കരിമണ്ണൂരില്‍ മാലിന്യക്കൂമ്പാരം

തൊടുപുഴ: ക്ലീന്‍സിറ്റിയായി മന്ത്രി പ്രഖ്യാപിച്ച പഞ്ചായത്തില്‍ വഴിയോരങ്ങളിലും ഓടകളിലും മാലിന്യം കുമിഞ്ഞു കൂടുന്നു. കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത്‌ ഒരു വര്‍ഷം മുന്‍പ്‌ മന്ത്രി പി.ജെ ജോസഫ്‌ ക്ലീന്‍ സിറ്റിയായി പ്രഖ്യാപിച്ചിരുന്നു.
പദ്ധതി നടപ്പില്‍ വരാത്തതിനാല്‍ മാസങ്ങളായി മാലിന്യം വഴിയോരങ്ങളിലും ഓടകളിലും കുന്നു കൂടി നാട്ടുകാര്‍ക്ക്‌ ബുദ്ധിമുട്ട്‌ ഉണ്ടാക്കുകയാണ്‌. പഞ്ചായത്തിലെ വട്ടക്കാവ്‌ പാലം മുതല്‍ കരിമണ്ണൂര്‍ പോലീസ്‌ സ്‌റ്റേഷന്‍ വരെ ഒന്നരക്കിലോമീറ്ററാണ്‌ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്‌.
ക്ലീന്‍ സിറ്റിക്കായി പദ്ധതി ചിലവിലേക്കായി വ്യാപാരികളില്‍ നിന്നും ആഴ്‌ചയില്‍ പത്തു രൂപ പഞ്ചായത്ത്‌ വാങ്ങിയിരുന്നു. വ്യാപാര ശാലകളില്‍നിന്നു മാലിന്യം ശേഖരിക്കുന്നതിനും പൊതുസ്‌ഥലങ്ങളില്‍ സ്‌ഥാപിക്കുന്നതിനുമായി ലക്ഷങ്ങള്‍ മുടക്കി മുന്‍ പഞ്ചായത്ത്‌ സമിതി പ്ലാസ്‌റ്റിക്‌ ക്യാബിനുകള്‍ വാങ്ങിയിരുന്നു. രണ്ട്‌ പ്ലാസ്‌റ്റിക്‌ വീപ്പകള്‍ വ്യാപാരികള്‍ക്കു നല്‍കിയെങ്കിലും കുറച്ച്‌ നാളുകള്‍ മാത്രമാണ്‌ മാലിന്യം ശേഖരിച്ചത്‌. മാലിന്യം ശേഖരിക്കാത്തതിനാല്‍ രണ്ടു വീപ്പകളും വ്യാപാരികള്‍ സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണ്‌. പൊതുസ്‌ഥലങ്ങളില്‍ സ്‌ഥാപിച്ച്‌ വേസ്‌റ്റ് ബിന്നില്‍നിന്നു മാലിന്യം നീക്കാത്തതിനാല്‍ തെരുവ്‌ നായ്‌ക്കളുടെ ശല്യം വര്‍ധിച്ചിട്ടുണ്ട്‌.
മാലിന്യശേഖരണം നടക്കാത്തതിനാല്‍ വ്യാപാരികള്‍ രാത്രി കാലങ്ങളില്‍ പ്ലാസ്‌റ്റിക്‌ മാലിന്യങ്ങള്‍ കത്തിച്ചു കളയുകയാണ്‌ പതിവ്‌. ബാക്കിയുള്ള ഖര-ദ്രവ്യമാലിന്യങ്ങള്‍ വഴിയോരങ്ങളിലും ഓടകളിലും വലിച്ചെറിയുകയും ചെയ്യുന്നു. ദുര്‍ഗന്ധം കാരണം ക്ലീന്‍ സിറ്റിയിലൂടെ മൂക്ക്‌ പൊത്താതെ നടക്കാന്‍ പറ്റാത്ത അവസ്‌ഥയിലാണ്‌ ജനം. പഞ്ചായത്ത്‌ തൊഴിലാളികള്‍ നഗരം വൃത്തിയാക്കുന്ന ഭാഗമായുള്ള മാലിന്യങ്ങളും സംസ്‌കരിക്കാന്‍ സംവിധാനം ഇല്ലാത്തതിനാല്‍ വഴിയോരങ്ങളിലാണ്‌ നിക്ഷേപിക്കുന്നത്‌. മുന്‍ പഞ്ചായത്ത്‌ ഭരണസമിതി പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും സ്‌ഥലങ്ങള്‍ വാങ്ങി കൂട്ടിയെങ്കിലും മാലിന്യ സംസ്‌കരണത്തിനുള്ള സംവിധാനം ഇതുവരെ തുടങ്ങിയിട്ടില്ല. ആദ്യകാലങ്ങളില്‍ ചേറാടി തണ്ടും ഭാഗത്തായിരുന്നു മാലിന്യം സംസ്‌കരിച്ചിരുന്നത്‌. ഇവിടെ മാലിന്യം ഇടാന്‍ നാട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന്‌ ആളൊഴിഞ്ഞ സ്‌ഥലങ്ങളിലും റബര്‍ തോട്ടങ്ങളിലും ഉപയോഗ ശൂന്യമായ കിണറുകളിലുമായിട്ടായിരുന്നു മാലിന്യം തള്ളിയിരുന്നത്‌. ഇതിനെതിരേ നാട്ടുകാര്‍ സംഘടിച്ചതിനെ തുടര്‍ന്ന്‌ മാലിന്യങ്ങള്‍ പഞ്ചായത്ത്‌ ശേഖരിക്കാതെ വന്നതിനാലാണ്‌ ക്ലീന്‍ സിറ്റി മാലിന്യം കൊണ്ട്‌ നിറഞ്ഞത്‌.
മന്ത്രിയുടെ ക്ലീന്‍സിറ്റി പദ്ധതിയില്‍ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍മാരും മറ്റ്‌ സര്‍ക്കാര്‍ സംവിധാനങ്ങളും പങ്ക്‌ ചേര്‍ന്നിരുന്നു. ആദ്യകാലങ്ങളില്‍ മാലിന്യവും മലിന ജലവും വഴിയരികില്‍ തള്ളിയിരുന്ന വ്യാപാരികള്‍ക്കും പരിസവാസികള്‍ക്കും ഹെല്‍ത്ത്‌ ഓഫീസര്‍ നേരിട്ടെത്തി നോട്ടീസ്‌ നല്‍കിയിരുന്നെങ്കിലും ഈ സംവിധാനം നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല. മാസങ്ങളായി മുടങ്ങിക്കിടക്കുന്ന മാലിന്യ ശേഖരണ സംസ്‌കരണ പദ്ധതി എത്രയും വേഗം പുനരാരംഭിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്‌തമാണ്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Ads by Google
Back to Top