Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

ജീവിതം കാണുന്ന കഥകള്‍

mangalam malayalam online newspaper

കഴിഞ്ഞ നാലഞ്ചു വര്‍ഷങ്ങളിലെ മലയാളകഥയില്‍ സംഭവിച്ച ഏറ്റവും പ്രധാനമായ പ്രത്യേകതകളിലൊന്ന്‌ പരിസരയാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിക്കുന്നതില്‍ കഥ നേടിയ ശക്‌തിയാണ്‌. പരിസരങ്ങളിലെമ്പാടും നിന്നുയരുന്ന വിപല്‍സന്ദേശങ്ങള്‍ കഥയില്‍ സാരമായ മാറ്റങ്ങള്‍ സൃഷ്‌ടിച്ചു. തീഷ്‌ണമായ യാഥാര്‍ത്ഥ്യങ്ങള്‍ കഥയെ ജീവിതത്തോടു കൂടുതല്‍ ചേര്‍ത്തുനിര്‍ത്തി. ധാര്‍മ്മികമായ അപചയ പ്രക്രിയയില്‍ സമൂഹശരീരം വൃണിതമാകുമ്പോള്‍, ജാഗ്രത്തായ വാക്കിലൂടെ, അതിനോട്‌ പ്രതികരിക്കേണ്ടത്‌ എഴുത്തുകാരന്റെ ധര്‍മ്മം തന്നെയാണല്ലോ. സമകാലീന സാംസ്‌കാരിക വ്യവസ്‌ഥയില്‍ ഫാസിസത്തിനെതിരെ എഴുത്ത്‌ സമൂഹം ഉച്ചത്തില്‍ ശബ്‌ദീകരിക്കുന്നത്‌ ഇതുമായി ചേര്‍ത്തുവയ്‌ക്കാം.
നിലനില്‍ക്കുന്ന എല്ലാ അധികാരവ്യവസ്‌ഥകളും കുടുംബം ഉള്‍പ്പെടെ സ്‌ത്രീക്ക്‌ എതിരാകുന്ന സാഹചര്യത്തിന്റെ, യാഥാര്‍ത്ഥ്യത്തിന്റെ തീക്ഷ്‌ണമായ ആവിഷ്‌കാരമാണു കോട്ടയം മാന്നാനം കെ.ഇ. കോളജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി മീരാകൃഷ്‌ണന്റെ ഒറ്റക്കരിമ്പന എന്ന പുസ്‌തകം. സ്‌ത്രീയെ സ്വതന്ത്രയായിരിക്കാന്‍ അനുവദിക്കാത്ത സമൂഹത്തില്‍നിന്ന്‌ പീഢിതമായ അവസ്‌ഥകളില്‍ നിന്ന്‌, രക്ഷപ്പെടണം എന്ന്‌ ചിന്തിക്കുന്ന ഒരുവളുടെ ആത്മവിചാരങ്ങളാണ്‌ ഈ കഥ. സ്‌ത്രീ അനുഭവിക്കുന്ന തടവും ഭയവും ഉല്‍ക്കണ്‌ഠകളുമാണിതില്‍ ആവിഷ്‌കരിക്കുന്നത്‌. ഒറ്റക്കരിമ്പന എന്ന ബിംബം, തരശിടങ്ങളില്‍ ഉയര്‍ന്നുനില്‍ക്കുന്ന വൃക്ഷത്തിന്റെ ഏകാന്തതയെ ധ്വനിപ്പിക്കുന്നു. ഭയത്തിന്റെ ഇരുട്ടു നിറഞ്ഞ വഴികളിലൂടെ ഒറ്റക്കരിമ്പനച്ചോട്ടിലേക്കെത്താനുളള വെമ്പല്‍. പീന്നീട്‌ അവിടെ നിന്നുള്ള പലായനവും കഥയ്‌ക്ക്‌ സൗന്ദര്യാത്മകമായ മാനങ്ങള്‍ നല്‍കുന്നു. തിരിച്ചറിവ്‌ എന്ന കഥയിലും ഇതേ കരിമ്പന ഇലകള്‍ വീശി രാവിലേക്ക്‌ പടരുന്നുണ്ട്‌ . ഒറ്റപ്പെടലിന്റേയും ഭയസംഭവങ്ങളുടെയും ഇരുള്‍ വഴികളാണ്‌ ഈ കഥയില്‍ ഉള്ളത്‌്. മരണത്തില്‍ അവസാനിക്കുന്ന ജീവിതത്തെ, ഭൗതിക ജീവിതത്തെ ദാര്‍ശനികമായി അന്വേഷിക്കാനുള്ള ചെറിയൊരു ശ്രമവുമുണ്ടിവിടെ.
ഒറ്റക്കരിമ്പന എന്ന ബിംബം പല കഥകളിലും കടന്നുവരുന്നത്‌ ശ്രേദ്ധേയമാണ്‌. ഇരുളും ഭയവും ഏകാന്തതയും ഒട്ടനവധി സാമൂഹ്യ വിഹ്വലതകളും ആത്മസംഘര്‍ഷങ്ങളും നിറഞ്ഞ ഒരിടമായി ആ ഒറ്റക്കരിമ്പനച്ചോടിനെ കഥാകൃത്ത്‌ സങ്കല്‌പിക്കുന്നുണ്ട്‌. ഇത്തരമൊരു ബിംബത്തിന്റെ സൃഷ്‌ടിതന്നെ മീരയിലെ കഥാകൃത്തിനെ ന്യായീകരിക്കുന്നുണ്ട്‌.
മാതൃത്വം എന്ന ചെറിയൊരു കഥ ഈ സമാഹാരത്തിലുണ്ട്‌. ഒരു മുത്തശ്ശിയും കൊച്ചുമകളും കഥാപാത്രങ്ങളാകുന്ന രചന. മുത്തശ്ശിയുടെ മരണമാണ്‌ അച്‌ഛനും അമ്മയും ആഗ്രഹിക്കുന്നതെന്ന നിഷ്‌ക്കളങ്കമായ കുട്ടിയുടെ മൊഴിയില്‍സമകാലീന കുടുംബബന്ധങ്ങളുടെ കാപട്യവും വാര്‍ദ്ധക്യത്തിന്റെ ആകുലതകളും മാനുഷികതയുടെ പതനവും എല്ലാം നിറയുന്നു. രചനാപരമായ കൈയടക്കവും ഈ കഥയ്‌ക്കുണ്ട്‌. വിഡ്‌ഢിത്തരങ്ങള്‍ എന്ന കഥയില്‍ ക്യാമ്പസ്‌ സംബന്ധമായ ഇപ്പോള്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന ആണ്‍പെണ്‍ സൗഹൃദവിവാദത്തിലേക്ക്‌ അര്‍ത്ഥവത്തായ കൈചൂണ്ടലാണ്‌. പെണ്‍കുട്ടികള്‍ വിദ്യാലയങ്ങളില്‍ അനുഭവിക്കുന്ന പ്രതിസന്ധികളിലേക്കുമിതു ശ്രദ്ധ ക്ഷണിക്കുന്നു.
യാഥാര്‍ഥ്യങ്ങളിലേക്കുള്ള സധൈര്യ നോട്ടമായ 'ഈഡിപ്പസിനാല്‍ പിഴയ്‌ക്കപ്പെട്ടവള്‍', പ്രണയത്തിന്റെ അവസ്‌ഥാന്തരങ്ങള്‍ കടക്കുന്ന 'മരണമെത്തുന്ന നേരത്ത്‌' എന്നിവയും ശ്രദ്ധേയം. ധ്യാനാത്മകമായ അവസ്‌ഥകളിലേക്ക്‌ ഈ കഥാകൃത്ത്‌ ചിലപ്പോഴൊക്കെ എത്തിച്ചേരുന്നുണ്ട്‌. പ്രതീക്ഷാരഹിതമായ ഇരുളില്‍ നിന്ന്‌, യാഥാര്‍ത്ഥ്യത്തില്‍ നിന്ന്‌, ആത്മീയമായ പ്രകാശത്തിലേക്ക്‌ ചില കഥാമുഹൂര്‍ത്തങ്ങള്‍ എത്തുന്നുണ്ട്‌. അതിവിസ്‌താരത്തിലേക്കു കടക്കാതെ വാക്കുകള്‍ കണക്കുകൂട്ടിയുപയോഗിക്കുന്നതിലെ കൈയടക്കം കഥാകാരി എല്ലായിടത്തും പ്രകടിപ്പിക്കുന്നു. ഇരുണ്ടുപോകുന്ന ജീവിതത്തിന്റെ അഭിമുഖീകരണമാണ്‌ ഏറെയും കഥകളിലുള്ളത്‌്. സ്വപ്‌ന പലായനങ്ങളില്ല. എങ്കിലു ഒരു പുല്‍നാമ്പിലെ ജലത്തുള്ളിയുടെ പ്രകാശം പോലെ എല്ലാ ദുരിതങ്ങള്‍ക്കുമേലെയും ആര്‍ദ്രമായ ചില കാര്യങ്ങള്‍ ജീവിതത്തെ പ്രകാശിപ്പിച്ചേക്കാമെന്ന്‌ തിരിച്ചറിവ്‌ ചില കഥകളില്‍ നമുക്ക്‌ കാണാം.

ഒറ്റക്കരിമ്പന (കഥകള്‍)
മീരാ കൃഷ്‌ണന്‍
പാപ്പിറസ്‌
ബുക്‌സ്, കോട്ടയം
വില: 70

കെ.ബി. പ്രസന്നകുമാര്‍

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top