Last Updated 1 year 14 weeks ago
Ads by Google
21
Thursday
September 2017

ബി.ജെ.പി ബാന്ധവം സംഘപരിവാറിനെ തുരത്തിയ സ്വാമിയാടുള്ള ഗുരുനിന്ദ; സി.ബി.ഐ ആവശ്യം വെള്ളാപ്പള്ളിയുടെ തന്ത്രം

mangalam malayalam online newspaper

തിരുവനന്തപുരം: ശിവഗിരി മഠം കൈയടക്കുന്നതില്‍ നിന്നും ആര്‍.എസ്.എസിനെയും സംഘപരിവാറിനെയും അകറ്റി നിര്‍ത്തിയ സ്വാമി ശാശ്വതികാനന്ദയുടെ ആശയങ്ങള്‍ കാറ്റില്‍പ്പറത്തിക്കൊണ്ടാണ് വര്‍ഗ്ഗീയവിഷം ചീറ്റി ബി.ജെ.പിയുടെ സ്‌നേഹം പിടിച്ചുപറ്റി എസ്.എന്‍.ഡി.പിയെ അവരുടെ തൊഴുത്തില്‍കൊണ്ടുകെട്ടാനുള്ള വെള്ളാപ്പള്ളി നടേശന്റെ നീക്കം. ശിവഗിരി മഠം പിടിച്ചെടുക്കാനുള്ള ആര്‍.എസ്.എസ്. അജണ്ടയെ പരാജയപ്പെടുത്തിയതിന്റെ ഉപോല്‍പ്പന്നമാണ് വെള്ളാപ്പള്ളി നടേശന്റെ എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറിയായുള്ള സ്ഥാനലബ്ധി. ഒടുവില്‍ എല്ലാവരെയും അവഗണിച്ചുകൊണ്ട് ശ്രീ നാരായണഗുരു ചാതുര്‍വണ്ണ്യത്തിന്റെ പൈശാചികതയ്‌ക്കെതിരെ രൂപം കൊടുത്ത പ്രസ്ഥാനത്തെ ചാതുര്‍വര്‍ണ്ണ്യത്തിന്റെ എല്ലാ ദുരാചാരങ്ങളും ഇപ്പോഴും മഹത്തരമായി കൊണ്ടുനടക്കുന്ന സംഘപരിവാറിന് അടിയറവയ്ക്കുന്നതില്‍ യോഗത്തിനുള്ളില്‍ തന്നെ പ്രതിഷേധം ശക്തമായി.

ശിവഗിരി മഠാധിപതിയായിരുന്ന ശാശ്വതികാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് പുതിയ വിവാദങ്ങള്‍ ഉയരുമ്പോള്‍ അതുകൊണ്ടുതന്നെ ബി.ജെ.പി-വെള്ളാപ്പള്ളി ബാന്ധവവും പുത്തന്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ഇന്നത്തെ ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദയെ മുന്നില്‍ നിര്‍ത്തിക്കൊണ്ടാണ് 1995ല്‍ മഠം പിടിച്ചെടുക്കാന്‍ ആര്‍.എസ്.എസിന്റെ നേതൃത്വത്തില്‍ നീക്കം നടന്നത്. അന്ന് മദ്‌നിയുടെ നേതൃത്വത്തിലുണ്ടായിരുന്ന പി.ഡി.പി ശാശ്വതികാനന്ദപക്ഷത്തിനുവേണ്ടി അവിടെ ഇടപെട്ടുവെന്ന ആരോപണം ഉന്നയിച്ചുകൊണ്ടായിരുന്നു ഈ നീക്കം. ഒടുവില്‍ മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണി ശിവഗിരി മഠത്തില്‍ പോലീസിനെ അയച്ചതും തുടര്‍ന്ന് അവിടെയുണ്ടായ തേര്‍വാഴ്ചയുമൊക്കെ ചരിത്രം മാത്രമാണ്.

അന്ന് എന്തിന്റെ പേരിലായിരുന്നാലും സംഘപരിവാറിനെ ശിവഗിരിമഠത്തില്‍ കയറ്റില്ലെന്ന കടുത്തനിലപാടിലായിരുന്നു ശാശ്വതികാനന്ദ. അവരെ അവിടെ കയറ്റിയാല്‍ ശ്രീനാരായണീയ പ്രസ്ഥാനത്തിന്റെ ലക്ഷ്യംനഷ്ടമാകുമെന്നും ആ സംഘടനതന്നെ അവര്‍ വിഴുങ്ങുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അതുകൊണ്ടുതന്നെ ശക്തമായ ചെറുത്തുനില്‍പ്പാണ് ശാശ്വതികാനന്ദ നടത്തിയത്. ആ ചെറുത്തുനില്‍പ്പിന്റെ ഉപോല്‍പ്പന്നമായിരുന്നു വെള്ളാപ്പള്ളി നടേശന്‍. അന്ന് ഒരു ബാര്‍ ഉടമയും കരാറുകാരനും മാത്രമായിരുന്ന വെള്ളാപ്പള്ളി നടേശനെ ഈ സംഭവത്തെതുടര്‍ന്ന് 1996ല്‍ ശാശ്വതികാനന്ദയാണ് എസ്.എന്‍.ഡി.പിയോഗത്തിന്റെ ജനറല്‍ സെക്രട്ടറിയാക്കുന്നത്. പിന്നീടാണ് ഇപ്പോള്‍ ആരോപണത്തിന് ആധാരമായ സംഭവങ്ങള്‍ അരങ്ങേറിയതെന്ന് പറയപ്പെടുന്നത്.

എന്തായാലും സംഘപരിവാറിനെ ശക്തമായി എതിര്‍ത്ത ശാശ്വതികാനന്ദയുടെ വത്സലനായ വെളളാപ്പള്ളി തന്നെ ഇപ്പോള്‍ അവരുമായി ഒരു ബാന്ധവത്തിന് തയാറെടുക്കുമ്പോള്‍ ശ്രീനാരായണീയരില്‍ വല്ലാത്ത സംശയങ്ങള്‍ ഉടലെടുക്കുകയായിരുന്നു. ശിവഗിരിമഠത്തില്‍ തങ്ങളുടെ ആധിപത്യത്തിന് വഴിതുറന്നുതരാത്ത ശാശ്വതികാനന്ദ സംഘപരിവാര്‍ ശക്തികളുടെ എക്കാലത്തെയൂം വലിയ ശത്രുക്കളില്‍ ഒരാളായിരുന്നു. അങ്ങനെയുള്ള സ്വാമിയുടെ മരണമാണ് ഇപ്പോള്‍ അസ്വാഭാവികമെന്ന വെളിപ്പെടുത്തലുണ്ടാകുന്നതും കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നതും. ശാശ്വതികാനന്ദയെ ഒരിക്കലും അംഗീകരിക്കാതിരുന്ന സംഘപരിവാറുമായാണ് ഇപ്പോള്‍ വെള്ളാപ്പള്ളി കൈകോര്‍ക്കുന്നതും. അതുതന്നെ ഇതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇല്ലായ്മചെയ്യാനാണോയെന്ന സംശയവും ബലപ്പെടുന്നുണ്ട്.

ശാശ്വതികാനന്ദ വിഷയത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാണ് വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ സി.ബി.ഐ എന്നതിനെക്കാള്‍ സംസ്ഥാനപോലീസിലെ ഒരു മികച്ച ടീമിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ആവശ്യമാണ് മറ്റുകോണുകളില്‍ നിന്നും ഉയരുന്നത്. അന്വേഷണം സി.ബി.ഐയിലേക്ക്‌പോയാല്‍ രക്ഷപ്പെടാമെന്നാണ് വെള്ളാപ്പള്ളിയുടെ കണക്കുകൂട്ടല്‍ എന്നാണ് വിമതപക്ഷം പറയുന്നത്. ഇപ്പോള്‍ തന്നെ മോഡിയുമായി നല്ല ബന്ധം ഉണ്ടാക്കിയിട്ടുള്ള വെള്ളാപ്പള്ളിക്ക് അന്വേഷണം സി.ബി.ഐയിലെത്തിയാല്‍ ഊരിക്കൊണ്ടുവരാന്‍ എളുപ്പവുമായിരിക്കും. ഇപ്പോഴും സി.ബി.ഐ കൂട്ടിലടച്ച തത്തതന്നെയാണ് എന്നാണ് അവരുടെ നിലപാട്. അതുകൊണ്ട് ഒരു പ്രത്യേക ടീം രൂപീകരിച്ച് അവരെക്കൊണ്ട് ഇത് അന്വേഷിപ്പിക്കണമെന്ന ആവശ്യത്തിലേക്ക് നീങ്ങാനാണ് വെള്ളാപ്പള്ളി വിരുദ്ധരുടെ തീരുമാനം.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top