Last Updated 1 year 6 weeks ago
Ads by Google
23
Sunday
July 2017

മേഖലാജാഥ: അഴിമതിയെ ന്യായീകരിക്കാനാവില്ലെന്ന് ആര്‍.എസ്.പിയും ജെ.ഡി.യുവും

എം.ആര്‍ കൃഷ്ണന്‍

mangalam malayalam online newspaper

തിരുവനന്തപുരം: യു.ഡി.എഫിന്റെ മേഖലാജാഥകളില്‍ അഴിമതി സംബന്ധിച്ച വിഷങ്ങള്‍ വിശദീകരിക്കാനാകില്ലെന്ന് ആര്‍.എസ്.പിയും ജെ.ഡി.യുവും. മേഖലാജാഥകള്‍ നടത്തണമെന്ന നിലപാടില്‍ മാറ്റമില്ലെങ്കിലും ഇതില്‍ ബാര്‍ക്കോഴയും മറ്റു സംഭവങ്ങളും വിശദീകരിക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന നിലപാടിലാണ് ഈ പാര്‍ട്ടികള്‍. ജാഥയുടെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും എങ്ങനെയെങ്കിലും ഒഴിവായാല്‍ മതിയെന്ന അവസ്ഥയിലാണ് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയും.

സര്‍ക്കാരിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളെ പ്രതിരോധിക്കാനും നടപ്പിലാക്കിയ വികസനങ്ങള്‍ ജനങ്ങളോട് വിശദീകരിക്കാനുമാണ് ഈ മാസം 19 മുതല്‍ നാലു മേഖലാജാഥകള്‍ നടത്താന്‍ യു.ഡി.എഫ് തീരുമാനിച്ചത്. ഇതില്‍ തെക്കന്‍ മേഖല അതായത് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ തുടങ്ങിയ ജില്ലകള്‍ ഉള്‍പ്പെടുന്ന പ്രദേശത്തെ ജാഥയുടെ ക്യാപ്റ്റന്‍ സ്ഥാനം ആര്‍.എസ്.പിയുടെ എന്‍.കെ. പ്രേമചന്ദ്രനാണ്. മുന്നണിയിലെ ഒരുകക്ഷിയെന്ന നിലയില്‍ ഈ ദൗത്യം ഏറ്റെടുത്തെങ്കിലും ഇത് എങ്ങനെ നിര്‍വഹിക്കുമെന്ന ആശങ്കയിലാണ് ആര്‍.എസ്.പി.
ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാര്‍ വന്നശേഷം കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ ഈ സര്‍ക്കാരിനെ ഏറ്റവും രൂക്ഷമായി വിമര്‍ശിച്ച വ്യക്തിയാണ് പ്രേമചന്ദ്രന്‍. ഇടതുമുന്നണിയിലെ മറ്റേതു നേതാവിനെക്കാളുമേറെ സോളാര്‍ വിഷയത്തിലും മറ്റും ഉമ്മന്‍ചാണ്ടിയെ പേരെടുത്തുപറഞ്ഞുതന്നെ വിമര്‍ശിച്ച വ്യക്തിയാണ് അദ്ദേഹം. ഇപ്പോള്‍ യു.ഡി.എഫ് ക്യാമ്പിലുള്ള പ്രേമചന്ദ്രനും ആര്‍.എസ്.പിയും അതുകൊണ്ടുതന്നെ വല്ലാത്ത കുടുക്കിലുമാണ്.

ബാര്‍ക്കോഴ കേസ് മറ്റുള്ളവര്‍ പറയുന്നതുപോലെ വെറും ആരോപണം മാത്രമാണെന്ന് അവര്‍ കരുതുന്നില്ല. എന്തെങ്കിലുമൊക്കെ സത്യം അതിലുണ്ടാകുമെന്ന് തന്നെയാണ് അവര്‍ വിശ്വസിക്കുന്നത്. എന്നും അഴിമതിക്കും അതുപോലുള്ള വിഷയങ്ങള്‍ക്കുമെതിരെ നില്‍ക്കുന്ന പാര്‍ട്ടിയെന്ന നിലയില്‍ ആര്‍.എസ്.പിക്ക് ബാര്‍ക്കോഴ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ജാഥയില്‍ ന്യായീകരിക്കാന്‍ കഴിയില്ലെന്നാണ് അവരുടെ നിലപാട്. മുമ്പ് ഇടതുമുന്നണിയിലായിരുന്നപ്പോഴും ലാവ്‌ലിന്‍ കേസ് ഉള്‍പ്പെടെ ഉയര്‍ന്നുവന്നപ്പോള്‍ അതിനെതിരെ ആര്‍.എസ്.പി ശക്തമായ നിലപാട് എടുത്തിട്ടുണ്ട്. അതിന്റെ ജനറല്‍ സെക്രട്ടറി ടി.ജെ. ചന്ദ്രചൂഡന്‍ തന്നെ പരസ്യമായി അത് പറഞ്ഞിട്ടുമുണ്ട്. അതിന്‌വിരുദ്ധമായ ഒരു നിലപാട് ഇപ്പോള്‍ സ്വീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. അതിന് സമ്മതമല്ലെങ്കില്‍ തങ്ങളെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും നീക്കിത്തന്നാലെങ്കിലും മതിയെന്ന നിലപാടാണ് അവര്‍ സ്വീകരിക്കുന്നത്.

ഇതേ അഭിപ്രായം തന്നെയാണ് ജെ.ഡി.യുവിനുമുള്ളത്. ഇടതുമുന്നണിയിലേക്ക് മടങ്ങുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായിരിക്കുന്ന ഈ സമയത്ത് ഇത്തരം വിഷയങ്ങള്‍ ന്യായീകരിക്കാന്‍ അവര്‍ക്ക് അത്ര താല്‍പര്യമില്ല. മാത്രമല്ല, ആര്‍.എസ്.പിയെപ്പോലെ അല്ലെങ്കില്‍ അതില്‍ ഒരുപടിയെങ്കിലും മുകളിലായി എന്നും അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ള വ്യക്തിയാണ് വീരേന്ദ്രകുമാര്‍. ലാവ്‌ലിന്‍ കേസില്‍ അത് അദ്ദേഹം പ്രകടിപ്പിച്ചതുമാണ്. ഇതുമായി ബന്ധപ്പെട്ട വ്യക്തിപരമായ പ്രശ്‌നങ്ങള്‍ക്കൊടുവിലാണ് വീരേന്ദ്രകുമാറിന് ഇടതുമുന്നണി വിടേണ്ടിവന്നതും. എന്നും ആദര്‍ശരാഷ്ട്രീയത്തിന് പ്രാധാന്യം നല്‍കുന്ന പഴയ സോഷ്യലിസ്റ്റ് ചേരിയില്‍പ്പെട്ട വ്യക്തിയെന്ന നിലയില്‍ വീരേന്ദ്രകുമാറിന് ഇത്തരം സംഭവങ്ങളെ ന്യായീകരിക്കാന്‍ കഴിയില്ലെന്നാണ് ആ പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അതുകൊണ്ടുതന്നെയാണ് തുടക്കത്തില്‍ ജാഥയുടെ ഉദ്ഘാടകനാകാന്‍ കഴിയില്ലെന്ന നിലപാട് അദ്ദേഹം സ്വീകരിച്ചതും. ഒടുവില്‍ യു.ഡി.എഫിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഇതിന് സമ്മതിച്ചിട്ടുണ്ടെങ്കിലൂം സര്‍ക്കാരിന്റെ നേട്ടങ്ങളെക്കുറിച്ചല്ലാതെ ബാര്‍കോഴയോ മറ്റ് അഴിമതി വിഷയങ്ങളോട വീരേന്ദ്രകുമാര്‍ പരാമര്‍ശിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിവൃത്തങ്ങള്‍ നല്‍കുന്ന സൂചന.

പൊതുവില്‍ മാണിഗ്രൂപ്പ് ഇടഞ്ഞതോടെ യു.ഡി.എഫിന്റെ മേഖലാജാഥകള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇത് യു.ഡി.എഫില്‍ ശക്തമായ ചേരിതിരിവിനും വഴിവച്ചിട്ടുണ്ട്. മാണിയുടെ അമിത സമ്മര്‍ദ്ദത്തിന് വഴങ്ങരുതെന്ന നിലപാടിലാണ് മുന്നണിയിലെ എല്ലാകക്ഷികളും. ജെ.ഡി.യുവും ആര്‍.എസ്.പിയും ജാഥ നടത്തണമെന്ന നിലപാടിലുള്ള കക്ഷികളുമാണ്. എന്നാല്‍ അഴിമതി വിഷയം തങ്ങള്‍ക്ക് വിശദീകരിക്കാനാവില്ലെന്നാണ് അവര്‍ പറയുന്നത്. സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തോടൊപ്പം ബാര്‍ക്കോഴ ഉള്‍പ്പെടെയുളള വിഷയങ്ങളെ പ്രതിരോധിക്കുകയെന്ന ലക്ഷ്യവുംകൂടി ഇതിനുണ്ട്. എന്നാല്‍ മുന്നണിയിലെ പ്രധാനപ്പെട്ട രണ്ടുകക്ഷികള്‍ അതിന് കഴിയില്ലെന്ന നിലപാട് സ്വീകരിക്കുന്നതോടെ ജാഥയുടെ ഉദ്ദേശം തന്നെ ഇല്ലാതാകും. ഈ മേഖലാജാഥകള്‍ ഇതോടെ വെറുംചടങ്ങ് പരിപാടിയായി മാറുമെന്ന് മാത്രമല്ല, ഈ രണ്ടുകക്ഷികളുടെ നിലപാട് യു.ഡി.എഫിന്റെ മറ്റ് ന്യായവാദങ്ങള്‍ക്കുളള ശക്തമായ തിരിച്ചടിയുമാകും.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top