Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

ഓര്‍മകളിലേക്കുള്ള യാത്രകള്‍

mangalam malayalam online newspaper

വാര്‍ധക്യത്തിന്റെ ഏകാന്തതയില്‍നിന്നും ബാല്യ-യൗവനങ്ങളിലേക്കും തുടര്‍ന്നുള്ള ജീവിതത്തിലേക്കുള്ളമുള്ള ആശ്‌ചര്യപ്പെടുത്തുന്ന യാത്രകളാണ്‌/ഓര്‍മകളാണു പുനത്തിലിന്റെ പുസ്‌തകം. കഥകളിലും നോവലുകളിലും കുഞ്ഞബ്‌ദുള്ളയുടെ മാന്ത്രിക വിരലുകള്‍ സമ്മാനിച്ച അതേ സൂഷ്‌മതയും കാവ്യാത്മകതയും ഓര്‍മകളുടെ പുസ്‌തകത്തിലും തുലോം കുറയാതെ പ്രത്യക്ഷപ്പെടുന്നുണ്ട്‌. തന്റെ 'വൈദ്യ' ജീവിതത്തിന്റെ പ്രേരകങ്ങളെന്ന നിലയില്‍ കുഞ്ഞബ്‌ദുള്ള കണ്ടറിഞ്ഞ ജീവിതത്തെ വരച്ചുവച്ചുകൊണ്ടാണു പുസ്‌തകത്തിലേക്കുള്ള പ്രവേശനം തന്നെ. താന്‍ എന്തുകൊണ്ടു ഡോക്‌ടറായെന്ന ചോദ്യത്തിനു മറുപടി പറയാതെതന്നെ അദ്ദേഹം ഈ കുറിപ്പില്‍ പറഞ്ഞുവയ്‌ക്കുന്നുണ്ട്‌. പ്രശസ്‌ത നോവലിസ്‌റ്റ് സേതു അദ്ദേഹത്തെ 'ലാട വൈദ്യനെ'ന്നു വിളിച്ചു. അതില്‍ തെല്ലഭിമാനിക്കുന്ന വിവരണങ്ങള്‍ തുടരുമ്പോള്‍ പഴയ കോഴിക്കോടിന്റെ വൈദ്യ പാരമ്പര്യത്തിന്റെ സമ്പുഷ്‌ടതയാണ്‌ അറിയുക. നാട്ടുവൈദ്യനായിരുന്ന മുത്തച്‌ഛന്‍ മൊയ്‌തീനും തൊടിയിലെ പച്ചിലകള്‍ അത്ഭുതങ്ങളായ ഒറ്റമൂലികളാക്കി പരിവര്‍ത്തനപ്പെടുത്തിയ, അച്‌ഛന്റെ മൂത്ത സഹോദരി കദീശുമ്മയെയും തെല്ലമ്പരപ്പോടെതന്നെയാണ്‌ ആധുനിക വൈദ്യശാസ്‌ത്ര യുഗത്തിലിരുന്നുപോലും അദ്ദേഹം ഓര്‍മിക്കുന്നത്‌. കന്നുകാലികള്‍ മുതല്‍ കുട്ടികളും മുതിര്‍ന്നവര്‍ക്കും വരെ ഒറ്റനോട്ടത്തില്‍ മരുന്നു കണ്ടുപിടിച്ച കദീശുമ്മയാണിതിലെ പ്രധാന വ്യക്‌തി. ആട്‌ ഔഷധച്ചെടികള്‍ മാത്രമേ കടിക്കാറുള്ളൂ എന്ന അറിവും കദീശുമ്മ പറഞ്ഞുവയ്‌ക്കുന്നു. 'പാലു പാര്‍ന്നു' ചായ കുടിക്കുന്നത്‌ അപൂര്‍വമായിരുന്ന കാലത്തു വീട്ടിലെത്തുന്നവര്‍ക്കെല്ലാം പാല്‍ച്ചായ കൊടുത്തിരുന്ന 'ചാച്ച'യും തെളിവോടെ ഇടയ്‌ക്കിടെ പ്രത്യക്ഷപ്പെടുന്നു. പുസ്‌തകത്തിലുടനീളം അനന്ത സൗഹൃദത്തിന്റെ ദൃഷ്‌ടാന്തങ്ങളാണു നിറയെ. മൈസൂരില്‍നിന്നുവന്നിരുന്ന ലാടവൈദ്യന്മാര്‍ മുതല്‍ രോഗവിവരം അറിയിക്കാന്‍ വരുന്ന ബന്ധുക്കളില്‍നിന്നുപോലും രോഗിയുടെ നില മനസിലാക്കിയിരുന്ന കോമപ്പന്‍ വൈദ്യന്‍വരെയുള്ളവര്‍. രോഗിയുടെ ബന്ധുക്കളെ നോക്കി ചിലപ്പോള്‍ കോമപ്പന്‍ വൈദ്യര്‍ പറയും 'പൊയ്‌ക്കോളൂ, പൊയ്‌ക്കൊളൂ, ഞാനങ്ങോട്ടേയ്‌ക്കില്ല'. ഇങ്ങനെ പറഞ്ഞെങ്കില്‍ രോഗി മരിച്ചിട്ടുണ്ടാകുമെന്നത്‌ കട്ടായം!
വൈദ്യത്തിന്റെ നാട്ടുവഴി പിന്നിട്ടു കോഴിക്കോടേയ്‌ക്കും തൊട്ടടുത്ത കണ്ണൂരിലേക്കും ആധുനിക വൈദ്യം അതിന്റെ ബാല്യദശയില്‍ കടന്നുവന്നതിനെക്കുറിച്ചും കുഞ്ഞബ്‌ദുള്ളയ്‌ക്കു തെളിവാര്‍ന്ന ഓര്‍മകളുണ്ട്‌. 'ഒരു നാട്‌ ഇങ്ങനെയായിരുന്നു, അതാണിപ്പോള്‍ കുട്ടിച്ചോറായിക്കിടക്കുന്നതെന്ന' ഓര്‍മപ്പെടുത്തല്‍ കൂടിയാണിത്‌. രോഗിയില്‍നിന്നും പ്രതിഫലം എണ്ണിവാങ്ങി കണക്കു പറയുന്നവരെ ഇങ്ങനെയും ചിലര്‍ ജീവിച്ചിരുന്നെന്നും ഓര്‍മപ്പെടുത്തുന്നു. പില്‍ക്കാലത്തു തന്നെ 'തൊഴിലാളി ഡോക്‌ടര്‍' ആക്കിയതും ഇവര്‍ നല്‍കിയ കാഴ്‌ചപ്പാടായിരുന്നെന്നു കുഞ്ഞബ്‌ദുള്ള ഓര്‍ക്കുന്നു. ചികിത്സയ്‌ക്കു പണം നല്‍കാന്‍ കഴിയാത്ത തൊഴിലാളികളായിരുന്നു കുഞ്ഞബ്‌ദുള്ളയുടെ രോഗികള്‍. അവര്‍ നല്‍കുന്നതെന്തെന്നു നോക്കാതെ വലിപ്പിലേക്ക്‌ ഇടും. ക്ലിനിക്ക്‌ അടയ്‌ക്കാന്‍ നേരം അന്നത്തെ 'കലക്ഷന്‍' എണ്ണുമ്പോള്‍ അതില്‍ നോട്ടീസ്‌ മുതല്‍ പത്രക്കടലാസ്‌ വരെയുണ്ടാകും!
അഭിനയത്തിന്റെ മുഴക്കമായി അരങ്ങുവിട്ട മുരളിയുമായും തനിക്കുള്ള സൗഹൃദം ആഴത്തില്‍ കുഞ്ഞബ്‌ദുള്ള പറഞ്ഞുവയ്‌ക്കുന്നുണ്ട്‌. നാം കണ്ടതിനും കേട്ടതിനുമപ്പുറം ഗരിമയും ആഴവും ആ ജീവിതത്തിനുണ്ടായിരുന്നു. ലങ്കാലക്ഷ്‌മിയുടെ റിഹേഴ്‌സല്‍ ക്യാമ്പില്‍ നാടകത്തിലെ മുഴുവന്‍ ഡയലോഗുകളും കാണാതെ പറഞ്ഞ്‌ രംഗങ്ങളെല്ലാം അഭിനയിച്ചുകാട്ടിയ മുരളിയുടെ ബുദ്ധികൂര്‍മതയെയും കുഞ്ഞബ്‌ദുള്ള ആശ്‌ചര്യത്തോടെയാണു വരച്ചിടുന്നത്‌. അക്ഷരാര്‍ഥത്തില്‍ മുഴങ്ങുകയായിരുന്നു മുരളി. മനോഹരങ്ങളായ കഥകളും അതിലേറെ ജീവസുറ്റ സിനിമകളുമൊടുത്ത പത്മരാജന്‍ എന്ന 'പപ്പനും' കുഞ്ഞബ്‌ദുള്ളയ്‌ക്ക് അമ്പരപ്പാണിന്നും. എപ്പോഴും സൗഹൃദവലയത്തിനു കീഴിലെ ചാരുകസേരയില്‍ കഴിഞ്ഞ ബഷീറും യൗവനം മുതല്‍ കടുത്ത സൗഹൃദം പുലര്‍ത്തിയ എം.ടിയും ഓര്‍മകളില്‍ സുഗന്ധമുള്ള ജീവിതത്തെക്കുറിച്ചു ചിന്തിപ്പിക്കുന്നുണ്ട്‌. ലോകത്തിന്റെ സ്‌ത്രീസൗന്ദര്യം മുഴുവന്‍ ഒറ്റയാളിലേക്കു വിവരിച്ചു ശ്രീചക്രം എഴുതിയ കാക്കനാടന്‍, കുഞ്ഞബ്‌ദുള്ളയുടെ 'സൈക്കിള്‍ സവാരി'യിലെ തന്‍വീര്‍ അന്‍സാരിയെ മോഹിച്ച കഥയും ഇതില്‍ കൗതുകമുണര്‍ത്തും.
സിനിമയില്‍ ആഴത്തില്‍ ബന്ധങ്ങള്‍ക്കു സാധ്യത കുറവാണെങ്കിലും പഴയ തലമുറയുടെ ആശയപ്പൊരുത്തം അദ്ദേഹത്തിന്റെ സിനിമാ ഓര്‍മകളില്‍ നിഴലിക്കുന്നുണ്ട്‌. മൈഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന മലയാളത്തിലെ ആദ്യ ത്രിഡി സിനിമയ്‌ക്ക് ആ പേരിട്ടതു പുനത്തിലാണെന്ന്‌ എത്രപേര്‍ക്കറിയാം?
ഒറ്റയ്‌ക്കൊരു ഫ്‌ളാറ്റില്‍ വാര്‍ധക്യവും ഒറ്റപ്പെട്ട ജീവിതവും പാചകവും വായനയുമായി കഴിയുമ്പോഴാണ്‌ അദ്ദേഹം തന്റെ 'പാര്‍ത്തിട'ങ്ങളെക്കുറിച്ചു വാചാലനാകുന്നത്‌. പതിനഞ്ചാം വയസില്‍ നാട്ടിടവഴികളെ ഉപേക്ഷിച്ചു നഗരങ്ങളിലേക്കു ചേക്കേറുമ്പോഴും അദ്ദേഹം ഒറ്റപ്പെട്ടവനായിരുന്നു. വാര്‍ധക്യത്തിന്റെ ഓര്‍മകള്‍ക്ക്‌ തെല്ലുമില്ല അടക്കം. ആണുങ്ങളില്ലാത്ത വീട്ടില്‍ ആണുങ്ങളെപ്പോലെ വേഷം ധരിച്ചു നടന്ന സുന്ദരികളും വൈലോപ്പള്ളിയുടെ പെണ്ണും പുലിയും ഉറക്കെച്ചൊല്ലിയിരുന്ന പാറുവും ഒളിമങ്ങാതെ ഓര്‍മയിലുണ്ട്‌. നിരവധിയിടങ്ങളിലേക്കു അനേകം യാത്രചെയ്‌തും സ്വന്തം നാട്ടിലും വിദേശത്തും പ്രവാസിയായിക്കഴിഞ്ഞതിന്റെയും ഓര്‍മകള്‍തന്നെയാണ്‌ ഈ പുസ്‌തകത്തിലെ യാത്രകള്‍. യാത്രയെക്കുറിച്ച്‌ ഒറ്റയധ്യായം മാത്രമാണുള്ളത്‌. ഒരുപക്ഷേ, കുഞ്ഞബ്‌ദുള്ളയുടെ യാത്രകളേക്കാള്‍ നമ്മെ മോഹിപ്പിക്കുക അദ്ദേഹത്തിന്റെ ജീവിതംതന്നെയാകാം. അപാര സൗഹൃദങ്ങളുടെ വേലിയേറ്റംതന്നെയായിരുന്നെന്നു വായനയ്‌ക്കൊടുവില്‍ ആശ്‌ചര്യപ്പെടാം. ഒരു ജീവിതം ഇങ്ങനെയും ജീവിക്കാമെന്ന മറയില്ലാത്ത സാക്ഷ്യം. അതുകൊണ്ടാകാം ഈ പുസ്‌തകത്തില്‍ യാത്രകള്‍ക്കു വലിയ പ്രാധാന്യമില്ല. എങ്കിലും വായിച്ചവസാനിപ്പിക്കുന്നവര്‍ക്കു തെല്ലുമുണ്ടാകില്ല നിരാശ.

അനുഭവം, ഓര്‍മ, യാത്ര
പുനത്തില്‍ കുഞ്ഞബ്‌ദുള്ള
ഒലിവ്‌ ബുക്‌സ്,
കോഴിക്കോട്‌
വില: 190

സി.എസ്‌. ദീപു

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top