുന്നതും മദ്യത്തിന്റെ ലഹരി വിട്ടൊഴിയുമ്പോള്‍ അയാള്‍ക്ക് ഓര്‍മ ഉണ്ടായിരിക്കുകയില്ല. എല്ലാവരിലും മദ്യം ഒരേ രീതിയിലായിരിക്കില്ല തലച്ചോറിനെ ബാധിക്കുന്നത്. അതിനാല്‍ ചിലരില്‍ മാത്രം ഇത്തരം മാനസിക പ്രശ്‌നങ്ങള്‍ കാണപ്പെടുന്നത്. പെരുമാറ്റ വൈകല്യങ്ങളില്‍ തുടങ്ങി ഘട്ടം ഘട്ടമായാണ് മാനസിക വിഭ്രാന്തിയില്‍ എത്തിചേരുന്നത്്. തന്നെ ആരെങ്കിലും ആക്രമിക്കാന്‍ വരുന്നതായി തോന്നുക, കേള്‍ക്കാത്ത ശബ്ദങ്ങള്‍ കേള്‍ക്കുന്നതായി തോന്നുക, ആരെങ്കിലും കൊല്ലാന്‍ വരുന്നതായി തോന്നുക തുടങ്ങിയ മിഥ്യാധാരണകള്‍ ഇവരില്‍ പ്രകടമായിരിക്കും. പെരുമാറ്റവൈകല്യങ്ങള്‍, ഓര്‍മക്കുറവ്, ഉത്തരവാദിത്തത്തില്‍നിന്നു ഒഴിഞ്ഞു നില്‍ക്കുക എന്നീ പ്രശ്‌നങ്ങളും ഉണ്ടാകാം.

ചികിത്സ എപ്പോള്‍?
- മദ്യപാനംമൂലം കുടുംബത്തിലോ സമുഹത്തിലോ പ്രശ്‌നങ്ങള്‍ ഉണ്ടാകുക.
- മദ്യപാനം സ്വയം നിയന്ത്രിക്കാന്‍ കഴിയാതെവരിക
- ഉത്തരവാദിത്വങ്ങളില്‍നിന്ന് ഒഴിഞ്ഞ് മാറുക. (കുടുംബകാര്യങ്ങളില്‍ ശ്രദ്ധിക്കാതിരിക്കുക, ജോലിക്കുപോകാതിരിക്കുക)
- മദ്യപാനത്തെ തുടര്‍ന്നെത്തുന്ന വിഷാദം, സംശയം, ഉത്കണ്ഠ തുടങ്ങിയ പ്രശ്‌നങ്ങള്‍.
- മദ്യം കഴിച്ചില്ലെങ്കില്‍ ശാരീരിക പ്രശ്‌നങ്ങളോ വിറയലോ ഉണ്ടാകുക.

ചികിത്സ
ഒരു പനിവന്നാല്‍ മരുന്ന് നല്‍കുമ്പോള്‍ രോഗം മാറുന്നു. ഇവിടെ രോഗത്തിനാണ് ചികിത്സ. രോഗിക്കല്ല. എന്നാല്‍ മദ്യപാന രോഗികളില്‍ നേരെ തിരിച്ചാണ് ചികിത്സ. മദ്യത്തിന് അടിമപ്പെട്ട വ്യക്തി അതില്‍നിന്നു പിന്‍മാറാനുള്ള മാനസികമായ തയാറെടുപ്പ നടത്തിയാല്‍ മാത്രമേ ചികിത്സ പൂര്‍ണ ഫലപ്രദമാകുകയുള്ളൂ. മരുന്നുകളെക്കാള്‍ രോഗിയുടെ സഹകരണമാണ് ചികിത്സയുടെ അടിസ്ഥാനം. മരുന്നുകളിലൂടെ മദ്യത്തോടുള്ള ആസക്തി കുറയ്ക്കാന്‍ കഴിയില്ല. എന്നാല്‍ കടുത്ത പ്രശ്‌നങ്ങളുള്ള രോഗികളെ ആശുപത്രിയില്‍ കിടത്തി ചികിത്സിക്കാവുന്നതാണ്. ഒരുമാസത്തോളം ആശുപത്രിയില്‍ കിടക്കേണ്ടിവരാം. ശരീരത്തില്‍ പ്രവേശിച്ച ഇതൈല്‍ ആല്‍ക്കഹോളിന്റെ തോത് കുറയ്ക്കാന്‍ മരുന്നുകള്‍ നല്‍കുന്നു. ഇത് രണ്ടാഴ്ചയോളം നീണ്ടു നില്‍ക്കാം.
കൗണ്‍സിലിംഗാണ് മദ്യപാന ചികിത്സയിലെ പ്രധാന ഘട്ടം. മദ്യപാനത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് കൗണ്‍സിലിംഗിലൂടെ രോഗിയെ പറഞ്ഞു മനസിലാക്കുന്നു. ഒറ്റയ്ക്കുള്ള കൗണ്‍സിലിംഗ് കുടുബാംഗങ്ങളോത്തുള്ള കൗണ്‍സിലിംഗ്, ബിഹേവിയറല്‍ തെറാപ്പി എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്. ഏകദേശം ഒരു വര്‍ഷത്തോളം തുടര്‍ കൗണ്‍സിലിംഗ് നടത്തുന്നതും നല്ലതാണ്.
ചികിത്സയ്ക്കു ശേഷം പൂര്‍ണമായും മദ്യപാനത്തില്‍നിന്ന് മോചിതനായാലും ചിലപ്പോള്‍ സാഹചര്യങ്ങള്‍ ഒത്തുവരുമ്പോള്‍ അല്പമൊന്നു കുടിക്കുന്നതുകൊണ്ട് കുഴപ്പമില്ലെന്ന് പലരും കരുതും. കൂട്ടുകാരുടെ നിര്‍ബന്ധവും കൂടിയാകുമ്പോള്‍ അതിന് ആക്കം വര്‍ധിക്കും. എപ്പോള്‍ വേണമെങ്കിലും നിര്‍ത്താമെന്നു കരുതി വീണ്ടും മദ്യത്തിന്റെ ലഹരിയില്‍ വീണുപോയാല്‍ നിയന്ത്രിച്ചു നിര്‍ത്തുകയെന്നത് എളുപ്പമല്ല. ഇതുതന്നെയാണ് മദ്യപാന ചികിത്സയില്‍ ഇന്നു നേരിടുന്ന പ്രധാന വെല്ലുവിളിയും.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top