Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

മോണരോഗവും അസ്‌ഥി വീക്കവും

  1. Dental Care
Dental Care

മോണരോഗത്തിന്റെ പ്രധാനകാരണം ബാക്‌ടീരിയ ആണെങ്കിലും ശരീരത്തിലെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ മോണരോഗത്തിന്റെ കാഠിന്യം വര്‍ധിപ്പിക്കുന്നു .

അസ്‌ഥിരോഗവും മോണരോഗവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്ന്‌ പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നു. അസ്‌ഥിയിലെ ധാതുക്കള്‍ പ്രായം ചെല്ലുന്തോറും പ്രത്യേകിച്ച്‌ സ്‌ത്രീകളില്‍ കുറയാന്‍ ഇട വരികയും തത്‌ഫലമായി അസ്‌ഥിയുടെ ബലം കുറഞ്ഞ്‌ ക്ഷയവും സംഭവിക്കുന്നു.

ഇത്‌ കാരണം ഇടയ്‌ക്കിടെ അസ്‌ഥി ഒടിയാനും വേദന വിട്ടുമാറാതെ തുടരാനും കാരണമാകുന്നു. കശേരുക്കള്‍, നട്ടെല്ല്‌, ഇടുപ്പ്‌, കൈയുടെ കുഴ എന്നിവിടങ്ങളിലാണ്‌ ഇത്‌ പ്രധാനമായും കണ്ടു പോരുന്നത്‌.

മോണരോഗത്തിന്റെ പ്രധാനകാരണം ബാക്‌ടീരിയ ആണെങ്കിലും ശരീരത്തിലെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ മോണരോഗത്തിന്റെ കാഠിന്യം വര്‍ധിപ്പിക്കുന്നു.

പല്ലിനെ ഉറപ്പിച്ചു നിര്‍ത്തുന്ന എല്ലായ ആല്‍വിയോളാര്‍ ബോണിന്റെ തേയ്‌മാനം മോണരോഗത്തിന്റെ പ്രധാനലഷണമാണ്‌. അസ്‌ഥിവീക്കം ഉള്ള സ്‌ത്രീകളില്‍ ആകട്ടെ ഈ പ്രക്രീയ വേഗത്തില്‍ സംഭവിക്കുകയും ചെയ്യുന്നു.

അസ്‌ഥിവീക്കം ഉള്ള സ്‌ത്രീകളില്‍ എല്ലിലെ ധാതുക്കളുടെ അളവും ഒപ്പം സാന്ദ്രതയും കുറവായിരിക്കും. ഇത്‌ പുരുഷന്‍മാരെ അപേക്ഷിച്ച്‌ രണ്ടു മുതല്‍ മൂന്ന്‌ ഇരട്ടി വേഗത്തില്‍ സ്‌ത്രീകളില്‍ നടക്കുന്നു. ഈസ്‌ട്രജന്‍ ഹോര്‍മോണ്‍ കുറയുന്നതാണ്‌ കാരണം.

പ്രൈമറിയും സെക്കന്‍ഡറിയും

അസ്‌ഥിവീക്കത്തെ രണ്ടായി തരം തിരിച്ചിരിക്കുന്നു. പ്രൈമറി എന്നും സെക്കന്‍ഡറി എന്നും. ആര്‍ത്തവ വിരാമം, നാല്‍പ്പത്തഞ്ചില്‍ ഏറെ പ്രായം, യാതൊരു കാരണവും പറയാന്‍ കഴിയാത്ത അസ്‌ഥിവീക്കവും പ്രൈമറി ഗണത്തില്‍പ്പെടുന്നു.

മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ അല്ലെങ്കില്‍ ധാതുക്കളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന മരുന്നുകളുടെ ഉപയോഗം കാരണം ഉണ്ടാകുന്ന അസ്‌ഥിവീക്കത്തെ സെക്കന്‍ഡറി എന്നും വിളിക്കുന്നു.

പ്രമേഹം, സന്ധിവാതം, രക്‌തവാതം, പാരാതൈറോയ്‌ഡ് ഗ്രന്ഥിയുടെ അതി പ്രവര്‍ത്തനം, അഡ്രിനല്‍ ഗ്രന്ഥിയുടെ പ്രവര്‍ത്തനക്കുറവ്‌, രക്‌താര്‍ബുദം, ലിംഫോമാ തുടങ്ങിയവ ഈ പറഞ്ഞ സെക്കന്‍ഡറി അസ്‌ഥി വീക്കത്തിന്റെ കാരണങ്ങളില്‍ ചിലതാണ്‌.

ലോകാരോഗ്യസംഘടന അസ്‌ഥിയുടെ ധാതു സാന്ദ്രതയെ നാലായി തിരിച്ചിരിക്കുന്നു. ആരോഗ്യമുള്ള സാധാരണ എല്ലുകള്‍, ക്ഷയിച്ചു തുടങ്ങിയ എല്ലുകള്‍, ഓസ്‌റ്റിയോ പീനിയ, ഓസ്‌റ്റിയോ പോറോസിസ്‌ എന്നിവയാണവ.

നാലു കാരണങ്ങള്‍

മോണരോഗവും അസ്‌ഥിവീക്കവും തമ്മിലുള്ള ബന്ധത്തിന്‌ നാല്‌ പ്രധാന കാരണങ്ങള്‍ പഠനത്തിലൂടെ തെളിഞ്ഞിട്ടുണ്ട്‌.
1. അസ്‌ഥി വീക്കം കാരണം ശരീരത്തില്‍ മൊത്തത്തിലുള്ള ധാതുവിന്റെ അളവ്‌ കുറവായിരിക്കും. അതിന്റെ ഫലമായി വായിലുള്ള അസ്‌ഥിക്കും തേയ്‌മാനം സംഭവിക്കുകയും മോണരോഗത്തിന്‌ കാരണമായി തീരുകയും ചെയ്യുന്നു.

2. എല്ലില്‍ സംഭവിക്കുന്ന റീമോഡലിംഗ്‌ പ്രക്രിയ കാരണം ഉണ്ടാകുന്ന ചില പ്രത്യേകതരം സൈറ്റോകൈന്‍ തന്മാത്രകള്‍ അസ്‌ഥിയുടെ തേയ്‌മാനത്തിന്‌ കാരണമാകുന്നു. ഇത്‌ മോണരോഗത്തെ ത്വരിതപ്പെടുത്തുന്നു.

3. ജനിതക ഘടകങ്ങള്‍ കാരണം ഉണ്ടാകുന്ന അതിവേഗത്തിലുള്ള അസ്‌ഥിക്ഷയം മോണയിലും പ്രതിഫലിക്കുന്നു.
4. മറ്റ്‌ ഘടകങ്ങളായ ഭക്ഷണത്തലുള്ള കാത്സ്യത്തിന്റെ അഭാവം, പുകവലി തുടങ്ങിയ ഘടകങ്ങള്‍ ധാതുക്ഷയത്തിന്‌ കാരണമായി മോണരോഗവും അസ്‌ഥിവീക്കവും ഉണ്ടാക്കുന്നു.

സ്‌ത്രീകള്‍ അറിയേണ്ടത്‌

1. നാല്‍പത്‌ വയസുകഴിഞ്ഞാല്‍ മോണരോഗ വിദഗ്‌ധനെ സന്ദര്‍ശിക്കുക. കുറഞ്ഞത്‌ മൂന്ന്‌ മുതല്‍ ആറു മാസത്തിലൊരിക്കല്‍.
2. മോണരോഗത്തിന്‌ കാരണമാകുന്ന ബാക്‌ടീരിയയെ ചെറുക്കുന്നതിനായി ദന്തശുചിത്വം നന്നായി ഉറപ്പു വരുത്തുക. രണ്ടു നേരം ബ്രഷ്‌ ചെയ്യുക, ഫേ്‌ളാസ്‌ ചെയ്യുക.

3. മോണരോഗത്തിന്റെ ലക്ഷണങ്ങളായ മോണയിലെ ചുവപ്പു നിറം, മോണയില്‍ നിന്നുള്ള രക്‌തസ്രാവം എന്നിവയെ അവഗണിക്കാതിരിക്കുക. ഇത്‌ കണ്ടയുടന്‍ ചികിത്സ നേടേണ്ടതാണ്‌.

4. ആഹാരത്തില്‍ കാത്സ്യം ധാരാളം അടങ്ങിയ ഭക്ഷണപദാര്‍ഥങ്ങള്‍, പാല്‍, പാല്‍ക്കട്ടി, യോഗര്‍ട്ട്‌, ഇലക്കറികള്‍, കടല്‍മത്സ്യങ്ങള്‍ സോയാബീന്‍, ചീര, ബ്ര?ക്കോളി, ഈന്തപ്പഴം, ഓറഞ്ച്‌, അത്തി, കിവി തുടങ്ങിയവ കഴിക്കാന്‍ ശ്രദ്ധിക്കുക.

5. പുകവലി, കാര്‍ബണേറ്റഡ്‌ ഡ്രിങ്ക്‌സ് തുടങ്ങിയവയുടെ ഉപയോഗം കുറയ്‌ക്കുക.
6. എല്ലുകളില്‍ വേദനയോ ശരീരത്തിന്‌ ക്ഷീണമോ അനുഭവപ്പെട്ടാല്‍ ഡോക്‌ടറെ സമീപിക്കുക.
7. ആറുമാസത്തില്‍ ഒരിക്കല്‍ ബോണ്‍ മിനറല്‍ ഡെന്‍സിറ്റി പരിശോധിക്കുന്നത്‌ നന്നായിരിക്കും.
8. ശരിയായ വ്യായാമം ദിനചര്യയുടെ ഭാഗമാക്കുക. നീന്തല്‍ നടത്താം, സൈക്ലിംഗ്‌തുടങ്ങിയവ നല്ലതാണ്‌.
9. സമീകൃതാഹാരം കഴിക്കുന്നുവെന്ന്‌ ഉറപ്പു വരുത്തുക.
10. നന്നായി വെയില്‍ അല്ലെങ്കില്‍ സൂര്യപ്രകാശം കൊള്ളുന്നത്‌ അസ്‌ഥിയെ ശക്‌തിപ്പെടുത്തുന്ന വിറ്റാമിന്‍ ഡി കൂടുതല്‍ ഉണ്ടാകാന്‍ സഹായിക്കും.

ഈ കാര്യങ്ങളിലൂടെ സ്‌ത്രീകള്‍ക്ക്‌ സന്തോഷകരമായ ആര്‍ത്തവവിരാമകാലം ആസ്വദിക്കാം.

ചികിത്സ

1. ഭക്ഷണത്തിലുള്ള കാത്സ്യത്തിന്റെ അഭാവം പരിഹരിക്കുക
2. പതിവായുള്ള വ്യായാമം
3. ഹോര്‍മോണ്‍ വീണ്ടും നല്‍കിക്കൊണ്ടുള്ള ഹോര്‍മോണ്‍ റീപ്ലെയ്‌സ്മെന്റ്‌ തെറാപ്പി
4. ഈസ്‌ട്രജന്‍ റിസപ്‌റ്റര്‍ മോഡുലേറ്ററുകളും ധാതുക്ഷയത്തിന്‌ എതിരെയുള്ള ബിസ്‌ ഫോസ്‌ഫോണേറ്റുകളും വളരെ ഫലപ്രദമായി അസ്‌ഥിക്ഷയത്തിന്‌ എതിരെ പ്രവര്‍ത്തിക്കുന്നു.

ഡോ. മണികണ്‌ഠന്‍ ജി.ആര്‍
ജൂനിയര്‍ റസിഡന്റ്‌ , ഗവ. ദന്തല്‍ കോളജ്‌, തിരുവനന്തപുരം

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top