Last Updated 45 weeks 6 days ago
Ads by Google
26
Wednesday
April 2017

വീട്ടിലൊരുക്കാം ഔഷധത്തോട്ടം

രഹ്ന ഗോപിദാസ്‌

mangalam malayalam online newspaper

എല്ലാ ജീവജാലങ്ങള്‍ക്കും ജീവിക്കാനാവശ്യമായ എല്ലാം തന്നെ പ്രകൃതിയില്‍ ഉണ്ട്‌. അത്‌ നാം കണ്ടെത്തണമെന്നു മാത്രം. പക്ഷിമൃഗാദികളെല്ലാം പ്രകൃതിയോടിണങ്ങിയാണ്‌ കഴിയുന്നത്‌. എന്നാല്‍ ആക്കാര്യത്തില്‍ മാത്രം മനുഷ്യന്‍ പിന്നിലാണ്‌.

നിസാര അസുഖത്തിനു പോലും ലക്ഷങ്ങള്‍ മുടക്കി മരുന്നുകള്‍ വാങ്ങുന്നവര്‍ ഒരു നിമിഷം പ്രകൃതിയിലേക്കു നോക്കൂ. ആ അസുഖത്തിനുള്ള പ്രതിവിധി ചിലപ്പോള്‍ നിങ്ങളുടെ വീട്ടുമുറ്റത്തുതന്നെ ഉണ്ടാകും.

ഒരിക്കലും മാറില്ല എന്ന്‌ കരുതിയ അസുഖങ്ങള്‍പോലും മാറ്റാന്‍ കഴിവുള്ള മരുന്നുകള്‍ നമ്മുടെ ചുറ്റുപാടും തന്നെ ഉണ്ടാകും. നാം അത്‌ തിരിച്ചറിയുന്നില്ല എന്നതാണ്‌ സത്യം. പുരാതന കാലത്തെ ഋഷിമാരും മറ്റും ഇതേകുറിച്ച്‌ ആയുര്‍വേദഗ്രന്ഥങ്ങളിയും, താളിയോലകളിലും എഴുതിയിട്ടുണ്ട്‌.

കയ്യോന്നി

70 സെ. മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഒരു ഏകവര്‍ഷി സസ്യമാണിത്‌. ഇതിന്റെ തണ്ട്‌ വളരെ മൃദുവും ഇളംചുവപ്പു നിറമുള്ളതുമാണ്‌. ചിലപ്പോള്‍ ഈ ചെടിക്ക്‌ രണ്ടോ മൂന്നോ ശാഖകള്‍ കാണാം. എന്നാല്‍ ചില ചെടികള്‍ ശാഖകള്‍ ഇല്ലാതെ ഒറ്റത്തണ്ടായി കാണുന്നു.

ഇലകള്‍ ലഘുവും, സമ്മുഖമായി വിന്യസിക്കുന്നതും അഗ്രം കൂര്‍ത്തതു മാണ്‌. അനുഭവത്തില്‍ നിന്നും. വിവരണത്തില്‍ നിന്നെല്ലാം തന്നെ കയ്യോന്നി ഉത്തമമായ ഒരു കേശവര്‍ധന ഔഷധമാണെന്നു വ്യക്‌തമായിട്ടുണ്ട്‌.

ഈര്‍പ്പമുള്ള മിക്കസ്‌ഥലങ്ങളിലും ഇത്‌ വളരുന്നു. വയല്‍ വരമ്പുകളിലാണ്‌ ഇത്‌ കൂടുതലും കാണുന്നത്‌. ഇതിന്റെ ഇലയില്‍ എക്ലിപ്‌റൈറല്‍ ആല്‍ക്കലോയിഡ്‌ അടങ്ങിയിട്ടുണ്ട്‌. കഫവാത രോഗങ്ങള്‍ ശമിപ്പിക്കാന്‍ കയ്യോന്നിക്ക്‌ കഴിയും. വേദന കുറയ്‌ക്കുന്നു.

മുടിവളരാന്‍ സഹായിക്കുന്നു. വ്രണത്തെ ശുദ്ധീകരിക്കുന്നു. കാഴ്‌ചശക്‌തി വര്‍ധിപ്പിക്കുന്നു. കൂടാതെ കയ്യോന്നി സമൂലം അരച്ചു പിഴിഞ്ഞ നീര്‌ രാവിലെയും, ഉച്ചയ്‌ക്കും, വൈകിട്ടും പതിവായി കുടിക്കാമെങ്കില്‍ യകൃത്ത്‌, പ്‌ളീഹ എന്നീ അവയവങ്ങള്‍ക്കുള്ള വീക്കം കുറയും.

ദഹനം വര്‍ധിക്കും. മഞ്ഞപ്പിത്തം, നിശാന്ധത എന്നീ അസുഖങ്ങള്‍ ശമിക്കും. ഉദരകൃമിയുള്ളവര്‍ അര ഔണ്‍സ്‌ കയ്യോന്നി നീര്‌ ഒരു ഔണ്‍സ്‌ ആവണക്കണയില്‍ രാവിലെ ഇടവിട്ട ദിവസങ്ങളില്‍ സേവിച്ചാല്‍ കൃമി നശിക്കും.

തെറ്റി

ഒന്നര മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന കുറ്റിച്ചെടിയാണ്‌ തെറ്റി. പൂക്കള്‍ കുലയായി ശാഖയുടെ അഗ്രത്തില്‍ കാണുന്നു. ഇതിന്റെ ഇതളുകള്‍ നേര്‍ത്തതും, മൃദുവുമാണ്‌.

ഈ ചെടിയിലുണ്ടാകുന്ന കായ്‌കള്‍ ആദ്യം പച്ചയായും നല്ലതുപോലെ പഴുക്കുമ്പോള്‍ ഇരുണ്ട ചുവപ്പു നിറത്തിലും കാണും. ഈ പൂക്കളില്‍ സുഗന്ധതൈലം, ടാനിന്‍, കൊഴുപ്പും പുളിരസവുമുള്ള വസ്‌തു, ഓര്‍ഗാനിക്ക്‌ അമ്‌ളം എന്നിവ അടങ്ങിയിരിക്കുന്നു.

ഉദരവേദന ശമിപ്പിക്കാനുള്ള കഴിവുണ്ട്‌. ഉദരത്തില്‍ രോഗമുണ്ടാക്കുന്ന ചില പ്രത്യേക അണുക്കളെ നശിപ്പിക്കാനുള്ള ശക്‌തിയുണ്ട്‌. വ്രണവും, മുറിവും ഉണങ്ങുന്നതിനും, മുറിവ്‌ പഴുക്കാതെ സൂക്ഷിക്കുന്നതിനും ഉള്ള ശക്‌തിയുണ്ട്‌.

ചൊറി, ചിരങ്ങ്‌, കരപ്പന്‍ എന്നീ അസുഖങ്ങള്‍ക്ക്‌ തെറ്റിപ്പുവ്‌ അരച്ച്‌ വെളിച്ചെണ്ണയില്‍ കാച്ചി പുരട്ടിയാല്‍ ശമനം ലഭിക്കും. കൂടതെ അതിസാരം, ഗ്രഹണി, ആമാതിസാരം മുതലായ രോഗങ്ങള്‍ക്ക്‌ തെറ്റിയുടെ വേര്‌ 10ഗ്രാം, ഒരു ഗ്രാം കുരുമുളക്‌ ചേര്‍ത്തരച്ച്‌ വെള്ളത്തിലോ, മോരിലോ കലക്കി രാവിലെയും വൈകിട്ടും പതിവായി മൂന്നോ നാലോ ദിവസം കുടിച്ചാല്‍ ശമനം ലഭിക്കും.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top