Last Updated 1 year 14 weeks ago
Ads by Google
21
Thursday
September 2017

വീട്ടമ്മമാരുടെ ആരോഗ്യം 'പൊടി പിടിക്കും'

mangalam malayalam online newspaper

എത്ര വൃത്തിയായി സൂക്ഷിച്ചാലും പലപ്പോഴും വീട്‌ പൊടിയില്‍നിന്ന്‌ മുക്‌തമാകാറില്ല. പ്രത്യേകിച്ചും പഴയ തടികൊണ്ടുള്ള വീടുകളും റോഡിനരുകിലുള്ളവയും. പൊടി പല രോഗങ്ങള്‍ക്കും കാരണമാകാറുണ്ട്‌. വീടിനുള്ളില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന സ്‌ത്രീകളുടെ കാര്യം പറയേണ്ടതില്ലല്ലോ. മാത്രമല്ല, അവരാണല്ലോ മിക്കപ്പോഴും പൊടി നീക്കി വീടു വൃത്തിയാക്കാന്‍ തുനിയുന്നതും. പൊടികൊണ്ടുള്ള രോഗങ്ങള്‍ കൂടുതലായി ബാധിക്കുന്നത്‌ ശ്വാസകോശങ്ങളെയാണ്‌. കാരണം ശ്വാസത്തോടൊപ്പം പൊടി നേരിട്ട്‌ ശ്വാസകോശങ്ങളിലെത്തുന്നു. പൊടിമൂലമുള്ള രോഗങ്ങളില്‍ പ്രധാനം അലര്‍ജിയാണ്‌. അലര്‍ജിയുണ്ടാക്കുന്ന പ്രോട്ടീനുകളെ അലര്‍ജനുകള്‍ എന്നു പറയുന്നു. വീടിനുള്ളിലെ പൊടിയില്‍ ഇത്തരം അലര്‍ജനുകള്‍ ധാരാളമുണ്ട്‌.

വിവിധ അലര്‍ജനുകള്‍
വീട്ടിലെ പൊടിയുടെ കേന്ദ്രം എവിടെയാണെന്നു ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ. ദിവസവും നമ്മള്‍ ഇപയോഗിക്കുന്ന കട്ടില്‍. മെത്തയ്‌ക്കടിയില്‍ അടിഞ്ഞു കൂടുന്ന പൊടിയില്‍ ചില സൂക്ഷ്‌മാണുക്കള്‍ വളരുന്നുണ്ട്‌. ഡര്‍മെറ്റോഫഗോയ്‌ഡ്സ്‌ എന്നറിയപ്പെടുന്ന ഇവ ചില പ്രോട്ടീനുകള്‍ ശക്‌തിയേറിയ അലര്‍ജനുകളാണ്‌.
പഞ്ഞിമെത്ത, തലയിണ, പുതപ്പ്‌, കമ്പളി മുതലായവയും അലര്‍ജിയുണ്ടാക്കും. അതുകൊണ്ടാണ്‌ പല ആസ്‌ത്മ രോഗികള്‍ക്കും രാത്രികാലങ്ങളില്‍ രോഗം കൂടുന്നത്‌. അലമാരയില്‍ അടുക്കി വച്ചിട്ടുള്ള വസ്‌ത്രങ്ങള്‍, പുസ്‌തകങ്ങള്‍, പഴയ പത്രക്കടലാസുകള്‍ എന്നിവയും അലര്‍ജിക്കു കാരണമാകുന്നു.
സ്‌റ്റോര്‍ മുറി പൊടിയുടെയും സ്‌റ്റോറാണ്‌. സ്‌ത്രീകള്‍ ഈ മുറിയിലേക്ക്‌ കയറിയാല്‍ തന്നെ തുമ്മാന്‍ തുടങ്ങും. ഇവിടെ സൂക്ഷിക്കുന്ന ധാന്യങ്ങള്‍, ധാന്യപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, മസാലകള്‍ തുടങ്ങിയവയ്‌ക്കൊപ്പം ചാക്കുകള്‍, കടലാസു പൊതികള്‍ എന്നിവയും പൊടി ശല്യം വര്‍ധിപ്പിക്കുന്നു. സ്‌റ്റോര്‍ മുറിയില്‍ കാണപ്പെടുന്ന പാറ്റയാണ്‌ അലര്‍ജിയുടെ മറ്റൊരു സ്രോതസ്‌.

അടുക്കള മുന്നില്‍
സ്‌ത്രീകളുടെ വിഹാരരംഗമായ അടുക്കള പൊടിയുടെ കാര്യത്തില്‍ മാത്രമല്ല പുകയുടെ കാര്യത്തിലും മുന്നിലാണ്‌. തീ കത്തിക്കാന്‍ ഉപയോഗിക്കുന്ന വിറക്‌, അറക്കപ്പൊടി, ഉണങ്ങിയ ചാണകം തുടങ്ങിയവ കത്തുമ്പോള്‍ പുകയുണ്ടാകുന്നു. ഗ്യാസ്‌ അടുപ്പ്‌ ഉപയോഗിക്കുമ്പോള്‍ ഇത്‌ കുറയുമെങ്കിലും വറക്കുമ്പോളും പൊരിക്കുമ്പോഴും കടുക്‌ പൊട്ടിക്കുമ്പോഴും നല്ലരീതിയില്‍ പുകയുണ്ടാകുന്നുണ്ട്‌.

മൃഗങ്ങളെ വളര്‍ത്താം, പക്ഷേ
വളര്‍ത്തു മൃഗങ്ങള്‍, പക്ഷികള്‍ പന്നി എന്നിവയോടുള്ള അലര്‍ജി വലിയൊരു പ്രശ്‌നമാണ്‌. നായ, പൂച്ച, പശു, ആട്‌, കോഴി, ലൗ ബേര്‍ഡ്‌സ്, മുയല്‍ മുതലായവയെല്ലാം അലര്‍ജിയുണ്ടാക്കാം. മൃഗങ്ങളുടെ രോമം, ഉമിനീര്‍, പക്ഷികളുടെ തൂവല്‍ എന്നിവയില്‍ അടങ്ങിയിട്ടുള്ള അലര്‍ജനുകളാണ്‌ വില്ലന്‍. വളര്‍ത്തുമൃഗങ്ങളെ കുളിപ്പിക്കുന്നതും പശുവിനെ കറക്കുന്നതും മിക്കപ്പോഴും സ്‌ത്രകളായിരിക്കുമല്ലോ. അതിനാല്‍ സ്‌ത്രീകളില്‍ അലര്‍ജി പ്രശ്‌നമായി മാറുന്നു.പശുവിന്റെ രോമം മാത്രമല്ല കാലിത്തീറ്റ, പുല്ല്‌, കച്ചി എന്നിവയും അലര്‍ജിക്ക്‌ കാരണമാവാം. പൂന്തോട്ടം വീടിന്റെ ഭംഗി കൂട്ടുകയും മാനസികോല്ലാസം നല്‍കുകയും ചെയ്യും. എന്നാല്‍ വീട്ടുടമ ആസ്‌ത്മ രോഗിയാണെങ്കില്‍ കാര്യങ്ങള്‍ തകിടം മറിയും. കാരണം വിവിധ പൂമ്പൊടികള്‍ അലര്‍ജിയുണ്ടാക്കുന്നതില്‍ മുന്‍പന്തിയിലാണ്‌. ചെടിക്കള്‍ക്ക്‌ അടിക്കുന്ന കീടനാശിനികളും പ്രശ്‌നക്കാരാകും.

ഭര്‍ത്താവിന്റെ പുകവലി
നമ്മുടെ നാട്ടിലെ സ്‌ത്രീകള്‍ സാധാരണ പുകവലിക്കാറില്ല. എന്നാല്‍ ഭര്‍ത്താവിന്റെ പുകവലി മൂലം അവര്‍ ദുരിതം അനുഭവിക്കുന്നു. പുകവലിക്കുന്നവര്‍ അന്തരീക്ഷത്തിലേക്ക്‌ പുകച്ചു തള്ളുന്ന പുക, വായുവില്‍ കലര്‍ന്ന്‌ മറ്റൊരാളുടെ ശ്വാസകോശത്തിലെത്തുന്നതിനെയാണ്‌ പാസീവ്‌ സ്‌മോക്കിംഗ്‌ എന്നു പറയുന്നത്‌.
അന്തരീക്ഷമലിനീകരണമാണ്‌ പൊടിയുടെ മറ്റൊരു ഉറവിടം.വീട്ടിനുള്ളില്‍ എങ്ങനെയാണ്‌ അന്തരീക്ഷ മലിനീകരണം ഉണ്ടാകുന്നതെന്നല്ലേ? അന്തീരക്ഷ മലിനീകരണം അഥവാ ഇന്‍ഡോര്‍ പൊല്യൂഷന്‍ താരതമ്യേന കുറഞ്ഞ തോതിലേയുള്ളൂ. എന്നാല്‍ സ്‌ത്രീകള്‍ വീടിനുള്ളില്‍ കൂടുതല്‍ സമയം കഴിയുന്നതിനാല്‍ പ്രധാന്യമേറുന്നു. അടുക്കളയിലെ പുക, ചന്ദനത്തിരി, കൊതുകുത്തിരി മുതലായവ കത്തുമ്പോഴുള്ള പുക, പാസീവ്‌ സ്‌മോക്കിംഗ്‌ മൂലമുള്ള പുക, പെര്‍ഫ്യൂമുകള്‍, പാചകത്തിനായി എരിക്കുന്ന വിറകില്‍ നിന്നും മറ്റ്‌ ഇന്ധനങ്ങളില്‍ നിന്നുമുള്ള പുക, പെയിന്റിന്റെ അംശം ഇവ ഉള്‍പ്പെടുന്നു.

വീടിനുള്ളിലെ മറ്റ്‌ അലര്‍ജികള്‍
- പാറ്റ, ഈച്ച, കൊതുക്‌, ചിലന്തി മുതലായ പ്രാണികളുടെ ജൈവാവിശിഷ്‌ടങ്ങള്‍.
- വിടിനുള്ളിലും കുളിമുറിയിലെ നനവുള്ള ഭിത്തിയിലും വളരുന്ന പൂപ്പല്‍ അഥവാ ഫംഗസുകള്‍.
- സാമ്പ്രാണി, ചന്ദനത്തിരി, കൊതുകുത്തിരി എന്നിവയുടെ പുക.

രോഗങ്ങള്‍

അലര്‍ജിക്‌ റൈനൈറ്റിസ്‌
അലര്‍ജിയുള്ളവരില്‍ കൂടുതലായി കണ്ടുവരുന്ന രോഗമാണ്‌ അലര്‍ജിക്‌ റൈനൈറ്റിസ്‌. തുടര്‍ച്ചയായ തുമ്മല്‍, മൂക്കടപ്പ്‌, ജലദോഷം, മൂക്ക്‌ ചൊറിച്ചില്‍ എന്നിവയാണ്‌ ഇതിന്റെ ലക്ഷണങ്ങള്‍. ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന തുമ്മലും ജലദോഷവും കാലക്രമേണ ആസ്‌ത്മയായി മാറാനുള്ള സാധ്യത അധികമാണ്‌. ആന്റിഹിസ്‌റ്റമിനുകള്‍, സ്‌റ്റിറോയ്‌ഡുകള്‍ എന്നീ ഔഷധങ്ങള്‍ അടങ്ങിയ മൂക്കിലടിക്കുന്ന സ്‌പ്രേയാണ്‌ അലര്‍ജിക്‌ റൈനൈറ്റിസിന്റെ ചികിത്സയ്‌ക്ക് ഉപയോഗിക്കുന്നത്‌.

ആസ്‌ത്മ
ശ്വാസതടസം, വിട്ടുമാറാത്ത ചുമ (പ്രത്യേകിച്ചും രാത്രികാലങ്ങളില്‍), കഫക്കെട്ട്‌, കുറുങ്ങല്‍ എന്നിവയാണ്‌ ആസ്‌ത്മയുടെ ലക്ഷണങ്ങള്‍. ഇന്‍ഹേലറുകള്‍ ഉപയോഗിച്ച്‌ രോഗം നിയന്ത്രണവിധേയമാക്കാവുന്നതാണ്‌. രോഗിക്ക്‌ സാധാരണ ജീവിതം നയിക്കുവാനുമാകും.

ക്രോണിക്‌ ബ്രോങ്കൈറ്റിസ്‌
പുകവലിമൂലം പുരുഷന്മാരില്‍ സാധരണയായി കണ്ടുവരുന്ന രോഗമാണിത്‌. എന്നാല്‍ സ്‌ത്രീകള്‍ക്കിടയിലും അപൂര്‍വമായി കണ്ടുവരുന്നു. ഇതിനു കാരണം അടുക്കളയിലെ പുകയും ഭര്‍ത്താവിന്റെ പുകവലി ശീലവുമാണ്‌. മധ്യവയസ്‌ പിന്നിടുന്നവരിലാണ്‌ അധികവും കണ്ടുവരുന്നത്‌.
അലോസരപ്പെടുത്തുന്ന ചുമയാണ്‌ തുടക്കത്തിലെ രോഗ ലക്ഷണം. ചുമയ്‌ക്കുമ്പോള്‍ ധാരാളം കഫം തുപ്പുന്നതും ഈ രോഗത്തിന്റെ പ്രത്യേകതയാണ്‌. പിന്നീട്‌ വിട്ടുമാറാത്ത ചുമയും തുടര്‍ന്ന്‌ ശ്വാസംമുട്ടലും അസഹനീയമായേക്കാം. ശ്വാസകോശങ്ങള്‍ പൂര്‍ണമായി നശിക്കുന്നതോടെ ശക്‌തമായ ശ്വാസംമുട്ടല്‍ അനുഭവപ്പെടുന്നു. ഇതുമൂലം രോഗി കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ പോലും അശക്‌തനായിത്തീരും. തുടര്‍ന്ന്‌ ഹൃദയത്തെ ബാധിക്കുന്നതോടെ രോഗം മാരകമായിത്തീരുന്നു. കാലില്‍ നീരുകെട്ടുന്നതാണ്‌ ഇതിന്റെ ലക്ഷണം.
നെഞ്ചിന്റെ എക്‌സ്റേയും ടി.എഫ്‌.ടിയും രോഗനിര്‍ണയത്തിന്‌ സഹായകരമാണ്‌. ആരംഭത്തിലേയുള്ള ചികിത്സയും നേരത്തേ പുകവലി നിര്‍ത്തുന്നതും രോഗം മൂര്‍ച്‌ഛിക്കുന്നത്‌ തടയും. ഇന്‍ഹേയ്‌ലര്‍ ചികിത്സയാണ്‌ ഉത്തമം. കടുത്ത രോഗമുള്ളവര്‍ക്ക്‌ ഓക്‌സിജനും കൃത്രിമ ശ്വാസചികിത്സയും വേണ്ടിവന്നേക്കാം. ആസ്‌ത്മാരോഗത്തോട്‌ സാമ്യമുണ്ടെങ്കിലും ആസ്‌ത്മ പോലെ പൂര്‍ണമായി നിയന്ത്രവിധേയമാക്കാന്‍ കഴിയുന്നതല്ല.

റിയാക്‌റ്റീവ്‌ എയര്‍വേ സിന്‍ഡ്രോം
അമിത അളവില്‍ പൊടിയും പുകയും ശ്വാസകോശങ്ങളിലെത്തുമ്പോള്‍ പെട്ടെന്ന്‌ ഉണ്ടാകുന്ന രോഗമാണിത്‌. കെട്ടിടം പൊളിക്കുക, വീടു പണിയുക മുതലായ അവസരങ്ങളിലാണ്‌ പലപ്പോഴും ഇതു സംഭവിക്കുക. ശ്വാസതടസം, വിട്ടുമാറാത്ത ചുമ എന്നിവയാണ്‌ ലക്ഷണങ്ങള്‍.

രോഗപ്രതിരോധം
രോഗകാരിയായ അലര്‍ജനുകള്‍ അകറ്റിനിര്‍ത്താന്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.
1. കഴിവതും പൊടി നിറഞ്ഞ അന്തരീക്ഷത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുക. താമസസ്‌ഥലം, പ്രത്യേകിച്ചും കിടപ്പുമുറി പൊടിവിമുക്‌തമായി സൂക്ഷിക്കുക. കിടപ്പുമുറിയുടെ ജനലുകളും വാതിലും പൊടി കയറാതെ അടച്ചിടുക. മുറി ദിവസവും തൂക്കുകയും നനഞ്ഞ തുണി മുക്കി തുടയ്‌ക്കുകയും ചെയ്യണം. അലര്‍ജിയുള്ളവര്‍ ഇത്‌ സ്വയം ചെയ്യരുത്‌. അഥവാ ചെയ്യേണ്ടി വന്നാല്‍ മാസ്‌ക് ഉപയോഗിച്ചോ തുണികൊണ്ടോ വായും മൂക്കും മൂടുക. വാക്വം ക്ലീനര്‍ ഉപയോഗിക്കുന്നതാണ്‌ ഉത്തമം.
2. കിടപ്പറയില്‍ പുസ്‌തകങ്ങളും തുണികളും ആവശ്യമില്ലാത്ത സാധനങ്ങളും കൂടികിടക്കാന്‍ അനുവദിക്കരുത്‌. പുസ്‌തകങ്ങളും തുണികളും അലമാരയില്‍ അടച്ചു സൂക്ഷിക്കണം. കാര്‍പ്പെറ്റുകളില്‍ പൊടിയടിഞ്ഞു കൂടുന്നതിനാല്‍ അവ ഉപയോഗിക്കാതിരിക്കുന്നതാണ്‌ നല്ലത്‌.
3. ഫാന്‍, ലാംപ്‌ ഷേഡുകള്‍, ഫര്‍ണീച്ചറുകള്‍ എന്നിവയും തുടച്ച്‌ വൃത്തിയാക്കി വയ്‌ക്കണം. പഞ്ഞികൊണ്ടുള്ള കിടക്കകളും തലയണകളും ഒഴിവാക്കി ഫോം അല്ലെങ്കില്‍ റബര്‍ കൊണ്ടുള്ളവ ഉപയോഗിക്കണം. കുഷ്യന്‍ കവറുകള്‍, കര്‍ട്ടനുകള്‍, ബെഡ്‌ ഷീറ്റുകള്‍, സോഫാ കവറുകള്‍ തുടങ്ങിയവ ഇടയ്‌ക്കിടെ തിളച്ച വെള്ളത്തിലിട്ട്‌ അലക്കുകയോ നല്ല വെയിലില്‍ ഉണക്കുകയോ ചെയ്യണം. മുറി തൂക്കുകയോ തുടക്കുകയോ ചെയ്‌താല്‍ കുറഞ്ഞത്‌ അര മണിക്കൂര്‍ നേരത്തേക്ക്‌ മുറിയില്‍ പ്രവേശിക്കരുത്‌.
4. വീടിനുള്ളില്‍ ചെടികള്‍ വളര്‍ത്താതിരിക്കുക. പ്രത്യേകിച്ച്‌ പുഷ്‌പ്പിക്കുന്നവ. പൂമ്പൊടി അലര്‍ജിയുള്ളവര്‍ പൂന്തോട്ടത്തിലും പുല്‍പ്പരപ്പിലും അധികസമയം ചെലവഴിക്കരുത്‌. ചന്ദനത്തിരി, കൊതുകു തിരി, സുഗന്ധ ദ്രവ്യങ്ങള്‍, പൗഡര്‍, റൂം ഫ്രഷനറുകള്‍ മുതലായവയുടെ ഉപയോഗം കുറയ്‌ക്കുക.
5. മൃഗങ്ങളെയും പക്ഷികളെയും വീടിനുള്ളില്‍ വളര്‍ത്താതിരിക്കുക. അഥവാ വളര്‍ത്തുകയാണെങ്കില്‍ അവയുമായി അടുത്ത സഹവാസം ഒഴിവാക്കുക. അവയെ കിടപ്പുമുറിയില്‍ കയറ്റാതിരിക്കുകയും വേണം. കുളിപ്പിക്കാന്‍ മറ്റാരെയെങ്കിലും ഏല്‍പ്പിക്കുകയും വേണം.
6. വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചാല്‍ ഒരു പരിധിവരെ ക്ഷുദ്ര ജീവികളുടെ ശല്യം ഒഴിവാക്കാം. കീടനാശിനകള്‍ ഉപയോഗിക്കുകയുമാവാം. എന്നാല്‍ സ്വയം ചെയ്യരുത്‌.

7.ഭൂരിപക്ഷം സ്‌ത്രീകളും ജീവിതത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത്‌ വീടിനുള്ളിലാണ്‌. അതിനാല്‍ വീടിനുള്ളിലെ അന്തരീക്ഷമലിനീകരണം കഴിയുന്നത്ര ഒഴിവാക്കണം. വിറകിന്റെ പുകയാണ്‌ സ്‌ത്രീകളെ സംബന്ധിച്ചു ഏറെ ദോഷകരം. അതിനാല്‍ പാചകത്തിത്‌ കഴിവതും ഗ്യാസ്‌ സ്‌റ്റൗ ഉപയോഗിക്കുക.
8. കൊതുകിനെ തുരത്താന്‍ മിക്ക വീടുകളിലും പുകയിടുക പതിവാണ്‌. പരിസരങ്ങളിലെ ചപ്പുചവറുകള്‍ കൂട്ടി തീയിടുന്നത്‌ കൂടാതെ സാമ്പ്രാണി പുകയ്‌ക്കുന്നതും കിടപ്പറയില്‍ കൊതുകു തിരി ഉപയോഗിക്കുന്നതുമെല്ലാം രോഗം നിയന്ത്രണാതീതമാകുവാന്‍ കാരണമാകുന്നു. പരിസരങ്ങളിലെ പുക കിടപ്പുമുറിയില്‍ കയറാതെ വാതില്‍ അടച്ചിടുക. മുറിയില്‍ രാസവസ്‌തുക്കള്‍ പുകയ്‌ക്കുന്നതിനു പകരം കൊതുകുവല ഉപയോഗിക്കുക എന്നിവയാണ്‌ അഭികാമ്യം.
9. രോഗത്തിനു കാരണം വളര്‍ത്തുമൃഗങ്ങളാണെന്ന്‌ ബോധ്യപ്പെട്ടാല്‍ എത്രയും വേഗം വീട്ടില്‍നിന്നും അകറ്റുക. പട്ടി, പൂച്ച എന്നിവയുടെ അലര്‍ജനുകള്‍ അവയെ വീട്ടില്‍നിന്നും ഒഴിവാക്കിയാലും മാസങ്ങളോളം കട്ടില്‍, മേശ, കാര്‍പ്പറ്റ്‌ എന്നിവടങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കുന്നതായി കണ്ടിട്ടുണ്ട്‌. അതിനാല്‍ അവയെ ഒഴിവാക്കിയശേഷം വീട്‌ വൃത്തിയായി കഴുകി ഉണക്കണം.
10. ഭര്‍ത്താവിന്റെ പുകവലി നിര്‍ത്താന്‍ ഭാര്യ മുന്‍കൈയെടുക്കണം. വീടിനുള്ളില്‍ പുകവലിക്കാന്‍ മറ്റുള്ളവരെ അനുവദിക്കരുത്‌. താഴ്‌മയോടെ അവരെ നിരുത്സാഹപ്പെടുത്താം. വീടിന്റെ സ്വീകരണ മുറിയിലെ ആഷ്‌ട്രേ നീക്കം ചെയ്യുക.

ഡോ. വേണുഗോപാല്‍ പി.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top