Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

ശയ്യാനുകമ്പ: വേറിട്ട വായനാനുഭവം

mangalam malayalam online newspaper

മോഹത്തില്‍ - ഡിസയര്‍ - നിന്നു കാമവും കാമത്തില്‍ നിന്നു പാപവും ഉണ്ടാകുന്നു. ശയ്യാനുകമ്പയിലെ മുഖ്യ കഥാപാത്രം ആനന്ദ്‌ വര്‍ഗീസിന്‌ സ്വന്തം ജീവിതം തിരിച്ചു പിടിക്കുന്നതിനപ്പുറം ജീവിതമോഹങ്ങള്‍ തന്നെ നഷ്‌ടമാവുന്നു എന്ന തിരിച്ചറിവില്‍ നിന്നുമാണ്‌ മോഹങ്ങളുടെ പുതിയ ഉന്മേഷങ്ങളിലേക്ക്‌ അയാളുടെ ജീവിതത്തിന്റെ വഴി മാറുന്നത്‌. ആ തിരിച്ചറിവിന്റെ സന്ധിക്കു മുമ്പും പിമ്പും ആനന്ദ്‌ വര്‍ഗീസിനു ജീവിക്കേണ്ടി വന്ന രണ്ടു ജീവിതത്തിലെ മോഹങ്ങളും മോഹസാഫല്യ-നിരാസങ്ങളുടെ സംഘര്‍ഷങ്ങളുമാണ്‌ 'ശയ്യാനുകമ്പ' എന്നു പേരിട്ടിരിക്കുന്ന രവിവര്‍മ്മ തമ്പുരാന്റെ പുതിയ നോവലിന്റെ വഴിത്താരകള്‍.
മദ്ധ്യവയസ്സു പിന്നിടാന്‍ തുടങ്ങുമ്പോള്‍ പുരുഷമനസ്‌ അതുവരെ ജീവിച്ചു വന്ന രീതികളില്‍ നിന്നും വ്യതിചലിക്കാന്‍ തുടങ്ങുന്നു. പുരുഷന്റെ ജീവിതപ്രക്രിയയിലെ പരിണാമഘട്ടങ്ങളിലെ അവന്റെ ശാരീരികവ്യതിയാനങ്ങളോടൊപ്പം സംഭവിക്കുന്ന മാനസിക വ്യാപാരങ്ങളെക്കുറിച്ച്‌ അടുത്ത കാലത്തു മാത്രമാണ്‌ കാര്യമായ പഠനങ്ങള്‍ നടന്നു തുടങ്ങിയത്‌. മിഡില്‍ ഏജ്‌ ക്രൈസിസ്‌ അഥവാ മദ്ധ്യായുസ്സ്‌ പ്രതിസന്ധി എന്നു വിളിക്കുന്ന ഇത്തരം മാറ്റങ്ങളെ കുറിച്ച്‌ അമേരിക്ക തുടങ്ങിയ വികസിതരാജ്യങ്ങളില്‍ ഇന്ന്‌ ഇത്‌ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്‌.
തികഞ്ഞ ക്രിസ്‌തുമതവിശ്വാസിയായി വളര്‍ന്നുവരികയും സെമിനാരിയില്‍ പോയി പ്രേഷിതവേലയ്‌ക്ക് ജീവിതം ഉഴിഞ്ഞു വയ്‌ക്കണമെന്നു മനസു കൊണ്ട്‌ ഉറപ്പിച്ചു വളര്‍ന്നു വരികയും ചെയ്‌ത ആനന്ദ്‌ വര്‍ഗീസിനെ രൂപപ്പെടുത്തിയത്‌ കാലാകാലങ്ങളായി രൂഢമൂലമായി തീര്‍ന്ന ക്രൈസ്‌തവമായ പാപപുണ്യബോധങ്ങളുടെ അതിരുകളായിരുന്നു.
ആന്തരികമായി അയാള്‍ അനുഭവിച്ചുകൊണ്ടിരുന്ന നിരന്തരസംഘര്‍ഷത്തിന്റെ ഉള്ളറകളിലേക്ക്‌ മദ്ധ്യവയസില്‍ അയാള്‍ അറിയാതെ ഇറങ്ങിച്ചെല്ലുകയാണ്‌. ആനന്ദ്‌ വര്‍ഗീസ്‌ മിഡില്‍ ഏജ്‌ ക്രൈസിസിന്റെ ചാഞ്ചല്യത്തില്‍ വച്ച്‌ തന്നിലേക്കു തിരിഞ്ഞു നോക്കുകയാണ്‌. ഒരു ഉദ്യോഗസ്‌ഥനെന്ന നിലയില്‍ അയാള്‍ പെര്‍ഫക്‌ടും മാതൃകാപുരുഷനുമാണ്‌. ഉന്നതമായ കുടുംബത്തിലംഗമാണ്‌. ഉത്തമമായ കുടുംബജീവിതം നയിക്കുന്നവനാണ്‌. ഉത്തമവും മാതൃകാപരവുമായ ഒരു സാമൂഹ്യജീവിതത്തിന്റെ മദ്ധ്യത്തു വച്ചാണ്‌ ഇതുവരെയുള്ള ജീവിതം സഫലമായിരുന്നോ വ്യര്‍ത്ഥമായിരുന്നോ എന്ന ചിന്ത അയാളുടെ മനസിലേക്കു കടന്നു വരുന്നത്‌. ആ സന്ദേഹത്തിലേക്കാണ്‌ അക്ഷര കടന്നുവരുന്നത്‌. അക്ഷര ആനന്ദ വര്‍ഗീസിന്റെ മനസിലെ അടഞ്ഞു കിടന്നിരുന്ന ഇരുണ്ട വശങ്ങളില്‍ നിന്നും, അടിച്ചമര്‍ത്തി വച്ചിരുന്ന അഭിവാഞ്‌ഛയുടെ കാണാപ്പുറങ്ങളില്‍ നിന്നും, അസംപ്‌തൃത്തമായ ലൈംഗികചോദനകളുടെ തൃഷ്‌ണകളില്‍ നിന്നും കടന്നു വന്ന പ്രതിച്‌ഛായയാണ്‌. ആ ബിംബത്തിന്റെ മറുപാതിയാണ്‌ ആന്‍സി. ലൈംഗികമായും വികാരപരമായും ഫ്രിജിഡ്‌ എന്നു പറയാവുന്ന മരവിപ്പിന്റെ മൂര്‍ത്തരൂപമാണ്‌. ഉത്തമകുടുംബിനി എന്ന നിലയില്‍ ഒരു ഐക്കണായി ആന്‍സി നിലകൊള്ളുമ്പോഴും ഭാര്യ എന്ന നിലയില്‍ അവള്‍ ഒരിക്കലും ആനന്ദിന്റെ ഇണയായിരുന്നില്ല. ഈ രണ്ട്‌ ബിംബങ്ങളോടും ആനന്ദ്‌ വര്‍ഗീസിന്റെ മനസ്സ്‌ നിരന്തരസംവാദത്തിലേര്‍പ്പെടുന്നു. ഈ രണ്ട്‌ വിരുദ്ധഭാവങ്ങള്‍ക്കിടയ്‌ക്ക് ഏറ്റുമുട്ടുന്ന സംഘര്‍ഷങ്ങളും അതിന്റെ പരിണതിയുമാണ്‌ ശയ്യാനുകമ്പ എന്ന നോവല്‍.
ശയ്യാനുകമ്പയുടെ ക്രമാനുഗതമായ വളര്‍ച്ചയ്‌ക്ക് പല ഘട്ടങ്ങളുണ്ട്‌. ആ വളര്‍ച്ചയ്‌ക്ക് പശ്‌ചാത്തലമാവുന്ന ഇടങ്ങളൊക്കെ ആനന്ദ്‌ വര്‍ഗീസിലെ അതിരുകള്‍ പൊട്ടിക്കാന്‍ വെമ്പുന്ന അഭിവാഞ്‌ഛകളുടേയും അതുപോലെ പൂര്‍വ്വനിശ്‌ചിതമായ ഏതു വ്യവസ്‌ഥയോടും അതിതീവ്രമായി പ്രതിഷേധിക്കാന്‍ വെമ്പുന്ന അക്ഷരയുടെ മനസ്സിന്റേയും നേര്‍പശ്‌ചാത്തലമാണ്‌.
ഒരു പക്ഷേ, മലയാളത്തില്‍ അധികം ചര്‍ച്ച ചെയ്‌തിട്ടില്ലാത്ത വിഷയങ്ങളാണ്‌ ശയ്യാനുകമ്പയിലൂടെ രവിവര്‍മ്മ തമ്പുരാന്‍ പറഞ്ഞുവയ്‌ക്കുന്നത്‌. ഏതൊരു ഫെമിനിസ്‌റ്റ് എഴുത്തുകാരേക്കാളും തീവ്രവും സമകാലികവും തീഷ്‌ണവുമായി പെണ്ണിന്റെ മനസിനെ വായിച്ചെടുക്കാനും എഴുതാനും പല കഥകളിലും രവിവര്‍മ്മത്തമ്പുരാനു കഴിഞ്ഞിട്ടുണ്ട്‌. അക്ഷര എന്നൊരു കഥാപാത്രം ഇന്നത്തെ നേരിന്റെ പകര്‍പ്പാണ്‌, പലരും നെറ്റി ചുളിക്കുമെങ്കിലും. അക്ഷരയ്‌ക്ക് ആനന്ദിനോടു തോന്നുന്ന ഇഷ്‌ടവും കാമവും പ്രത്യേകമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതു തന്നെയാണ്‌. പക്ഷേ, അടിസ്‌ഥാനപരമായി ഈ നോവലിന്റെ നിലനില്‍പ്‌ പാപപുണ്യബോധങ്ങളുടെ വരുംവരായ്‌കയിലാണ്‌. മനുഷ്യജന്മപരമ്പരയിലൂടെ ഊറിക്കൂടിയിരിക്കുന്ന പാപബോധങ്ങളുടെ അബോധപ്രവര്‍ത്തനങ്ങളുടെ മാനസികവ്യാപരങ്ങളിലാണ്‌.
പുതിയ കാലത്തിലെ പുതിയ പാപപുണ്യചിന്തകളുടെ കണക്കു പുസ്‌തകമാണ്‌ ശയ്യാനുകമ്പ. നവജീവിതത്തിന്റേയും ലിബറലൈസേഷന്റേയും തീ പിടിക്കുന്ന ചിന്തകള്‍ ഉള്ളില്‍ പേറുന്ന തലമുറയെ കണ്ടില്ലെന്നു നടിക്കാനാവില്ല. കിടപ്പുമുറിയിലേക്കു തുറന്നുവച്ച മലയാളിയുടെ കണ്ണുകള്‍ക്കു നേരേ, സദാചാരമെന്ന നിഷ്‌കരുണവും കാപട്യവും നിറഞ്ഞ വാക്കിന്റെ മറയിലൂടെ മലയാളി അനുഭവിക്കുന്ന രതിവൈചിത്ര്യ മനോസുഖങ്ങള്‍ക്കു നേരേ, മനസ്സിന്റെ കൊതികളെ പൊതിഞ്ഞു പിടിക്കുന്ന ഉടലാഴങ്ങളുടെ അസംപ്‌തൃത്തകാമനകള്‍ക്കു നേരേ, ബന്ധങ്ങളെന്ന ഏറ്റുവും കാപട്യം നിറഞ്ഞ ഒത്തുതീര്‍പ്പുകള്‍ക്കു നേരേ ശക്‌തമായി പ്രതികരിക്കുകയാണ്‌ ശയ്യാനുകമ്പ എന്ന നോവലിലൂടെ കാലത്തിനൊപ്പം നടന്നുകൊണ്ട്‌, രവിവര്‍മ്മത്തമ്പുരാന്‍.

ശയ്യാനുകമ്പ (നോവല്‍)
രവിവര്‍മ്മത്തമ്പുരാന്‍
ഡി.സി. ബുക്‌സ്
വില 130 രൂപ

സുരേഷ്‌ പനങ്ങാട്‌

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top