Last Updated 1 year 6 weeks ago
Ads by Google
23
Sunday
July 2017

ബാറുടമകളുമായി പുതിയ ധാരണ; 100 ബാറുകള്‍ക്കുകൂടി ലൈസന്‍സ്

എം.ആര്‍ കൃഷ്ണന്‍

mangalam malayalam online newspaper

തിരുവനന്തപുരം: സംസ്ഥാനത്ത് അടച്ചുപൂട്ടിയതില്‍ 100 ബാറുകള്‍ക്കുകൂടി ഉടന്‍ ലൈസന്‍സ് നല്‍കാമെന്ന് ധാരണ. അതിന്റെ ആദ്യപടിയായാണ് ആറു ബാറുകള്‍ക്ക് ഇപ്പോള്‍ ലൈസന്‍സ് നല്‍കിയത്. പത്തെണ്ണത്തിന്റെ അപേക്ഷകൂടി പരിഗണനയിലുണ്ട്. ഇതിന് പുറമെ നൂറെണ്ണത്തിന് കൂടി ലൈസന്‍സ് നല്‍കുന്നതിനാണ് ബാറുടമകളിലെ ഒരു വിഭാഗവും സര്‍ക്കാരും തമ്മില്‍ ധാരണയായിട്ടുള്ളത്. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുമെന്ന അബ്ക്കാരിനയത്തിന്റെ ചുവട് പിടിച്ചാണ് നീക്കം. യു.ഡി.എഫിന്റെ പ്രകടനപത്രികയില്‍ ഘട്ടം ഘട്ടമായ മദ്യനിരോധനവും പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് തടയുമെന്നതുള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ ഉള്‍പ്പെടുമെങ്കിലും തല്‍ക്കാലം അത് നടപ്പാക്കില്ലെന്നാണ് നേതാക്കള്‍ക്കിടയിലുണ്ടായിട്ടുള്ള ധാരണ.

സംസ്ഥാനത്തെ അബ്ക്കാരി നയമനുസരിച്ച് നാലു നക്ഷത്ര ഹോട്ടലുകള്‍ക്ക് വരെ ബാര്‍ലൈസന്‍സ് അനുവദിക്കില്ല. എന്നാല്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് ഇവ നല്‍കുകയും ചെയ്യും. കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് ബാര്‍ നല്‍കുന്നത് സംസ്ഥാനത്തിന്റെ നയത്തിന് വിട്ടിരുന്നു. ഈ സാഹചര്യത്തില്‍ സംസ്ഥാനംതീരുമാനം എടുത്താല്‍ തന്നെ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് ബാറുകള്‍ നല്‍കാതിരിക്കാം. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ ഈ ഹോട്ടലുകള്‍ അപേക്ഷിച്ചാല്‍ അവര്‍ക്ക് ബാറുകള്‍ നല്‍കിയേതീരൂ.

ഈ വ്യവസ്ഥ മുതലെടുത്താണ് ബാറുകാരിലെ ഒരുവിഭാഗവുമായി ധാരണയുണ്ടാക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ മൂന്നും നാലു നക്ഷത്ര പദവിയുള്ള ഹോട്ടലുകളെ പഞ്ചനക്ഷത്രമായി ഉയര്‍ത്തണം. ഏകദേശം നൂറോളംഹോട്ടലുകള്‍ക്ക് ഇന്നത്തെ സാഹചര്യത്തില്‍ ഏറ്റവും വേഗത്തില്‍ തങ്ങളുടെ ഹോട്ടലുകളെ പഞ്ചനക്ഷത്രമാക്കാന്‍ കഴിയും. അത്തരത്തില്‍ നക്ഷത്രപദവി മാറ്റിയ ആറുഹോട്ടലുകള്‍ക്കാണ് ഇപ്പോള്‍ ലൈസന്‍സ് അനുവദിച്ചത്. ഇതില്‍ ചിലത് മൂന്നുനക്ഷത്ര പദവിപോലും നേടാതെ നേരിട്ട് പഞ്ചനക്ഷത്രമായതുപോലുമാണ്. ഇപ്പോള്‍ തന്നെ നാലുനക്ഷത്ര പദവി നേടിയ ഹോട്ടലുകളില്‍ ബഹുഭൂരിപക്ഷത്തിനും പഞ്ചനക്ഷത്ര സൗകര്യങ്ങളുണ്ട്. ഒരു നീന്തല്‍കുളം കൂടി ഉണ്ടാക്കിയാല്‍ പഞ്ചനക്ഷത്രമാകുന്നവയാണ് ബഹുഭൂരിപക്ഷവും. ഈ സാദ്ധ്യതകള്‍ മുന്നില്‍കണ്ടാണ് പുതിയ ഒത്തുതീര്‍പ്പ്. മാത്രമല്ല, ബാറുടമകളില്‍ വിള്ളലുകളുണ്ടാക്കി പ്രതിസന്ധി മറികടക്കുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.

തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് മറ്റ് തരത്തിലുള്ള പ്രശ്‌നങ്ങളിലേക്ക് ചെന്നുചാടാതിരിക്കാനാണ് സര്‍ക്കാരിലെ ഒരുവിഭാഗത്തിന്റെ ഈ നീക്കം. ഇപ്പോള്‍ തന്നെ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള ആരോപണത്തിന് പിന്നില്‍ ബാറുടമകളാണെന്ന വാദമുണ്ട്. എന്നാല്‍ ഇതിനോട് കെ.പി.സി.സിപ്രസിഡന്റ് വി.എം. സുധീരന് ശക്തമായ എതിര്‍പ്പുണ്ട്. സര്‍ക്കാരിന്റെ പ്രഖ്യാപിതനയത്തിന് എതിരാണ് ഈ നീക്കമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ ഏറ്റവുംവലിയ നേട്ടമായി മദ്യനയത്തെ ചിത്രീകരിച്ചുകൊണ്ട് ഇടതുപക്ഷത്തെപ്രതിക്കൂട്ടിലാക്കാനായിരുന്നു ശ്രമം. ഒരുപരിധിവരെ ഇതിന് മറുപടി പറയാന്‍ കഴിയാതെ സി.പി.എം. വലയുകയും ചെയ്തു. ഇടതുമുന്നണിയില്‍ പൊതുവേയും ആശയക്കുഴപ്പവുമുണ്ടായി. എന്നാല്‍ അതൊക്കെ തകിടം മറിക്കുന്ന തരത്തിലാണ് പുതിയ നീക്കം. മാത്രമല്ല, അടങ്ങിയിരുന്ന ബാര്‍ക്കോഴകേസ് ഇനി വീണ്ടും തെരഞ്ഞെടുപ്പ് പ്രചരണരംഗത്ത് സജീവമാകാനുള്ള സാദ്ധ്യതയും ശക്തമാണെന്ന് അദ്ദേഹം സംശയിക്കുന്നു. അതുകൊണ്ടുതന്നെ ഈ തീരുമാനത്തെ ഒരുകാരണവശാലും പിന്തുണയ്ക്കില്ലെന്നാണ് സുധീരന്റെ നിലപാട്. തെരഞ്ഞെടുപ്പ് പ്രചരണം കൊടുമ്പിരിക്കൊണ്ടിരിക്കെ വീണ്ടുമൊരു സുധീരന്‍-ഉമ്മന്‍ചാണ്ടി പോരിനുള്ള അവസരം ഒരുങ്ങിക്കഴിഞ്ഞു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top