Last Updated 50 weeks 4 days ago
Ads by Google
29
Monday
May 2017

മാര്‍ക്കറ്റ്‌ റിവ്യൂ : കാര്‍ഷികോല്‍പന്നങ്ങള്‍ക്കു വിലത്തകര്‍ച്ച

mangalam malayalam online newspaper

പിന്നിട്ട വാരം വിപണിയില്‍ കാര്‍ഷികോല്‍പന്നങ്ങള്‍ക്കു വിലത്തകര്‍ച്ച. കുരുമുളക്‌, റബര്‍, വെളിച്ചെണ്ണ, കൊപ്ര, ചുക്ക്‌ എന്നിവയുടെ വില കുറഞ്ഞു. വില്‍പനയ്‌ക്കു തേയിലവരവു കുറഞ്ഞതോടെ കൊച്ചിയില്‍ കഴിഞ്ഞവാരം നടന്ന ലേലത്തില്‍ വില വീണ്ടും കൂടി.
സ്വര്‍ണം വില കുറഞ്ഞു. വറ്റല്‍മുളക്‌, ജാതിക്ക, കച്ചോലം, ഗ്രാമ്പു, അരിവിലയില്‍ മാറ്റമില്ല., പഞ്ചസാര വിലകുറഞ്ഞു.
സാമ്പത്തിക വര്‍ഷാവസാനം ടയര്‍ കമ്പനികള്‍ പ്രതിസന്ധി പ്രഖ്യാപിച്ച്‌ റബറിന്‌ വിലകുറച്ചു. കഴിഞ്ഞ വാരം റബര്‍ ആര്‍.എസ്‌.എസ്‌. നാല്‌ ക്വിന്റലിന്‌ 300 രൂപ(കിലോയ്‌ക്ക് 3രൂപ) വിലകുറഞ്ഞു. റബര്‍ മീറ്റ്‌ നടത്തിയെങ്കിലും വിപണിയില്‍ റബറിന്‌ കാര്യമായ പ്രതികരണം ഉണ്ടാക്കിയില്ല. മാര്‍ച്ച്‌ 31വരെ ടയര്‍ കമ്പനികള്‍ക്ക്‌ സര്‍ക്കാര്‍ നികുതിയിളവു നല്‍കിയെങ്കിലും ടയര്‍ കമ്പനികള്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച നിരക്കില്‍ റബര്‍ വാങ്ങുന്നില്ല.
വിലകുറയാന്‍ തുടങ്ങിയതോടെ വില്‍പനയില്‍ റബര്‍വരവു കുറഞ്ഞു. വരവു കുറഞ്ഞിട്ടും ടയര്‍ കമ്പനികളില്‍ ഡിമാന്‍ഡ്‌ ഉണ്ടായില്ല. സാമ്പത്തിക പ്രതിസന്ധി പറഞ്ഞ്‌ ടയര്‍കമ്പനികള്‍ പിന്‍മാറുകയായിരുന്നു. ടയര്‍ കമ്പനിക്കാരുടെ പക്കല്‍ ഇറക്കുമതി ചെയ്‌ത റബര്‍ സ്‌റ്റോക്കുള്ളതുകൊണ്ട്‌ ആഭ്യന്തരവിപണിയില്‍ വിലകുറയ്‌ക്കാനാണ്‌ അവധികച്ചവടക്കാരുടെ ഒത്താശയോടെ ടയര്‍ കമ്പനികള്‍ ശ്രമംതുടങ്ങിയത്‌. റബറിന്‌ അത്യാവശ്യക്കാരായ ടയര്‍ കമ്പനികള്‍ ആര്‍.എസ്‌.എസ്‌ നാല്‌ കിലോയ്‌ക്ക് കഴിഞ്ഞവാരം 126 രൂപ നിരക്കില്‍ വാങ്ങിയിരുന്നു. വാരാന്ത്യമാണ്‌ വില 124 ആയി കുറച്ചത്‌. രാജ്യാന്തര വിപണിയില്‍ റബറിനു കാര്യമായ വില തകര്‍ച്ചയില്ല. ടോക്കിയോ മാര്‍ക്കറ്റില്‍ ആര്‍.എസ്‌.എസ.്‌ നാല്‌ കിലോക്ക്‌ 112 രൂപയിലും ബാങ്കോക്കില്‍ 114 രൂപയിലും െചെനയില്‍ 117 രൂപയിലുമാണ്‌ വാരാന്ത്യം വില്‍പന നടന്നത്‌. കൊച്ചിയില്‍ കഴിഞ്ഞവാരം 700 ടണ്‍ റബറിന്റെ വ്യാപാരം നടന്നു. ടയര്‍ കമ്പനികള്‍ക്കു വിതരണം ചെയ്യുന്ന ഡീലര്‍മാര്‍ ആയിരം ടണ്‍ റബര്‍ വാങ്ങി. വാരാന്ത്യ വില റബര്‍ ഐ.എസ്‌.എസ്‌ ക്വിന്റലിന്‌ 10400-10700 രൂപ. ആര്‍.എസ്‌.എസ്‌ നാല്‌ ക്വിന്റലിന്‌ 12400 രൂപ. റബര്‍ ബോര്‍ഡ്‌ വില ആര്‍.എസ്‌.എസ്‌. നാല്‌ ക്വിന്റലിന്‌ 13740 രൂപ. കുരുമുളകു വിലയില്‍ ഇടിവു തുടന്നു. കഴിഞ്ഞവാരം കുരുമുളകു ക്വിന്റലിന്‌ ആയിരം രൂപയാണ്‌ വില ഇടിഞ്ഞത്‌.
കുരുമുളകിന്റെ കള്ളക്കടത്ത്‌ കൂടിയതും കൊച്ചിവിലയെക്കാള്‍ കുറഞ്ഞനിരക്കില്‍ കര്‍ണാടകയിലെ കൂര്‍ഗില്‍ നിന്നു കുരുമുളക്‌ ഉത്തരേന്ത്യയില്‍ വിറ്റു തുടങ്ങിയതുമാണ്‌ വിലത്തകര്‍ച്ചയ്‌ക്കു പിന്നില്‍. കഴിഞ്ഞ ഒരുമാസത്തിനിടയില്‍ കുരുമുളക്‌ ക്വിന്റലിന്‌ പതിനായിരംരൂപ (കിലോക്ക്‌ 100 രൂപ)യാണു വില ഇടിഞ്ഞത്‌. റെയില്‍മാര്‍ഗം നികുതിവെട്ടിച്ച്‌ ഉത്തരേന്ത്യയിലേക്കു കൊണ്ടുപോകുന്ന കുരുമുളകിന്റെ കള്ളക്കടത്ത്‌ തടയാന്‍ ബന്ധപ്പെട്ട വാണിജ്യനികുതി ഉദ്യോഗസ്‌ഥര്‍ തയാറാകുന്നില്ല. കര്‍ഷകരില്‍ നിന്നു വാങ്ങുന്ന ഇടനിലക്കാരാണ്‌ റെയില്‍മാര്‍ഗം തമിഴ്‌നാട്ടില്‍ എത്തിച്ച്‌ ഉത്തരേന്ത്യയിലേക്ക്‌ കുരുമുളക്‌ കടത്തുന്നത്‌. കള്ളക്കടത്ത്‌ കുരുമുളക്‌ ഉത്തരേന്ത്യയില്‍ ലഭിച്ചുതുടങ്ങിയതോടെ കൊച്ചിയിലെ കുരുമുളകിന്‌ ഉത്തരേന്ത്യന്‍ ഡിമാന്റില്ല. രാജ്യാന്തരവിപണിയില്‍ കുരുമുളകിനു കയറ്റുമതി സാധ്യതകുറവാണ്‌. കാനഡയില്‍ നിന്ന്‌ അന്വേഷണം തുടരുന്നുണ്ടെങ്കിലും മറ്റ്‌ ഉല്‍പാദകരാജ്യങ്ങളെക്കാള്‍ ഇന്ത്യയുടെ നിരക്ക്‌ ഉയര്‍ന്നതുകൊണ്ടു കയറ്റുമതിക്കു സാധ്യതകുറവാണ്‌. രാജ്യാന്തരവിപണിയില്‍ ഇന്ത്യയുടെ നിരക്ക്‌ കുരുമുളക്‌ ടണ്ണിന്‌ 10800 ഡോളറാണ്‌. ഈ നിരക്കിനേക്കാള്‍ ആയിരംമുതല്‍ രണ്ടായിരം ഡോളര്‍വരെ വിലകുറച്ചാണ്‌ ഇന്തോനേഷ്യ, വിയറ്റ്‌നാം, ബ്രസില്‍ തുടങ്ങിയ രാജ്യങ്ങള്‍ കയറ്റുമതിക്ക്‌ ഓഫര്‍ തുടരുന്നത്‌.
വാരാന്ത്യവില കുരുമുളക്‌ അണ്‍ഗാര്‍ബിള്‍ഡ്‌ ക്വിന്റലിന്‌ 52500 രൂപ. ഗാള്‍ബിള്‍ഡ്‌ മുളക്‌ 55500 രൂപ. ചുക്ക്‌ മീഡിയം ക്വിന്റലിന്‌ 21500 രൂപ. ബെസ്‌റ്റ്‌ ചുക്ക്‌ 23000 രൂപ. അടക്ക ക്വിന്റലിന്‌ 1000 രൂപ വിലകൂടി. വാരാന്ത്യവില അടക്ക ക്വിന്റലിന്‌ 24000 രൂപ. വെളിച്ചെണ്ണ -കൊപ്ര ക്വിന്റലിന്‌ 100 രൂപ വീതം കുറഞ്ഞു. വാരാന്ത്യവില വെളിച്ചെണ്ണ ക്വിന്റലിന്‌ 13200 രൂപ. കൊപ്രക്വിന്റലിന്‌ 9200 രൂപ. സ്വര്‍ണം പവന്‌ 280 രൂപ വിലകുറഞ്ഞു. രാജ്യാന്തരവില ഇടിഞ്ഞതോടെയാണ്‌ ആഭ്യന്തര വിപണിയില്‍ മുംെബെ ബുള്ളിയാന്‍ വിലകുറച്ചത്‌. സ്വര്‍ണം പവന്‌ 19720 രൂപ.

ജോസഫ്‌ വെണ്ണിക്കുളം

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top