Last Updated 1 year 14 weeks ago
Ads by Google
21
Thursday
September 2017

മല്യ ചെറുത്‌; വലിയ തട്ടിപ്പുകാര്‍ വേറേയുണ്ടെന്ന്‌ റിസര്‍വ്‌ബാങ്ക്‌

ന്യൂഡല്‍ഹി : വിവിധ ബാങ്കുകളില്‍ നിന്ന്‌ ശതകോടികള്‍ വായ്‌പയെടുത്ത്‌ തിരിച്ചടയ്‌ക്കാതെ വിദേശത്തേക്ക്‌ കടന്ന വിജയ്‌മല്യയെക്കാള്‍ വലിയ തട്ടിപ്പുകാര്‍ ഇന്ത്യയിലുണ്ടെന്ന്‌ കണക്കുകള്‍ വ്യക്‌തമാക്കുന്നു. വായ്‌പ തിരിച്ചടയ്‌ക്കാന്‍ ശേഷിയുണ്ടായിട്ടും ബാങ്കിനെ പറ്റിച്ച്‌ നടക്കുന്ന കമ്പനികളുടെ(വില്‍ഫുള്‍ ഡിഫാള്‍ട്ടേഴ്‌സ്‌) ലിസ്‌റ്റ്‌ റിസവര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ സുപ്രിംകോടതിക്ക്‌ സമര്‍പ്പിച്ചു.
ഇതുപ്രകാരം രാജ്യത്തെ വമ്പന്‍മാര്‍ വിവിധ ബാങ്കുകള്‍ക്കായി നല്‍കാനുള്ള കടം 74,669 കോടി രൂപ. 2005 ഡിസംബര്‍ വരെയുള്ള കണക്കാണിത്‌. രാജ്യത്ത്‌ 6819 വമ്പന്‍മാരാണ്‌ ഇത്തരത്തില്‍ ബാങ്കുകളെ പറ്റിച്ചു നടക്കുന്നതെന്ന്‌ ലിസ്‌റ്റ്‌ വ്യക്‌തമാക്കുന്നു. 2012 ഡിസംബര്‍ വരെ 3703 വില്‍ഫുള്‍ ഡിഫാള്‍ട്ടേഴ്‌സാണ്‌ ഉണ്ടായിരുന്നത്‌. ഇവര്‍ 22332 കോടി നല്‍കാനുണ്ടായിരുന്നു. മുന്നു വര്‍ഷത്തിനുള്ളില്‍ ഇത്തരക്കാരുടെ എണ്ണം മൂന്നിരട്ടി ഉയര്‍ന്നു. 500 കോടിക്ക്‌ മുകളില്‍ ലോണെടുത്ത്‌ തിരിച്ചെടുക്കാത്തവരുടെ ലിസ്‌റ്റാണ്‌ റിസര്‍വ്‌ ബാങ്ക്‌ കൈമാറിയത്‌. ലിസ്‌റ്റില്‍ വിജയ്‌മല്യയുടെ കിങ്‌ഫിഷര്‍ എയര്‍ലൈന്‍സ്‌ അഞ്ചാംസ്‌ഥാനത്താണുള്ളത്‌. കിങ്‌ഫിഷര്‍ ഗ്രൂപ്പ്‌ 9000 കോടിയാണ്‌ വിവിധ ബാങ്കുകള്‍ക്ക്‌ നല്‍കാനുള്ളത്‌.
എന്നാല്‍ എസ്‌.ബി.ഐയും പഞ്ചാബ്‌ നാഷണല്‍ ബാങ്കും മാത്രമാണ്‌ മല്യയെ വില്‍ഫുള്‍ ഡിഫാള്‍ട്ടര്‍ ആയി പ്രഖ്യാപിച്ചത്‌. അതിനാല്‍ എസ്‌.ബി.ഐയ്‌ക്ക്‌ നല്‍കാനുള്ള 1201 കോടി, പഞ്ചാബ്‌ നാഷണല്‍ ബാങ്കിനു നല്‍കാനുള്ള 597 കോടി എന്നിങ്ങനെ 1798 കോടിയാണ്‌ മല്യയുടെ വില്‍ഫുള്‍ ഡിഫാള്‍ട്ടര്‍ എന്ന നിലയിലുള്ള കടബാധ്യതയായി കണക്കാക്കുക.
ജതിന്‍ മേത്തയുടെ വിന്‍സം ഡയമണ്ട്‌സ് ഫോര്‍ എവര്‍ പ്രീഷ്യസ്‌ ഗ്രൂപ്പാണ്‌ ലിസ്‌റ്റില്‍ ഒന്നാം സ്‌ഥാനത്ത്‌. 3969 കോടി ഇവര്‍ നല്‍കാനുണ്ട്‌. മുന്നു വര്‍ഷം മുമ്പ്‌ കമ്പനിയില്‍ നിന്നും വിട്ട മേത്ത ഇപ്പോള്‍ വിദേശത്താണ്‌ താമസം.
ഇതു സംബന്ധിച്ച കേസ്‌ സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റും അന്വേഷിച്ചു വരികയാണ്‌. സൂം ഡവലപ്പേഴ്‌സാണ്‌ രണ്ടാം സ്‌ഥാനത്ത്‌. 26 പൊതുമേഖലാ ബാങ്കുകള്‍ക്കായി 3002 കോടി സൂം ഡവലപ്പേഴ്‌സ്‌ നല്‍കാനുണ്ട്‌. നിതിന്‍ കാസ്‌ലിവാളിന്റെ എസ്‌. കുമാര്‍ ഗ്രുപ്പാണ്‌ മറ്റൊന്ന്‌.
1789 കോടിയാണ്‌ ഇവര്‍ നല്‍കാനുള്ള തുക. യഥാര്‍ഥത്തില്‍ ഇവര്‍ വിവിധ ബാങ്കുകള്‍ക്ക്‌ നല്‍കാനുള്ളതിനേക്കാള്‍ കൂടുതലാണ്‌ വില്‍ഫുള്‍ ഡിഫാള്‍ട്ടേഴ്‌സായി ബാങ്കുകള്‍ പ്രഖ്യാപിച്ച തുക. അതേസമയം കടംവാങ്ങി മുങ്ങിയ കമ്പനികള്‍ക്കെതിരായ നടപടിയില്‍ എസ്‌.ബി.ഐയും പഞ്ചാബ്‌ നാഷണല്‍ ബാങ്കുമാണ്‌ മുന്നില്‍. 11467 കോടി കിട്ടാന്‍ പഞ്ചാബ്‌ നാഷണല്‍ ബാങ്ക്‌ 905 കേസുകള്‍ ഫയല്‍ ചെയ്‌തപ്പോള്‍ 12091 കോടി കിട്ടാന്‍ എസ്‌.ബി.ഐ 1034 കേസുകളാണ്‌ ഫയല്‍ ചെയ്‌തത്‌.
സ്വകാര്യ വ്യവസായ കമ്പനികള്‍ മാത്രമല്ല, കൃഷിമന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണല്‍ അഗ്രിക്കള്‍ച്ചറല്‍ കോ-ഓപറേറ്റിവ്‌ മാര്‍ക്കറ്റിങ്‌ ഫെഡറേഷനും(നാഫഡ്‌) റിസര്‍വ്‌ ബാങ്ക്‌ സമര്‍പ്പിച്ച തട്ടിപ്പ്‌ കമ്പനികളുടെ ലിസ്‌റ്റിലുണ്ട്‌.
24 കോടിയാണ്‌ നാഫഡ്‌ പഞ്ചാബ്‌ നാഷണല്‍ ബാങ്കിന്‌ നല്‍കാനുള്ളത്‌. ഡെക്കാന്‍ ക്രോണിക്കിളും ലിസ്‌റ്റിലുണ്ട്‌. ആവശ്യത്തിന്‌ പണമുണ്ടായിട്ടും പണം അടയ്‌ക്കാത്തവരാണ്‌ ഈ കമ്പനികളെന്ന്‌ റിസര്‍വ്‌ ബാങ്ക്‌ വ്യക്‌തമാക്കുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top