Last Updated 1 year 15 weeks ago
Ads by Google
23
Saturday
September 2017

മനസിന്റെ കരുത്ത്‌ ശരീരത്തിന്റെയും

  1. Priyanka chopra
  2. Star Health
Priyanka Chopra, Star Health

മേരി കോം എന്ന ഹിന്ദി ചിത്രത്തിലൂടെ രൂപഭാവങ്ങളില്‍ ബോക്‌സിംഗ്‌ താരമായി തിളങ്ങിയ പ്രിയങ്കാ ചോപ്രയുടെ ഫിറ്റ്‌നസ്‌ മന്ത്ര

പ്രിയങ്കാ ചോപ്രയുടെ ശരീരത്തില്‍ നിന്നും മേരി കോം എന്ന മണിപ്പൂരി 'ഇടിക്കാരി' പെണ്‍കുട്ടി ഇനിയും വിട്ടൊഴിഞ്ഞിട്ടില്ല. സിനിമയില്‍ മേരി കോമിനുവേണ്ടി മിനുക്കിയെടുത്ത മസിലഴകും പരുക്കന്‍ രൂപവും അഴിച്ചുവച്ചിട്ട്‌ മാസങ്ങളേറെ ആയെങ്കിലും മനസുകൊണ്ട്‌ ഇപ്പോഴും മേരി കോമിന്‌ ഒപ്പമാണ്‌ പ്രിയങ്ക.

മേരി കോമിനെപ്പോലെ ലോകം ആരാധിക്കുന്ന ബോക്‌സിംഗ്‌ താരത്തെ അവതരിപ്പിക്കുന്നതിലെ ബുദ്ധിമുട്ടുകളെക്കുറിച്ചോര്‍ത്ത്‌ പ്രിയങ്ക ആദ്യം സിനിമയോട്‌ അകന്നു നിന്നു. പക്ഷേ, മേരികോമിനെ അടുത്തറിഞ്ഞപ്പോള്‍, അവരുടെ പെണ്‍കരുത്ത്‌ അത്ഭുതപ്പെടുത്തിയപ്പോള്‍ പ്രിയങ്ക സിനിമ ഇരുകയ്യും നീട്ടി സ്വീകരിച്ചു.

''കരുത്ത്‌ എന്നു പറയുന്നത്‌ ചങ്കൂറ്റമാണ്‌. അങ്ങനെയൊരു ചങ്കൂറ്റമുണ്ടാകണമെങ്കില്‍ ശാരീരികമായി നമുക്ക്‌ കരുത്ത്‌ ഉണ്ടായിരിക്കണം. അങ്ങനെ ശാരീരികമായി കരുത്തില്ലാത്തതുകൊണ്ടാവാം സ്‌ത്രീകളെ പൊതുവേ അബലകളായി സമൂഹം കാണുന്നത്‌. മേരി കോം എന്ന ഉരുക്കു വനിതയെ പരിചയപ്പെട്ടപ്പോഴാണ്‌ ഈ യാഥാര്‍ഥ്യം ഞാന്‍ തിരിച്ചറിഞ്ഞത്‌.''

മേരികോം എന്ന പാഠപുസ്‌തകം

''മേരി കോം എനിക്ക്‌ ഒരു പാഠപുസ്‌തകമായിരുന്നു. ആ വ്യക്‌തിയെ സിനിമയില്‍ അവതരിപ്പിക്കുമ്പോള്‍ അവരെക്കുറിച്ച്‌ ഏറെ പഠിക്കാനുണ്ടായിരുന്നു. ആദ്യം ഈ സിനിമയില്‍ നിന്നും മാറി നില്‍ക്കാനായിരുന്നു തീരുമാനം. എന്നാല്‍ മേരി കോമിനെ അവതരിപ്പിക്കാന്‍ എന്നേപ്പോലെ മറ്റൊരു നടിയില്ലെന്നു അവര്‍ പറഞ്ഞപ്പോള്‍ എനിക്ക്‌ ആ വെല്ലുവിളി ഏറ്റെടുക്കേണ്ടതായി വന്നു.

ഷൂട്ടിംഗ്‌ ആരംഭിക്കുന്നതിന്‌ മാസങ്ങള്‍ക്ക്‌ മുമ്പേ ഞാന്‍ ആ കഥാപാത്രമാകാനുള്ള ഒരുക്കം തുടങ്ങി. ശരീരവും മനസും എല്ലാം മാറണം. നല്ല കരുത്തുള്ള ശരീരമാകണം. മസിലുകള്‍ തെളിയണം. അതിനായി നന്നായി കഷ്‌ടപ്പെട്ടു.

നിരന്തരം വ്യായാമം ചെയ്‌തു. എപ്പോഴും ഞാന്‍ ഫിറ്റ്‌നസ്‌ ട്രയ്‌നറെ കൂടെ കൂട്ടി. മേരി കോം എനിക്ക്‌ നല്ല പിന്തുണ തന്നു. പക്ഷേ, വെറും ഒരു ബോക്‌സിംഗ്‌ താരമായി എനിക്ക്‌ മേരി കോമിനെ കാണാന്‍ കഴിഞ്ഞില്ല. നല്ല വ്യക്‌തിത്വമാണ്‌ അവര്‍ക്ക്‌.

ഇല്ലായ്‌മയില്‍ നിന്നും പടിപടിയായി ഉയര്‍ന്നുവന്നവര്‍. അവരുടെ മനസിന്റെ കരുത്താണ്‌ എന്നെ ആകര്‍ഷിച്ചത്‌. ഒരു പക്ഷേ, ആ കരുത്ത്‌ ഇന്നും എന്റെ മനസിലുണ്ട്‌.

മേരികോമിനു വേണ്ടി ഞാന്‍ പരുവപ്പെടുത്തിയെടുത്ത മസിലും പേശീബലവും ഇപ്പോള്‍ ഇല്ലെങ്കിലും എന്നെ ആക്രമിക്കാന്‍ ആരെങ്കിലും വന്നാല്‍ കായികമായി നേരിടാന്‍ എനിക്കാവും. അത്രയ്‌ക്കും ആത്മവിശ്വാസമാണ്‌ മോരി കോം എന്ന സിനിമയും ആ വ്യക്‌തിയും എനിക്കു തന്നത്‌.

സിനിമാ താരങ്ങളെ മാതൃകയാക്കരുത്‌

മേരി കോം കണ്ട്‌ പല പെണ്‍കുട്ടികളും പിന്നെ ജിമ്മില്‍ നിന്നും ഇറങ്ങാതായി. എന്നാല്‍ ഞാന്‍ ഇപ്പോള്‍ പഴയ രീതിയിലേക്ക്‌ തിരികെ വന്നു. പല പെണ്‍കുട്ടികള്‍ക്കും സൗന്ദര്യത്തില്‍ സിനിമാ താരങ്ങളാണ്‌ റോള്‍ മോഡല്‍. ഞാന്‍ അതിന്‌ എതിരാണ്‌. ഓരോരുത്തര്‍ക്കും അവരുടേതായ സൗന്ദര്യമുണ്ട്‌.

ഒരാളുടെ സൗന്ദര്യം കണ്ട്‌, അവരെപ്പോലെയാകാന്‍ ഇറങ്ങിത്തിരിച്ചാല്‍ അത്‌ വിപരീത ഫലമാണ്‌ സൃഷ്‌ടിക്കുക. ചില അമ്മമാര്‍ സിനിമാ നടിമാരെ ചൂണ്ടിക്കാണിച്ച്‌ വണ്ണമുള്ള പെണ്‍കുട്ടികളെ അമിത വ്യായാമത്തിനും ഭക്ഷണ ക്രമീകരണത്തിനും നിര്‍ബന്ധിക്കാറുണ്ട്‌. എന്നെ സംബന്ധിച്ചിടത്തോളം എനിക്ക്‌ എന്തെങ്കിലും സൗന്ദര്യമുണ്ടെങ്കില്‍ അതിന്റെ മുഴുവന്‍ ക്രഡിറ്റും എന്റെ മാതാപിതാക്കള്‍ക്കുള്ളതാണ്‌.

അവര്‍ എനിക്ക്‌ ജന്മം നല്‍കിയതുകൊണ്ടാണ്‌ എനിക്ക്‌ ഈ സൗന്ദര്യം. അത്‌ കൃത്രിമമായി ഉണ്ടാക്കാനാവില്ല. സിനിമാ താരങ്ങളെ സൗന്ദര്യകാര്യത്തില്‍ മാതൃകയാക്കരുതെന്ന്‌ ഞാന്‍ പലപ്പോഴും പറയാറുണ്ട്‌. സൗന്ദര്യ മത്സരത്തിലും മറ്റും പങ്കെടുക്കാന്‍ വളരെ കഷ്‌ടപ്പെട്ട്‌ വരുന്ന പെണ്‍കുട്ടികളെ ഞാന്‍ കണ്ടിട്ടുണ്ട്‌. സൗന്ദര്യം നമ്മുടെ രൂപത്തിലല്ല, വ്യക്‌തിത്വത്തിലാണെന്ന്‌ ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.

ജോലി ചെയ്യുന്നതാണ്‌ സന്തോഷം

എപ്പോഴും സന്തോഷത്തോടെയിരിക്കാനാണ്‌ ഞാന്‍ ശ്രമിക്കാറ്‌. ഇപ്പോള്‍ എന്റെ ജോലി അഭിനയമാണ്‌. അതുതന്നെയാണ്‌ എന്റെ ഏറ്റവും വലിയ സന്തോഷവും. ചിലപ്പോള്‍ സിനിമയില്ലാതിരിക്കുമ്പോള്‍ വിഷമം തോന്നും. അപ്പോള്‍ കവിതയിലേക്കും പാട്ടിലേക്കും തിരിയും. നമ്മള്‍ ചെയ്യുന്ന ജോലിതന്നെയാണ്‌ നമ്മുടെ ജീവിതം. അത്‌ എത്രമാത്രം ആസ്വദിച്ചു ചെയ്യാനാവുമോ അത്രയും സന്തോഷവും സംതൃപ്‌തിയും നമുക്ക്‌ ലഭിക്കും.

ഓരോ സിനിമ തീരുമ്പോഴും ഞാന്‍ മനസുകൊണ്ട്‌ മറ്റൊരു സിനിമയ്‌ക്കുവേണ്ടിയുള്ള തയാറെടുപ്പലായിരിക്കും. സിനിമാ മോഹവുമായി സിനിമയില്‍ എത്തിയ ആളല്ല ഞാന്‍. അതുകൊണ്ട്‌ ഇതു വീണുകിട്ടിയ അവസരമായി ഞാന്‍ കരുതുന്നു. നമുക്ക്‌ ലഭിച്ച അവസരം ഏറ്റവും ഫലപ്രദമായി വിനിയോഗിക്കുകയാണ്‌ ജീവിത വിജയം. അവസരങ്ങള്‍ക്കു നേരെ മുഖം തിരിക്കുന്നവരും അത്‌ അതിരിച്ചറിയാന്‍ കഴിയാത്തവരും പിന്നീട്‌ നിരാശപ്പെടേണ്ടി വരും.

സിനിമയില്‍ തുടരാന്‍ കഴിയുന്ന കാലത്തോളം തുടരുക. കുറച്ചു കഴിയുമ്പോള്‍ ചിലപ്പോള്‍ വഴിമാറി കൊടുക്കേണ്ടിവരും. പലരും ചോദിക്കാറുണ്ട്‌ സിനിമയില്‍ നിന്നും പുറത്തായാല്‍ സങ്കടം തോന്നില്ലേ എന്ന്‌. എന്നാല്‍ ഇന്ന്‌ ഞാന്‍ എന്റെ ജോലി ഓരോ നിമിഷവും ആസ്വദിച്ചാണ്‌ ചെയ്യുന്നത്‌. അതുകൊണ്ട്‌ നാളെ എനിക്കു നഷ്‌ടമാകുന്ന ഈ ജീവിതത്തെക്കുറിച്ചോര്‍ത്ത്‌ ദുഃഖമില്ല.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top