Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

സന്ധിതേയ്‌മാനത്തിന്‌ ആയുര്‍വേദ ചികിത്സ

  1. Ayurvedam women's special
mangalam malayalam online newspaper

ശരീരത്തിലെ വിവിധ സന്ധികളിലുള്ള അസ്‌ഥിയുടെ അഗ്രങ്ങളില്‍ കാര്‍ട്ടിലേജിന്‌ തേയ്‌മാനം ഉണ്ടാകുന്നതാണ്‌ സന്ധിതേയ്‌മാനം എന്നറിയപ്പെടുന്ന രോഗാവസ്‌ഥ

വീട്ടമ്മമാര്‍ പലപ്പോഴും പറഞ്ഞുകേള്‍ക്കുന്ന ആരോഗ്യ പ്രശ്‌നമാണ്‌ കാല്‍മുട്ടിനു വേദനയും നീരും. പ്രത്യേകിച്ച്‌ അമിത വണ്ണമുള്ളവര്‍. പരിശോധനയില്‍ പ്രശ്‌നം സന്ധിതേയ്‌മാനമാണെന്ന്‌ അറിയുന്നതോടെ ജീവിതം ഇനിയങ്ങോട്ട്‌ വേദനയുടെ കൈപ്പുനീര്‍ കുടിച്ചായിരിക്കുമെന്ന ഞെട്ടല്‍. എന്നാല്‍ സന്ധിതേയ്‌മാനത്തിന്‌ ആയുര്‍വേദത്തില്‍ പരിഹാരമുണ്ട്‌. താരതമ്യേന പ്രായം കുറഞ്ഞവരിലും സന്ധിതേയ്‌മാനവും അനുബന്ധ ബുദ്ധിമുട്ടുകളും സാധാരണമായിക്കഴിഞ്ഞു.

ശരീരത്തിലെ വിവിധ സന്ധികളിലുള്ള അസ്‌ഥിയുടെ അഗ്രങ്ങളില്‍ കാര്‍ട്ടിലേജിന്‌ തേയ്‌മാനം ഉണ്ടാകുന്നതാണ്‌ സന്ധിതേയ്‌മാനം എന്നറിയപ്പെടുന്ന രോഗാവസ്‌ഥ. കാര്‍ട്ടിലേജിന്റെ തേയ്‌മാനത്തിലേക്ക്‌ നയിക്കുന്ന പ്രാധാന ഘടകങ്ങളാണ്‌ ശരീരത്തിന്റെ അമിത ഭാരവും സന്ധികളുടെ അമിത ഉപയോഗവും.

അസ്‌ഥികള്‍ക്ക്‌ തേയ്‌മാനം

ഓസ്‌റ്റിയോ ആര്‍ത്രൈറ്റിസ്‌, ഓസ്‌റ്റിയോ ആര്‍ത്രോസിസ്‌, ഡീജനറേറ്റീവ്‌ ജോയന്റ്‌ ഡിസീസ്‌ എന്നൊക്കെ വിവിധ പേരുകളില്‍ അറിയപ്പെടുന്നത്‌ മിക്കവാറും ഒരേ രോഗാവസ്‌ഥകളാണ്‌. ശരീരത്തിലെ സന്ധികള്‍ സുഗമമായി പ്രവര്‍ത്തിക്കാനും അസ്‌ഥികള്‍ തമ്മില്‍ ഉരസാതിരിക്കാനും അവയുടെ അഗ്രഭാഗങ്ങളില്‍ ദൃഢവും മിനുസമുള്ളതുമായ കാര്‍ട്ടിലേജുകള്‍ കൊണ്ട്‌ പൊതിഞ്ഞിരിക്കുന്നു. വര്‍ഷങ്ങളോളം യാതൊരു തകരാറും സംഭവിക്കാതെ പ്രവര്‍ത്തിക്കുവാന്‍ കഴിയുന്ന വിധത്തിലാണ്‌ ഇതിന്റെ ഘടന. എന്നാല്‍ പ്രായമേറുമ്പോള്‍ സ്വാഭാവികമായി ഈ കാര്‍ട്ടിലേജുകള്‍ക്ക്‌ തേയ്‌മാനം സംഭവിക്കുന്നു.

ശരീരത്തിന്റെ അമിത വണ്ണംകൊണ്ട്‌ സന്ധികള്‍ക്ക്‌ നേരിടുന്ന സമ്മര്‍ദം, അധികമായ ഭാരമുയര്‍ത്തുന്ന വ്യായാമങ്ങളില്‍ വേണ്ടത്ര കരുതല്‍ ഇല്ലാതെ ഏര്‍പ്പെടുക, ജന്മനാലുള്ള അസ്‌ഥിവൈകല്യം മൂലം വേണ്ടരീതിയില്‍ തരുണാസ്‌ഥി രൂപപ്പെടാതിരിക്കുക, പാരമ്പര്യം, സന്ധികളുടെ ചുറ്റുമുള്ള മാംസപേശികളുടെ ബലം കുറയുക, തൊഴില്‍പരമായ കാരണങ്ങള്‍കൊണ്ട്‌ ചില സന്ധികള്‍ക്ക്‌ വേണ്ടിവരുന്ന അമിത ഉപയോഗം ഇവയൊക്കെ ചെറുപ്പകാലത്തുതന്നെ അസ്‌ഥിതേയ്‌മാനത്തിലേക്ക്‌ നയിക്കുന്ന ഘടകങ്ങളാണ്‌. ഇത്തരം അവസരങ്ങളില്‍ കാര്‍ട്ടിലേജുകള്‍ തമ്മില്‍ ഉരസി പരുപരുപ്പ്‌ ഉണ്ടായി, ഒടുവില്‍ അസ്‌ഥികള്‍ തന്നെ നേരിട്ട്‌ ഉരസുന്ന അവസ്‌ഥയിലേക്ക്‌ എത്തിച്ചേരാം. അപ്പോഴാണ്‌ വേദന അസഹനീയാമാകുന്നത്‌.

നാല്‍പ്പതു കഴിഞ്ഞാല്‍

40 വയസുകഴിഞ്ഞ സ്‌ത്രീകളില്‍ കൂടുതലായി ഇത്തരം അസുഖം കാണുന്നു. പ്രധാനമായും ഇടുപ്പെല്ല്‌, കാല്‍മുട്ട്‌, തോള്‌, നട്ടെല്ലിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകിച്ചും ചലനം കൂടുതല്‍ ആവശ്യമുള്ള കഴുത്തിനും നടുവിനുമൊക്കെ സന്ധിതേയ്‌മാനം ബാധിക്കാം. സന്ധി തേയ്‌മാനത്തിന്റെ പ്രധാന ലക്ഷണം അസഹനീയമായ സന്ധിവേദന തന്നെയാണ്‌. അസുഖം ബാധിച്ച സന്ധികളില്‍ അമര്‍ത്തുമ്പോള്‍ വേദന അനുഭവപ്പെടുക, സന്ധികള്‍ക്ക്‌ മുറുക്കം അനുഭവപ്പെടുക, ഉരസുന്നതുപോലുള്ള ശബ്‌ദം, സന്ധികള്‍ ആയാസപ്പെടുമ്പോള്‍ വേദന തുടങ്ങിയവ സന്ധിതേയ്‌മാനത്തിന്റെ പ്രാരംഭ ലക്ഷണങ്ങളാണ്‌. എന്നാല്‍ വിശ്രമിച്ചാല്‍ വേദനയ്‌ക്ക് നേരിയ ആശ്വാസം ലഭിക്കും. അസുഖം ബാധിച്ച സന്ധികള്‍ പൂര്‍ണമായ രീതിയില്‍ ഉപയോഗിക്കാന്‍ കഴിയാതെ വരുന്നതും സന്ധിതേയ്‌മാനം സംഭവിച്ചവരില്‍ സാധാരണയായി കണ്ടുവരുന്നുണ്ട്‌.

തേയ്‌മാനം വിവിധ സന്ധികളില്‍

കാല്‍മുട്ടിന്‌ അസുഖം ബാധിച്ചെങ്കില്‍ മുട്ടുമടക്കുന്നതിനോ നിവര്‍ക്കുന്നതിനോ, വേഗം നടക്കുവാനോ, കുത്തിയിരിക്കുവാനോ കഴിയാതെ വരും. കഴുത്തിന്റെ കശേരുക്കളെ ബാധിച്ചിട്ടുണ്ടെങ്കില്‍ കഴുത്തു പൂര്‍ണമായും തിരിക്കുന്നതിനോ മുകളിലേക്കും താഴോട്ടും നോക്കുന്നതിന്‌ കഴിയാതെ വരും. ഇത്തരം ബുദ്ധമുട്ടുകള്‍ 2 ആഴ്‌ചകളില്‍ അധികം തുടര്‍ന്നുനിന്നാല്‍ ഡോക്‌ടറെ കാണണം. സന്ധികളെ ബാധിക്കുന്ന മറ്റ്‌ രോഗങ്ങളില്‍നിന്നും വേര്‍തിരിച്ച്‌ മനസിലാക്കി ചികിത്സ ആരംഭിക്കാന്‍ വിശദമായ പരിശോധന ആവശ്യമാണ്‌.

എക്‌സ് - റേ, എം.ആര്‍. ഐ എന്നീ തുടങ്ങിയ പരിശോധനകള്‍ രോഗാവസ്‌ഥ അനുസരിച്ച്‌ വേണ്ടിവരും. ഡോക്‌ടറെ കാണുമ്പോള്‍, മറ്റ്‌ അസുഖങ്ങള്‍ക്ക്‌ ഇപ്പോള്‍ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകളുടെ വിവരവും മുമ്പ്‌ ദീര്‍ഘകാലം ഉപയോഗിച്ചുകൊണ്ടിരുന്ന മരുന്നുകളുടെ വിവരങ്ങളും ഡോക്‌ടറോട്‌ പറയുവാന്‍ മറക്കരുത്‌.

ആയുര്‍വേദ ചികിത്സ

സന്ധിതേയ്‌മാനത്തിന്‌ ആയുര്‍വേദ ചികിത്സ ഫലപ്രദമാണ്‌. പ്രായമാകുന്നതും സന്ധികള്‍ക്ക്‌ തേയ്‌മാനം സംഭവിക്കുന്നതും പൊടുന്നനേ ഒരു ദിവസം ഉണ്ടാകുന്നതല്ല. ബാല്യം, കൗമാരം, യവ്വനം, വാര്‍ധക്യം എന്നീ അവസ്‌ഥകളിലൂടെ നമ്മള്‍ കടന്നുപോകുമ്പോള്‍ ഓരോ അവസ്‌ഥയിലും ചിലര്‍ക്കെങ്കിലും വിവിധതരം രോഗത്തിന്റെ പ്രയാസങ്ങള്‍ അനുഭവിക്കേണ്ടവരാണ്‌.

അതുകൊണ്ട്‌ മാനസികവും ശാരീരകവുമായ ആരോഗ്യം നിലനിര്‍ത്താന്‍ കൃത്യമായ ദിനചര്യയും കാലാവസ്‌ഥാ ഭേദങ്ങള്‍ അനുസരിച്ചുള്ള ഋതുചര്യകളും അനുഷ്‌ഠിക്കാനാണ്‌ ആയുര്‍വേദം അനുശാസിക്കുന്നത്‌. അസ്‌ഥികള്‍ക്ക്‌ തേയ്‌മാനം സംഭവിക്കാതിരിക്കാനും, അസുഖം തുടക്കത്തില്‍ കണ്ടെത്തിയാല്‍ രോഗം അധികരിക്കാതിരിക്കാനും ആയുര്‍വേദ ചികിത്സകൊണ്ട്‌ സാധിക്കും.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top