വണ്ണപ്പുറത്തും ആലക്കോട്ടും വോട്ട്‌ ചോര്‍ന്നു; ഇടതുമുന്നണിയില്‍ കലാപം

തൊടുപുഴ: വണ്ണപ്പുറം, ആലക്കോട്‌ പഞ്ചായത്തുകളില്‍ ഇടതുമുന്നണിക്ക്‌് ഏറ്റ കനത്ത തിരിച്ചടിയേത്തുടര്‍ന്ന്‌ മുന്നണിയില്‍ കലാപം. വണ്ണപ്പുറത്ത്‌ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ സാധ്യത ചില നേതാക്കള്‍ അട്ടിമറിച്ചെന്ന്‌ ആരോപിച്ച്‌ പ്രാദേശിക നേതാക്കള്‍ക്കെതിരേ പരാതിക്കൊരുങ്ങുകയാണ്‌ ഒരു വിഭാഗം പ്രവര്‍ത്തകര്‍. ഭരണം തിരിച്ചുപിടിക്കുവാനുള്ള ലക്ഷ്യത്തില്‍ തെരഞ്ഞെടുപ്പിനെ നേരിട്ട ഇടതുമുന്നണിക്ക്‌ വണ്ണപ്പുറത്ത്‌ കനത്ത പരാജയമാണ്‌ ഏറ്റുവാങ്ങേണ്ടി വന്നത്‌. കഴിഞ്ഞ തവണ 17 ല്‍ ആറു സീറ്റുകള്‍ ഉണ്ടായിരുന്ന എല്‍.ഡി.എഫിന്‌ നാലു സീറ്റുകള്‍ മാത്രമാണ്‌ ഇത്തവണ സ്വന്തമാക്കാനായത്‌.
കേരളത്തിലാകെ ഇടതു തരംഗം വീശിയപ്പോഴും ബ്ലോക്കു ഡിവിഷനുകള്‍ ഉള്‍പ്പെടെ വണ്ണപ്പുറത്ത്‌ പരാജയമായിരുന്നു. ചില പ്രാദേശിക നേതാക്കന്മാര്‍ പാരിതോഷികം വാങ്ങി വോട്ടുകള്‍ മറിച്ചതായാണ്‌ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്‌.
സ്‌ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പോലും അപാകതയുണ്ടെന്ന ആക്ഷേപം തെരഞ്ഞെടുപ്പ്‌ സമയത്തേ ഉയര്‍ന്നിരുന്നു. യു.ഡി.എഫിന്റെ പ്രധാന നേതാക്കന്‍മാര്‍ മല്‍സരിക്കുന്ന വാര്‍ഡുകളില്‍ ജനസമ്മതിയില്ലാത്തവരെ നിര്‍ത്താന്‍ ഇടതിലെ ചില നേതാക്കള്‍ ധാരണയിലെത്തിയിരുന്നതായും ആരോപണമുണ്ട്‌.
പ്രചരണ സമയത്തു പോലും പ്രമുഖ നേതാക്കന്‍മാര്‍ കളത്തില്‍ നിന്നു വിട്ടു നിന്നിരുന്നതായി ആരോപിച്ച്‌ ഇടതിന്റെ മല്‍സരാര്‍ത്ഥികളും രംഗത്തെത്തിയിട്ടുണ്ട്‌.
പാരിതോഷികങ്ങള്‍ വാങ്ങി എതിര്‍ സ്‌ഥാനാര്‍ത്ഥികള്‍ക്ക്‌ സാഹചര്യം ഒരുക്കുകയായിരുന്നെന്നും ഇവര്‍ പറയുന്നു. പാര്‍ട്ടിയിലെ പ്രധാന നേതാവ്‌ സീറ്റിനായി കാത്തിരുന്നെങ്കിലും സംസ്‌ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം പിന്‍വാങ്ങേണ്ടി വന്നതാണ്‌ നേതാവിനെ പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിക്കാന്‍ മറ്റൊരു കാരണമായി പറയുന്നത്‌. തെരഞ്ഞെടുപ്പിന്റെ തലേദിവസം പാര്‍ട്ടിയിലെ ഉന്നത നേതാവ്‌ എതിര്‍ പാര്‍ട്ടിയുടെ മദ്യസല്‍ക്കാരത്തില്‍ മയങ്ങി രംഗത്തു നിന്ന്‌ മാറി നിന്നതായും അരോപണമുണ്ട്‌.
ഇടതിനു വേണ്ടി മല്‍സരത്തിലിറങ്ങിയ സ്വതന്ത്ര സ്‌ഥാനാര്‍ത്ഥികളും ഒരു വിഭാഗം പ്രവര്‍ത്തകരും ഇടതുമുന്നണി കണ്‍വീനര്‍ക്കും സി.പി.എം-സി.പി.ഐ ജില്ലാ സെക്രട്ടറിക്കും സംസ്‌ഥാന സെക്രട്ടറിക്കും ഉള്‍പ്പടെ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്‌. ആലക്കോട്‌ ഗ്രാമപഞ്ചായത്തിലും സമാന അവസ്‌ഥയാണ്‌. ഇവിടെ സി.പി.എം വോട്ട്‌ ചോര്‍ത്തിയെന്നാണ്‌ ആരോപണം. സി.പി.ഐ നേതാക്കളും രഹസ്യമായി ആരോപണം ഉന്നയിക്കുന്നുണ്ട്‌.
2010ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഒന്നാം വാര്‍ഡില്‍ അന്നത്തെ മുന്‍ ലോക്കല്‍ സെക്രട്ടറിയായ സി.പി.എം സ്‌ഥാനാര്‍ത്ഥിക്ക്‌ 184 വോട്ട്‌ ലഭിച്ച സ്‌ഥാനത്ത്‌ ഇപ്രാവശ്യം 76 വോട്ടാണ്‌ ലഭിച്ചത്‌.
ആറാം വാര്‍ഡില്‍ 168ന്‌ പകരം 42ഉം എട്ടാം വാര്‍ഡില്‍ 156ന്‌ പകരം 71ഉം പത്താം വാര്‍ഡില്‍ 190 കിട്ടിയ സ്‌ഥാനത്ത്‌ ഇപ്രാവശ്യം സി.പി.ഐ സ്‌ഥാനാര്‍ത്ഥിക്ക്‌ ലഭിച്ചത്‌ 10 വോട്ടുകളാണ്‌.
ആറ്‌, എട്ട്‌, ഒമ്പത്‌ വാര്‍ഡുകളില്‍ കേരള കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ത്ഥികള്‍ക്ക്‌ ഭൂരിപക്ഷം കിട്ടിയപ്പോള്‍ കുടയത്തൂര്‍ ബ്ലോക്ക്‌ ഡിവിഷനില്‍ കേരള കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ത്ഥി പരാജയപ്പെടുകയായിരുന്നു.
സി.പി.ഐ സ്‌ഥാനാര്‍ത്ഥി വിജയിക്കുകയും ചെയ്‌തു. തെരഞ്ഞെടുപ്പില്‍ വോട്ട്‌ വില്‍പ്പന നടത്തിയ നേതാക്കള്‍ സാമ്പത്തിക നേട്ടം കൈവരിച്ചപ്പോള്‍ പാര്‍ട്ടി തകര്‍ന്നതായാണ്‌ പ്രവര്‍ത്തകരുടെ ആരോപണം. 2010ല്‍ നാല്‌ മെമ്പര്‍മാര്‍ ഉണ്ടായിരുന്ന സ്‌ഥാനത്ത്‌ ഇപ്രാവശ്യം ഒരു സീറ്റായി ചുരുങ്ങുകയായിരുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Ads by Google
Back to Top