Last Updated 1 year 14 weeks ago
Ads by Google
21
Thursday
September 2017

(ആത്മ)കഥപറയുന്ന ദേശം

കെ. രാംദാസ്

  1. Valapattanam Kadhakal
mangalam malayalam online newspaper

എഴുത്തുകാരന്‍ തന്റെ ദേശം അടയാളപ്പെടുത്തുക കഥകളിലൂടെയാണ്. ഓര്‍മപ്പെടുത്തല്‍ പോലെ അത് ഇടയ്ക്കു പ്രത്യക്ഷപ്പെടും. മലയാള സാഹിത്യത്തില്‍ എല്ലാക്കാലത്തും വളപട്ടണത്തുകാര്‍ സാന്നിധ്യമറിയിച്ചിട്ടുണ്ടെന്ന തിരിച്ചറിയലില്‍നിന്നാണ് വളപട്ടണം കഥകള്‍ പിറക്കുന്നത്. കണ്ണൂരിലെ ഒരു പീടിക കോലായില്‍ കൂട്ടുചേരാറുളള ഒരുപറ്റം സുഹൃത്തുക്കളുടെ ആശയം. 1981-39 കളില്‍ വടക്കന്‍ മലബാറിലെ ശക്തനായ കഥാകൃത്ത് എം.ആര്‍.കെ.സി. എന്ന ചെങ്കുളത്തു ചെറിയ കുഞ്ഞിരാമമേനോന്‍ മുതല്‍ പുതുതലമുറയിലെ ഷാമിയാസ് വരെ നീളുന്ന പതിനേഴോളം എഴുത്തുകാരുടെ കഥകളാണ് സമാഹരിച്ചത്. ആദ്യകാല കഥാകൃത്തായിരുന്ന വേങ്ങയില്‍ കുഞ്ഞിരാമന്‍ നായരുടെ തലമുറയിലെ ശക്തനായി കഥാകൃത്തായിരുന്നു എം.ആര്‍.കെ.സി. അന്നുമുതലിങ്ങോട്ട് എഴുത്തുകാരന്റെ അടയാളപ്പെടുത്തലിനപ്പുറം ദേശത്തിന്റെ ആത്മകഥനമായി ഇത് ഒരുതരത്തില്‍ മാറുന്നു.

ആധുനിക എഴുത്തുകളുടെ മൂശയില്‍ ഇരുന്നു വായിക്കുമ്പോള്‍ 'ഇതോ മഹത്തരമെന്നു' നെറ്റി ചുളിക്കാമെങ്കിലും വളപട്ടണം ഓരോ കാലഘട്ടങ്ങളെ എങ്ങനെ മറികടന്നു എന്നു കഥകള്‍ പറഞ്ഞുതരുന്നു. പലനാടുകളില്‍, പല ഭാഷകളില്‍ ജീവിതം ഉന്തിനീക്കുമ്പോഴും എണ്ണായിരം ജനസംഖ്യയുള്ള കേരളത്തിലെ ഏറ്റവും ചെറിയ പഞ്ചായത്തിനെയും അവര്‍ പലകോണുകളില്‍ വരച്ചിട്ടു. മലയാളത്തില്‍ ആദ്യമായിട്ടാണ് ഒരു ചെറിയ ദേശത്തുനിന്നും ഇത്രയധികം എഴുത്തുകാരുടെ കഥാപുസ്തകം പിറക്കുന്നത് എന്നതും മറ്റൊരു പ്രത്യേകത.

എം.ആര്‍.കെ.സി., ശിഹാബുദീന്‍ പൊയ്ത്തുംകടവ്, ശാഹുല്‍ വളപട്ടണം, പ്രേം സൂറത്ത്, കെ.ടി. ബാബുരാജ്, എ. മഹമ്മൂദ്, ഇയ്യ വളപട്ടണം, എളയിടത്ത് അശ്രഫ്, എം.ബി. ജാഫര്‍, സാബിര്‍ വളപട്ടണം, മൊയ്തു മായിച്ചാന്‍ കുന്ന്, ഷമിയാസ് വളപട്ടണം, അസ്ഗറലി ആലൂല്‍, ഹാശിം വലിയകത്ത്, ഹംസ മഠത്തില്‍, അശ്രഫ് ബാവക്കാന്റവിട, വളപട്ടണം അബ്ദുള്ള എന്നിങ്ങനെ പതിനേഴു നാട്ടുകാരുടെ തെരഞ്ഞെടുത്ത കഥകള്‍.
കഥയുടെ നൂതന സാങ്കേതിക ചട്ടക്കൂടുകള്‍ പിന്തുടരാത്തതുകൊണ്ടുതന്നെ ഇവയ്ക്കു ജീവിതത്തോട് കൂടുതല്‍ അടുപ്പമുണ്ടാകും. വടക്കന്‍ മലബാറിലെ കുടുംബങ്ങളിലെ ആകുലതകളും അനുഭവങ്ങളും തന്നെയാണ് ഏറെക്കഥകളും. പരദേശത്തുനിന്ന് ഭൂതകാലം ചികയുന്നവരും കുറവല്ല. തങ്ങള്‍ ജീവിച്ചകാലം, മണ്ണ്, മനുഷ്യബന്ധം എന്നിവ ഊഷ്മളമായി തന്നെ കഥകളില്‍ വേരോടുന്നു. ഇടിഞ്ഞു പൊളിഞ്ഞ പാണ്ട്യാലയും പുഴയിറമ്പും, മമ്മുമുക്രിയും ഹസന്‍കുട്ടിക്കേയിയും 'അവളു'മൊക്കെ ഓരോ കാലങ്ങളിലൂടെ കടന്ന് നാടിന്റെ സ്വത്വം അടയാളപ്പെടുത്തുന്നു. വെറും കഥകളെന്നതിനപ്പുറം ദേശത്തിന്റെ ആത്മകഥയായി വളപട്ടണം കഥകള്‍ മാറുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top