Ads by Google

മകന്‍ കരയുമ്പോള്‍ ഒപ്പം കരയും

ഗീതു ശശി

  1. Valsala menon
mangalam malayalam online newspaper

കല രക്തത്തില്‍ അലിഞ്ഞ ഒരാള്‍ അത് എത്രകാലം മൂടിവച്ചാലും ഒരിക്കല്‍ മറനീക്കി പുറത്തുവരും എന്ന് സ്വന്തം അനുഭവത്തിലൂടെ തെളിയിച്ച കലാകാരിയാണ് മലയാളിയുടെ ഈ പ്രിയപ്പെട്ട മുത്തശ്ശി. ചെറുപ്രായത്തില്‍ വിവാഹിതയായി ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്തപ്പോള്‍ സ്വപ്നം കണ്ട സിനിമാലോകം തന്നില്‍നിന്നും അകന്നുപോകുന്നതായി തോന്നി വത്സലാ മേനോന്. പക്ഷേ ഭര്‍ത്താവിന്റെ പൂര്‍ണ്ണ പിന്തുണയോടെ സിനിമയുടെ അഭ്രപാളികളിലെത്തി അവിടെനിന്ന് സിനിമാ സീരിയല്‍ രംഗത്ത് നിറസാന്നിദ്ധ്യമാകാന്‍ വത്സലാമേനോന് കഴിഞ്ഞു.
? മിസ് തൃശ്ശൂര്‍ ആയിരുന്നില്ലേ.
അതെ. 1970-ല്‍. ഇതുവരെ വേറെങ്ങും സംഭവിക്കാത്ത കാര്യമായിരുന്നു അത്. മൂന്ന് മക്കളായ ശേഷമാണ് എനിക്കാ പട്ടം കിട്ടുന്നത്. അവിവാഹിതര്‍ക്കാണ് സാധാരണ മിസ് തൃശ്ശൂര്‍ പട്ടം കൊടുക്കാറ്. അന്നതിന്റെ സംഘാടകര്‍ പ്രായത്തില്‍ മാത്രമേ നിബന്ധന വച്ചിരുന്നുള്ളൂ. വിവാഹിത ആണോ എന്ന് നോക്കിയില്ല. കൂടെ മത്സരിച്ചവരെല്ലാം കോളജ് വിദ്യാര്‍ത്ഥിനികളായിരുന്നു. അതുകൊണ്ടുതന്നെ മിസ്. തൃശ്ശൂര്‍ ആയപ്പോള്‍ ഏറെ അഭിമാനം തോന്നി.
? ചെറുപ്രായത്തില്‍ വിവാഹിതയായോ.
പതിനാറാം വയസ്സില്‍ വിവാഹിതയായി. പിന്നീട് ബോംബെയിലായിരുന്നു ഭര്‍ത്താവിനൊപ്പം.
? വിവാഹത്തിനു മുന്‍പേ സിനിമയിലെത്തിയിരുന്നോ.
'തിരമാല' എന്നൊരു ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചിരുന്നു. ആ ചിത്രത്തിനുശേഷം എന്റെ സഹോദരന്മാര്‍ അഭിനയിക്കാന്‍ വിട്ടില്ല. കല്യാണം കഴിക്കുന്ന ആള്‍ക്ക് താല്പര്യം ഉണ്ടെങ്കില്‍ പൊക്കോളൂ എന്നാണവര്‍ പറഞ്ഞത്.
? വിവാഹശേഷം 'കാപാലിക' എന്ന ചിത്രത്തില്‍ നല്ലൊരു റോള്‍ കിട്ടിയപ്പോള്‍ നിഷേധിച്ചല്ലോ.
ആ ചിത്രത്തില്‍ അഭിനയിക്കാന്‍ ഭര്‍ത്താവിന്റെ പ്രോത്സാഹനത്തില്‍ അദ്ദേഹത്തിനൊപ്പം മദ്രാസില്‍ സ്‌ക്രീന്‍ ടെസ്റ്റിനു പോയിരുന്നു. എല്ലാം ഒ.കെ. ആയി. ആ സമയത്ത് എന്റെ മൂന്നു മക്കളും കുഞ്ഞുങ്ങളായിരുന്നു. അവരെ ഇട്ടിട്ട് അഭിനയിക്കാന്‍ പോകാന്‍ എനിക്കു തോന്നിയില്ല. നമ്മള്‍ സ്‌നേഹവും പരിചരണവും കൊടുക്കേണ്ട പ്രായത്തില്‍ അതൊന്നും അവര്‍ക്ക് നിഷേധിക്കാന്‍ എനിക്കാവുമായിരുന്നില്ല. കുഞ്ഞുങ്ങളെ കരുതി ഞാനതു വേണ്ടെന്നുവയ്ക്കുകയായിരുന്നു.
? നഷ്ടബോധം തോന്നിയോ പിന്നെ.
നമ്മുടെയുള്ളില്‍ 'കല'യുണ്ടെങ്കില്‍ അതു പുറത്തുകൊണ്ടുവരാന്‍ സിനിമതന്നെ വേണമെന്നില്ല. ഞാന്‍ ഡാന്‍സ് സ്‌കൂള്‍ നടത്തുന്നുണ്ടായിരുന്നു. ഡാന്‍സ് പ്രോഗ്രാമിനു പോകുന്നുണ്ടായിരുന്നു. കൂടാതെ അവിടെ സമാജത്തിന്റെ നാടകങ്ങളിലും അഭിനയിച്ചിരുന്നു. ഒരിക്കല്‍പോലും കലയും ഞാനും അകന്നിട്ടില്ല.
? പിന്നീട് സിനിമയിലേക്ക് അവസരം വന്നതെപ്പോഴാണ്.
സമാജത്തിന്റെ നാടകം കണ്ടാണ് വീണ്ടും സിനിമയിലേക്ക് വിളിക്കുന്നത്. ഇത്രയും നന്നായി അഭിനയിക്കുന്നുണ്ടായിട്ടും എന്താണ് സിനിമയിലേക്ക് ശ്രമിക്കാത്തത് എന്നായിരുന്നു പലരുടേയും ചോദ്യം. അന്നെന്നെത്തേടി വന്ന അവസരങ്ങള്‍ സ്വീകരിച്ചു.
? പ്രതീക്ഷിച്ച പോലെ സിനിമയില്‍ ശോഭിക്കാന്‍ കഴിഞ്ഞില്ല എന്നു തോന്നുന്നുണ്ടോ.
വലിയൊരു നടിയാവണം എന്നു സ്വപ്നം കണ്ടൊന്നും അല്ല ഞാന്‍ വന്നത്. ഞാനൊരിക്കലും അവസരങ്ങള്‍ തേടിപ്പോയിട്ടില്ല. എന്നെ തേടിവന്ന അവസരങ്ങള്‍ പോലും കുടുംബത്തിനുവേണ്ടി മാറ്റിവയ്ക്കുകയാണ് ചെയ്തത്. വരുന്ന കഥാപാത്രങ്ങള്‍ എന്നെക്കൊണ്ട് ആവുന്നതുപോലെ ഭംഗിയാക്കുക. അത്രേയുള്ളൂ.
? സിനിമയിലെ സൗഹൃദങ്ങള്‍.
എല്ലാവരുമായും നല്ല ബന്ധത്തിലാണ്. എങ്കിലും എന്റെ മനസ്സില്‍ ഗുരുസ്ഥാനം നല്‍കിയിരിക്കുന്ന ഒരാളാണ് ഹരിഹരന്‍സാര്‍. 'ആരണ്യകം' എന്ന സിനിമയില്‍ അദ്ദേഹത്തിന്റെ ശിഷ്യയാവാന്‍ കഴിഞ്ഞതുതന്നെ ഭാഗ്യം. എന്റെ പല വീഴ്ചകളിലും അദ്ദേഹം സഹായിച്ചിട്ടുണ്ട്. എന്റെ ഭര്‍ത്താവ് മരിച്ചശേഷം ആറുമാസക്കലത്തോളം ഞാന്‍ എവിടെയാണ് എന്നതിനെക്കുറിച്ച് ആര്‍ക്കും അറിയില്ലായിരുന്നു. പുതിയ ഫോണ്‍ നമ്പര്‍ എല്ലാവര്‍ക്കും കൊടുക്കാന്‍ എനിക്ക് പറ്റിയിരുന്നില്ല. ആ സമയം ഫീല്‍ഡില്‍ ഒരു സംസാരം ഉണ്ടായി. ഞാനിവിടം വിട്ട് മകന്റെ ഒപ്പം ആസ്‌ട്രേലിയയില്‍ സ്ഥിരതാമസമാക്കിയെന്ന്. അന്നെനിക്ക് പല അവസരങ്ങളും നഷ്ടപ്പെട്ടു. ആ സമയം ഇതൊന്നും അറിയാതെ ഹരിഹരന്‍സാര്‍ 'പരിണയ'ത്തിലേക്ക് വിളിക്കുകയായിരുന്നു. പിന്നീട് കുറേക്കാലം ഈ രംഗത്ത് സജീവമായി.
? താമസം ഇപ്പോള്‍ വിദേശത്താണോ.
അല്ല എറണാകുളത്താണ്. എനിക്കു മൂന്ന് ആണ്‍മക്കളാണ്. മൂത്തയാള്‍ പ്രകാശ്‌മേനോന്‍ ആസ്‌ട്രേലിയയില്‍, രണ്ടാമന്‍ പ്രേംമേനോന്‍ സിംഗപ്പൂരില്‍. ഇളയ ആള്‍ പ്രിയന്‍ മേനോന്‍ കാലിക്കറ്റില്‍. ഇവരുടെ ആരുടേയും കൂടെയല്ല ഞാന്‍. എന്റെ അറുപത്തിനാലാം പിറന്നാളിന് രണ്ടാമത്തെ മകന്‍ വാങ്ങിത്തന്ന സമ്മാനമാണ് ഇപ്പോള്‍ ഞാന്‍ താമസിക്കുന്ന ഫ്‌ളാറ്റ്. എനിക്ക് ഷൂട്ടിംഗിനു പോകാനുള്ള സൗകര്യത്തിനാണ് എറണാകുളത്ത് താമസമാക്കിയത്.
? മൂന്നു ആണ്‍കുട്ടികള്‍ ഉണ്ടായപ്പോള്‍ ഒരു പെണ്‍കുട്ടിയെ വേണമെന്നു തോന്നിയിട്ടില്ലേ.
ഒരു പെണ്‍കുട്ടിയുണ്ടാവാന്‍ ഒരുപാടാഗ്രഹിച്ചിട്ടുണ്ട്. മൂത്തമകന്‍ ഉണ്ടായിക്കഴിഞ്ഞ് രണ്ടാമത്തേത് പെണ്‍കുട്ടിയാകുമെന്ന് കരുതി. മൂന്നാമത്തെ കുട്ടി ഉണ്ടായപ്പോഴും ആഗ്രഹം സാധിച്ചില്ല. എന്റെ മോള്‍ക്ക് അമ്മു എന്നു പേരിടാന്‍ നേരത്തെ കരുതിവച്ചിരുന്നു. എന്റെ അച്ഛന്റെ അമ്മയുടെ പേരാണത്. ആ മോഹം സാധിച്ചില്ല. മൂത്തമകന്റെ വിവാഹം കഴിഞ്ഞപ്പോള്‍ ആ പെണ്‍കുട്ടിയോട് ഞാന്‍ എന്റെ ആഗ്രഹത്തെ കുറിച്ചു പറഞ്ഞു. അങ്ങനെ ഇപ്പോള്‍ അവളെ അമ്മു എന്നു വിളിച്ച് ഞാനെന്റെ ആഗ്രഹം സാധിച്ചിരിക്കുകയാണ്.
? ചെറുപ്രായത്തില്‍ അമ്മ ആയപ്പോള്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നോ.
ഉണ്ടായിരുന്നു. പതിനാറാം വയസ്സിലായിരുന്നു വിവാഹം. ഞാന്‍ കുട്ടിയായിരുന്നു. കുഞ്ഞുണ്ടായ സമയത്തും. മോന്‍ കരയുമ്പോള്‍ എനിക്കാ കരച്ചില്‍ മാറ്റാന്‍ എന്തു ചെയ്യണം എന്നറിയില്ലായിരുന്നു. അപ്പോള്‍ ഞാനും കൂടെക്കരയും. എന്റെ അമ്മയ്‌ക്കോ അദ്ദേഹത്തിന്റെ അമ്മയ്‌ക്കോ ഞങ്ങള്‍ക്കൊപ്പം ബോംബെയില്‍ വന്നു നില്‍ക്കാന്‍ പറ്റുമായിരുന്നില്ല. ഭര്‍ത്താവ് ഹരിദാസ് ബോംബെയില്‍ ഒരു കമ്പനിയില്‍ എന്‍ജിനീയര്‍ ആയിരുന്നു. അതുകൊണ്ട് ഞങ്ങള്‍ക്ക് നാട്ടില്‍ ചെന്നു നില്‍ക്കാനും കഴിഞ്ഞില്ല. ആ സ്‌റ്റേജൊക്കെ എങ്ങനെയോ തരണം ചെയ്തു. ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ പേടി തോന്നും.
? എന്താണ് താമസം ഒറ്റയ്ക്ക് ആക്കിയത്. മക്കളുടെകൂടെ നിന്നുകൂടെ.
പലരും ചോദിക്കാറുണ്ട് മക്കളുടെ കൂടെ പോയി താമസിച്ചുകൂടെയെന്ന്. അങ്ങനെ അവരുടെ കൂടെ താമസിച്ചിട്ട് എന്തു ചെയ്യാനാണ്. എന്റെയീപ്രായത്തില്‍ ചുമ്മാതിരുന്നാല്‍ അസുഖങ്ങള്‍ വരാന്‍ എളുപ്പമാണ്. ബോറഡി വേറെയും. രണ്ടു ദിവസം അടുപ്പിച്ച് വീട്ടിലിരുന്നാല്‍ കാലിനു വേദന ഉണ്ടോയെന്ന് തോന്നും. ജോലിയില്‍ ശ്രദ്ധിക്കുമ്പോള്‍ ഇത്തരം കാര്യങ്ങളൊന്നും ഓര്‍ക്കാറില്ല.
? അമ്മ അഭിനയിക്കുന്നത് മക്കള്‍ക്ക് ഇഷ്ടമാണോ.
അവര്‍ക്ക് വലിയ സന്തോഷമാണ്. മമ്മിക്ക് എന്നുവരെ അഭിനയിക്കാന്‍ പറ്റുമോ അതുവരെ അഭിനയിച്ചോളൂ എന്നാണവര്‍ പറയുന്നത്. ഇനി വയ്യ എന്നു തോന്നുമ്പോള്‍ അഭിനയം നിര്‍ത്തിയാല്‍ മതി. ഇല്ലെങ്കില്‍ പെട്ടെന്ന് വയ്യാതെ ആയതുപോലെ തോന്നും എന്നവര്‍ പറയും.
? ആരുടെകൂടെ അഭിനയിക്കാനാണ് താല്പര്യം.
അങ്ങനെയൊന്നുമില്ല. ഞാന്‍ ചെയ്തിട്ടുള്ളത് കൂടുതലും അമ്മ അമ്മൂമ്മ വേഷങ്ങളാണ്. അത് ഇന്ന ആള്‍ടെകൂടെ അഭിനയിക്കണം എന്നൊന്നും തോന്നാറില്ല. അമ്മയ്ക്ക് മക്കളെല്ലാം ഒരുപോലെയല്ലെ.
? അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ടോ.
ഗര്‍ഷോം, ഒളിമ്പ്യന്‍ അന്തോണി ആദം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ഏഷ്യാനെറ്റിന്റെ അവാര്‍ഡ് കിട്ടിയിരുന്നു.
? സൗന്ദര്യ സംരക്ഷണം ഈ പ്രായത്തിലും ശീലമാക്കിയിട്ടുണ്ടോ.
നമുക്ക് ദൈവം തരുന്ന ഒരു രൂപം ഉണ്ട്. അതിനെ കാത്തു സൂക്ഷിക്കാന്‍ പ്രത്യേകിച്ചൊന്നും ചെയ്യണ്ട. ആ ശീലങ്ങള്‍ പണ്ടുമില്ല ഇപ്പോഴുമില്ല. അമ്മ ശീലിപ്പിച്ച കുറേ കാര്യങ്ങള്‍ ഉണ്ട്. എണ്ണ തേച്ചു കുളിയൊക്കെ. അതൊക്കെ തുടരുന്നുണ്ട്. ദേഹത്തിന് അസുഖങ്ങള്‍ ഒന്നും വരരുതെ എന്നേയുള്ളൂ. പാര്‍ലറില്‍ പോകുന്നില്ലേ എന്നു ചോദിച്ചാല്‍ പോകുന്നുണ്ട്. മുടിക്കു നിറം കൊടുക്കുവാനും നഖം വെട്ടാനുമൊക്കെ. അത് തനിയെ ചെയ്യാന്‍ കഴിയില്ല.
? ഭക്തയാണോ.
ഗുരുവായൂരപ്പന്‍ പരമ ഭക്തയാണ്. എന്റെ ജീവിതത്തിലെ എല്ലാ നല്ല കാര്യങ്ങളും ഗുരുവായൂരമ്പലത്തില്‍വച്ചായിരുന്നു. എന്റെ നൃത്തത്തിന്റെ അരങ്ങേറ്റം, കല്യാണം, മക്കളുടെ ചോറൂണ്, അവരുടെ കല്യാണം അങ്ങനെ എല്ലാം. മൂന്നാലു ദിവസം അടുപ്പിച്ച് ഫ്രീ ആയാല്‍ ഗുരുവായൂര്‍ക്ക് പോകും. തൊഴുതു പോരാന്‍ വേണ്ടി പോകാറില്ല. അങ്ങനെ ചെന്നിട്ട് വേഗം ഓടിപ്പോരുന്ന കാര്യം എനിക്ക് ആലോചിക്കാനേ വയ്യ.
? പ്രൊഫഷണല്‍ ഡാന്‍സര്‍ ആയിരുന്നോ.
പ്രോഗ്രാമുകള്‍ക്കൊക്കെ പോകുമായിരുന്നു. എന്റെ കുട്ടിക്കാലത്ത് നൃത്തം പഠിച്ച കുട്ടികള്‍ കുറവായിരുന്നു. അന്ന് ഞങ്ങള്‍ കുറച്ചുപേരെ ഉണ്ടായിരുന്നുള്ളൂ നൃത്തം പഠിക്കാന്‍. ഞാന്‍ സ്‌കൂളില്‍ പഠിച്ചിരുന്ന സമയത്ത് എന്റെ സ്‌കൂളിന്റെ അമ്പതാം വാര്‍ഷികത്തിന് കൊച്ചി മഹാരാജാവ് വന്നിരുന്നു. അന്നെന്റെ നൃത്തം കണ്ട് അദ്ദേഹം അന്‍പതു രൂപ എനിക്കു തന്നു. അന്ന് അമ്പതു രൂപയൊക്കെ വലിയൊരു തുകയായിരുന്നു. ആ സംഭവം എനിക്കു മറക്കാന്‍ കഴിയില്ല.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google

Related News

mangalam malayalam online newspaper

കിസാന്‍ ചാനലിന്റെ അംബാസഡറാവാന്‍ ബച്ചന്‌ 6.31 കോടി നല്‍കി?

ന്യൂഡല്‍ഹി: സര്‍ക്കാര്‍ അധീനതയിലുളള കിസാന്‍ ചാനലിന്റെ...‌

mangalam malayalam online newspaper

പഞ്ചനക്ഷത്ര ഹോട്ടലില്‍ ബലാത്സംഗത്തിനിരയായെന്ന്‌ ബിഗ്‌ബോസ്‌ താരം

ഉദയ്‌പൂര്‍: ബലാത്സംഗ ആരോപണവുമായി ബിഗ്‌ബോസ്‌ റിയാലിറ്റി...‌

mangalam malayalam online newspaper

സീരിയലിന്‌ ആദരം; ദിവസം മുഴുവന്‍ സംപ്രേഷണം

ആകാംഷയുടെ മുള്‍മുനയിലാണ്‌ സോണി എന്റര്‍ടെയ്‌ന്‍മെന്റ്‌...‌

mangalam malayalam online newspaper

'ന്യൂസ്‌മേക്കര്‍ ഓഫ്‌ ദ ഇയര്‍' കോമഡി പരിപാടിയെന്ന്‌ ഡോ.ബിജു

പ്രമുഖം മലയാളം ചാനല്‍ സംപ്രേഷണം ചെയ്‌ത 'ന്യൂസ്‌മേക്കര്‍...‌

mangalam malayalam online newspaper

മഹാഭാരതത്തിലെ ദ്രൗപതി ബിജെപിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: സീരിയല്‍ രംഗത്തെ മൂന്‍ഗാമികളുടെ പാതയില്‍...‌