Last Updated 1 year 6 weeks ago
Ads by Google
27
Thursday
July 2017

ഇഷ്‌ടപ്പെട്ടായാളെ വിവാഹം കഴിച്ചു; 18 കാരിയെ മാതാവും സഹോദരനും ചുട്ടുകൊന്നു

mangalam malayalam online newspaper

ലാഹോര്‍: ഇഷ്‌ടപ്പെട്ടായാളെ വിവാഹം കഴിച്ചതിന്‌ കൗമാരക്കാരിയെ മാതാവും സഹോദരനും ചേര്‍ന്ന്‌ ജീവനോടെ കത്തിച്ചു. പഞ്ചാബിലെ ലാഹോറില്‍ ബുധനാഴ്‌ച നടന്ന സംഭവം പാകിസ്‌താനിലെ ഏറ്റവും പുതിയ ദുരഭിമാന കൊലപാതകമാണ്‌. സീനത്ത്‌ എന്ന 18 കാരിയാണ്‌ പൊള്ളലേറ്റ്‌ മരിച്ചത്‌. മാതാവും സഹോദരനും ചേര്‍ന്ന്‌ പെട്രോളൊഴിച്ച്‌ കത്തിക്കുകയായിരുന്നു.

സംഭവത്തില്‍ മാതാവ്‌ പര്‍വീണിനെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌. സഹോദരനെ തെരയുന്നു. പ്രണയിക്കുന്ന യുവാവുമായി ഒളിച്ചോടി വിവാഹം കഴിക്കാനൊരുങ്ങിയെന്ന ഒരിക്കലും പൊറുക്കാനാകാത്ത തെറ്റായിരുന്നു മകള്‍ ചെയ്‌തതെന്ന്‌ മാതാവ്‌ പോലീസിനോട്‌ പറഞ്ഞു. തന്റെ കുറ്റം ഏറ്റുപറഞ്ഞ പര്‍വീണ്‍ മകന്‌ സംഭവത്തില്‍ പങ്കില്ലെന്നും പോലീസിനോട്‌ പറഞ്ഞു. നാട്ടുകാരനായ ഹസന്‍ എന്ന യുവാവുമായിട്ടായിരുന്നു സീനത്ത്‌ പ്രണയിച്ചത്‌. വിവാഹം ആലോചിക്കാന്‍ മാതാപിതാക്കളോട്‌ പറയുകയും ചെയ്‌തിരുന്നു. എന്നാല്‍ മാതാപിതാക്കള്‍ അനുവദിക്കാതെ വന്നതോടെ ഹസനുമായി ഒളിച്ചോടി വിവാഹം കഴിച്ചു.

പിന്നീട്‌ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ സീനത്ത്‌ മാതാപിതാക്കളോട്‌ തന്റെ തെറ്റിന്‌ ക്ഷമ ചോദിക്കുകയും നാട്ടിലേക്ക്‌ മടങ്ങിവരാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്‌തു. എന്നാല്‍ കെണിയൊരുക്കിയ പര്‍വീണ്‍ താനും മറ്റു കുടുംബാംഗങ്ങളും ക്ഷമിച്ചെന്നും കുടുംബത്തിന്റെ ആശീര്‍വാദം വാങ്ങാന്‍ എത്താനും ആവശ്യപ്പെട്ടു. ഇത്‌ സമ്മതിച്ച സീനത്ത്‌ സ്വന്തം വീട്ടില്‍ തിരിച്ചെത്തി. ആദ്യം ശാരീരികമായി പീഡിപ്പിച്ച മാതാവും സഹോദരനും പിന്നാലെ പെട്രോള്‍ ഒഴിച്ചു കത്തിച്ചു.

അതേസമയം ഇത്തരം സംഭവം പാകിസ്‌താനില്‍ പതിവായി മാറുകയാണ്‌. കഴിഞ്ഞയാഴ്‌ചയാണ്‌ 19 കാരി സ്‌കൂള്‍ടീച്ചറെ കത്തിച്ചതിന്‌ അഞ്ചു പേരെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌. ഇത്‌ ഇസ്‌ളാമാബാദില്‍ നിന്നും വെറും 35 കിലോമീറ്റര്‍ മാറി മുരീ എന്ന സ്‌ഥലത്ത്‌ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിന്‌ യുവാവും കൂട്ടുകാരും ചേര്‍ന്നായിരുന്നു ഇക്കാര്യം ചെയ്‌തത്‌. അതുപോലെ തന്നെ മറ്റൊരു സംഭവത്തില്‍ സ്വന്തം ഇഷ്‌ടപ്രകാരം യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരില്‍ കൗമാരക്കാരിയെ ശ്വാസം മുട്ടിച്ച്‌ കൊല്ലുകയും മൃതദേഹം ചുട്ടുകരിച്ചു കളയുകയും ചെയ്‌തതിന്‌ മാതാപിതാക്കള്‍ ഉള്‍പ്പെടെ 13 പേരെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌ കഴിഞ്ഞ മാസമായിരുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top