Last Updated 1 year 15 weeks ago
Ads by Google
22
Friday
September 2017

ഓര്‍മ്മയുണ്ട്‌ ആരോഗ്യം

ചിത്രാ സി. നായര്‍

  1. Namita Pramod
  2. Star Health
Star Health, Namita Pramod

നമിതയുടെ ഫിറ്റ്‌നസ്‌ രഹസ്യത്തെക്കുറിച്ച്‌ ചോദിച്ചാല്‍ എല്ലാം ഒരു പൊട്ടിച്ചിരിയില്‍ ഒതുക്കികളയും. 'എനിക്ക്‌ പ്രത്യേകിച്ച്‌ ഫിറ്റ്‌നസ്‌ രഹസ്യമൊന്നുമില്ല. അത്യാവശ്യം വ്യായാമം ഭക്ഷണ നിയന്ത്രണം ഇതു രണ്ടും മാത്രമാണ്‌ ഞാന്‍ നോക്കുന്നത്‌' .

വര്‍ഷങ്ങള്‍ക്കു മുമ്പ്‌ മിനി സ്‌ക്രീനിലേക്ക്‌ കടന്നു വന്ന പതിനാലുകാരിയെ സിനിമയില്‍ ആര്‍ക്കും അപരിചിതയായി തോന്നിയില്ല. കണ്ടു പരിചയമുള്ള മുഖം. തൂവാനത്തുമ്പികളിലെ ക്ലാരയു (സുമലത) ടെ മുഖഛായ.

'പുതിയ തീരങ്ങളി'ലെ താമരയായും 'വിക്രമാദിത്യ'നിലെ ദീപികയായും 'ഓര്‍മ്മയുണ്ടോ ഈ മുഖത്തി'ലെ നിത്യയായും 'അടി കപ്യാരെ കൂട്ടമണി'യിലെ അദൃഷ്‌ടലക്ഷ്‌മിയായും മലയാളി പ്രേക്ഷക കുടുംബത്തിലെ അംഗമായി കഴിഞ്ഞു നമിത പ്രമോദ്‌ എന്ന ഈ കുമരകംകാരി പെണ്‍കുട്ടി.

മിനിസ്‌ക്രീനിന്റെ ചതുരക്കൂടിനുള്ളില്‍ നിന്നും ബിഗ്‌ സ്‌ക്രീനിന്റെ വിശാലതയില്‍ മുന്‍നിര നായകര്‍ക്കൊപ്പം മത്സരിച്ച്‌ അഭിനയിച്ചു. വാക്കിലും നടപ്പിലും നോട്ടത്തിലും കുട്ടിത്തം തുളുമ്പുന്ന നമിതയുടെ മുഖത്ത്‌ എപ്പോഴും കാണുന്ന പുഞ്ചിരിക്ക്‌ ആയിരം വോള്‍ട്ടിന്റെ പ്രകാശം.

ടെന്‍ഷന്‍ ഫ്രീ ലൈഫ്‌

''സിനിമയ്‌ക്കിടയിലെ തിരക്കുകള്‍ എന്റെ വ്യക്‌തി ജീവിതത്തെ യാതൊരു വിധത്തിലും ബാധിക്കാറില്ല. ജീവിതം ഒരുപാട്‌ ആസ്വദിക്കുന്നു. യാത്രകള്‍ പോകാറുണ്ട്‌.

സിനിമയ്‌ക്കിടയില്‍ കിട്ടുന്ന ചെറിയ ഇടവേളകളിലും വെക്കേഷന്‍ സമയത്തുമാണ്‌ കൂടുതലും യാത്രകള്‍ നടത്താറുള്ളത്‌. ഒരോ തവണ യാത്ര ചെയ്യുമ്പോഴും പുതിയ സ്‌ഥലങ്ങളാണ്‌ തിരഞ്ഞെടുക്കുക.

പുതുമ ഏറെ ആഗ്രഹിക്കുന്ന വ്യക്‌തിയാണ്‌ ഞാന്‍. യാത്ര പോകുമ്പോള്‍ അവിടുത്തെ സംസ്‌കാരം, വസ്‌ത്രം, ഭക്ഷണ രീതികള്‍ എല്ലാം ശ്രദ്ധിക്കാറുണ്ട്‌. 'ലോ പോയന്റ്‌' എന്ന സിനിമയ്‌ക്കു വേണ്ടിയാണ്‌ ഡ്രൈവിംഗ്‌ പഠിച്ചത്‌.

ഡ്രൈവ്‌ ചെയ്‌ത് യാത്ര പോകാന്‍ ഇഷ്‌ടമാണെങ്കിലും ലൈസന്‍സ്‌ ഇല്ലാത്തതു കൊണ്ട്‌ തല്‍ക്കാലം ഈ ആഗ്രഹം നടപ്പില്ല. പാട്ടുകള്‍ കേള്‍ക്കുന്നത്‌ മനസിന്‌ വലിയ ഊര്‍ജമാണ്‌ ലഭിക്കുന്നത്‌.

ഇടസമയങ്ങളില്‍ ബുക്കുകള്‍ വായിക്കുന്നതും ടിവി കാണുന്നതും ഇഷ്‌ടമാണ്‌. മുന്‍പ്‌ പെന്‍സില്‍ ഡ്രോയിങ്ങില്‍ താല്‍പര്യമുണ്ടായിരുന്നെങ്കിലും തിരക്കിനിടയില്‍ വിശ്രമം നല്‍കിയിരിക്കുകയാണ്‌.

കുക്കിങ്ങില്‍ എനിക്ക്‌ താല്‍പര്യമുണ്ട്‌. തനിയെ ഭക്ഷണം പാചകം ചെയ്യുന്നത്‌ വലിയ കാര്യമാണ്‌. ഈയടുത്ത കാലത്തായി പാചകത്തില്‍ ചില പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്‌. പാചകം പഠിക്കണമെന്ന അതിയായ ആഗ്രഹം നടപ്പാക്കണമെന്നാണ്‌ പുതുവര്‍ഷത്തിലെ എന്റെ തീരുമാനം.''

നമിതയുടെ ഒരു ദിവസം

നമിതയുടെ ഫിറ്റ്‌നസ്‌ രഹസ്യത്തെക്കുറിച്ച്‌ ചോദിച്ചാല്‍ എല്ലാം ഒരു പൊട്ടിച്ചിരിയില്‍ ഒതുക്കികളയും. 'എനിക്ക്‌ പ്രത്യേകിച്ച്‌ ഫിറ്റ്‌നസ്‌ രഹസ്യമൊന്നുമില്ല. അത്യാവശ്യം വ്യായാമം ഭക്ഷണ നിയന്ത്രണം ഇതു രണ്ടും മാത്രമാണ്‌ ഞാന്‍ നോക്കുന്നത്‌'.

സ്‌കൂളില്‍ പഠിക്കുമ്പോള്‍ യോഗ പരിശീലനമുണ്ടായിരുന്നു. യോഗയ്‌ക്കായി സ്‌പെഷ്യല്‍ ട്രെയിനിംഗ്‌ സ്‌കൂളിലുണ്ടായിരുന്നു. ഞാന്‍ സ്‌ഥിരമായി യോഗ ചെയ്യാറില്ല. സമയം കിട്ടുമ്പോള്‍ ലഘുവ്യായാമങ്ങളാണ്‌ ചെയ്യുന്നത്‌.

എല്ലാ ദിവസവും രാവിലെ 5.40 ന്‌ എഴുന്നേറ്റാല്‍ റൂമില്‍ തന്നെയാണ്‌ വ്യായാമം. പുഷ്‌ അപ്‌ പോലെയുള്ള വ്യായാമങ്ങള്‍ മാത്രമേ ചെയ്യാറുള്ളൂ. സിനിമയില്‍ വരുന്നതിനു മുമ്പും അതിനുശേഷവും ജിമ്മില്‍ പോയി വ്യായാമം ചെയ്യുന്നയാളല്ല ഞാന്‍.

ഷൂട്ടിങ്ങ്‌ സെറ്റിലായാലും വീട്ടിലായാലും റൂമില്‍ തന്നെ വ്യായാമം ചെയ്യാനാണ്‌ ഞാന്‍ ഇഷ്‌ടപ്പെടുന്നത്‌. അതുകഴിഞ്ഞാല്‍ ഫ്രെഷായി രണ്ടു മണിക്കൂര്‍ കഴിഞ്ഞു മാത്രമേ ബ്രേക്ക്‌ഫാസ്‌റ്റ് കഴിക്കൂ. ഷൂട്ടിങ്ങ്‌ തിരക്കുകളില്ലെങ്കില്‍ രാത്രി 10 മണിയോടെ കിടക്കുന്നതാണ്‌ പതിവ്‌.

സ്ലിംനസ്സിന്റെ രഹസ്യം

ഞാന്‍ സ്ലിമ്മായത്‌ ഇപ്പോഴല്ല. നേരത്തെ മുതല്‍ തന്നെ ഇങ്ങനെയാണ്‌. സ്‌പെഷ്യല്‍ ഡയറ്റിംഗ്‌ ഒന്നും എനിക്കില്ല. എല്ലാ ഭക്ഷണവും എനിക്ക്‌ പ്രിയപ്പെട്ടതാണ്‌. എങ്കിലും വെജിറ്റേറിയനോടാണ്‌ കൂടുതല്‍ താല്‍പര്യം.

മീറ്റ്‌ ഫുഡുകള്‍ ഒന്നും കഴിക്കില്ല. ഫിഷ്‌ ഐറ്റംസിനോടും ചിക്കനോടും ഇഷ്‌ടമുണ്ട്‌. ഇഷ്‌ടമാണെന്നു കരുതി ഒന്നും അധികം കഴിക്കാറില്ല. ഫുഡ്‌ കണ്‍ട്രോളിങ്ങ്‌ ഒന്നുമില്ലെങ്കിലും വളരെ കുറഞ്ഞ അളവില്‍ മാത്രമേ ഭക്ഷണം കഴിക്കൂ.

മധുര പലഹാരങ്ങള്‍ പണ്ടേ ഇഷ്‌ടമല്ല. ദിവസവും ധാരാളം വെള്ളം കുടിക്കും. പഴങ്ങളും ജ്യൂസും ഇഷ്‌ടമാണ്‌. ചിലപ്പോള്‍ തടിവെച്ചോ എന്നൊരു സംശയം തോന്നാറുണ്ട്‌. ഫുഡ്‌ കുറഞ്ഞ അളവില്‍ കഴിച്ച്‌ ബാലന്‍സ്‌ ചെയ്യുമ്പോള്‍ ആത്മവിശ്വാസം തോന്നും.

സമയം തെറ്റി ഭക്ഷണം കഴിക്കാതിരിക്കാനായി പ്രത്യേകം ശ്രദ്ധയുണ്ട്‌. ഷൂട്ടിങ്ങിനിടയിലും മറ്റ്‌ യാത്രകളിലും ഇത്‌ സാധിക്കാറില്ലെങ്കിലും ഭക്ഷണ ക്രമീകരണത്തില്‍ കൃത്യമായ ഇടവേള പാലിക്കാറുണ്ട്‌.

വീട്ടില്‍ നിന്നു ഭക്ഷണം കഴിക്കുമ്പോള്‍ പുറത്തു പോയി കഴിക്കാന്‍ എനിക്ക്‌ ഉത്സാഹമാണ്‌. ഷൂട്ടിങ്ങുള്ള ദിവസങ്ങളില്‍ പ്രത്യേകിച്ച്‌ ദൂരസ്‌ഥലങ്ങളില്‍ ഷൂട്ടുള്ളപ്പോള്‍ ചൈനീസും മറ്റും കഴിച്ച്‌ ബോറടിക്കുമ്പോള്‍ വീട്ടിലെ ഭക്ഷണം കിട്ടിയെങ്കിലെന്ന്‌ ആഗ്രഹിക്കാറുണ്ട്‌.

അമ്മയുണ്ടാക്കുന്ന ഭക്ഷണം ഞാന്‍ ഒരുപാട്‌ മിസ്‌ ചെയ്യും. അമ്മയുടെ സ്‌പെഷല്‍ ഐറ്റമായ വെറൈറ്റി പുട്ടും ചിക്കന്‍, ഫിഷ്‌ കറികളും ഒരുപാടിഷ്‌ടമാണ്‌. വൈവിധ്യമായ ചേരുവകള്‍ ചേര്‍ത്ത പുട്ട്‌ എന്റെ പ്രിയപ്പെട്ട ഭക്ഷണമാണ്‌.

ഫ്രെണ്ട്‌സ് ഫോര്‍ എവര്‍

സ്‌കൂളില്‍ പഠിച്ചവരും സിനിമയിലുള്ളവരുമായി ഒരുപാട്‌ സുഹൃത്തുക്കളുണ്ട്‌. ഫ്രണ്ട്‌സുമായി സംസാരിക്കുന്നത്‌ ലൈഫില്‍ നല്ല റിലാക്‌സേഷന്‍ നല്‍കുന്നുണ്ട്‌. എന്റെ സിനിമകളിലെ തെറ്റും ശരിയും പറഞ്ഞ്‌ നല്ല സപ്പോര്‍ട്ട്‌ ചെയ്യുന്ന സുഹൃത്തുക്കളാണ്‌ എന്റെ ആത്മവിശ്വാസം.

പഠനവും സിനിമയും ബാലന്‍സ്‌ ചെയ്‌ത് കൊണ്ടുപോകാനാണ്‌ ഞാന്‍ ശ്രമിക്കുന്നത്‌. എറണാകുളം സെന്റ്‌ തെരാസസില്‍ ബി .എ സോഷ്യോളജിക്ക്‌ ചേര്‍ന്നെങ്കിലും ഷൂട്ടിങ്ങ്‌ തിരക്കുകൊണ്ട്‌ അറ്റന്‍ഡന്‍സ്‌ കുറഞ്ഞു.

ഇപ്പോള്‍ കറസ്‌പോണ്ടന്‍സായി ബി.എ ഇംഗീഷ്‌ ലിറ്ററേച്ചര്‍ പഠിക്കുന്നു. ഡിസ്‌റ്റന്‍സ്‌ എജ്യൂക്കേഷന്‌ ധാരാളം സാധ്യതകളുള്ളതു കൊണ്ട്‌ അഭിനയവും പഠനവും ഒരുമിച്ച്‌ കൊണ്ടു പോകാനാണ്‌ തീരുമാനം.

ബ്യൂട്ടി സീക്രട്ട്‌സ്

മേക്കപ്പില്‍ ഞാന്‍ അത്ര ശ്രദ്ധിക്കാറില്ല. ഷൂട്ടിങ്ങിനു വേണ്ടി മാത്രമാണ്‌ കൂടുതലും മേക്കപ്പ്‌ ഉപയോഗിക്കുന്നത്‌. കോസ്‌മെറ്റിക്‌ വസ്‌തുക്കളുടെ ഉപയോഗം കുറവാണ്‌. വ്യക്‌തി ജീവിതത്തില്‍ അമിതമായി മേക്കപ്പുകള്‍ ഇടുന്നത്‌ ഇഷ്‌ടമല്ല. സാധാരണയായി സണ്‍സ്‌ക്രീമുകള്‍ മാത്രമേ ഉപയോഗിക്കാറുള്ളൂ.

ഫേഷ്യലും ബ്ലീച്ചും ചെയ്യാറുണ്ട്‌. മുടിയുടെ സംരക്ഷണത്തിന്‌ ഹെയര്‍ ഓയിലുകളോ ക്രീമുകളോ ഉപയോഗിക്കാറില്ല. മുട്ടയുടെ വെള്ള, ഉലുവ പോലെയുള്ള നാച്ചുറല്‍ പൊടിക്കൈകളാണ്‌ മുടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ ഉപയോഗിക്കാറ്‌.

വസ്‌ത്രധാരണം നമുക്ക്‌ വലിയ ആത്മവിശ്വാസമാണ്‌ നല്‍കുന്നത്‌. എനിക്കു കംഫര്‍ട്ടബിളായ വസ്‌ത്രങ്ങള്‍ മാത്രമേ ഞാന്‍ തിരഞ്ഞെടുക്കൂ. ട്രെന്‍ഡുകള്‍ അപ്‌ഡേറ്റ്‌ ചെയ്യുന്നയാളാണ്‌ ഞാന്‍.

പുതുമകള്‍ എപ്പോഴും നമ്മളെ ആക്‌ടീവാക്കുമെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. പല സ്‌ഥലങ്ങളിലും യാത്ര പോകുമ്പോള്‍ അവിടുത്തെ വസ്‌ത്രങ്ങളും പാറ്റേണും പരീക്ഷിക്കാറുണ്ട്‌. കോസ്‌റ്റ്യൂമിന്റെ കാര്യത്തില്‍ സെല്‍ഫ്‌ ഡിസൈനിംഗുമുണ്ട്‌. ഹെയര്‍ സ്‌റ്റൈലിലും പുതിയ ട്രെന്‍ഡുകള്‍ നോക്കാറുണ്ട്‌.

ഹെല്‍ത്തി ടിപ്‌സ്

1. കുറഞ്ഞ അളവില്‍ ഭക്ഷണം കഴിക്കുക.
2. ഇഷ്‌ട ഭക്ഷണം ഒഴിവാക്കേണ്ടതില്ല.

3. കുറഞ്ഞ അളവിലായിരിക്കണമെന്നു മാത്രം. ലളിതമായ വ്യായാമങ്ങള്‍ ചെയ്യുക.
4. മനസില്‍ എപ്പോഴും പോസിറ്റീവ്‌ ചിന്തകള്‍ നിറയ്‌ക്കുക.

5. എത്ര തിരക്കുണ്ടെങ്കിലും ഓരോ നിമിഷവും ആക്‌ടീവായിരിക്കുക.
6. രോഗങ്ങള്‍ പിടിപെടുമ്പോള്‍ കാലതാമസമുണ്ടാകാതെ ചികിത്സ സ്വീകരിക്കുക.
7. മുടിയുടെ സംരക്ഷണത്തിന്‌ കൂടുതലും പ്രകൃതിദത്തമായ മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കാം.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top