Last Updated 1 year 15 weeks ago
Ads by Google
23
Saturday
September 2017

സവാള വില ഉയരുന്നു; പൂഴ്‌ത്തിവെയ്‌പ് തുടങ്ങി

mangalam malayalam online newspaper

വില ഉയരുമെന്ന പ്രതീക്ഷയില്‍ സവാള പൂഴ്‌ത്തിവെയ്‌പ് തുടങ്ങി. സവാളക്ക്‌ കൃത്രിമക്ഷാമം സൃഷ്‌ടിച്ച്‌ അടുത്ത വിളവെടുപ്പ്‌ വരെ വില ഉയര്‍ത്തി നഷ്‌ടം നികത്താനാണ്‌ വ്യാപാരികളുടെ നീക്കം.
ദിവസങ്ങള്‍ക്കകം വില നൂറിലെത്തുമെന്ന പ്രതീക്ഷയിലാണ്‌ വ്യാപാരികള്‍. നിലവില്‍ സാധാരണക്കാരന്‌ സവാളയുടെ വില കേട്ടാല്‍ തന്നെ കണ്ണുനിറയും. കിലോ ഇരുപത്തിനാല്‌ രൂപയ്‌ക്ക് ലഭിച്ചിരുന്ന സവാള ഇപ്പോള്‍ വാങ്ങണമെങ്കില്‍ അമ്പത്‌ രൂപയിലധികം നല്‍കണം.
ഉത്തരേന്ത്യന്‍ സംസ്‌ഥാനങ്ങളില്‍ നിന്നുള്ള ഇറക്കുമതി കുറഞ്ഞതാണ്‌ വില കുതിച്ചു കയറാന്‍ കാരണം. കേരളത്തിലെ മൊത്തവ്യാപാര കേന്ദ്രങ്ങളില്‍ നാല്‍പ്പത്‌ രൂപയാണ്‌ കിലോയ്‌ക്ക് വില. ചില്ലറ വ്യാപാര കേന്ദ്രങ്ങളില്‍ അമ്പതു മുതല്‍ മേല്‍പോട്ട്‌ പോകും. പൂനെ, മഹാരാഷ്ര്‌ട തുടങ്ങിയ സംസ്‌ഥാനങ്ങളില്‍ നിന്നാണ്‌ കൂടുതലായും കേരളത്തിലേക്ക്‌ സവാള എത്തുന്നത്‌. എന്നാല്‍, ഇവിടെ ഇരുപത്‌ രൂപയ്‌ക്ക് ലഭിച്ചിരുന്ന സവാളയ്‌ക്ക് ഇപ്പോള്‍ 35 രൂപയാണ്‌ വില. മഴ മൂലം കൃഷി നശിച്ചതാണ്‌ ഉത്തരേന്ത്യയില്‍ നിന്നുള്ള സവാളയുടെ ലഭ്യത കുറയാന്‍ കാരണം. ഗോഡൗണുകളില്‍ സംഭരിച്ചു വെച്ച സവാളയാണ്‌ ഇപ്പോള്‍ കേരളത്തിലെ വിപണിയിലെത്തുന്നത്‌. മലയാളികളുടെ ഇഷ്‌ട വിഭവങ്ങളില്‍ സവാള പ്രധാന ഇനമായതുകൊണ്ട്‌ തന്നെ വിലകയറ്റം സാരമായി ബാധിച്ചിട്ടുണ്ട്‌. സവാളയുടെ വിലവര്‍ധന ഹോട്ടല്‍ വ്യവസായത്തെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്‌. രണ്ടാഴ്‌ച്ച കൊണ്ട്‌ വിലയില്‍ വീണ്ടും വര്‍ധനവുണ്ടാകുമെന്നാണ്‌ കണക്കാക്കുന്നത്‌. സവാളക്ഷാമത്തെ തുടര്‍ന്ന്‌ വ്യാപാരികളുടെ പൂഴ്‌ത്തിവെയ്‌പ് തടയുന്നതിനും വിലക്കയറ്റം തടയുന്നതിനും സര്‍ക്കാര്‍ നടപടി ആരംഭിച്ചു. തുടര്‍ന്ന്‌ സവാള പൂഴ്‌ത്തിവെക്കുന്നവര്‍ക്കെതിരെ സംസ്‌ഥാന സര്‍ക്കാരുകള്‍ക്ക്‌ അവശ്യവസ്‌തു നിയമം(ഇ.സി.എ) 1955 അനുസരിച്ച്‌ കേസെടുക്കാന്‍ കഴിയുമെന്ന്‌ സര്‍ക്കാര്‍ വ്യക്‌തമാക്കി.
പ്രധാന സവാള ഉല്‍പാദക സംസ്‌ഥാനങ്ങളിലെ ശേഖരണ ഗോഡൗണുകളില്‍ സവാളയ്‌ക്ക് കേടുപാടുകള്‍ വന്നതോടെ മൊത്ത മാര്‍ക്കറ്റിലും ചില്ലറ വ്യാപാര മേഖലയിലും സവാള വില ഉയരാന്‍ തുടങ്ങിയിരുന്നു. നിലവിലെ സവാള ക്ഷാമം പരിഗണിച്ച്‌ കയറ്റുമതി കുറയ്‌ക്കുന്നതിന്‌ സവാളയുടെ കുറഞ്ഞ വില ടണ്ണിന്‌ 425 ഡോളറായി സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. മാത്രമല്ല, സവാള ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്‌. കഴിഞ്ഞ വര്‍ഷവും സവാളയും തക്കാളിയും പൂഴ്‌ത്തി വെക്കുന്നതിനെതിരെ സംസ്‌ഥാന സര്‍ക്കാരുകള്‍ ജാഗ്രത പാലിച്ചിരുന്നു. സര്‍ക്കാര്‍ കണക്കനുസരിച്ച്‌ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ രാജ്യത്ത്‌ സവാള ഉല്‍പാദനം ഇത്തവണ അഞ്ച്‌ ലക്ഷം ടണ്ണിലേറെ കുറവാണ്‌. കഴിഞ്ഞ വര്‍ഷം 194 ലക്ഷം ടണ്‍ സവാള ഉല്‍പാദിപ്പിച്ചപ്പോള്‍ ഇത്തവണ അത്‌ 189.23 ലക്ഷം ടണ്ണായി കുറഞ്ഞു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top