Last Updated 1 year 15 weeks ago
Ads by Google
23
Saturday
September 2017

പുരുഷ വന്ധ്യതയ്‌ക്ക്‌ ആയുര്‍വേദം

  1. Infertility Problems
  2. Vandhyatha Special
Vandhyatha Special, Infertility Problems

വിവാഹം കഴിഞ്ഞ്‌ ഉദ്ദേശിച്ച സമയത്ത്‌ കുട്ടികളുണ്ടായില്ലെങ്കില്‍ ഹൈടെക്‌ ഇന്‍ഫര്‍ട്ടിലിറ്റി ക്ലിനിക്കുകള്‍ മുതല്‍ മാന്ത്രിക ക്ലിനിക്കുകള്‍ വരെയുള്ള സന്ദര്‍ശനം തുടങ്ങുകയായി.

വന്ധ്യതാ ചികിത്സ ഇന്ന്‌ ഏറെ വികസിതവും, തെറ്റിദ്ധരിപ്പിക്കപ്പെടുന്നതുമായ വ്യവസായമാണ്‌. ഏതാണ്‌ ശരി- തെറ്റ്‌ എന്ന ആശങ്ക നിറഞ്ഞു നില്‍ക്കുന്നു. വന്ധ്യതാ ചികിത്സ ഫാഷനായി മാറിക്കഴിഞ്ഞു എന്ന്‌ പറയാം.

വിവാഹം കഴിഞ്ഞ്‌ ഉദ്ദേശിച്ച സമയത്ത്‌ കുട്ടികളുണ്ടായില്ലെങ്കില്‍ ഹൈടെക്‌ ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്കുകള്‍ മുതല്‍ മാന്ത്രിക ക്ലിനിക്കുകള്‍ വരെയുള്ള സന്ദര്‍ശനം തുടങ്ങുകയായി. ഈ യാത്ര പലര്‍ക്കും സമയവും പണവും നഷ്‌ടപ്പെടുത്തുന്ന കടുത്ത ജീവിത നൈരാശ്യത്തിലേക്ക്‌ എത്തിച്ചേക്കാം.

തെറ്റിദ്ധരിപ്പിക്കപ്പെടുന്നതും, പ്രത്യേക ലക്ഷ്യത്തോടെയും ചെയ്യുന്ന ബോധവല്‍കരണങ്ങള്‍ ലൈംഗിക വിഷയങ്ങളെ കൊണ്ടെത്തിച്ചിരിക്കുന്നത്‌ ഉത്‌കണ്‌ഠയുടെ മുള്‍മുനയിലാണ്‌.

ആയുര്‍വേദം പ്രകൃതിയില്‍നിന്ന്‌ പാഠങ്ങള്‍ ഉള്‍ക്കൊള്ളാനാണ്‌ നിര്‍ദ്ദേശിക്കുന്നത്‌. തലമുറകള്‍ നിലനിര്‍ത്തണമെങ്കില്‍ പുത്തന്‍ തലമുറകള്‍ ഉണ്ടായേ പറ്റൂ. പ്രകൃതിയുടെ ലബോറട്ടറിയായിരിക്കണം നമ്മുടെ പഠന വിഷയം.

ഒരു ചെടി വളരണമെങ്കില്‍ എന്തെല്ലാം സാഹചര്യങ്ങള്‍ വേണം. പാകപ്പെടുത്തിയെടുത്ത ഉല്‍പാദനശേഷിയുള്ള വിത്ത്‌ വേണം, കളകളില്ലാത്തതും വേരോട്ടം കിട്ടുന്നവിധം ഉഴുതുമറിച്ച ഫലഭൂയിഷ്‌ടമായ നിലം വേണം, ഈ നിലത്ത്‌ പാകത്തിന്‌ വെള്ളം, വളം, വെളിച്ചം ഇവ വേണം.

എന്നിട്ട്‌ വിത്തിട്ടാല്‍ അത്‌ വളര്‍ന്ന്‌ വലുതാകും -തീര്‍ച്ച- എന്നാല്‍ ഈ പ്രക്രിയയിലെ ഏതെങ്കിലും ഘടകത്തിന്‌ വീഴ്‌ച സംഭവിച്ചാല്‍ ഉദ്ദേശിച്ച ഫലം കിട്ടില്ലെന്ന്‌ ഉറപ്പാണ്‌. ഇതു തന്നെയാണ്‌ വന്ധ്യതാ ചികിത്സയുടെ പ്രകൃതി പാഠം.

പുരുഷവന്ധ്യതയുടെ കാരണങ്ങള്‍

ശുക്ലത്തില്‍ ബീജത്തിന്റെ കുറവ്‌, ബീജമില്ലായ്‌മ, ചലനശേഷിയില്ലാത്തതോ ആരോഗ്യമില്ലാത്തതോ ആയ ബീജങ്ങള്‍, ഉദ്ധാരണ ശേഷിയില്ലായ്‌മ, ബീജവാഹിനികളില്‍ വേരിക്കോസ്‌ പോലുള്ള തടസ്സങ്ങള്‍ ഇവയെല്ലാം പുരുഷ വന്ധ്യതയുടെ കാരണങ്ങളാണ്‌.

മറ്റു കാരണങ്ങള്‍

പ്രമേഹം, കാന്‍സര്‍, ക്ഷയം തുടങ്ങിയ രോഗാവസ്‌ഥകളിലും ഈ രോഗങ്ങള്‍ക്ക്‌ ഉപയോഗിക്കുന്ന ഔഷധങ്ങളുടെ ഫലമായും വന്ധ്യത അനുഭവപ്പെടാറുണ്ട്‌.
അമിത മദ്യപാനം, പാന്‍മസാല കങ്ങളുടെ ഉപയോഗം, പുകവലി ഇവയും വന്ധ്യതയുടെ കാരണമായി മാറാം.

പ്രത്യേക കാരണങ്ങളൊന്നുമില്ലാതെയും വന്ധ്യത അനുഭവപ്പെടാറുണ്ട്‌. പൂര്‍ണ്ണ ആരോഗ്യമുള്ള ശരീര - മനസ്സുള്ള സ്‌ത്രീ പുരുഷ മേളനത്തില്‍, ദൈവാനുഗ്രഹത്തിന്റെ കൈയ്യൊപ്പു ചേരുമ്പോഴെ തലമുറയുടെ നിലനില്‍പ്‌ പൂര്‍ണ്ണമാവുകയുള്ളു എന്ന്‌ ചുരുക്കം.

സ്വാഭാവികം അഥവാ പരമ്പരാഗതമായി ഭവിക്കുന്ന വന്ധ്യതയും ജീവിതശൈലീജന്യമെന്നും വന്ധ്യത വേര്‍തിരിക്കാവുന്നതാണ്‌. ശാരീരിക കാരണങ്ങളാലുണ്ടാകുന്ന വന്ധ്യത പോലെ മാനസിക കാരണങ്ങളും പ്രത്യേകം പരിഗണിക്കേണ്ടതുണ്ട്‌.

ചെറുപ്പത്തിലേ ശ്രദ്ധിക്കാം

വന്ധ്യതാ നിവാരണത്തിന്‌ ചെറുപ്പം മുതലേയുള്ള ബോധവല്‍കരണം അത്യാവശ്യമാണ്‌. കൗമാര പ്രായക്കാരുടെ പ്രശ്‌നങ്ങളില്‍ ശാസ്‌ത്രീയമായി ഇടപെടണം. കുട്ടികളുണ്ടാവാതിരിക്കുന്നത്‌ ശാപമായി കാണാതെ ആരോഗ്യ പ്രശ്‌നമായി കാണുവാന്‍ നാം പഠിച്ചു കഴിഞ്ഞു.

ആയുര്‍വേദ ശാസ്‌ത്രം പ്രത്യുല്‍പാദനത്തിനും ലൈംഗികതയ്‌ക്കും വളരെ പ്രാധാന്യം നല്‍കുന്നുണ്ട്‌. ആഹാരം, ഉറക്കം, മൈഥുനം എന്നീ കാര്യങ്ങള്‍ ജീവിതത്തെ താങ്ങിനിറുത്തുന്നതും ആരോഗ്യത്തിന്‌ ഒഴിച്ചുകൂടാനാവാത്തതുമാണ്‌.

പുരുഷന്റേയും സ്‌ത്രീയുടേയും ഇത്തരം പ്രശ്‌നങ്ങള്‍, കാരണങ്ങള്‍ ചികിത്സ എന്നിവയെ സവിസ്‌തരം പ്രതിപാദിക്കുന്ന വാജീകരണ രസായന തന്ത്രങ്ങള്‍ ഏറെ പ്രശസ്‌തമാണ്‌.

ധാര്‍മ്മികതയിലൂന്നിയ ചിട്ടയോടെ അനുവര്‍ത്തിക്കേണ്ട ശാരീരിക ധര്‍മ്മമായിട്ടാണ്‌ ലൈംഗികതയെ ആയുര്‍വേദം കാണുന്നത്‌. അതുകൊണ്ടുതന്നെ വന്ധ്യതാ ചികിത്സയില്‍, പാര്‍ശ്വഫലങ്ങളില്ലാത്തതും ചെലവു കുറഞ്ഞതുമായ ആയുര്‍വേദ ചികിത്സകള്‍ ഗുണകരമാണ്‌.

ധാതുക്കളുടെ പ്രവര്‍ത്തനം

രസം, രക്‌തം, മാംസം, മേദസ്സ്‌, അസ്‌ഥി, മജ്‌ജ, ശുക്ലം എന്നീ സപ്‌ത ധാതുക്കളുടെ ശരിയായ പ്രവര്‍ത്തന -പചന-പരിണാമങ്ങളാണ്‌ ആരോഗ്യത്തിന്റെ കാതല്‍. ഓരോ ധാതുക്കളും ശരിയായി പ്രവര്‍ത്തിച്ച്‌ അടുത്ത ധാതുവിന്റെ പൂര്‍ണ്ണത എന്ന ക്രമത്തിലാണ്‌ ധാതുക്കള്‍ അഥവാ ശരീര നിര്‍മ്മാണ ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നത്‌. ഏഴ്‌ ധാതുക്കളും ശരിയായവിധം പ്രവര്‍ത്തിച്ചാല്‍ മാത്രമേ ലൈംഗികപൂര്‍ണതയിലെത്താന്‍ വേണ്ട ശുക്ല തേജസ്സ്‌ സംജാതമാവുകയുള്ളു.

ധാതു പരിണാമത്തില്‍ വിഷമം സൃഷ്‌ടിക്കുന്ന ഓരോ കാരണവും രോഗകാരണങ്ങളും വന്ധ്യതയുടേയും കാരണങ്ങളായി മാറുന്നുണ്ട്‌. വന്ധ്യതാ ചികിത്സക്കെത്തുന്നവരുടെ എണ്ണം കൂടുന്നതിന്‌ പ്രധാന കാരണം ആരോഗ്യ പ്രശ്‌നങ്ങളാണ്‌.

കൗമാരക്കാരികളില്‍ കണ്ടെത്തുന്ന ആര്‍ത്തവ പ്രശ്‌നങ്ങളും പോളിസിസ്‌റ്റിക്‌ ഓവേറിയന്‍ ഡിസീസ്‌ പോലുള്ള പ്രശ്‌നങ്ങളും ഒരു പരിധിവരെ ശ്രദ്ധക്കുറവു കൊണ്ട്‌ വരുന്നതാണ്‌.

ആഹാരശൈലി

കുട്ടിക്കാലം മുതല്‍ ശീലിക്കുന്ന ആഹാരരീതികളും വ്യായാമക്കുറവും അമിതവണ്ണവും വന്ധ്യതയുടെയും കാരണങ്ങളായി കാണാം. കൊക്കക്കോള, ഐസ്‌ക്രീമുകള്‍, കൃത്രിമ പാനീയങ്ങള്‍, വിവിധയിനം ഹോര്‍മോണുകള്‍ കുത്തിവെച്ചും അമിതമായ ആന്റിബയോട്ടിക്‌ ഔഷധ പ്രയോഗം നടത്തിയും തീന്‍മേശയില്‍ എത്തിച്ചേരുന്ന മാംസാഹാരങ്ങളും കുറച്ചൊന്നുമല്ല പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നത്‌.

ഫാമുകളിലെ പാലിനും മുട്ടയ്‌ക്കും ഈ പ്രശ്‌നമുണ്ട്‌. എന്‍ഡോസള്‍ഫാന്‍ പോലുള്ള കീടനാശിനികള്‍ കലര്‍ന്ന മലക്കറികളും, പഴങ്ങളും നമ്മളറിയാതെ അശക്‌തരാക്കുന്നുണ്ട്‌. കലര്‍പ്പില്ലാത്ത ഭക്ഷണം, വായു, ജലം ഇവ ആരോഗ്യത്തിന്‌ മാത്രമല്ല തലമുറ നിലനില്‍ക്കുന്നതിനും അത്യാവശ്യമാണ്‌.

ആയുര്‍വേദ ചികിത്സ

ആയുര്‍വേദം വന്ധ്യതയ്‌ക്ക് രണ്ടു തരം ചികിത്സാ വിധികള്‍ നിര്‍ദ്ദേശിക്കുന്നു. ലഘു കാരണങ്ങള്‍ കൊണ്ടുണ്ടാകുന്നതിന്‌ അകത്തും പുറത്തും പ്രയോഗിക്കുന്ന ഔഷധങ്ങള്‍ കൊണ്ടും മറ്റു വിഭാഗത്തിന്‌, സ്‌നേഹനം, സ്വേദനം, വസ്‌തി എന്നിവയുള്‍പ്പെടുന്ന പഞ്ചകര്‍മ്മ ചികിത്സയും നിര്‍ദ്ദേശിക്കുന്നു.

ഡാഡിമാദിഘൃതം, സുകുമാരം കഷായം, കല്യാണകം കഷായം തുടങ്ങി വന്ധ്യതാ ചികിത്സയില്‍ നിരവധി ഔഷധയോഗങ്ങളുണ്ട്‌. മിക്ക ഹൈടെക്‌ ഇന്‍ഫര്‍ട്ടിലിറ്റി ക്ലിനിക്കുകളിലും, ശുക്ലാര്‍ത്തവ ശുദ്ധിക്കും, വര്‍ധനവിനും ആയുര്‍വേദ പാറ്റന്റ്‌ ഔഷധങ്ങള്‍ തന്നെയാണ്‌ കൊടുക്കുന്നത്‌.

ഉത്തരവസ്‌തി എന്ന ഒരു ചികിത്സാരീതി ആയുര്‍വേദ ചികിത്സയിലുണ്ട്‌. സ്‌ത്രീ - പുരുഷ ലൈംഗികാവയവങ്ങളിലൂടെ പ്രത്യേകം തയാറാക്കിയ ഔഷധം വൈദ്യ മേല്‍നോട്ടത്തില്‍ പ്രയോഗിക്കുന്നതാണ്‌ ഉത്തരവസ്‌തി.

നായിക്കുരണ പരിപ്പ്‌, വയല്‍ചുള്ളി വിത്ത്‌, അമുക്കുരം തുടങ്ങിയ ചേരുവകള്‍ ഉപയോഗിച്ച്‌ തയാറാക്കുന്ന ഔഷധങ്ങളുടെ ലൈംഗിക ഉത്തേചക പരസ്യങ്ങള്‍ വന്ധ്യത നാശിനികളും ആയുര്‍വേദ ചികിത്സയെ സംശയത്തിന്റെ അകലത്തില്‍ നിറുത്തുകയും ചെയ്യുന്നു.

വന്ധ്യതാ നിവാരണത്തിനായുള്ള ബോധവല്‍കരണം കൗമാര പ്രായക്കാരുടെ ഭക്ഷണം, ജോലി, പഠനരീതികള്‍, എല്ലാം കണക്കിലെടുത്തുവേണം ചെയ്യാന്‍.

കടപ്പാട്‌:

ഡോ. പി. കൃഷ്‌ണദാസ്‌

ചീഫ്‌ ഫിസിഷന്‍
അമൃതം ആയുര്‍വേദ ഹോസ്‌പിറ്റല്‍
ആന്‍ഡ്‌ റിസര്‍ച്ച്‌സെന്റര്‍, പെരിന്തല്‍മണ്ണ

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top