Last Updated 1 year 10 weeks ago
Ads by Google
23
Wednesday
August 2017

കര്‍ണാടകയിലെ സിദ്ധി ഗോത്രഗ്രാമം; ഇന്ത്യയിലെ ആഫ്രിക്കന്‍ സമൂഹം

mangalam malayalam online newspaper

ജാതി പീഡനവും വിവേചനവും അവഗണനയും നിത്യസംഭവമായ ഡല്‍ഹിയില്‍ ആഫ്രിക്കന്‍ വംശജര്‍ ആക്രമിക്കപ്പെടുന്നത്‌ ഒട്ടും അത്ഭുതപ്പെടുത്തുന്ന കാര്യമല്ല. വെറുക്കപ്പെടാന്‍ മാത്രം വിധിക്കപ്പെട്ട ഒരു സമുഹത്തിന്‌ നേരെയുള്ള ഈ നിരന്തര കയ്യേറ്റങ്ങള്‍ ആരൊക്കെയോ എവിടൊക്കെയോ ചേര്‍ന്ന്‌ ഗൂഡമായി പദ്ധതിയിടുന്നത്‌ ആയിരിക്കാം. എന്തായാലും ഇന്ത്യാക്കാരന്റെ ഈ മനശ്ശാസ്‌ത്രം ഒരു പക്ഷേ ധാരാളമായി ഒളിമ്പിക്‌സ് മെഡലുകള്‍ കിലുങ്ങേണ്ട ഇന്ത്യയുടെ സ്വപ്‌നങ്ങള്‍ക്ക്‌ വരെ കത്തിവെച്ചിട്ടുണ്ടാകാമെന്നത്‌ തള്ളിക്കളായാനാകില്ല.

ഇന്ത്യയിലെ ആഫ്രിക്കന്‍ സെറ്റില്‍മെന്റായി കരുതാവുന്ന കര്‍ണാടകയിലെ ഇന്തോ ആഫ്രിക്കന്‍ സിദ്ധി ഗോത്ര ഗ്രാമങ്ങളെ ലക്ഷ്യം വെച്ച്‌ തയ്യാറാക്കിയ ഒളിമ്പിക്‌സ് ലക്ഷ്യമിട്ടുള്ള സ്‌പോര്‍ട്‌സ് പരിശീലനങ്ങളെല്ലാം ആരുമറിയാതെ നിന്നുപോയതിന്‌ പിന്നില്‍ ആരാണെന്നുള്ളത്‌ ഇപ്പോഴും കൗതുകകരമാണ്‌്. കര്‍ണാടകയിലെ തവര്‍ഗട്ടയിലെ യെല്ലാപൂരിന്‌ സമീപമുള്ള സിദ്ധിഗ്രാമം. വര്‍ഷങ്ങളായി ആഫ്രിക്കന്‍ സമൂഹം ഇവിടെ പാര്‍ക്കുന്നു. കിഴക്കന്‍ ആഫ്രിക്കന്‍ സമൂഹമായ സിദ്ധികളെ പതിനഞ്ച്‌ പത്തൊമ്പത്‌ നൂറ്റാണ്ടുകള്‍ക്കിടയില്‍ അടിമകളാക്കി പോര്‍ച്ചുഗീസുകാരാണ്‌ ഇന്ത്യയില്‍ കൊണ്ടുവന്നത്‌. 1980 കളില്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ്‌ ഇന്ത്യ കര്‍വാറിലെ ഈ ഗ്രാമത്തിലേക്ക്‌ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഇവിടം ലക്ഷ്യമാക്കി പ്രത്യേക ഗെയിംസ്‌ പദ്ധതികള്‍ തയ്യാറാക്കുകയും ചെയ്‌തു.

ലോക കായികരംഗത്ത്‌ വെന്നിക്കൊടി പാറിക്കുന്ന ആഫ്രിക്കന്‍ വംശജരിലെ കരുത്ത്‌ ഇവിടുത്തെ കുട്ടികളില്‍ കണ്ടെത്താനും അവര്‍ക്ക്‌ ഓടാനും ചാടാനും എറിയാനും പരിശീലനം നല്‍കി ഒളിമ്പിക്‌സില്‍ മെഡല്‍കൊയ്‌ത്ത് നടത്തുകയായിരുന്നു ഉന്നം. പരിശീലനം വിജയകരമാകുകയും ചെയ്‌തു. ദേശീയ നിലയില്‍ സിദ്ധി കുട്ടികള്‍ സംസ്‌ഥാനത്തിനായി മെഡല്‍ കൊയ്യാന്‍ തുടങ്ങിയപ്പോള്‍ അപ്രതീക്ഷിതമായി ഈ പരിപാടികളെല്ലാം ഒരു മുന്നറിയിപ്പും ഇല്ലാതെ നിര്‍ത്തിവെച്ചു. ഇവിടുത്തെ കുട്ടികള്‍ക്കൊപ്പം അത്‌ലറ്റിക്‌സില്‍ ഇന്നും ഏറ്റവും പിന്നില്‍ നില്‍ക്കുന്ന ഒരു രാജ്യത്തിന്റെ സ്വപ്‌നങ്ങള്‍ കൂടിയായിരുന്നു കൂട്ടത്തില്‍ വീണുടഞ്ഞത്‌.

ഇന്ത്യയിലാണ്‌ താമസിക്കുന്നതെങ്കിലും ഇന്ത്യാക്കാരില്‍ നിന്നും വിഭിന്നരാണ്‌ സിദ്ധി വംശജര്‍. കറുത്തനിറം, കട്ടി മുടി തുടങ്ങി സവിശേഷതകളെല്ലാം വ്യത്യാസം. വസ്‌ത്രധാരണം ഒഴിച്ചാല്‍ സിദ്ധി ഗ്രാമീണര്‍ക്ക്‌ ഇന്ത്യാക്കാരുടെ ഒരു ഛായയുമില്ല. നൂറ്റാണ്ടുകളായി ഇവിടെ കഴിയുന്നതിനാല്‍ പ്രാദേശികഭാഷ സംസാരിക്കുന്നു എന്നു മാത്രം. നാലു നൂറ്റാണ്ടുകളായി ഇന്ത്യയില്‍ കഴിഞ്ഞിട്ടും ഇന്ത്യാക്കാരുടെ പ്രകൃതം ഇവര്‍ക്കുണ്ടാകാത്തതിന്‌ കാരണം ഈ സമൂഹത്തിലുള്ളവര്‍ പുറത്ത്‌ വിവാഹം കഴിക്കുന്നവര്‍ വിരളമാണ്‌ എന്നതിനാലാണ്‌. തങ്ങളുടെ ഗോത്രക്കാരെ മാത്രമാണ്‌ ഇവര്‍ വിവാഹം ചെയ്യാറുള്ളത്‌. ക്രിസ്‌തീയ വിശ്വാസം പിന്തുടരുന്ന ഇവര്‍ മുംബൈ, ബാംഗ്‌ളൂര്‍, ഗോവ എന്നിവിടങ്ങളില്ലെല്ലാം തൊഴില്‍ തേടി പോകുന്നുണ്ട്‌.

വീടിനോട്‌ ചേര്‍ന്ന കൃഷിയിടങ്ങളില്‍ ജോലി ചെയ്യുന്നവരും കുറവല്ല. യെല്ലാപ്പൂരിലെ സര്‍ക്കാര്‍ ബോര്‍ഡിംഗ്‌ സ്‌കൂളുകളിലാണ്‌ മിക്ക വിദ്യാര്‍ത്ഥികളും പഠിക്കുന്നത്‌. പകല്‍ പുരുഷന്മാര്‍ ജോലിക്ക്‌് പോയി കഴിഞ്ഞാല്‍ 12 വയസ്സിന്‌ താഴെയുള്ള കുട്ടികള്‍ മാത്രമാണ്‌ പ്രധാനമായും കാണുന്നത്‌. ഗുജറാത്തിലെ ഗിര്‍ വനത്തിന്‌ സമീപത്തും കര്‍ണാടകയിലെ യെല്ലാപ്പൂര്‍ കാടുകള്‍ക്ക്‌ സമീപത്തുമാണ്‌ സിദ്ധി വംശജര്‍ കൂടുതലുള്ളത്‌. ഇവ രണ്ടുമാകട്ടെ പോര്‍ച്ചുഗീസുകാര്‍ക്ക്‌ കൂടുതല്‍ കരുത്തുണ്ടായിരുന്ന ഗോ, ഡാമന്‍, ഡ്യൂ എന്നിവയ്‌ക്ക് അടുത്താണ്‌ താനും.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top